മതചൂഷണം, വിവാദങ്ങള്‍; പണ്ഡിതര്‍ പക്വമായ നിലപാട് സ്വീകരിക്കട്ടെ


  • കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ ജന.സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. എ കെ അബ്ദുല്‍ഹമീദ് മദനിയുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം

ഇസ്‌ലാഹി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ യാഥാസ്ഥിതിക പണ്ഡിതരില്‍ നിന്നു കുടുംബത്തിന് എതിര്‍പ്പുകളും ബഹിഷ്‌കരണങ്ങളും നേരിട്ടിരുന്നു.

നവോത്ഥാന പ്രസ്ഥാനത്തിലെ ഓര്‍മകള്‍

പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന വര്‍ഷമാണ് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ഒന്നാം സംസ്ഥാന സമ്മേളനം പുളിക്കല്‍ നടക്കുന്നത്. അന്ന് സമ്മേളന പന്തല്‍ പ്രവര്‍ത്തകര്‍ തന്നെ നിര്‍മിക്കുകയായിരുന്നു. പന്തല്‍ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞ മധുരാര്‍ദ്രമായ ഓര്‍മകള്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. തുടര്‍ന്നുളള എല്ലാ സംസ്ഥാന സമ്മേളനങ്ങളിലും പങ്കാളിയാവാന്‍ കഴിഞ്ഞു എന്നത് വലിയ സന്തോഷം നല്‍കുന്ന അനുഭവങ്ങളാണ്.

പിലാത്തറ സമ്മേളനത്തില്‍ നിര്‍മാണത്തിലിരുന്ന പന്തല്‍ തകര്‍ന്ന വിവരം ലഭിച്ചപ്പോള്‍ മദീനത്തുല്‍ ഉലൂം കോളജിലെ വിദ്യാര്‍ഥികളെയുമായി സമ്മേളന നഗരിയിലേക്ക് പോയ രംഗം ഇന്നും മറന്നിട്ടില്ല. പ്രവര്‍ത്തകരോടൊപ്പം സമ്മേളനപ്പന്തല്‍ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാവാന്‍ സാധിച്ചത് ഇപ്പോഴും ഹൃദ്യമായ ഓര്‍മകളായി പച്ചപിടിച്ചുനില്‍ക്കുന്നു.

ഇസ്‌ലാഹി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു എന്നതിന്റെ പേരില്‍ യാഥാസ്ഥിതിക പണ്ഡിതരില്‍ നിന്നു ഞങ്ങളുടെ കുടുംബത്തിന് എതിര്‍പ്പുകളും ബഹിഷ്‌കരണങ്ങളും പലപ്പോഴും നേരിട്ടിരുന്നു. എല്ലാം ക്ഷമയോടെ അതിജീവിക്കാനും പ്രസ്ഥാനപ്രവര്‍ത്തന പാതയില്‍ ആത്മാര്‍ഥതയോടെ മുന്നോട്ട് ഗമിക്കാനും നാഥന്റെ അനുഗ്രഹങ്ങള്‍ ഒരുപാട് ലഭിച്ചു എന്നതില്‍ വലിയ ചാരിതാര്‍ഥ്യമുണ്ട്.

പൊതുപ്രവര്‍ത്തന രംഗത്ത്

പൊതുപ്രവര്‍ത്തന മേഖലകളിലും എനിക്ക് കഴിയാവുന്ന ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിം സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തകനായി ദീര്‍ഘകാലം ആരോഗ്യ-ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കാനും സമൂഹത്തിന് ഗുണപരമായ ഒരുപാട് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും സാധിച്ചിട്ടുണ്ട്. ഒരു സ്ഥാപനത്തിന്റെ അമരത്തിരുന്ന് ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട സാഹചര്യമായിരുന്നതിനാല്‍ രാഷ്ട്രീയമേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ വളവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരുന്നു.

കെ ജെ യുവിന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍?

1924ല്‍ കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടനയായി രൂപം കൊണ്ട കേരള ജംഇയ്യത്തുല്‍ ഉലമ കേരള മുസ്‌ലിംകളുടെ വിവിധ മേഖലകളിലുള്ള പരിഷ്‌കരണ-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സംഘടനയാണ്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകി ജീവിച്ചിരുന്ന മുസ്‌ലിം സമൂഹത്തെ സമുദ്ധരിക്കാന്‍ ഈ പണ്ഡിത സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മതം അതിന്റെ ഉത്ഭവസ്രോതസ്സില്‍ നിന്ന് പഠിക്കുന്നതിനു പകരം കെട്ടുകഥകളിലും പണ്ഡിതവാക്കുകളിലും മാത്രം ഒതുങ്ങിനിന്ന ഒരു കാലഘട്ടത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും തെളിമയാര്‍ന്ന സ്രോതസ്സില്‍ നിന്ന് മതം പഠിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കിയ സംഘടനയാണ് കേരള ജംഇയ്യത്തുല്‍ ഉലമ.

മതപഠനത്തിനായി മദ്‌റസകള്‍ സ്ഥാപിച്ചു, ഭൗതിക വിദ്യാഭ്യാസത്തിന് അകമഴിഞ്ഞ പ്രോത്സാഹനം നല്‍കി, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങാന്‍ സമൂഹത്തെ ബോധവത്കരിച്ചു, സ്ത്രീവിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി, വിശുദ്ധ ഖുര്‍ആനിന്റെ പഠനത്തിന് പ്രാമുഖ്യം കല്‍പിച്ചു, സാധാരണക്കാര്‍ക്ക് മനസ്സിലാക്കാവുന്ന രൂപത്തില്‍ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യാന്‍ മുന്‍കൈയെടുത്തു, അറബിഭാഷാ പഠനത്തിന് പ്രേരണ നല്‍കി, പത്രപ്രസിദ്ധീകരണങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങി നിരവധി സേവനങ്ങള്‍ കേരള ജനതയ്ക്ക് നല്‍കിയ പണ്ഡിതസംഘമാണ് കേരള ജംഇയ്യത്തുല്‍ ഉലമ.

എല്ലാ അന്ധവിശ്വാസങ്ങളും രൂഢമൂലമായ കേരളീയ സമൂഹത്തെ അവയില്‍ നിന്നെല്ലാം മുക്തമാക്കാന്‍ ഈ പണ്ഡിത സംഘടന നടത്തിയ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം കേരള ജനതയ്ക്ക് വിസ്മരിക്കാനാവില്ല. ഇസ്‌ലാഹി പ്രസ്ഥാനത്തില്‍ നിന്നുതന്നെ അന്ധവിശ്വാസങ്ങള്‍ തലപൊക്കിയ പ്രത്യേക സാഹചര്യമാണ് മുസ്‌ലിം സമൂഹം ഇന്നു നേരിടേണ്ടിവരുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശക്തി പ്രാപിക്കുകയാണ്. മുഹമ്മദ് നബി(സ) പഠിപ്പിക്കാത്ത കാര്യങ്ങള്‍ പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തില്‍ അരങ്ങേറുന്നുണ്ട്.

ഡോ. എ കെ അബ്ദുല്‍ ഹമീദ് മദനിയും സഹധര്‍മിണി പി കെ സുബൈദയും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍.

സമൂഹത്തെ അബദ്ധജടിലമായ അന്ധവിശ്വാസങ്ങളില്‍ തളച്ചിടുന്ന യാഥാസ്ഥിതികരും നവയാഥാസ്ഥിതികരും സമൂഹത്തെ പിറകോട്ട് വലിക്കുമ്പോള്‍ അത്തരം വിഷയങ്ങളെ തുറന്നുകാട്ടാന്‍ പ്രാപ്തമായ പണ്ഡിതനിരയെ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരിക്കും കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ നേതൃത്വം ആവിഷ്‌കരിക്കുന്നത്.

പുതുതലമുറയിലെ പണ്ഡിതന്‍മാരുടെ വൈജ്ഞാനിക ശാക്തീകരണം ലക്ഷ്യമിട്ട് തിരഞ്ഞെടുക്കപ്പെട്ട, വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ള പണ്ഡിതരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സജ്ജമാക്കാന്‍ ഉദ്ദേശ്യമുണ്ട്. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പണ്ഡിതന്മാരെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് വ്യത്യസ്ത വിഷയങ്ങളില്‍ ചര്‍ച്ചകളും ഗവേഷണ പഠനപദ്ധതികളും വിവിധ സന്ദര്‍ഭങ്ങളിലായി നടത്താന്‍ സംഘടന ഉദ്ദേശിക്കുന്നു.

ഗവേഷണ പഠനങ്ങളില്‍ അവരെ സജീവമാക്കാനും വിജ്ഞാനമേഖല വിപുലീകരിക്കാനും ആവശ്യമായ മാര്‍ഗങ്ങള്‍ ആലോചനയിലുണ്ട്. പുതുതായി ഉയര്‍ന്നുവരുന്ന വിഷയങ്ങളില്‍ തത്സമയ വൈജ്ഞാനിക ക്ലാസുകള്‍ സംഘടിപ്പിക്കുക തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ക്ക് കേരള ജംഇയ്യത്തുല്‍ ഉലമ രൂപം നല്‍കിയിട്ടുണ്ട്.

ബഹുസ്വര സമൂഹത്തിലെ പ്രബോധന പ്രവര്‍ത്തനം?

ബഹുസ്വര സമൂഹത്തില്‍ ജീവിച്ച പ്രവാചകന്‍ മുഹമ്മദ് നബി(സ) തന്നെയാണ് ഈ വിഷയത്തിലുള്ള ഞങ്ങളുടെ മാതൃക. പ്രവാചകന്റെ പ്രബോധനം അദ്ദേഹത്തിന്റെ ജീവിതമായിരുന്നു. നിര്‍ബന്ധപൂര്‍വം ഒരാളെയും ഇസ്‌ലാമിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. പ്രവാചകന് മദീനയില്‍ ഭരണം ലഭിച്ചിട്ടും അവിടെയുള്ള ഒരു അമുസ്‌ലിമിനെയും ഇസ്‌ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. അവര്‍ക്ക് മാന്യമായ സംരക്ഷണം നല്‍കുകയും അവരുമായി സന്ധിയിലേര്‍പ്പെടുകയുമാണ് പ്രവാചകന്‍ ചെയ്തത്.

പുതിയ കാല വെല്ലുവിളികളെ നേരിടാന്‍ പണ്ഡിതന്മാരെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ട് വ്യത്യസ്ത വിഷയങ്ങളില്‍ ചര്‍ച്ചകളും ഗവേഷണ പഠനപദ്ധതികളും നടത്താന്‍ സംഘടന ഉദ്ദേശിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ മതത്തില്‍ നിര്‍ബന്ധം ചെലുത്തലിന്റെ ആവശ്യമില്ലെന്നാണ് പഠിപ്പിക്കുന്നത് (2:256). ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ, ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ എന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ നിലപാട് (18:29). ഓരോ വിശ്വാസിയും സ്വയം മാതൃകകളായിത്തീരുക എന്നതാണ് പുതിയ കാലത്ത് മതപ്രബോധനത്തില്‍ നാം അനുവര്‍ത്തിക്കേണ്ടത്.

വിവാദങ്ങളില്‍ പണ്ഡിതന്മാരുടെ സമീപനം?

വിവിധ സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ പണ്ഡിതന്‍മാര്‍ പക്വമായ നിലപാട് സ്വീകരിക്കണം. വിശുദ്ധ ഖുര്‍ആന്‍ ഉമ്മത്തുന്‍ വസതുന്‍ അഥവാ മധ്യമ സമുദായം എന്നാണ് മുസ്‌ലിംകളെ പരിചയപ്പെടുത്തിയത്. ഏതു വിഷയത്തിലും തീവ്രമായതും ആദര്‍ശം പണയം വെച്ചതുമല്ലാത്ത പക്വമായ നിലപാടുകളാണ് പണ്ഡിതന്മാര്‍ സ്വീകരിക്കേണ്ടത്.

കേരളത്തിലെ മുസ്‌ലിം പൊതുസമൂഹത്തോട് നല്‍കാനുള്ള സന്ദേശം മതത്തെ അതിന്റെ യഥാര്‍ഥ സ്രോതസ്സായ വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രവാചക ചര്യയില്‍ നിന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം എന്ന മര്‍മപ്രധാനമായ കാര്യമാണ്. മതരംഗത്ത് ചിലര്‍ നടത്തുന്ന ചൂഷണങ്ങളില്‍ നിന്നും കള്ളക്കഥകളില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക മാര്‍ഗം അതു മാത്രമാണ്.

പ്രകൃതിമതമായ ഇസ്‌ലാം മനുഷ്യര്‍ക്കു മുമ്പില്‍ പരിചയപ്പെടുത്തിയ പരലോകമോക്ഷം കരസ്ഥമാക്കാന്‍ ഈ മൗലികപ്രമാണങ്ങള്‍ നാം ഉള്‍ക്കൊള്ളുക. യഥാര്‍ഥ മതവിശ്വാസം ഉള്‍ക്കൊണ്ട് സ്വര്‍ഗപ്രവേശനത്തിന് അര്‍ഹരാവുക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം. ഈ മഹാ സൗഭാഗ്യത്തിന് അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.