- കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ ജന.സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പണ്ഡിതനും എഴുത്തുകാരനുമായ ഡോ. എ കെ അബ്ദുല്‍ഹമീദ് മദനി ശബാബ് വാരികയുമായി സംസാരിക്കുന്നു.
 
പിതാവിന്റെ നിര്‍ദേശവും അറബിഭാഷയോടുള്ള താല്‍പര്യവുമാണ് മദീനത്തുല്‍ ഉലം അറബിക് കോളെജില്‍ ചേരാന്‍ കാരണമായത്.
ഐക്യകേരളം പിറക്കുന്നതിനു മുമ്പ് മലബാറും തിരു-കൊച്ചിയുമായി കേരളം വിഭജിക്കപ്പെട്ടിരുന്നു. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാര്‍. തിരു-കൊച്ചി സ്വതന്ത്ര സംസ്ഥാനവും. 1920-കളില്‍ മലബാറില്‍ സംഘടിത മതപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി രൂപം കൊണ്ട കേരള മുസ്‌ലിം ഐക്യസംഘവും പിന്നീട് രൂപീകൃതമായ കേരള ജംഇയ്യത്തുല്‍ ഉലമയും വിവിധ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മുസ്‌ലിം സമുദായത്തിന്റെ ആത്മീയ-വിദ്യാഭ്യാസ-സാമൂഹിക വളര്‍ച്ചയില്‍ നിസ്തുലമായ പങ്കുവഹിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ കാരണമായി. സമുദായ സംസ്‌കരണം, മത-ഭൗതിക വിദ്യാഭ്യാസം, സാമുദായിക ഐക്യം, മഹല്ല് ശാക്തീകരണം, മതസൗഹാര്‍ദം, പണ്ഡിതന്മാരുടെ സംഘാടനം, ഇസ്‌ലാം വിമര്‍ശനങ്ങളുടെ പ്രതിരോധം, അനാഥ-അഗതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ നവോത്ഥാന കൂട്ടായ്മകളിലൂടെ സാധിച്ചിട്ടുണ്ട്.
19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ രൂപീകൃതമായ കേരള ജംഇയ്യത്തുല്‍ ഉലമ ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. നവോത്ഥാന മണ്ഡലത്തില്‍ കര്‍മവസന്തങ്ങള്‍ തീര്‍ക്കുന്ന പണ്ഡിത കൂട്ടായ്മയാണിത്. കെജെയുവിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി പ്രമുഖ പണ്ഡിതന്‍ ഡോ. എ കെ അബ്ദുല്‍ ഹമീദ് മദനി ചുമതലയേറ്റിരിക്കുന്നു. തന്റെ ജീവിതയാത്രയിലെ നാള്‍വഴികളെക്കുറിച്ചും സംഘടനയുടെ പുതിയ പ്രവര്‍ത്തന പദ്ധതികളെക്കുറിച്ചും മദനി ശബാബിനോട് മനസ്സു തുറക്കുന്നു.
കുടുംബത്തെക്കുറിച്ച്
മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ വളവന്നൂര്‍ പഞ്ചായത്തില്‍ കന്മനമാണ് സ്വദേശം. ആയപ്പള്ളി കല്ലുവളപ്പില്‍ ബാവ എന്ന മൊയ്തീന്‍കുട്ടിയുടെയും ആയപ്പള്ളി കല്ലുവളപ്പില്‍ ഫാത്വിമയുടെയും മകനായി 1962 ആഗസ്ത് ഒന്നിനാണ് ജനിച്ചത്. 1986-ലായിരുന്നു വിവാഹം.
 മലപ്പുറം ജില്ലയിലെ ചേന്നര പാലക്കവളപ്പില്‍ മുഹമ്മദിന്റെയും മുള്ളന്‍മടക്കല്‍ ഫാത്വിമയുടെയും മകളായ പി കെ സുബൈദയാണ് ഭാര്യ. കടവത്തൂര്‍ വെസ്റ്റ് യു പി സ്‌കൂളില്‍ അറബിക് അധ്യാപികയായിരുന്നു. 2023ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.
അഞ്ചു മക്കളാണ് ഞങ്ങള്‍ക്ക്. മൂത്ത മകന്‍ നബീല്‍ യുഎഇയിലെ ഫുജൈറ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിഭാഗം പ്രഫസറാണ്. രണ്ടാമത്തെ മകന്‍ നസീല്‍ അബൂദബിയില്‍ പവര്‍ സ്‌കില്‍ കമ്പനിയില്‍ എന്‍ജിനീയറാണ്. അബൂദബി ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. മൂന്നാമത്തെ മകന്‍ നദീര്‍ കാസര്‍കോഡ് ജില്ലയിലെ ഉപ്പള ജിഎച്ച്എസ്സില്‍ അറബിക് അധ്യാപകനാണ്. എം എസ് എം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
മകള്‍ തന്‍സീം യുഎഇയിലെ അജ്മാന്‍ കോസ്‌മോപൊളിറ്റന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ്. ഇളയ മകന്‍ നാഫിദ് സിഎംഎ വിദ്യാര്‍ഥിയാണ്. ഫോക്കസ് ഇന്ത്യയുടെ അക്കൗണ്ടന്റായും പ്രവര്‍ത്തിക്കുന്നു.
പഠനകാലവും അധ്യാപന ജീവിതവും
1978-ല്‍ കുറുമ്പത്തൂര്‍ ചേരുരാല്‍ ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷ പാസായി. 7,8,9 ക്ലാസുകളില്‍ പഠിക്കുന്ന സമയത്ത് രാത്രികാലങ്ങളില്‍ കന്മനം ജുമുഅത്ത് പള്ളിയിലെ ദര്‍സില്‍ പഠിച്ചിരുന്നു. എസ്എസ്എല്‍സി പാസായതോടെ പിതാവിന്റെ നിര്‍ദേശപ്രകാരം പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജില്‍ ചേര്‍ന്നു. പിതാവും നേരത്തെ മദീനത്തുല്‍ ഉലൂമിലെ വിദ്യാര്‍ഥിയായിരുന്നു.
പക്ഷേ, അദ്ദേഹത്തിന് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഖേദം എന്നിലൂടെ പരിഹരിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. പിതാവിന്റെ നിര്‍ദേശവും അറബിഭാഷയോടുള്ള താല്‍പര്യവുമാണ് മദീനത്തുല്‍ ഉലൂമില്‍ എത്താന്‍ കാരണമായത്.
മദീനത്തുല്‍ ഉലൂമില്‍ ഏഴു വര്‍ഷം പഠിച്ചു. 1985 മെയില്‍ അഫ്ദലുല്‍ ഉലമ കോഴ്‌സ് പൂര്‍ത്തിയാക്കി. 1986-87ല്‍ കോഴിക്കോട് ഗവ. ബേസിക് ട്രെയിനിംഗ് സ്‌കൂളില്‍ നിന്ന് ലാംഗ്വേജ് ടീച്ചേഴ്‌സ് ട്രെയിനിംഗ് പൂര്‍ത്തിയാക്കി. 1991-ല്‍ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം എ അറബികില്‍ ബിരുദാനന്തര ബിരുദം നേടി.
1992ല്‍ ഡല്‍ഹിയില്‍ നടന്ന സുഊദി അറേബ്യയിലെ മിനിസ്ട്രി ഓഫ് ഹയര്‍ എജ്യൂക്കേഷനു കീഴിലുള്ള അല്‍ ഇമാം മുഹമ്മദ് ബിന്‍ സുഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി നടത്തിയ അറബിക് ഭാഷയിലും ഉലൂമുശ്ശറഇയ്യയിലും ഉള്ള ട്രെയിനിങ് കോഴ്‌സില്‍ പങ്കെടുക്കുകയും സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു.
ഏറെ സ്വാധീനിച്ച ബഹുമാന്യരായ അധ്യാപകര്‍ പ്രമുഖ പണ്ഡിതന്മാരായ കെ എന്‍ ഇബ്‌റാഹീം മൗലവി, പി പി അബ്ദുല്‍ ഗഫൂര്‍ മൗലവി, കെ സി അലവി മൗലവി, വി സി കുഞ്ഞിമുഹമ്മദ് മൗലവി തുടങ്ങിയവരാണ്.
2008ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. The Quranic verses Dealing with the Distribution of wealth: An Analytical study എന്ന വിഷയത്തില്‍ ഫാറൂഖ് കോളജ് അറബിക് ഡിപാര്‍ട്ട്‌മെന്റ് തലവനായിരുന്ന ഡോ. ടി പി മുഹമ്മദ് അബ്ദുര്‍റഷീദിന്റെ മേല്‍നോട്ടത്തിലായിരുന്നു പിഎച്ച്ഡി പൂര്‍ത്തീകരിച്ചത്. 2017ല്‍ ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് സേവക് സമാജില്‍ നിന്ന് അക്യൂപങ്ചറില്‍ എംഡി ബിരുദവും നേടി.
2019ല്‍ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലില്‍ നിന്നു (NSIDC) ഡിപ്ലോമ ഇന്‍ സൈക്കോളജിക്കല്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിങ് ബിരുദം നേടി.
1985-86 കാലയളവില്‍ കടവത്തൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം അറബിക് കോളജില്‍ അധ്യാപകനായിരുന്നു. 1988 ജൂലൈ മുതല്‍ വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജില്‍ ലക്ചററായി നിയമിതനായി. ഒരു വര്‍ഷത്തെ സേവനത്തിനു ശേഷം 1989 ജൂണില്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജില്‍ ലക്ചററായി ചുമതലയേറ്റു.
1995ല്‍ കടവത്തൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം അറബിക് കോളജിന് ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചതോടെ കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലായി ഞാന്‍ നിയമിതനായി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ തുടക്കം മുതല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അറബിക് യു ജി, പി ജി ബോര്‍ഡുകളില്‍ അംഗമായിരുന്നു.
24 വര്‍ഷത്തെ പ്രിന്‍സിപ്പല്‍ സേവനത്തിനു ശേഷം 2019 മാര്‍ച്ചിലാണ് എന്‍ഐഎ കോളേജില്‍ നിന്ന് വിരമിച്ചത്. റിട്ടയര്‍ ചെയ്തതിനു ശേഷവും ശ്രീനാരായണഗുരു സര്‍വകലാശാലയുടെ യുജി ബോര്‍ഡില്‍ മെമ്പറായിരുന്നു. അഴിഞ്ഞിലത്ത് പ്രവര്‍ത്തിക്കുന്ന ഐഎച്ച്‌ഐആറില്‍ ഇപ്പോള്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നുണ്ട്.
മറക്കാനാവാത്ത മാര്‍ഗദര്‍ശികള്‍
ജീവിതയാത്രയില്‍ ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്ന ചില വ്യക്തികളുണ്ട്. ആദ്യമായി മനസ്സിലേക്ക് ഓടിവരുന്നത് ഹൈസ്‌കൂളില്‍ പഠിപ്പിച്ചിരുന്ന അറബി അധ്യാപകന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ മാസ്റ്ററാണ്. അദ്ദേഹമാണ് എന്നെ അറബിഭാഷയിലേക്ക് ആകൃഷ്ടനാക്കിയത്. ഗണിത അധ്യാപകനായിരുന്ന കുറുപ്പ് സാറാണ് ഗണിതത്തോടുള്ള താല്‍പര്യം ജനിപ്പിച്ചത്.
കോളജ് പഠനകാലത്ത് ഏറെ സ്വാധീനിച്ച ബഹുമാന്യരായ അധ്യാപകര്‍ പ്രമുഖ പണ്ഡിതന്മാരായ കെ എന്‍ ഇബ്‌റാഹീം മൗലവി, പി പി അബ്ദുല്‍ ഗഫൂര്‍ മൗലവി, കെ പി മുഹമ്മദ് മൗലവി, വി സി കുഞ്ഞിമുഹമ്മദ് മൗലവി തുടങ്ങിയവരാണ്. ഈ പണ്ഡിതന്മാരെല്ലാം എന്റെ വളര്‍ച്ചയില്‍ വളരെയധികം സ്വാധീനം ചെലുത്തി.
 വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജില്‍ അധ്യാപകനായി നിയമിതനാകാന്‍ പ്രചോദനമായത് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി മുഹമ്മദ് മൗലവിയാണ്. പിന്നീട് പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജില്‍ അധ്യാപകനായി നിയമിതനാകാന്‍ പ്രോത്സാഹനം നല്‍കിയത് പി പി അബ്ദുല്‍ഗഫൂര്‍ മൗലവിയായിരുന്നു. അദ്ദേഹമായിരുന്നു അക്കാലത്ത് കോളജ് പ്രിന്‍സിപ്പല്‍.
കടവത്തൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം അറബിക് കോളജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് എന്നെ നിയമിക്കുന്നതില്‍ വലിയ പങ്കുവഹിച്ചത് അന്നത്തെ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന കെ എന്‍ ഇബ്‌റാഹീം മൗലവിയും പ്രമുഖ ഇസ്‌ലാഹി പണ്ഡിതന്‍ എന്‍ കെ അഹ്മദ് മൗലവിയുമാണ്.
എന്നില്‍ എന്തെല്ലാം സവിശേഷ ഗുണങ്ങളുണ്ടോ അവയുടെയെല്ലാം ക്രെഡിറ്റ് മദീനത്തുല്‍ ഉലൂമിനാണ് എന്ന് പറയുന്നതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. അതിനു പ്രോത്സാഹനം നല്‍കിയ വന്ദ്യ മാതാപിതാക്കളെയും വിദ്യ പകര്‍ന്ന ഗുരുവര്യന്മാരെയും എന്നും സ്‌നേഹാദരവുകളോടെയാണ് ഞാന്‍ ഓര്‍ക്കാറുള്ളത്.
നവോത്ഥാന പ്രവര്‍ത്തനങ്ങള്‍
നവോത്ഥാനത്തിന്റെ ബാലപാഠങ്ങള്‍ പിതാവില്‍ നിന്നാണ് ആദ്യമായി ലഭിച്ചത്. പിന്നീട് മദീനത്തുല്‍ ഉലൂമിലെ ജീവിതത്തില്‍ എംഎസ്എമ്മിലൂടെ നവോത്ഥാന സംരംഭങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. യുവജന സംഘടനയായ ഐഎസ്എമ്മില്‍ 1982ല്‍ അംഗമാവുകയും 40 വയസ്സ് തികയുന്നതുവരെ തുടരുകയും ചെയ്തു.
യൂനിറ്റ് കമ്മിറ്റി പ്രസിഡന്റ്, മേഖലാ പ്രസിഡന്റ്, ജില്ലാ പ്രവര്‍ത്തക സമിതി അംഗം, 1995ല്‍ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീനില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ കെഎന്‍എം മര്‍കസുദ്ദഅ്‌വ പന്താവൂര്‍ യൂനിറ്റ് വൈസ് പ്രസിഡന്റ്, മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. 1990 മുതല്‍ കേരള ജംഇയ്യത്തുല്‍ ഉലമയില്‍ അംഗമാണ്.
(അവസാനിച്ചിട്ടില്ല)
