തിരഞ്ഞെടുപ്പില്‍ നിര്‍വഹിക്കപ്പെട്ടത് മതേതരശക്തികളുടെ ഏകീകരണം


ഇവിടെ സംഭവിച്ചത് ന്യൂനപക്ഷ ഏകീകരണമല്ല; മതേതര വോട്ടുകളുടെ ഏകീകരണമാണ്. വര്‍ഗീയത പ്രചരിപ്പിച്ച സകല ശക്തികളെയും ജനങ്ങള്‍ പുറന്തള്ളി.

രാഷ്ട്രീയത്തിലെ സൗമ്യ മുഖമാണ് മുന്‍ മന്ത്രി ഡോ. എം കെ മുനീര്‍. മര്‍മത്തില്‍ തറയ്ക്കുന്ന പ്രയോഗങ്ങളിലൂടെയും ബൗദ്ധികമായ പ്രതികരണങ്ങളിലൂടെയും അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ട സാന്നിധ്യമാണ്. മന്ത്രിയായിരിക്കെ തന്റെ വകുപ്പുകളില്‍ വികസന ക്ഷേമോന്മുഖ കാല്‍വെപ്പുകള്‍ക്ക് അദ്ദേഹം നാന്ദി കുറിച്ചിട്ടുണ്ട്.

കേവല രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കപ്പുറം സങ്കീര്‍ണമായ സാമൂഹികരാഷ്ട്രീയ വിഷയങ്ങളെ ബൗദ്ധികമായി വിശകലനം ചെയ്യുന്ന വ്യക്തിയാണ്. മതനിരപേക്ഷത, ന്യൂനപക്ഷ രാഷ്ട്രീയം, ലിംഗനീതി തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം നടത്തുന്ന സംവാദങ്ങളും എഴുത്തുകളും കേരളീയ സമൂഹത്തില്‍ പലപ്പോഴും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

അധികാര രാഷ്ട്രീയത്തിന്റെ ചട്ടക്കൂടുകള്‍ക്കപ്പുറം, സമൂഹത്തോട് നിരന്തരം സംവദിക്കുന്ന ബൗദ്ധിക സാംസ്‌കാരിക സാന്നിധ്യമാണ്. നിയമസഭയ്ക്കുള്ളിലും പുറത്തും വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തുമ്പോഴും വിയോജിപ്പുകളെ ബഹുമാനിക്കുന്ന, ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ ശൈലി അദ്ദേഹം നിലനിര്‍ത്തുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നു വിട്ടു നിന്ന അദ്ദേഹം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ഉന്നതാധികാര സമിതി അംഗവുമാണ്. സമകാലിക രാഷ്ട്രീയം, കേരളീയ സാമൂഹിക ജീവിതം, പെരുന്നാളുകളുടെ കാലിക പ്രസക്തി, ആഘോഷങ്ങളുടെ സാമൂഹികത എന്നിവയെ കുറിച്ചു ഡോ. എം കെ മുനീര്‍ സംസാരിക്കുന്നു:

സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങളെ 'ന്യൂനപക്ഷ ഏകീകരണം' എന്നതിലുപരി 'മതേതര വോട്ടുകളുടെ ഏകീകരണം' എന്ന് താങ്കള്‍ വിശേഷിപ്പിച്ചതിന്റെ രാഷ്ട്രീയാടിസ്ഥാനം?

ഐക്യജനാധിപത്യ മുന്നണി ന്യൂനപക്ഷ സമൂഹത്തെ മാത്രം പ്രതിനിധീകരിക്കുന്നതാണെന്ന വ്യാഖ്യാനം സംഘപരിവാര്‍ അനുകൂലികളും ഇടതുപക്ഷത്തെ സങ്കുചിത ജാതിമത രാഷ്ട്രീയത്തിന്റെ വക്താക്കളും നിരന്തരം ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ടത് മുസ്‌ലിം- ക്രൈസ്തവ പ്രാതിനിധ്യം മാത്രമുള്ള ഗവണ്‍മെന്റാണെന്നാണ് അവരുടെ വാദം.

ന്യൂനപക്ഷ ഏകീകരണത്തിലൂടെയാണ് യു ഡി എഫ് വിജയിച്ചതെന്നും അവര്‍ ആവര്‍ത്തിക്കുന്നു. യഥാര്‍ഥത്തില്‍, ഈ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ നിര്‍വഹിച്ച ദൗത്യം മതേതരശക്തികളുടെ ഏകീകരണവും വര്‍ഗീയശക്തികളുടെ ഒറ്റപ്പെടുത്തലുമാണ്. ഓരോ നിയോജകമണ്ഡലത്തിലെയും വോട്ടിങ് പാറ്റേണ്‍ വിശകലനം ചെയ്താല്‍ ഇത് ബോധ്യമാകും.

മുസ്‌ലിം വോട്ടുകള്‍ തികച്ചും നിര്‍ണായക സ്വാധീനം ചെലുത്തുന്ന തൃക്കരിപ്പൂര്‍ പോലൊരു മണ്ഡലത്തില്‍ നിന്ന് സന്ദീപ് വാര്യര്‍ വിജയിക്കുന്നു. മുഖ്യ എതിരാളി ഡോ. വി പി പി മുസ്തഫയായിരുന്നു. ഹെന്ദവ വോട്ടുകള്‍, പ്രത്യേകിച്ച് ഈഴവ വോട്ടുകള്‍ നിര്‍ണായകമായ പേരാമ്പ്ര മണ്ഡലത്തില്‍ ഫാത്തിമ തഹ്‌ലിയ വിജയിക്കുന്നു.

ക്രൈസ്തവ സാന്നിധ്യം നാമമാത്രമായ മണ്ഡലങ്ങളില്‍ ക്രൈസ്തവ പ്രതിനിധികള്‍ വിജയം വരിക്കുന്നു. ഓരോ പ്രദേശത്തെയും തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിച്ചാല്‍, ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചത് ന്യൂനപക്ഷ ഏകീകരണത്തിന്റെ ഫലമായല്ല, മറിച്ച് ഭൂരിപക്ഷ സമൂഹത്തിന്റെ വലിയൊരു ശതമാനം വോട്ടുകള്‍ കൂടി ലഭിച്ചതുകൊണ്ടാണെന്ന് സംശയലേശമെന്യെ വ്യക്തമാകും.

മലപ്പുറം തവനൂര്‍ നിയോജകമണ്ഡലത്തിലെ വി എസ് ജോയിയുടെ വിജയവും ഈ വസ്തുതയെ സാധൂകരിക്കുന്നു. ചുരുക്കത്തില്‍, ഇവിടെ സംഭവിച്ചത് ന്യൂനപക്ഷ ഏകീകരണമല്ല; മറിച്ച് മതേതര വോട്ടുകളുടെ ഏകീകരണമാണ്. വര്‍ഗീയത പ്രചരിപ്പിച്ച സകല ശക്തികളും ഒറ്റപ്പെടുകയും ജനങ്ങള്‍ അവരെ നിര്‍ദാക്ഷിണ്യം പുറന്തള്ളുകയും ചെയ്തു.

ലീഗിനെ മുന്‍നിര്‍ത്തി ചില സാമുദായിക നേതാക്കളും സംഘ്പരിവാര്‍ നേതാക്കളും നിരന്തരം ഇസ്‌ലാമോഫോബിക് /വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നതിനൊപ്പം ചില ഇടതു നേതാക്കളും മുന്‍ മന്ത്രിമാരും കൂടി കൈകോര്‍ക്കുന്നത് എന്തുകൊണ്ടാകും?

കുറച്ചുനാളുകളായി മുസ്‌ലിം ലീഗിനു നേരെയുള്ള കടന്നാക്രമണങ്ങള്‍ സംഘ്പരിവാറിനേക്കാള്‍ കൂടുതല്‍ നടത്തുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളാണ്. താല്‍ക്കാലിക രാഷ്ട്രീയ ധ്രുവീകരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

എന്നാല്‍, ഇത് അത്യന്തം അപകടകരമായ ഗെയിം ആണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. രാജ്യത്ത് തീവ്ര ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളെ മുളയിലേ നുള്ളാനും, ന്യൂനപക്ഷ സമൂഹത്തില്‍നിന്നുയര്‍ന്നുവന്ന തീവ്രനിലപാടുകാരെയും സാമൂഹികവിരുദ്ധരെയും തള്ളിപ്പറയാനും മുസ്‌ലിം സമുദായം എന്നും ആര്‍ജവം കാണിച്ചിട്ടുണ്ട്.

ബി ജെ പി 'എ' ടീമിനേക്കാള്‍ മുന്തിയ 'എ പ്ലസ്' ടീമായി മാറാനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിരന്തരം ശ്രമിക്കുന്നത്.

ഈ ജനാധിപത്യ ബോധത്തെ ക്രോഡീകരിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്തത്. ഭരണഘടനയ്ക്കനുസൃതമായി മുഖ്യധാരയില്‍ നിന്നുകൊണ്ട് രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാകാനാണ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് സമുദായത്തെ പഠിപ്പിച്ചത്.

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് അഭിമാനകരമായ അസ്തിത്വം ഉറപ്പാക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ലീഗിന് തീവ്രത പോരാ എന്ന് ആരോപിച്ച് ധാരാളം പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരികയും സമൂഹത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അവയെ ശക്തമായി ചെറുത്തുതോല്‍പ്പിച്ചതിന്റെ പേരില്‍ മുസ്‌ലിംലീഗിന് ഒട്ടേറെ പഴി കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.

സമുദായത്തെ താരാട്ടുപാടി മയക്കുന്ന പ്രസ്ഥാനമായി ലീഗ് അധഃപതിച്ചുവെന്ന് വരെ വിമര്‍ശനങ്ങളുണ്ടായി. എന്നിട്ടും മതേതര നിലപാടുകളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ലീഗ് തയ്യാറായില്ല. മുസ്‌ലിം ലീഗിന്റെ മതേതര നിലപാട് ശക്തമായി തുടരുന്ന കാലത്തോളം സംഘപരിവാര്‍ പോലെയുള്ള അതിവര്‍ഗീയ സംഘടനകള്‍ക്ക് ഇവിടെ വേരുറപ്പിക്കാന്‍ കഴിയില്ല.

അതിനാല്‍, മുസ്‌ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിച്ച് അരുക്കാക്കേണ്ടത് അവരുടെ ആവശ്യമാണ്! ലീഗ് ഭരണത്തില്‍ വന്നാല്‍ മുസ്‌ലിം സമുദായത്തിന്റെ മാത്രം അധികാരകേന്ദ്രമായി മാറുമെന്നും, ഇതര സമുദായങ്ങളെ ഒറ്റപ്പെടുത്തുമെന്നും മാറാട് സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും വരെ അവര്‍ പ്രചരിപ്പിക്കുന്നു. സംഘപരിവാര്‍ എന്ന ബി ജെ പി 'എ' ടീമിനേക്കാള്‍ മുന്തിയ 'എ പ്ലസ്' ടീമായി മാറാനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിരന്തരം ശ്രമിക്കുന്നത്.

എ കെ ബാലന്റെയും എ വിജയരാഘവന്റെയും പ്രസ്താവനകളും സാക്ഷാല്‍ പിണറായി വിജയന്റെ മലപ്പുറം വിരുദ്ധ പ്രസംഗങ്ങളും ലക്ഷ്യംവെക്കുന്നത് ഇസ്‌ലാംഭീതി സൃഷ്ടിക്കുക എന്നതാണ്.

യു ഡി എഫിനു പിന്തുണ നല്‍കിയില്ലെങ്കിലും സര്‍ക്കാര്‍ രൂപീകരണ സമയത്ത് എന്‍ എസ് എസ് പോലുള്ള സാമുദായിക സംഘടനകള്‍ ചില നിബന്ധനകളുമായി രംഗത്തു വരുന്നത് എന്തുകൊണ്ടാണ്?

സാമുദായിക സംഘടനാ നേതാക്കള്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ അത്യന്തം ഗൗരവത്തോടെ കാണേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ അവ ഉപകരിക്കൂ. യു ഡി എഫ് എന്ന രാഷ്ട്രീയ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണ് മുസ്‌ലിംലീഗ്.

മുന്‍കാലങ്ങളില്‍ ലീഗ് പല സുപ്രധാന വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ രാജ്യത്തിന് എന്തെങ്കിലും ആപത്തുണ്ടായതായി ഈഴവ-നായര്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഭൂരിപക്ഷ സമൂഹം വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിച്ചിരുന്നുവെങ്കില്‍ ഐക്യമുന്നണിക്ക് 102 സീറ്റുകളുടെ പിന്തുണയോടെ അധികാരത്തില്‍ വരാന്‍ സാധിക്കുമായിരുന്നില്ല.

സമുദായ നേതാക്കളുടെ നിരുത്തരവാദപരമായ പ്രസ്താവനകളെ ഭൂരിപക്ഷ സമൂഹം മുഖവിലയ്‌ക്കെടുത്തില്ല എന്നതാണ് വാസ്തവം. മതേതര മൂല്യങ്ങള്‍ കൈവിടാതെ ഇത്തരം വര്‍ഗീയ പ്രചാരണങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടത് അനിവാര്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

നായര്‍, തീയ്യ, ഈഴവ സമുദായ വോട്ടുകള്‍ സമാഹരിക്കാനുള്ള ഇടതു മുന്നണി ശ്രമം പരാജയപ്പെട്ടു. എല്ലാ വിഭാഗങ്ങളിലെയും സാധാരണക്കാര്‍ വര്‍ഗീയ പ്രചാരണങ്ങളെ തള്ളി ഐക്യമുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു.

പേരാമ്പ്ര അനൗണ്‍സ്‌മെന്റ് വിവാദം, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് തുടങ്ങി സമീപകാല സംഭവങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് വഴിമാറുന്നതിന്റെ സൂചനയാണോ? പാര്‍ട്ടി എന്തു പ്രതിരോധമാണ് സ്വീകരിക്കുക?

പേരാമ്പ്രയിലെ 'ഖൗമിന്റെ കുട്ടി' പ്രയോഗവും അഴീക്കോട്ടെ 'സിറാത്തിന്റെ പാലം' വിവാദവും വടകരയിലെ 'കാഫിര്‍ സ്‌ക്രീന്‍ഷോട്ടു'മെല്ലാം ഇടതുപക്ഷത്തിന്റെ നയവൈകല്യത്തിന്റെയും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുടെയും വ്യക്തമായ ഉദാഹരണങ്ങളാണ്. ഒരിടത്ത് ന്യൂനപക്ഷ ഏകീകരണം സംഭവിക്കുന്നുവെന്ന തെറ്റായ ധാരണ പരത്തി, ഭൂരിപക്ഷ വോട്ടുകള്‍ അനുകൂലമാക്കാന്‍ ഇത്തരം വര്‍ഗീയ കാര്‍ഡുകള്‍ അവര്‍ ബോധപൂര്‍വം പ്രയോഗിച്ചു.

ഐക്യജനാധിപത്യമുന്നണിയെ ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ത്ത് വായിക്കുകയും, മതരാഷ്ട്രവാദത്തിന്റെ വക്താക്കളായി മുന്നണിയെ ചിത്രീകരിച്ച് പുതിയ നറേറ്റീവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതെല്ലാം ആസൂത്രിതമായി നടന്ന രാഷ്ട്രീയ കുതന്ത്രങ്ങളാണ്.

എന്നാല്‍, ഭൂരിപക്ഷ സമൂഹം സമ്മതിദാനാവകാശത്തിലൂടെ ഇത്തരം ശ്രമങ്ങളെ പൂര്‍ണമായും വിഫലമാക്കി. ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ അഭിനന്ദനം അര്‍ഹിക്കുന്നത് ഭൂരിപക്ഷ സമൂഹമാണ്. എത്ര വലിയ പ്രതിസന്ധിയുണ്ടായാലും, ആരൊക്കെ ശ്രമിച്ചാലും മതേതരത്വവും മതസൗഹാര്‍ദവും കൈവിടാനില്ലെന്ന് അവര്‍ അസന്ദിഗ്ധമായി തെളിയിച്ചിരിക്കുന്നു. ഈ പൊതുബോധ നിര്‍മിതി തന്നെയാണ് പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ പ്രതിരോധവും.

ജനാധിപത്യവും രാഷ്ട്രീയവും അതിവേഗം മാറിക്കൊണ്ടിരിക്കെ, മുസ്‌ലിം ലീഗിന്റെ ഭാവിയില്‍ പുതിയ തലമുറയ്ക്കും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഉള്ള സ്ഥാനം എങ്ങനെയാണ് കാണുന്നത്?

ജനാധിപത്യ പ്രക്രിയയില്‍ സ്ത്രീകളുടെയും യുവജനങ്ങളുടെയും പ്രാതിനിധ്യം വര്‍ധിച്ചുവരുന്ന കാലമാണിത്. ആധുനിക സ്ത്രീസമൂഹം ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന രാഷ്ട്രീയ അവബോധവും ആര്‍ജിച്ചുകഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണനിര്‍വഹണം അതിവിദഗ്ധമായി കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്.

നിയമനിര്‍മാണ സഭകളിലെ സ്ത്രീ സംവരണം യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ സ്ത്രീകള്‍ അധികാരകേന്ദ്രങ്ങളിലേക്ക് കടന്നുവരും. പുതിയ കാലത്തിന്റെ വികസന സങ്കല്പങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. അതിവേഗത്തിലുള്ള വികസനം ആവശ്യപ്പെടുന്ന ഡിജിറ്റല്‍ യുഗമാണിത്. സിംഗപ്പൂരിലെ ഡി ബി എസ് ബാങ്കിന്റെ ചരിത്രം ഇതിനൊരു ഉദാഹരണമാണ്.

പ്രവര്‍ത്തന നടപടികളിലെ കാലതാമസം കാരണം 'ഡാം ബ്ലഡി സ്ലോ' എന്ന് പരിഹസിക്കപ്പെട്ട സ്ഥാപനമാണത്. ആ ബാങ്കിനെ, ഡിജിറ്റല്‍ സാങ്കേതികതയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായത്തോടെ ലോകത്തെ മുന്‍നിര ബാങ്കുകളുടെ പട്ടികയില്‍ എത്തിക്കാന്‍ ഒരു യുവ സി ഇ ഒയ്ക്ക് കഴിഞ്ഞു.

ആധുനിക കാലത്ത് വികസനത്തിന്റെ വേഗതയും കൃത്യതയും സാങ്കേതികവിദ്യയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സാങ്കേതികവിദ്യ സ്വായത്തമാക്കിയ പുതു തലമുറയെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കേണ്ടത് അനിവാര്യമാണ്. സാക്ഷരതയെക്കുറിച്ചുള്ള പഴയ ചോദ്യങ്ങള്‍ക്ക് പകരം 'എ ഐ സാക്ഷരത' ഉണ്ടോ എന്ന ചോദ്യമുയരുന്ന കാലത്താണ് നാം ജീവിക്കുന്നത്.

അതിനനുസൃതമായ തലമുറ മാറ്റം രാഷ്ട്രീയത്തിലും സംഭവിക്കുന്നുണ്ട്. കാലത്തിനൊപ്പം മുന്നേറാന്‍ പഴയ തലമുറയും മാറ്റങ്ങളെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ശാസ്ത്രത്തോട് മാത്രമല്ല, നിയമം, വാണിജ്യം തുടങ്ങി സമസ്ത മേഖലകളിലും സാങ്കേതികവിദ്യ സമന്വയിക്കപ്പെടുന്ന പുതിയ കാലത്ത്, ടെക്‌നോളജിയില്‍ അഗാധമായ അവബോധമുള്ള വിദ്യാസമ്പന്നരായ യുവതീ യുവാക്കള്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് സംഭവിക്കുക തന്നെ ചെയ്യും.

(അവസാനിക്കുന്നില്ല)