സത്യവും അസത്യവും സമ്പൂര്‍ണമായി തിരിച്ചറിയാന്‍ മനുഷ്യബുദ്ധിക്ക് സാധ്യമല്ല. അതുകൊണ്ടുതന്നെയാണ് സത്യവും അസത്യവും പഠിപ്പിക്കാന്‍ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്.
ഇസ്‌ലാമിലെ നിയമങ്ങള്‍ ഓരോ വ്യക്തിയുടെയും ബുദ്ധിക്ക് യോജിക്കുന്ന വിധത്തിലായിരിക്കില്ല. സത്യവും അസത്യവും സമ്പൂര്‍ണമായി തിരിച്ചറിയാന്‍ മനുഷ്യബുദ്ധിക്ക് സാധ്യമല്ല. അതുകൊണ്ടുതന്നെയാണ് സത്യവും അസത്യവും പഠിപ്പിക്കാന്‍ അല്ലാഹു കാലാകാലങ്ങളില്‍ പ്രവാചകന്മാരെ അയച്ചത്.
അല്ലാഹു പറയുന്നു: ''വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കാനും നിഷേധികളെ താക്കീതു നല്‍കാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ ഭിന്നിച്ച വിഷയത്തില്‍ അവര്‍ക്കിടയില്‍ തീര്‍പ്പു കല്‍പിക്കാനായി അവരുടെ കൂടെ സത്യവേദവും അവന്‍ ഇറക്കി'' (അല്‍ബഖറ 213).
ബുദ്ധി പല തരത്തിലുണ്ട്. തീരെ ബുദ്ധി നഷ്ടപ്പെട്ടവര്‍ (ഭ്രാന്തന്മാര്‍), മന്ദബുദ്ധിയുള്ളവര്‍, ആവറേജ് (തെളിഞ്ഞ) ബുദ്ധിമാന്മാര്‍ എന്നിവരാണവര്‍. എന്നാല്‍ ഇസ്‌ലാമിലെ ഒരു നിയമവും ആവറേജ് ബുദ്ധിക്ക് (സാമാന്യബുദ്ധിക്ക്) എതിരാകുന്നതല്ല. മനുഷ്യബുദ്ധിക്ക് പരിമിതിയുണ്ട്. അതുകൊണ്ട് തന്നെ ബുദ്ധിക്ക് അതീതമായ പലതും മതത്തിലുണ്ടാകും. എന്നാല്‍ സാമാന്യബുദ്ധിക്ക് വിരുദ്ധമായി വന്നിട്ടുള്ള ഹദീസുകള്‍ പലപ്പോഴും ദുര്‍ബലമോ നിര്‍മിതമോ ആയിരിക്കും.
ഹദീസ് നിദാനശാസ്ത്രത്തില്‍ നിപുണരായായ ഇബ്‌നുഹജറില്‍ അസ്ഖലാനി നുഖ്ബത്തുല്‍ ഫിക്ര്‍ എന്ന ഗ്രന്ഥത്തിലും (പേജ് 113) ജലാലുദ്ദീനുസ്സുയൂത്വി തദ്‌രീബുര്‍റാവി എന്ന ഗ്രന്ഥത്തിലും (1:327) ഇമാം സഖാവി ഇബ്‌നുല്‍ ജൗസിയില്‍ നിന്ന് ഫത്ഹുല്‍ മുഗീസ് എന്ന ഗ്രന്ഥത്തിലും (1:290) ഇമാം ശൗക്കാനി ഇര്‍ശാദുല്‍ ഫുഹൂല്‍ എന്ന ഗ്രന്ഥത്തിലും (പേജ് 15) ഇബ്‌നുല്‍ അസീര്‍ ജാമിഉല്‍ ഉസൂല്‍ എന്ന ഗ്രന്ഥത്തിലും (1:156) വിശദമാക്കിയിട്ടുണ്ട്.
ചില ഹദീസുകളെ സംബന്ധിച്ച് അവ മനുഷ്യന്റെ സാമാന്യ ബുദ്ധിക്ക് വിരുദ്ധമാണെന്ന് ഹദീസ് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഒരു ഹദീസില്‍ ഇങ്ങനെ കാണാം: നബി(സ) പ്രസ്താവിച്ചതായി ഇബ്‌നു ഉമര്‍(റ) പറഞ്ഞു: 'നരകക്കാര്‍ നരകത്തിലും സ്വര്‍ഗക്കാര്‍ സ്വര്‍ഗത്തിലും പ്രവേശിക്കപ്പെട്ടു കഴിഞ്ഞാല്‍ അല്ലാഹു മരണത്തെ കൊണ്ടുവരും. അങ്ങനെ അതിനെ നരകത്തിന്റെയും സ്വര്‍ഗത്തിന്റെയും ഇടയിലാക്കി. പിന്നീട് മരണത്തെ അറുക്കപ്പെടും.' (ബുഖാരി 6548)
ഈ ഹദീസിനെക്കുറിച്ച് ഖാദി അബൂബക്കറുബ്‌നുല്‍ അറബി പ്രസ്താവിച്ചതായി ഇബ്‌നു ഹജര്‍ പറയുന്നു: 'ഈ ഹദീസ് സാമാന്യ ബുദ്ധിക്ക് വിരുദ്ധമാണോ എന്ന നിലയില്‍ ഖാളി അബൂബക്കറുബ്‌നുല്‍ അറബി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തീര്‍ച്ചയായും മരണം എന്നത് ഒരു വസ്തുവാണ്. അതാകട്ടെ ശരീരത്തിലേക്ക് മടങ്ങുന്നതുമല്ല. പിന്നെ മരണത്തെ എങ്ങനെയാണ് അറുക്കുക? അതിനാല്‍ ഒരു വിഭാഗം പണ്ഡിതന്മാര്‍ ഈ ഹദീസിനെ അസ്വീകാര്യമായി കാണുന്നുണ്ട്.' (ഫത്ഹുല്‍ ബാരി 14:644)
ഈ വിഷയകമായി വന്ന മറ്റൊരു ഹദീസ്: 'നബി(സ) പറഞ്ഞതായി അബൂആമിര്‍(റ) പ്രസ്താവിച്ചു: നിങ്ങളുടെ ബുദ്ധികള്‍ക്കു വെറുപ്പുളവാക്കുന്ന ഒരു ഹദീസ് നിങ്ങള്‍ എന്നില്‍ നിന്നും കേള്‍ക്കുകയും അത് (അങ്ങനെ സംഭവിക്കാന്‍) സാധ്യതയില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്ന പക്ഷം അത്തരം ഹദീസുകളില്‍ നിന്നു ഞാന്‍ വിദൂരമായിരിക്കും. അഥവാ ഞാന്‍ പറഞ്ഞതാകുന്നതല്ല'' (അഹ്മദ്).
ആധുനിക പണ്ഡിതന്മാരും ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. മുസ്തഫസ്സിബാഇയുടെ സുന്നത്തും ഇസ്‌ലാമിക ശരീഅത്തില്‍ അതിന്റെ സ്ഥാനവും എന്ന പുസ്തകം തര്‍ജമ ചെയ്തുകൊണ്ട് അമാനി മൗലവി രേഖപ്പെടുത്തി: ''നബിയുടെ ഹദീസ് പ്രത്യക്ഷബുദ്ധിക്ക് എതിരാകാന്‍ പാടില്ല'' (പേജ് 91).
എന്നാല്‍ ഹദീസുകളുടെ വിഷയത്തില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്ന ഒരു പണ്ഡിതനാണ് എ അബ്ദുസ്സലാം സുല്ലമി. അദ്ദേഹം ആ വിഷയത്തില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ''ബുദ്ധിക്ക് എതിരാണെന്നു പറഞ്ഞ് സഹീഹായ ഹദീസുകളെ നിഷേധിക്കാവതല്ല'' (ഹദീസുകള്‍ പ്രാമാണികതയും വിമര്‍ശനങ്ങളും, പേജ് 27).
ഇവിടെ ബുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഓരോരുത്തരുടെയും ബുദ്ധിയല്ല, മറിച്ച് വ്യക്തികളുടെ സാമാന്യബുദ്ധിയാണ്. കാരണം ബുദ്ധി പല തരത്തിലുണ്ടെന്ന് മുകളില്‍ നാം സൂചിപ്പിച്ചിട്ടുണ്ട്. സ്വഹീഹു മുസ്‌ലിം പരിഭാഷയുടെ എഡിറ്റോറിയലിന്റെ മുഖവുരയില്‍ ബഹുമാന്യ പണ്ഡിതന്മാരായ സകരിയ്യ സലാഹിയും അബൂബക്കര്‍ സലഫിയും രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ''ഇസ്‌ലാമിക നിയമങ്ങളെല്ലാം തന്നെ ബുദ്ധിക്കും ചിന്തയ്ക്കും നിരക്കുന്നതാണ്. അതിനെതിരായി പറയപ്പെടുന്ന വചനങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നു'' (മുഖവുര, പേജ് 52).
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന്റെ സുന്നത്ത് അര്‍ഥവും പ്രാധാന്യവും എന്ന ഗ്രന്ഥത്തിലും (പേജ് 41) ബുദ്ധിക്ക് വിരുദ്ധമായ ഹദീസുകള്‍ സ്വീകാര്യമല്ല എന്ന നിലയില്‍ പറയുന്നുണ്ട്. ഫള്‌ലുല്‍ ഹഖ് ഉമരി രേഖപ്പെടുത്തുന്നു: ''ബുദ്ധി ഉപയോഗിക്കുന്നവര്‍ക്കും ചിന്തിക്കുന്നവര്‍ക്കുമുള്ള മാര്‍ഗദര്‍ശന ഗ്രന്ഥമാണ് ഖുര്‍ആന്‍'' (അല്‍മനാര്‍, 2006, പേജ് 35). ഇതേ ബുദ്ധി ഉപയോഗിക്കാന്‍ ആഹ്വാനം നല്‍കിക്കൊണ്ടുള്ള ലേഖനം അല്‍മനാര്‍ പഴയ ലക്കങ്ങളിലും ധാരാളം കാണാം (അല്‍മനാര്‍, 1957 ആഗസ്ത്, വി പി മുഹമ്മദ് മൗലവി).
വിശുദ്ധ ഖുര്‍ആനില്‍ നൂറുകണക്കിന് വചനങ്ങള്‍ ചിന്തിക്കാന്‍ ആഹ്വാനം നല്‍കുന്നുണ്ട്. അല്‍ബഖറ 164, ആലുഇംറാന്‍ 190, 192 എന്നീ വചനങ്ങളില്‍ സ്രഷ്ടാവായ അല്ലാഹുവെക്കുറിച്ച് മനസ്സിലാക്കുന്നതുപോലും സൃഷ്ടികളെക്കുറിച്ച് ചിന്തിച്ചുകൊണ്ടും ബുദ്ധി ഉപയോഗിച്ചുകൊണ്ടും ആയിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുണ്ട്.
നമ്മുടെ സംസാരത്തില്‍ പോലും നീതി പാലിക്കണം എന്നാണ് അല്ലാഹുവിന്റെ കല്‍പന. ''നിങ്ങള്‍ സംസാരിക്കുന്നപക്ഷം നീതി പാലിക്കണം'' (അന്‍ആം 152). സംസാരത്തില്‍ നീതി പാലിക്കുകയെന്നതില്‍ പലതും അടങ്ങിയിട്ടുണ്ട്. സംസാരം ജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധമായിരിക്കല്‍, അനാവശ്യം സംസാരിക്കാതിരിക്കല്‍ എന്നിവ സംസാരത്തിലെ നീതിപാലനത്തില്‍ പെട്ടതാണ്.
അതുപോലെ നബിയും പ്രസ്താവിച്ചിട്ടുണ്ട്. നബി(സ) അരുളിയതായി അലി(റ) പ്രസ്താവിച്ചു: ''നിങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ അവരോട് സംസാരിക്കണം. അല്ലാഹുവും റസൂലും നിഷേധിക്കപ്പെടുന്നതിനെ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?'' (ബുഖാരി).
അഥവാ ഉപദേശ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകാത്ത വിധത്തിലും അവരുടെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തിലുമാണെങ്കില്‍ അത് അല്ലാഹുവിനെയും അവന്റെ റസൂലിനെയും നിഷേധിക്കാന്‍ കാരണമാകും എന്നര്‍ഥം. നബി പ്രസ്താവിച്ചതായി ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ''താങ്കള്‍ ജനങ്ങളുടെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ ജനങ്ങളോട് പറയരുത്'' (മുസ്‌ലിം).
മഹാ പണ്ഡിതന്‍ ശൈഖ് അബ്ദുല്‍ ഖാദിറുല്‍ ജീലാനി രേഖപ്പെടുത്തി: ''ഖുര്‍ആനിനോടും സുന്നത്തിനോടും സാമാന്യബുദ്ധിയോടും ഒരു കാര്യം യോജിച്ചുവരുന്നപക്ഷം അത്തരം കാര്യങ്ങള്‍ സ്വീകാരയോഗ്യങ്ങളായിരിക്കും. അവ മൂന്നിനോടും യോജിച്ചുവരാത്ത കാര്യങ്ങള്‍ തള്ളിക്കളയേണ്ടതാണ്'' (അല്‍ഗുന്‍യ 1:53).
ബഹുഭൂരിപക്ഷം ആളുകളും നരകത്തില്‍ പ്രവേശിക്കാന്‍ കാരണം ബുദ്ധി നന്മയുടെ വഴിയില്‍ ഉപയോഗിക്കാത്തതുകൊണ്ടാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ ഉണര്‍ത്തുന്നുണ്ട്.
ഇസ്‌ലാമില്‍ ബുദ്ധിക്ക് സ്ഥാനമുണ്ട്. കാരണം ബുദ്ധിയുള്ളവനേ ഇസ്‌ലാമിക നിയമം ബാധകമാവൂ. ഭ്രാന്തന്മാര്‍ക്കും ബുദ്ധിയുറക്കാത്ത കുട്ടികള്‍ക്കും ഇസ്‌ലാമിക നിയമങ്ങള്‍ ബാധകമല്ലല്ലോ. അല്ലാഹു മനുഷ്യ വര്‍ഗത്തിന് കനിഞ്ഞു നല്‍കിയ ഒരനുഗ്രഹമാണ് ബുദ്ധി. നമുക്ക് ബുദ്ധിയുള്ളതുകൊണ്ട് മാത്രമാണ് ഇസ്‌ലാമിക നിയമങ്ങള്‍ നമുക്ക് ബാധകമായത്. ബഹുഭൂരിപക്ഷം ജനങ്ങളും നരകത്തില്‍ പ്രവേശിക്കാന്‍ കാരണം പ്രസ്തുത ബുദ്ധി വേണ്ടവിധം ഉപയോഗിക്കാത്തതുകൊണ്ടാണ്.
അല്ലാഹു അരുളി: ''ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അത് ഉപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അത് ഉപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അവ ഉപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍'' (അഅ്‌റാഫ് 179).
ബഹുഭൂരിപക്ഷം ആളുകളും നരകത്തില്‍ പ്രവേശിക്കാന്‍ കാരണം ബുദ്ധി നന്മയുടെ വഴിയില്‍ ഉപയോഗിക്കാത്തതുകൊണ്ടാണെന്ന് താഴെ വരുന്ന ഖുര്‍ആന്‍ വചനവും നമ്മെ ഉണര്‍ത്തുന്നു: ''ഞങ്ങള്‍ ചിന്തിക്കുകയോ കേള്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും'' (മുല്‍ക്ക് 10).
അല്ലാഹു വിശേഷബുദ്ധി നല്‍കിയിട്ട് അത് പ്രയോജനപ്പെടുത്താത്തവരെക്കുറിച്ച് അവന്‍ വീണ്ടും അരുളി: ''തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശപ്പെട്ടവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്മാരുമാകുന്നു'' (അന്‍ഫാല്‍ 22).
ബഹുഭൂരിപക്ഷവും ദീനില്‍ അനുകരിച്ചുകൊണ്ടിരിക്കുന്നത് ഖുര്‍ആനും സുന്നത്തുമല്ല, മറിച്ച്, ദുന്‍യാവിന്റെ കൊഴുപ്പ് ആഗ്രഹിക്കുകയും അതില്‍ ആറാടി രമിക്കുകയും ചെയ്യുന്ന ചില പണ്ഡിതവേഷധാരികളെയാണ്. ''നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, മനസ്സ് എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്'' (ഇസ്‌റാഅ് 36).
