വിമര്‍ശനങ്ങള്‍ക്കുള്ളിലെ നബിയുടെ വിവാഹം


വിമര്‍ശനങ്ങളില്‍ പ്രധാനം നബിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ്. ഓരോ വിവാഹത്തിനു പിന്നിലും വ്യക്തമായ ചില ലക്ഷ്യങ്ങള്‍ കണ്ടെത്താനാകും.

ലോകത്ത് ഏറ്റവുമധികം സ്‌നേഹിക്കപ്പെടുന്നവനും വിമര്‍ശിക്കപ്പെടുന്നവനും മുഹമ്മദ് നബി (സ) ആയിരിക്കും. വിമര്‍ശനങ്ങളില്‍ ഒരു ഭാഗം അദ്ദേഹത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ഒരു ഹദീസ് പ്രകാരം നബി 9 വിവാഹവും മറ്റൊരു ഹദീസിന്റെ അടിസ്ഥാനത്തില്‍ 11 വിവാഹവും കഴിച്ചിട്ടുണ്ട്. സ്വീകാര്യമായ ഹദീസുകള്‍ പരിശോധിച്ചാല്‍ നബി 11 വിവാഹങ്ങള്‍ കഴിച്ചതായി കണ്ടെത്താന്‍ സാധിക്കും.

നബിയുടെ ഓരോ വിവാഹത്തിനു പിറകിലും വ്യക്തമായ ഓരോ ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ കഴിയും. വിധവാ സംരക്ഷണം, ഒന്നിലധികം ഭാര്യമാരോട് പരമാവധി നീതി പാലിക്കാന്‍ പഠിപ്പിക്കല്‍, ഇസ്‌ലാമിക സാഹോദര്യം, ദൈവിക നിര്‍ദേശം പാലിക്കല്‍, നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ച് ഇസ്‌ലാമിനെ വിപുലീകരിക്കല്‍, വ്യത്യസ്ത ഭാര്യമാരിലൂടെ ഇസ്‌ലാമിലെ ഭാര്യാഭര്‍തൃ ബന്ധങ്ങള്‍ ജനങ്ങളെ പഠിപ്പിക്കല്‍ എന്നിവയെല്ലാം നബിയുടെ വിവാഹങ്ങള്‍ക്കു പിറകിലുള്ള ലക്ഷ്യങ്ങളായിരുന്നു.

കേരളത്തില്‍ നിരീശ്വരവാദികളോ യുക്തിവാദികളോ ഇല്ലെന്നു മനസ്സിലാകുന്നു. ഇവിടെയുള്ളത് ഇസ്‌ലാം വിമര്‍ശകര്‍ മാത്രമാണ്. വ്യഭിചാരമോ പരസ്ത്രീബന്ധമോ കുറ്റകരമായി കാണാത്തവരാണിവര്‍. അവസരം വന്നാല്‍ നബിയെ വിമര്‍ശിക്കുന്നവരായിരുന്നു നബിയുടെ കാലത്തെ മുശ്‌രികുകളും യഹൂദരും.

അവരാരും നബിയുടെ ഒരു വിവാഹത്തെയും വിമര്‍ശിച്ചില്ല. ശൈശവവിവാഹം അക്കാലത്തു അറബികള്‍ക്കിടയില്‍ നടപ്പുള്ള കാര്യമായിരുന്നു. അങ്ങനെയല്ലെങ്കില്‍ ആയിശ(റ)യുമായുള്ള വിവാഹബന്ധമെങ്കിലും അവര്‍ എതിര്‍ക്കേണ്ടതായിരുന്നു. അതുണ്ടായിട്ടില്ല.

നബി(സ) ആദ്യം വിവാഹം ചെയ്തത് ഖദീജ(റ)യെയായിരുന്നു. അന്ന് നബിയുടെ പ്രായം 25ഉും ഖദീജയുടേത് 40 വയസ്സുമായിരുന്നു. നബി ഖദീജയെ വിവാഹം ചെയ്തത് ദൈവിക നിശ്ചയപ്രകാരമായിരുന്നു. അന്നു നബി വളരെയധികം ദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തിയായിരുന്നു.

അതില്‍ നിന്നു മോചനം ലഭിക്കാനാണ് സമ്പന്നയായ ഖദീജയെ വിവാഹം ചെയ്തത്. അക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് അല്ലാഹു ഇപ്രകാരം അരുളിയത്, 'താങ്കളെ നാം ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് ഐശ്വര്യം നല്‍കുകയും ചെയ്തു'വെന്ന്.

രണ്ടാമതായി വിവാഹം കഴിച്ചത് (ഖദീജയുടെ മരണശേഷം) സൗദയെയായിരുന്നു. അവരുടെ ഭര്‍ത്താവ് സക്‌റാന്‍(റ) അബ്‌സീനിയയില്‍ വെച്ച് മരണപ്പെട്ടപ്പോള്‍ നബി അവരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാവുകയാണുണ്ടായത്. സൗദ(റ) 45 വയസ്സില്‍ കൂടുതലുള്ള ഒരു സ്ത്രീയായിരുന്നു.

മൂന്നാമത് വിവാഹം കഴിച്ചത് ആയിശ(റ)യെയായിരുന്നു. നബി ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്നത് ഈ വിവാഹത്തിന്റെ പേരിലാണ്. തനിക്ക് യോജിച്ച ഒരു വധുവിനെ മുന്‍കൂട്ടി കണ്ടെത്തുകയെന്നത് അക്കാലത്തെ ഒരു സമ്പ്രദായമായിരുന്നു. നബി ആയിശയെ വിവാഹം കഴിച്ചത് ആറാം വയസ്സിലായിരുന്നുവെങ്കിലും ദാമ്പത്യം തുടങ്ങുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.

പെണ്‍കുട്ടികള്‍ അവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് 9 വയസ്സു മുതല്‍ 13 വയസ്സു വരെ പ്രായപൂര്‍ത്തിയാകാവുന്നതാണ്. യുക്തിവാദികള്‍ വലിയ പ്രശ്‌നമാക്കി അവതരിപ്പിക്കാറുണ്ടെങ്കിലും മറ്റുള്ള മതനേതാക്കളുടെ വിവാഹപ്രായം അവര്‍ പ്രശ്‌നമാക്കാറില്ല. ഉദാഹരണം ശ്രദ്ധിക്കുക: 'ശ്രീരാമന്‍ സീതയെ വിവാഹം കഴിക്കുമ്പോള്‍ സീതയ്ക്ക് 6 വയസ്സ് മാത്രമായിരുന്നു. ശ്രീരാമന് 13 വയസ്സും' (രാമായണം, വാല്‍മീകി മഹര്‍ഷി).

എന്നാല്‍ ആരണ്യകാണ്ഡ ശ്ലോകത്തില്‍ ഇപ്രകാരമാണ്. 'ശ്രീരാമന് അന്ന് 13 വയസ്സ്, സീതക്ക് 5 വയസ്സ്' (ആരണ്യകാണ്ഡ ശ്ലോകം). ഈ തെളിവില്‍ ആയിശയേക്കാള്‍ ഒരു വയസ്സ് കുറവാണ് സീതക്ക്. എന്നിട്ടും ആരും അത് വിമര്‍ശിക്കാറില്ല.

'അബ്രഹാമിന്റെ പുത്രന്‍ ഇസ്ഹാഖ് വിവാഹം കഴിക്കുമ്പോള്‍ ഭാര്യ റബേക്കക്ക് 10 വയസ്സായിരുന്നു' (യാഷെറിന്റെ പുസ്തകം 24:40). 'മലയാള മനോരമയുടെ മാമ്മന്‍ മാപ്പിള മാമിയെ വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹത്തിന് 15 വയസ്സും മാമിക്ക് 10 വയസ്സുമായിരുന്നു പ്രായം' (കെ എം മാത്യു, എട്ടാമത്തെ മോതിരം).

ഇത്തരം കാര്യങ്ങള്‍ സംഘ്പരിവാറുകാരോ ക്രിസംഘികളോ ചര്‍ച്ച ചെയ്യാറില്ല എന്നത് ഒരു വസ്തുതയാണ്. കാരണം അവരുടെ ലക്ഷ്യം ഇസ്‌ലാമിനെയും അതിന്റെ പ്രവാചകനെയും വിമര്‍ശിക്കുകയെന്നതു മാത്രമാണ്.

നബി ആയിശയെ വിവാഹം കഴിക്കാന്‍ പ്രധാനമായും മൂന്നു കാരണങ്ങളുണ്ട്: ഒന്ന്: അല്ലാഹുവിന്റെ വഹ്‌യ് നബി ആയിശയോടു തന്നെ പറയുകയുണ്ടായി: 'നിന്നെ സ്വപ്‌നത്തില്‍ രണ്ട് തവണ എനിക്ക് കാണിക്കപ്പെടുകയുണ്ടായി' (ബുഖാരി, അല്‍ബിദായത്തു വന്നിഹായ 3:151). രണ്ട്: നബിയും അബൂബക്കറും(റ) തമ്മിലുള്ള ഇസ്‌ലാമിക സാഹോദര്യബന്ധം.

മൂന്ന്: ആയിശയുടെ അപാരമായ ബുദ്ധിശക്തി. അഥവാ ആയിശയിലൂടെ ഈ ലോകത്തിന് വ്യത്യസ്തങ്ങളായ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടായിരുന്നു എന്ന വസ്തുത. അതില്‍ വിശ്വാസപരവും കര്‍മപരവുമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. അത് നബിയുടെ മരണശേഷം സഹാബിമാര്‍ സ്വായത്തമാക്കുകയും ചെയ്തിരുന്നു.

അടിമ സ്ത്രീയാകട്ടെ സ്വതന്ത്രയാകട്ടെ മഹ്ര്‍ നല്‍കാതെ നബി (സ) ഒരു സ്ത്രീയെയും വിവാഹം ചെയ്തിട്ടില്ല.

നബി നാലാമത് വിവാഹം കഴിച്ചത് ഉമറി(റ)ന്റെ മകള്‍ ഹഫ്‌സ(റ)യെയായിരുന്നു. അവരുടെ ഭര്‍ത്താവ് ബദ്ര്‍ യുദ്ധത്തില്‍ മരണപ്പെട്ടു. ഉമര്‍ അതില്‍ അതീവ ദുഃഖിതനായിരുന്നു. അദ്ദേഹത്തിന്റെ ദുഃഖം മനസ്സിലാക്കി പ്രവാചകന്‍ ഉമറുമായുള്ള ഇസ്‌ലാമിക സാഹോദര്യം നിലനിര്‍ത്താന്‍ അവരെ വിവാഹം കഴിക്കുകയാണുണ്ടായത്. ഉമര്‍ അതില്‍ വളരെ സന്തുഷ്ടനായിത്തീര്‍ന്നു.

അഞ്ചാമത് വിവാഹം കഴിച്ചത് വിധവയും നാലു മക്കളുടെ മാതാവുമായ ഉമ്മുസലമ(റ)യെയായിരുന്നു. അവരെ ആദ്യം വിവാഹം കഴിച്ചിരുന്നത് നബിയുടെ അമ്മായിയുടെ മകനായ അബൂസലമയായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോള്‍ നബി അവരെ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

ആറാമത് വിവാഹം കഴിച്ചത് സൈനബ ബിന്‍ത് ജഹ്ശിനെയായിരുന്നു. അവരെ ആദ്യം വിവാഹം കഴിച്ചത് നബിയുടെ പോറ്റുമകന്‍ സൈദ് ആയിരുന്നു. പോറ്റുമക്കള്‍ സ്വന്തം മക്കളെപ്പോലെയല്ലയെന്നു ലോകത്തെ പഠിപ്പിക്കാന്‍ വേണ്ടി അല്ലാഹു നബിയോട് സൈനബി(റ)നെ വിവാഹം കഴിക്കാന്‍ കല്‍പിക്കുകയാണുണ്ടായത്.

ഏഴാമത് വിവാഹം കഴിച്ചത് ബനൂമുസ്തലഖ് ഗോത്രത്തിന്റെ നേതാവിന്റെ മകളായ ജുവൈരിയ(റ)യെയായിരുന്നു. അതുമൂലം ആ ഗോത്രം മുഴുവന്‍ മുസ്‌ലിംകളായി. അത് നയതന്ത്ര വിജയമായിരുന്നു.
എട്ടാമത് വിവാഹം കഴിച്ചത് ഖുറൈശികളില്‍ പ്രധാനിയായ അബൂസുഫ്‌യാന്റെ മകള്‍ ഉമ്മുഹബീബയെയായിരുന്നു. അബൂസുഫ്‌യാന്റെ ഇസ്‌ലാം സ്വീകരണം നബി അതിയായി ആഗ്രഹിച്ചിരുന്നു. ആ നയതന്ത്രശ്രമവും വിജയം കണ്ടു.

ഒമ്പതാമത് വിവാഹം ചെയ്തത് യഹൂദീ നേതാവിന്റെ മകളായ സ്വഫിയ്യയെയായിരുന്നു. നയതന്ത്രമെന്ന നിലയിലാണ് അവരെ വിവാഹം കഴിച്ചത്. അതിനാല്‍ ആ ഗോത്രം മുഴുവനും മുസ്‌ലിംകളായി. അതാണ് ബനൂനളീര്‍ ഗോത്രം.

പത്താമത് വിവാഹം കഴിച്ചത് മധ്യവയസ്‌കയായ മൈമൂനയെയായിരുന്നു. അവര്‍ക്ക് 50 വയസ്സുണ്ടായിരുന്നു. അതും ഒരു നയതന്ത്രബന്ധം കാരണമായിരുന്നു. പ്രസിദ്ധ യുദ്ധതന്ത്രജ്ഞന്‍ ഖാലിദ്ബ്‌നുല്‍ വലീദി(റ)ന്റെ ഇസ്‌ലാം സ്വീകരണം നബി അതിയായി ആഗ്രഹിച്ചിരുന്നു. മൈമൂന അദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധുവായിരുന്നു. അവര്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ ഖാലിദും ഇസ്ലാം സ്വീകരിക്കുകയാണുണ്ടായത്.

പതിനൊന്നാമത് വിവാഹം കഴിച്ചത് മാരിയ എന്ന അടിമ സ്ത്രീയെയായിരുന്നു. ആ സ്ത്രീയെ ഈജിപ്തിലെ രാജാവ് നബിക്ക് ദാനമായി നല്‍കിയതായിരുന്നു. അവളുടെ മഹ്ര്‍ നല്‍കിയതും രാജാവ് തന്നെയായിരുന്നു. അടിമ സ്ത്രീയാകട്ടെ സ്വതന്ത്രയാകട്ടെ മഹ്ര്‍ നല്‍കാതെ നബി ഒരു സ്ത്രീയെയും വിവാഹം കഴിച്ചിട്ടില്ല.

സംരക്ഷിക്കാന്‍ നാഥനില്ലാത്ത സ്ത്രീകളെ വലിയ്യില്ലാതെ ഏറ്റെടുക്കാനും നബിക്ക് സ്വാതന്ത്ര്യമുണ്ട്. അല്ലാഹു അരുളി: ''സത്യവിശ്വാസിയായ ഒരു സ്ത്രീ സ്വന്തം ശരീരം നബിക്ക് ദാനം ചെയ്യുന്നപക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നപക്ഷം അതും അനുവദിച്ചിരിക്കുന്നു. ഈ ആനുകൂല്യം സത്യവിശ്വാസികളെ കൂടാതെ താങ്കള്‍ക്ക് മാത്രമുള്ളതാകുന്നു'' (അഹ്‌സാബ് 50).

പക്ഷേ, നബി(സ) പ്രസ്തുത സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തിയിരുന്നില്ല. അത് ഇമാം ഇബ്‌നു കസീര്‍ അടക്കമുള്ള മുഫസ്സിറുകള്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: ''നബിക്ക് സ്വന്തം ശരീരം സമര്‍പ്പിച്ച ഒരുവളെയും നബി സ്വീകരിച്ചിട്ടില്ല, അത് നബിക്ക് അനുവദനീയമായിരുന്നു എങ്കില്‍ പോലും'' (ഇബ്‌നു കസീര്‍ 3:500).


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ