പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തത്തുല്യമായ മതവിധികള്‍ കണ്ടുപിടിക്കുന്നതാണ് ഇജ്തിഹാദ്.
ഇസ്‌ലാം ചിന്തയ്ക്കും ബുദ്ധിക്കും വളരെയധികം പ്രാധാന്യം നല്‍കിയ മതമാണ്. അല്ലാഹു അരുളി: ''തീര്‍ച്ചയായും ആദം സന്തതികളെ നാം ബഹുമാനിക്കുകയും കടലിലും കരയിലും നാം അവരെ വാഹനത്തില്‍ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്കു നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു'' (ഇബ്‌റാഹീം 70).
മനുഷ്യ വര്‍ഗത്തിന് വിജ്ഞാനം സമ്പാദിക്കാന്‍ സാധിക്കുന്നത് അവന് അല്ലാഹു വിശേഷബുദ്ധി പ്രദാനം ചെയ്തതുകൊണ്ട് മാത്രമാണ്. ബുദ്ധിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ഒരു പ്രക്രിയയാണ് ഇജ്തിഹാദ്. ഇസ്‌ലാമില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തത്തുല്യമായ മതവിധികള്‍ കണ്ടുപിടിക്കുന്നതിനാണ് ഇജ്തിഹാദ് എന്നു പറയുന്നത്.
ഇമാം ഗസ്സാലിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ''ഖണ്ഡിതമായ തെളിവുകള്‍ ഇല്ലാത്ത അവസ്ഥയില്‍ തെളിവുകള്‍ (കണ്ടുപിടിക്കുന്ന) ഏര്‍പ്പാടാണ് ഇജ്തിഹാദ് എന്നു പറയപ്പെടുന്നത്'' (മുസ്തസ്ഫാ 2:354).
ഒരു മുജ്തഹിദിന് ഒരിക്കലും ഇജ്തിഹാദിന്റെ വിഷയത്തില്‍ ഖുര്‍ആന്‍ കൊണ്ടും സുന്നത്തു കൊണ്ടും സ്ഥിരപ്പെട്ട കാര്യങ്ങളില്‍ മാറ്റം വരുത്താവതല്ല. അഞ്ച് വഖ്ത് നമസ്‌കാരം, സകാത്ത് നല്‍കല്‍, ദീനില്‍ ഇജ്മാഅ് (ഏകോപനം) ഉള്ള സംഗതികള്‍ തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ് (മുസ്തസ്ഫാ 2:354).
ഇജ്തിഹാദിന് പണ്ഡിതന്മാര്‍ക്ക് നബി(സ) പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. നബി(സ) അരുളി: ''ഒരു വിധികര്‍ത്താവ് ഇജ്തിഹാദ് നടത്തുകയും വിധിക്കുകയും പ്രസ്തുത വിധി ശരിയാവുകയും ചെയ്താല്‍ അവന് രണ്ടു പ്രതിഫലമുണ്ട്. ഒരു വ്യക്തി ഇജ്തിഹാദ് നടത്തുകയും വിധി പ്രസ്താവിക്കുകയും പിഴക്കുകയും ചെയ്താല്‍ അവന് ഒരു പ്രതിഫലമുണ്ട്'' (ബുഖാരി, മുസ്‌ലിം).
അപ്പോള്‍ ഒരു പണ്ഡിതന്‍ ഇജ്തിഹാദ് നടത്തി പിഴച്ചാല്‍ പോലും ഒരു പ്രതിഫലമുണ്ട് എന്നാണ് നബി(സ) അരുളിയത്. അതില്‍ നിന്ന് ഇസ്‌ലാം ബുദ്ധിക്ക് നല്‍കുന്ന സ്ഥാനം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
മുആദുബ്‌നു ജബലിനെയും(റ) മറ്റൊരു സഹാബിയെയും യമനിലേക്ക് പറഞ്ഞയച്ചുകൊണ്ട് മുആദിനോട് അല്ലാഹുവിന്റെ റസൂല്‍ ചോദിച്ചു: ''നിനക്ക് വല്ല പ്രശ്‌നവും വന്നാല്‍ നീ എങ്ങനെയാണ് വിധി പ്രസ്താവിക്കുക? അദ്ദേഹം പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് (ഖുര്‍ആന്‍ കൊണ്ട്) വിധി പ്രസ്താവിക്കും. നബി വീണ്ടും ചോദിച്ചു: അതിനു പരിഹാരം അതില്‍ ഇല്ലെങ്കിലോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്ത് അനുസരിച്ച് ഞാന്‍ വിധിക്കും.
 നബി(സ) വീണ്ടും ചോദിച്ചു: അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തിലും അതിനു പരിഹാരമില്ലെങ്കിലോ? അപ്പോള്‍ മുആദ് പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തിലും അതിനു പരിഹാരമില്ലെങ്കില്‍ ഞാന്‍ ഇജ്തിഹാദ് നടത്തി കാര്യത്തിന് പരിഹാരം കണ്ടുപിടിക്കും'' (അബൂദാവൂദ് 2:116).
ഹദീസിന്റെ ബാക്കി ഭാഗം ഞാന്‍ ഇജ്തിഹാദ് നടത്തും എന്നു പറഞ്ഞതിന്റെ പേരില്‍ നബി(സ) അദ്ദേഹത്തിന്റെ നെഞ്ചില്‍ കൈവെച്ച് ആശീര്‍വദിച്ചതാണ്. ഈ വിഷയത്തില്‍ വന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്:
''സഹീഹായ പരമ്പരയോടുകൂടി ഇമാം ബൈഹഖി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു: അബൂബക്കറിന്(റ) വല്ല പ്രശ്‌നവും നേരിട്ടാല്‍ (ആദ്യം) അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക് നോക്കും. അതില്‍ അതിനു പരിഹാരം കണ്ടില്ലെങ്കില്‍ നബി(സ)യുടെ സുന്നത്തിലേക്ക് നോക്കും. അതിലും അതിന് പരിഹാരം കണ്ടില്ലെങ്കില്‍ സാലിഹായ ജനങ്ങള്‍ വിധി പ്രസ്താവിച്ചതുപോലെ അദ്ദേഹവും വിധി പ്രസ്താവിക്കും'' (ഫത്ഹുല്‍ബാരി 17:115). സാലിഹുകള്‍ വിധിച്ചതുപോലെ വിധിക്കും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇജ്തിഹാദ് നടത്തി പ്രശ്‌നത്തിന് പരിഹാരം കാണും എന്നാണ്.
ഒരാള്‍ക്ക് ഇജ്തിഹാദിന് കുറേ യോഗ്യതകള്‍ അത്യാവശ്യമാണ്. ഖുര്‍ആന്‍ ഇറങ്ങിയ സന്ദര്‍ഭങ്ങള്‍, ഹദീസുകള്‍, ഹദീസ് നിദാന ശാസ്ത്രം, ഫിഖ്ഹിയ്യായ നിയമങ്ങള്‍, ഇസ്‌ലാമിന്റെ ചരിത്രം, അറബിഭാഷാ പരിജ്ഞാനം, ഇജ്മാഅ് എന്നിവയെ സംബന്ധിച്ചെല്ലാം അറിയല്‍ നിര്‍ബന്ധമാണ്.
വളരെ പ്രധാനമായി അറിയേണ്ട കാര്യങ്ങളാണ് ഇവയെല്ലാം. ഇങ്ങനെ എല്ലാ വിജ്ഞാനശാഖയും ഒത്തുചേര്‍ന്നവര്‍ക്ക് 'മുജ്തഹിദ് മുത്‌ലഖ്' എന്നാണ് പറയുക (മുസ്തസ്ഫാ 2:103). എന്നാല്‍ ചില മസ്അലകളില്‍ മാത്രം ഭാഗികമായും ഇജ്തിഹാദ് നടത്താവുന്നതാണ്.
ഇമാം ഗസ്സാലിയുടെ പ്രസ്താവന ശ്രദ്ധിക്കുക: ''എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയണമെന്ന നിബന്ധന ഒരു മുഫ്തിക്ക്(മുജ്തഹിദ്) ഇല്ല. ഇമാം മാലികിനോട് 40 ചോദ്യം ചോദിക്കപ്പെട്ടു. അതില്‍ 36 ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞത് എനിക്ക് അറിയില്ല എന്നാണ്'' (അല്‍ മുസ്തസ്ഫാ 2:102).
പക്ഷേ, ഇന്ന് ഇജ്തിഹാദ് നടത്തി ഫത്‌വ പുറപ്പെടുവിക്കുന്നവന്‍ അറബിഭാഷ പോലും അറിയാത്തവരാണ് എന്ന വസ്തുത നാം സമൂഹത്തെ അറിയിക്കാതിരുന്നാല്‍ അത് കുറ്റകരമായിരിക്കും. ഇത്തരക്കാരുടെ ഫത്‌വകള്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും നസ്സിനു പോലും എതിരായിരിക്കും.
ഇത്തരക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് രണ്ട് കുറ്റങ്ങളാണ്. ഒന്ന്: അര്‍ഹരല്ലാത്ത നിലയില്‍ ഇവര്‍ ഇജ്തിഹാദ് നടത്തുന്നു. രണ്ട്: ഖുര്‍ആനും സുന്നത്തും വ്യക്തമായി പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ ഇജ്തിഹാദ് (ഗവേഷണം) നടത്തി പുതിയ ഫത്‌വകള്‍ പുറപ്പെടുവിക്കുന്നു. ഇത്തരക്കാര്‍ സഭാകമ്പം തീര്‍ന്ന പ്രസംഗകരായിരിക്കും എന്നത് ശരിയാണ്.
ശറഇല്‍ (ദീനില്‍) ഫത്‌വ പുറപ്പെടുവിക്കാനും ഇജ്തിഹാദ് നടത്താനും അത് അടിസ്ഥാനപരമായി പഠിച്ചവര്‍ക്കേ പാടുള്ളൂ എന്നത് അവിതര്‍ക്കിതമാണ്. ഇജ്തിഹാദിന്റെ വിഷയത്തിലും എത്ര വലിയ പണ്ഡിതനായിരുന്നാലും അബദ്ധങ്ങള്‍ സംഭവിക്കാവുന്നതാണ്. താഴെ വരുന്ന സംഭവങ്ങള്‍ ശ്രദ്ധിക്കുക.
ഒന്ന്: ബദ്‌റില്‍ പിടിക്കപ്പെട്ട ബന്ധനസ്ഥരെ എന്തു ചെയ്യണം എന്ന് നബി(സ) പ്രമുഖരായ സഹാബികളുമായി മുശാവറ നടത്തി. അബൂബക്കര്‍(റ) പറഞ്ഞത് 'അവരെ പ്രായശ്ചിത്തം വാങ്ങി വിട്ടയക്കാനാ'ണ്. ഉമറി(റ)നോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: 'എന്നെ വിട്ടേക്കുക, ഞാന്‍ അവരുടെ കഴുത്തുകള്‍ വെട്ടട്ടെ.'
പക്ഷേ, പ്രതിഫലം വാങ്ങി അവരെ വിട്ടയച്ചത് അല്ലാഹു ഇഷ്ടപ്പെട്ടില്ല. കാരണം അവരില്‍ പലരും കൊല്ലപ്പെടാന്‍ അര്‍ഹരായിരുന്നു. അതിനാല്‍ നബി(സ) ഇജ്തിഹാദും മുശാവറയും നടത്തി ചെയ്ത കാര്യത്തെ അല്ലാഹു ശക്തമായി താക്കീതു ചെയ്തു.
അത് ഇപ്രകാരം: ''ഒരു പ്രവാചകനും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി സ്ഥാപിക്കുന്നതുവരെ യുദ്ധത്തടവുകാര്‍ ഉണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു.
അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്ന് ഒരു നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു'' (അന്‍ഫാല്‍ 67, 68).
ഹദീസില്‍ വന്ന മറ്റൊരു സംഭവം ഇപ്രകാരമാണ്: ''നബി(സ) ഒരു വഴിക്ക് പോയപ്പോള്‍ ഒരു വിഭാഗം ആളുകളെ ഈത്തപ്പന മരത്തിന്റെ മുകളില്‍ കണ്ടു. അവര്‍ ബീജപരാഗണം (ഈത്തപ്പനയുടെ ആണ്‍കുലയും പെണ്‍കുലയും ചേര്‍ത്തുവെക്കല്‍) നടത്തുകയായിരുന്നു. നബി(സ) ചോദിച്ചു: നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? അവര്‍ പറഞ്ഞു: ഞങ്ങള്‍ ബീജപരാഗണം നടത്തിക്കൊണ്ടിരിക്കുകയാണ്.
നബി: അപ്രകാരം ചെയ്യാതിരിക്കലാണ് നിങ്ങള്‍ക്കുത്തമം. ആ വര്‍ഷം അവര്‍ അത് ഉപേക്ഷിക്കുകയും അവര്‍ക്ക് ഈത്തപ്പഴം കുറയുകയും ചെയ്തു. അക്കാര്യം അവര്‍ നബിയെ ഉണര്‍ത്തി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ ഒരു മനുഷ്യനാണ്. ഞാന്‍ ദീനിയായി വല്ലതും കല്‍പിക്കുന്നപക്ഷം നിങ്ങളത് നിര്‍ബന്ധമായും സ്വീകരിക്കണം. എന്റെ അഭിപ്രായം എന്ന നിലയില്‍ ഞാന്‍ വല്ലതും പറയുന്നപക്ഷം, ഞാനൊരു മനുഷ്യന്‍ മാത്രമാണ്'' (സഹീഹു മുസ്‌ലിം 2:362).
ഞാനൊരു മനുഷ്യന്‍ മാത്രമാണ് എന്നു നബി (സ) പറഞ്ഞതിന്റെ താല്‍പര്യം തനിക്കും പിഴവ് സംഭവിക്കാം എന്നാണ്.
അതെ, ഞാനൊരു മനുഷ്യന്‍ മാത്രമാണ് എന്നു പറഞ്ഞതിന്റെ താല്‍പര്യം എനിക്കും പിഴവ് സംഭവിക്കാം എന്നാണ്. എന്നാല്‍ നബി(സ) യുടെ പക്കല്‍ നിന്നു ശിര്‍ക്കോ കുഫ്‌റോ ഹറാമോ കാപട്യമോ ഉണ്ടാകുന്നതല്ല. അതില്‍ നിന്നെല്ലാം പ്രവാചകന്മാര്‍ക്ക് സംരക്ഷണമുണ്ട്.
മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ''നിങ്ങളുടെ ദുന്‍യവിയായ കാര്യങ്ങള്‍ കൂടുതല്‍ അറിയുന്നവര്‍ നിങ്ങള്‍ തന്നെയാണ്'' (മുസ്‌ലിം 2:363). ഇനി ഒരു വ്യക്തിയുടെ ഇജ്തിഹാദ് പിഴച്ചുവെങ്കില്‍ അത് അന്ധമായി അനുകരിക്കല്‍ മറ്റുള്ളവര്‍ക്ക് നിര്‍ബന്ധമില്ല. അത് അയാളില്‍ മാത്രം ഒതുങ്ങുന്നതാണ്. ദീനില്‍ അനര്‍ഹരായവര്‍ ഇജ്തിഹാദ് നടത്തല്‍ ഏറിവരികയാണ്.
നബി(സ) പറഞ്ഞു: ''അവസാന കാലം വന്നാല്‍ വിജ്ഞാനം കുറയും. പ്രസംഗകന്മാര്‍ വര്‍ധിക്കും. ജനങ്ങള്‍ അറിവില്ലാത്തവരെ നേതാവായി സ്വീകരിക്കും. അവര്‍ അറിവില്ലാതെ ഫത്‌വകള്‍ ഉദ്ധരിക്കും. അങ്ങനെ അവരും പിഴക്കും. ജനങ്ങളെ വഴിപിഴപ്പിക്കുകയും ചെയ്യും'' (ബുഖാരി).
ഇബ്‌നുല്‍ ഖയ്യിം രേഖപ്പെടുത്തി: ''ദീനിന്റെ കാര്യത്തില്‍ അറിവില്ലാത്തവര്‍ സ്വന്തം അഭിപ്രായം പറയുക എന്ന കാരണത്താലാകുന്നു സര്‍വനാശവും'' (ഇഗാസത്തുല്ലഹ്ഫാന്‍ 2:167). ഇബ്‌നു തൈമിയ പ്രസ്താവിച്ചു: ''നന്മയും തിന്മയും സ്ഥാപിക്കപ്പെടുന്നത് (വ്യക്തികളല്ല) ശറആണ്'' (മിന്‍ഹാജുസ്സുന്നത്തിന്നബവിയ്യ 1:281).
ശാഹ് വലിയ്യുല്ലാഹി ദഹ്‌ലവി അബൂത്വാലിബുല്‍ മക്കിയ്യിയില്‍ നിന്നു ഉദ്ധരിക്കുന്നു: ''ഹിജ്‌റ നാലാം നൂറ്റാണ്ടിനു മുമ്പ് ജനങ്ങള്‍ ഏതെങ്കിലും ഒരു മദ്ഹബ് അന്ധമായി അനുകരിച്ചിരുന്നില്ല'' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1:500).
മുജ്തഹിദല്ലാത്ത (ഇജ്തിഹാദിന് കഴിവില്ലാത്ത) ആളുകള്‍ എന്തു ചെയ്യണം? ഇമാം ഗസ്സാലി രേഖപ്പെടുത്തി: സാധാരണക്കാരന്‍ മുഫ്തിയെ പിന്‍പറ്റേണ്ടതാണ് (അല്‍ മുസ്തസ്വ്ഫാ 2:387). ഫത്‌വ ചോദിച്ച് തെളിവിന്റെ അടിസ്ഥാനത്തില്‍ പിന്‍പറ്റണം. സാധാരണക്കാരന്‍ ഫത്‌വ ചോദിച്ച് പണ്ഡിതനെ പിന്‍പറ്റണം (അല്‍മുസ്തസ്ഫാ 2:389).
