കടവത്തൂരിലെ ഇസ്‌ലാഹീ മുന്നേറ്റത്തില്‍ വലിയ പങ്കുവഹിച്ച, പൂര്‍ത്തിയാകാതെപോയ, 1949 മെയ് 19ലെ സംവാദത്തിന്റെ നേര്‍ചിത്രം ഹിള്ര്‍ നബിയെ കണ്ട നഫീസ എന്ന നോവലില്‍ വരച്ചുകാട്ടുന്നുണ്ട്.
''1949 മെയ് 19-ാം തിയ്യതി കടവത്തൂര്‍ അന്‍സാറുല്‍ ഇസ്‌ലാം സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കൂടുന്ന പൊതുയോഗത്തില്‍ ഖണ്ഡനപ്രസംഗം നടത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖരായ പണ്ഡിതന്മാര്‍ പലരും പോകുന്നുണ്ടെന്നൊരു വര്‍ത്തമാനം നാടൊട്ടാകെ പരന്നിരുന്നു. പരസ്പരവിരുദ്ധ അഭിപ്രായങ്ങളെ ഒരു സ്റ്റേജില്‍ വെച്ച് കണ്ടാല്‍ കൊള്ളാമെന്നൊരു മോഹം നമ്മുടെ അത്തര്‍ കച്ചവടക്കാരന്‍ മൗലവിക്കുമുണ്ടായി. ഇടയ്ക്കിടെ കിട്ടിയ കച്ചവടവും, കോരിച്ചൊരിഞ്ഞുകൊണ്ടിരുന്ന മഴയും കാരണം സന്ധ്യയോടുകൂടി മാത്രമേ അദ്ദേഹത്തിനു യോഗസ്ഥലത്ത് എത്തിച്ചേരാന്‍ സാധിച്ചുള്ളൂ.
ഇടയ്ക്കു വെച്ചുതന്നെ 'വഹാബികള്‍ തോറ്റുപോയി, ഒരക്ഷരം മിണ്ടാന്‍ കഴിഞ്ഞില്ല' എന്നിങ്ങനെ ആര്‍ത്തുവിളിച്ച് ആളുകള്‍ പിരിഞ്ഞുപോകുന്നത് അദ്ദേഹം കണ്ടു. യോഗം പിരിഞ്ഞുപോയ സ്ഥിതിക്ക് ഇനി വേഗം മയ്യഴി എത്തിച്ചേരുകയാണ് നല്ലതെന്നു കരുതി അദ്ദേഹം നടന്നു.''
പ്രമുഖ ഇസ്‌ലാഹി പണ്ഡിതനും എഴുത്തുകാരനുമായിരുന്ന കെ കെ എം ജമാലുദ്ദീന്‍ മൗലവിയുടെ 'ഹിള്ര്‍ നബിയെ കണ്ട നഫീസ' എന്ന നോവലിലെ 'കടവത്തൂര്‍ യോഗം' എന്ന അധ്യായത്തില്‍ നിന്നാണ് മേലുദ്ധരിച്ച വരികള്‍. കടവത്തൂരിലെ ഇസ്‌ലാഹീ മുന്നേറ്റത്തില്‍ വലിയ പങ്കുവഹിച്ച, പൂര്‍ത്തിയാകാതെപോയ ഈ സംവാദത്തിന്റെ നേര്‍ചിത്രം 'അത്തര്‍കാരന്‍ മൗലവി' വഴിക്കു വെച്ച് ഒരു മുറിച്ചൂട്ടുമായി കണ്ട വെട്ടുതാടിക്കാരനുമായുള്ള സംസാരത്തിലൂടെ ജമാലുദ്ദീന്‍ മൗലവി ഈ നോവലിലൂടെ വരച്ചുകാട്ടുന്നുണ്ട്.
കടവത്തൂര്‍-ഇരഞ്ഞീന്‍കീഴില്‍ പ്രദേശങ്ങളില്‍ ഇസ്‌ലാഹീ ചലനങ്ങള്‍ വ്യാപകമായതില്‍ അസ്വസ്ഥരായ യാഥാസ്ഥിതിക വിഭാഗം അക്കാലത്തെ 'വിലയേറിയ' പണ്ഡിതരെ പങ്കെടുപ്പിച്ചു വലിയൊരു സമ്മേളനം നടത്തുകയും, കുഫ്ര്‍ ഫത്‌വകളും ബഹിഷ്‌കരണ ആഹ്വാനങ്ങളും പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ഒരു വിശദീകരണ യോഗം ഇരഞ്ഞീന്‍കീഴില്‍ പ്രദേശത്തു സംഘടിപ്പിക്കുന്നത്.
മുജാഹിദ് നേതാവായിരുന്ന സി എച്ച് അബ്ദുറഹ്മാന്‍ മൗലവി യോഗത്തിന്റെ പശ്ചാത്തലം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ''സംവാദത്തിനായി ഞങ്ങള്‍ രജിസ്‌ട്രേഡ് കത്തില്‍ പതിയെ (പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍) അറിയിച്ചു. അങ്ങനെ മുസ്‌ലിയാര്‍ ഖണ്ഡനത്തിനായി കടവത്തൂരില്‍ എത്തി. മുജാഹിദ് പക്ഷം, യുവജനങ്ങള്‍ അറിയട്ടെ എന്നു കരുതി 'ഖണ്ഡനത്തിന് വേദി തുറന്നിരിക്കുന്നു' എന്ന് നോട്ടീസ് ഇറക്കിയിരുന്നു.
ഇ കെ മൗലവി നാട്ടില്‍ വന്നപ്പോള്‍ 'ഇതെന്തിനാ നോട്ടീസ് ഇറക്കിയത്? അവര്‍ വരില്ല, വരികയാണെങ്കില്‍ തന്നെ എല്ലാ സജ്ജീകരണങ്ങളോടും കൂടി വന്നു കൊളമാക്കും' എന്നു പറഞ്ഞു. പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഞങ്ങള്‍ പാനൂര്‍, തലശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ചു'' (എലാങ്കോട് ഓര്‍ഫനേജ് സുവനീര്‍ 2010). ഇ കെ മൗലവി ആശങ്കപ്പെട്ടതുപോലെയാണ് കാര്യങ്ങള്‍ സംഭവിച്ചത്. പതി അടക്കമുള്ള യാഥാസ്ഥിതിക പണ്ഡിതര്‍ സര്‍വായുധസജ്ജരായ അനുയായിവൃന്ദങ്ങള്‍ക്കൊപ്പം സംഘടിച്ചെത്തി സ്റ്റേജും സമ്മേളനസ്ഥലവും കൈയടക്കി.
ജമാഅത്തെ ഇസ്‌ലാമി നേതാവ് ടി കെ അബ്ദുല്ല മൗലവി അദ്ദേഹത്തിന്റെ 'നടന്നുതീരാത്ത വഴികളില്‍' എന്ന കൃതിയില്‍ സരസമായി ഈ സംഭവം വിവരിക്കുന്നുണ്ട്: ''അതിനിടയിലാണ് കടവത്തൂര്‍ ഇരഞ്ഞികീഴില്‍ പ്രദേശത്ത് മുജാഹിദ് സ്ഥാപനത്തിന്റെ ഒരു വലിയ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രമുഖ മുജാഹിദ് പണ്ഡിതന്മാരെല്ലാം അതില്‍ പങ്കെടുക്കുന്നു. അതിന്റെ നോട്ടീസില്‍ 'സുന്നി പണ്ഡിതന്മാര്‍ക്കും വാദപ്രതിവാദത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്' എന്നൊരു വാചകം മുജാഹിദുകള്‍ അച്ചടിക്കുകയുണ്ടായി. ഇതില്‍ പിടിച്ചാണ് സുന്നികള്‍ രംഗത്തുവന്നത്...
പരിപാടി ആരംഭിക്കേണ്ട സമയമായി. എന്റെ അമ്മാവന്റെ മകന്‍ കൂടിയായ പ്രമുഖ മുജാഹിദ് യുവപണ്ഡിതന്‍ കെ എന്‍ ഇബ്‌റാഹീം മൗലവി സ്വാഗതപ്രസംഗം ആരംഭിച്ചു. ഹംദ് സ്വലാത്തിനു ശേഷം അദ്ദേഹം പറഞ്ഞു തുടങ്ങി: 'നമ്മുടെ പ്രതിപക്ഷത്തുള്ള ബഹുമാന്യനായ പതി അബ്ദുല്‍ ഖാദര്‍ മുസ്ലിയാരും സഹപ്രവര്‍ത്തകരും...' വാചകം തീര്‍ന്നില്ല, ഉടന്‍ വന്നു സുന്നി പക്ഷത്തുനിന്ന് ഒരു ഗര്‍ജനം.
പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരായിരുന്നു അത്. അദ്ദേഹം എഴുന്നേറ്റു നിന്ന് സ്വന്തം മൈക്ക് ഉപയോഗിച്ച് സദസ്സിനെ കിടിലം കൊള്ളിക്കുന്ന തരത്തില്‍ 'നിര്‍ത്തണം, നിര്‍ത്തണം' എന്ന് ഒരൊറ്റ ആക്രോശം! എന്താണ് സംഭവിച്ചതെന്ന് അറിയാതെ സ്തംഭിച്ചുപോയത് സദസ്സ് മാത്രമല്ല, സ്റ്റേജ് കൂടിയാണ്. എന്താണ് സംഭവിച്ചത്, എന്തിനാണ് നിര്‍ത്തുന്നത് എന്നു മനസ്സിലാകാതെ സ്വാഗതപ്രസംഗകനും തരിച്ചുനിന്നു.
പിന്നീട് നടന്നത് ജനക്കൂട്ടത്തിന്റെ ഭ്രാന്തമായ ആക്രമണമായിരുന്നു. സ്റ്റേജ് അടിച്ചു തകര്‍ത്തു. സി എച്ച് അബൂബക്കര്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ക്ക് മര്‍ദനമേറ്റു.
ഉടനെ പതി പ്രസംഗം ആരംഭിച്ചു: 'സദസ്സിലുള്ളവര്‍ ശ്രദ്ധിക്കണം. ഞങ്ങള്‍ സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണെന്നാണ് ഇതുവരെ വഹാബികള്‍ വാദിച്ചിരുന്നത്. ശിര്‍ക്ക് ചെയ്യുന്നവരെന്ന് ആരോപിക്കപ്പെട്ട സംഘത്തിന്റെ നേതാവായ എന്നെ 'ബഹുമാനപ്പെട്ട' എന്ന് സ്വാഗതപ്രസംഗകന്‍ വിശേഷിപ്പിച്ചിരിക്കുന്നു. ശിര്‍ക്ക് ചെയ്യുന്നവരെ 'നജസ്', 'റിജ്‌സ്' എന്നൊക്കെയാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഞാന്‍ മ്ലേച്ഛനാണെങ്കില്‍ എങ്ങനെ ബഹുമാനപ്പെട്ടവനാകും? അതിനര്‍ഥം പ്രതിപക്ഷം പ്രധാന വാദത്തില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുന്നു എന്നാണ്. അല്ലാഹു അക്ബര്‍!' സദസ്സിലെ ഭൂരിപക്ഷം അല്ലാഹു അക്ബര്‍ ഏറ്റുവിളിച്ചു'' (നടന്നുതീരാത്ത വഴികളില്‍, പേജ് 230-232).
പിന്നീട് നടന്നത് ജനക്കൂട്ടത്തിന്റെ ഭ്രാന്തമായ ആക്രമണമായിരുന്നു. സ്റ്റേജ് അടിച്ചു തകര്‍ത്തു. സി എച്ച് അബൂബക്കര്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ക്ക് മര്‍ദനമേറ്റു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വലിയ കാറ്റും മഴയും വന്നതിനാല്‍ അക്രമികള്‍ പിരിഞ്ഞു പോയി. പരിപാടി പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയതില്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ നിരാശരായിരുന്നെങ്കിലും, ഇസ്‌ലാഹിന്റെ കാറ്റ് അടിച്ചുവീശി കടവത്തൂരും പരിസരവും ഇന്ന് കാണുന്ന വിധം വിശ്വാസ-വിജ്ഞാനവെളിച്ചത്തിന്റെ കേന്ദ്രമായി മാറാന്‍ ഈ സംഭവം നിമിത്തമായി..
