നിര്‍മിത റിപ്പോര്‍ട്ടുകള്‍, പ്രവാചകനിലേക്ക് കെട്ടിപ്പറയുന്ന വ്യാജ വാര്‍ത്തകള്‍ മാത്രമായതിനാല്‍ ഹദീസ് എന്നതിന്റെ വിശാലാര്‍ഥത്തിനു തന്നെ വെളിയിലാണ്.
തിരുനബിയുടെ(സ) പേരില്‍ ചിലര്‍ മനഃപൂര്‍വം നിര്‍മിച്ച നിവേദനങ്ങള്‍ക്കാണ് മൗദൂഅ് അഥവാ നിര്‍മിത ഹദീസുകള്‍ എന്ന് പറയുന്നത്. ഇത്തരം വ്യാജനിര്‍മിതികള്‍ ഹദീസിന്റെ സനദിലോ (പരമ്പര), മത്‌നിലോ (ടെക്സ്റ്റ്), രണ്ടിലും കൂടിയോ ഉണ്ടാകാം.
ദുര്‍ബലമായ ഹദീസുകളുടെ കാര്യത്തില്‍, അവയെപ്പറ്റി ഒരു പക്ഷെ, പ്രവാചക തിരുമേനി അപ്രകാരം പറഞ്ഞിട്ടുണ്ടാകാം, അല്ലെങ്കില്‍ ചെയ്തിട്ടുണ്ടാകാം എന്ന് വിശ്വസിക്കുവാന്‍ ഒരു ചെറിയ സാധ്യതയെങ്കിലും ഉണ്ടെങ്കില്‍, നിര്‍മിത ഹദീസുകളുടെ കാര്യത്തില്‍ അപ്രകാരം ഒരു ചിന്ത തന്നെ അസ്ഥാനത്താണ്.
മൗദൂആയ റിപ്പോര്‍ട്ടുകള്‍, പ്രവാചകനിലേക്ക് കെട്ടിപ്പറയുന്ന വ്യാജ വാര്‍ത്തകള്‍ മാത്രമായതിനാല്‍ 'ഹദീസ്' എന്നതിന്റെ വിശാല അര്‍ഥത്തിനു തന്നെ വെളിയിലാണ് ഇതിന്റെ സ്ഥാനം. മൗദൂആയ ഹദീസുകള്‍ ആശയ ഗാംഭീര്യമുള്ളതോ, ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളോട് യോജിക്കുന്നവയോ ആയിരുന്നാല്‍ പോലും അവയെ അടിസ്ഥാനമാക്കി ഒരു കാരണവശാലും അമലുകള്‍ ചെയ്യുവാന്‍ പാടുള്ളതല്ല എന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട്.
പ്രവാചകന്റെ(സ) പേരില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുക എന്നത് വളരെ അപൂര്‍വമായി പ്രവാചകന്റെ കാലത്ത് തന്നെ സംഭവിച്ചിട്ടുണ്ട്.
അബ്ദുല്ലാഹ് ബിന്‍ അംറില്‍ നിന്നും (റ) ഇമാം ത്വബ്‌റാനി ഉദ്ധരിക്കുന്ന ഒരു സംഭവത്തില്‍, പ്രവാചകന്റേതുപോലെ വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍ മദീനയിലെ ഒരു വീട്ടില്‍ ചെന്നിട്ട്, ''മദീനയിലെ ഏത് വീട്ടില്‍ വേണമെങ്കിലും താമസിക്കാന്‍ പ്രവാചകന്‍ എനിക്ക് അനുവാദം നല്‍കിയിട്ടുണ്ട്'' എന്ന് പ്രവാചകന്റെ പേരില്‍ വ്യാജം പറയുകയും അയാള്‍ അവിടെ താമസമാക്കുകയും ചെയ്തതായും, പിന്നീട് നബി(സ) ഇതറിഞ്ഞപ്പോള്‍ അയാളെ പിടികൂടി വധിക്കുവാന്‍ കല്പന നല്‍കിയതായും നമുക്ക് കാണാം. ഇതിനിടെ പാമ്പുകടിയേറ്റ് മരണമടഞ്ഞ അയാളുടെ മൃതദേഹം പിന്നീട് ദഹിപ്പിക്കുകയായിരുന്നു (ഔസത്ത് 2/318).
പ്രവാചകന്റെ പേരില്‍ കളവു പറഞ്ഞാല്‍ നരകം ഉറപ്പാണെന്ന് മനസ്സിലാക്കിയവരായിരുന്നു സ്വഹാബിമാര്‍. അതുകൊണ്ടുതന്നെ തിരുവചനങ്ങളില്‍ എന്തെങ്കിലും കടന്നുകൂടുന്നത് അതീവ ഗൗരവത്തോടുകൂടിയാണ് അവര്‍ കണ്ടിരുന്നത്.
'ആരെങ്കിലും മനഃപൂര്‍വം എന്റെ മേല്‍ കള്ളം പറഞ്ഞാല്‍ (തീര്‍ച്ചയായും) അവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ' എന്ന പ്രവാചക വചനമാണ് ഹദീസുകള്‍ ധാരാളമായി നിങ്ങള്‍ക്ക് പറഞ്ഞു തരുന്നതില്‍ നിന്ന് എന്നെ തടയുന്നത് എന്നാണ് തല്‍സംബന്ധിയായി അനസ്(റ) പറഞ്ഞത്. (ബുഖാരി 108).
 ഉസ്മാന്റെ(റ) ഭരണത്തിന്റെ അവസാനകാലം ആയപ്പോഴേക്കും ഖവാരിജുകളെ പോലുള്ള പല ഛിദ്രശക്തികളും സമൂഹത്തില്‍ ഉദയം ചെയ്തു. ഹി. 36ല്‍ നടന്ന ഉസ്മാന്റെ(റ) വധവും തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപങ്ങളും സമൂഹത്തില്‍ പല കക്ഷിത്വങ്ങളും ഉണ്ടാക്കി. ജമല്‍, സ്വിഫീന്‍ യുദ്ധങ്ങളും, ശിഈ, മുര്‍ജി, ഖദരീയ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ഉദയവും വ്യാജ ഹദീസ് നിര്‍മാതാക്കള്‍ ശരിക്കും ഉപയോഗപ്പെടുത്തി. വ്യാജഹദീസുകളുടെ വ്യാപകമായ നിര്‍മാണം നടക്കുന്നത് ഈ കാലഘട്ടങ്ങളിലാണ്.
അക്കാലഘട്ടത്തില്‍ തന്നെ മൗദൂആയ ഹദീസുകളുടെ നിര്‍മാണത്തെ നേരിടാന്‍ ഹദീസ് പണ്ഡിതന്മാര്‍ മുന്നോട്ടുവന്നിരുന്നു. നിവേദകന്മാരെ പറ്റിയുള്ള നിരൂപണം സ്വഹാബിമാരുടെ കാലം മുതല്‍ക്കുതന്നെ ഉണ്ടായിരുന്നു എങ്കിലും; ഹദീസ് സ്വീകാര്യയോഗ്യമാകുവാന്‍ സ്വീകാര്യയോഗ്യമായ സനദ്(പരമ്പര) വേണമെന്ന നിബന്ധന വരുന്നത് അങ്ങനെയാണ്.
തത്ഫലമായി ഉസൂലുല്‍ ഹദീസ് എന്ന പേരില്‍ ഒരു ഹദീസ് നിദാനശാസ്ത്ര ശാഖ തന്നെ രൂപീകൃതമായി. ഹിജ്‌റഃ രണ്ടാം നൂറ്റാണ്ട് കഴിയുമ്പോഴേക്കും അത് പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കുകയും ചെയ്തു. താബിഈങ്ങളില്‍ പ്രസിദ്ധനായ മുഹമ്മദ് ബിന്‍ സീരീന്റെ വാക്കുകള്‍ ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു:
അവര്‍ (ഹദീസിന്റെ ആളുകള്‍) സനദ് ചോദിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഫിത്‌ന (ഉസ്മാന്‍(റ)വിന്റെ വധത്തെ തുടര്‍ന്നുള്ള ആഭ്യന്തരകലാപം) പൊട്ടിപുറപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: ''നിങ്ങളുടെ നിവേദകന്മാരുടെ പേരുകള്‍ ഞങ്ങളോട് പറയൂ.'' അങ്ങനെ അവര്‍ അഹ്ലുസുന്നയുടെ ആളുകളാണെങ്കില്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കപ്പെട്ടു, ഇനി അവര്‍ അഹ്ലുല്‍ ബിദ്അത്തിന്റെ ആളുകളാണെങ്കില്‍ അവര്‍ കൊണ്ടുവന്ന റിപ്പോര്‍ട്ടുകള്‍ തള്ളപ്പെട്ടു. (മുഖദ്ദിമബ സ്വഹീഹ് മുസ്ലിം).
വ്യാജഹദീസുകള്‍ നിര്‍മിച്ചിരുന്നവരില്‍ പലരും തങ്ങളുടെ നൈമിഷിക ലാഭങ്ങള്‍ക്ക് വേണ്ടിയായിരുന്നു നബിവചനങ്ങളില്‍ കൃത്രിമം കാണിച്ചിരുന്നത്. ചിലര്‍ അതുകൊണ്ട് ഉദ്ദേശിച്ചത്, തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ താറടിച്ചു കാണിക്കാനായിരുന്നെങ്കില്‍, മറ്റു ചിലര്‍ തങ്ങളുടെ പാതിരാ കഥകള്‍ക്ക് കൊഴുപ്പുകൂട്ടുവാനായിരുന്നു അത് ചെയ്തത്.
ചിലരാകട്ടെ അവരുടെ ചരക്ക് വിറ്റുപോകുന്നതിന് വ്യാജ ഹദീസ് ഉണ്ടാക്കിയപ്പോള്‍ കുറേയാളുകള്‍ ജനങ്ങളെ കൂടുതല്‍ ഭക്തന്മാരാക്കുന്നതിന് നിസ്സാര കാര്യങ്ങള്‍ക്ക് കഠിനശിക്ഷയും, വന്‍ പ്രതിഫലങ്ങളും വാഗ്ദാനം ചെയ്യുന്നവയാണ് നിര്‍മിച്ചത്.
അലി(റ) വിനെ പുകഴ്ത്തിക്കൊണ്ടും, അബൂബക്കര്‍, ഉമര്‍, ആഇശ, മുആവിയ (റ) മുതലായ പ്രമുഖരായ സ്വഹാബിമാരെ ഇകഴ്ത്തികൊണ്ടും ശിഈകള്‍ ഹദീസുകള്‍ നിര്‍മിച്ചുണ്ടാക്കി. അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള തെളിവുകള്‍ നിര്‍മിക്കലായിരുന്നു ഇതിന്റെ പിന്നിലെ ഗൂഢ ഉദ്ദേശം. ശിയാക്കളില്‍ പെട്ടവര്‍ നിര്‍മിച്ചുണ്ടാക്കിയ ഒരു ഹദീസ് ഹാക്കിമില്‍ കാണാം(3/126).
 അത് ഇപ്രകാരമാണ്: നബി(സ) പറഞ്ഞു: 'ഞാന്‍ അറിവിന്റെ പട്ടണമാണ്. അലി അതിന്റെ കവാടവും. അതിനാല്‍ ആരെങ്കിലും (അതിലൊരു) ഭവനം ആഗ്രഹിക്കുന്നുവെങ്കില്‍ ആ വാതിലിലൂടെ പ്രവേശിച്ചുകൊള്ളട്ടെ.' ഇതില്‍ വന്നിട്ടുള്ള അഹമ്മദ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ യസീദ് അല്‍ ഹുശൈമീ ഒരു നുണയനാണെന്നും ഇബ്‌നു അദിയ്യ്: അയാളെ പറ്റി വ്യാജ ഹദീസ് നിര്‍മിക്കുന്നവനാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇമാം ദഹബി പറയുന്നു(മീസാന്‍ ന: 429).
ഇമാം ഹാക്കിമിന്റെ മുസ്തദ്റകില്‍ ഇത്തരത്തില്‍ ധാരാളം വ്യാജ നിവേദനങ്ങള്‍ കടന്നുകൂടിയതായി ഹദീസ് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നുണ്ട്. ശിയാക്കളിലെ റാഫിളികളില്‍ പെട്ട, അബൂ ജഅഫര്‍ മുഹമ്മദ് കുലൈനിയുടെ എട്ട് വാല്യങ്ങളുള്ള അല്‍ കാഫി എന്ന ഹദീസ് ഗ്രന്ഥം നൂറുകണക്കിന് വ്യാജനിവേദനങ്ങളുടെ ഒരു എന്‍സൈക്‌ളോപീഡിയയാണ്. ശിയാക്കള്‍ പിന്തുടരുന്ന ഏറ്റവും പ്രസിദ്ധമായ ഹദീസ് ഗ്രന്ഥങ്ങളില്‍ ഒന്നാണിത്.
അതില്‍ നിന്നുള്ള പല ഹദീസുകളും കേരളക്കരയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ആകാശഭൂമികളിലുള്ള എല്ലാറ്റിനെയും കുറിച്ചുള്ള സമഗ്രമായ അറിവ് അഹ്ലുല്‍ ബൈത്തിന്റെ ഇമാമുമാര്‍ക്ക് നല്‍കിയതായി പറയപ്പെടുന്ന എണ്ണമറ്റ നിവേദനങ്ങള്‍ ഈ ഗ്രന്ഥത്തിലെ നിര്‍മിത റിപ്പോര്‍ട്ടുകള്‍ക്കുള്ള ഒരു ഉദാഹരണം മാത്രമാണ്.
ആകാശഭൂമികളും സ്വര്‍ഗ നരകങ്ങളും കുര്‍സിയും ഖലമുമെല്ലാം അല്ലാഹു സൃഷ്ടിക്കുന്നതിന് 4,24,000 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ മുഹമ്മദ് നബിയുടെ(സ) പ്രകാശത്തെ സൃഷ്ടിച്ചിരുന്നു എന്ന് പറയുന്ന സുദീര്‍ഘമായ ഒരു വ്യാജ നിവേദനം ഇബ്‌നു ബബ്‌യ, മുഹമ്മദ് ബാഖിര്‍ മജ്ലിസി എന്നീ ശീഈ പണ്ഡിതന്മാരുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ഇത് പിന്നീട് സൂഫികള്‍ വഴി സുന്നി സമൂഹത്തിലും പ്രചാരം നേടി.
ശിയാക്കളുടെ വ്യാജ ഹദീസുകളെ നേരിടാനായി മറുപക്ഷത്തെ ചിലരും വ്യാജ ഹദീസുകള്‍ നിര്‍മിച്ചുണ്ടാക്കിയിരുന്നു.
ശിയാക്കളുടെ വ്യാജ ഹദീസുകളെ നേരിടാനായി മറുപക്ഷത്തെ ചിലരും വ്യാജ ഹദീസുകള്‍ നിര്‍മിച്ചുണ്ടാക്കിയിരുന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, മുആവിയ, മുതലായ സ്വഹാബിമാരെ പുകഴ്ത്തുന്ന നിവേദനങ്ങളാണ് അവരില്‍ നിന്നും നിര്‍മിക്കപ്പെട്ടത്. ഉദാഹരണമായി, ഇബ്‌നു അബ്ബാസ്(റ) വില്‍ നിന്നും ഹാക്കിമിന്റെ മുസ്തദ്റകില്‍ വന്ന ഒരു നിവേദനം ഇപ്രകാരമാണ്:
ഞാന്‍ പ്രവാചകനോടൊപ്പം (സ) ഇരിക്കുകയായിരുന്നു. അപ്പോള്‍ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ) വന്ന് തിരുമേനിയെ സമീപിച്ചപ്പോള്‍ തിരുമേനി പറഞ്ഞു: 'അല്ലയോ ഉസ്മാന്‍, സൂറത്തുല്‍ ബഖറഃ ഓതിക്കൊണ്ടിരിക്കുന്നതിനിടയില്‍ നീ കൊല്ലപ്പെടും. നിന്റെ രക്തത്തുള്ളി ''അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി'' (2:137)്യൂഎന്ന വാക്യത്തില്‍ വന്നു വീഴും. കിഴക്കുള്ളവരും പടിഞ്ഞാറുള്ളവരും നിന്നോട് അസൂയപ്പെടുമാറ് റബിഅഃ, മുളര്‍ എന്നീ ഗോത്രക്കാരോളം ആളുകള്‍ക്ക് വേണ്ടി നീ ശുപാര്‍ശ ചെയ്യും.
എല്ലാ അക്രമികള്‍ക്കും ഒരു നേതാവിനെ ഉയര്‍ത്തെഴുന്നേല്‍പ്പുനാളില്‍ അവന്‍ നിയമിക്കും.' (മുസ്തദ്‌റക് -ഹാക്കിം ന:4613, അല്‍ബിദായ വന്നിഹായ ഇബിനു കസീര്‍ 7/194). മായം കലരാത്ത വ്യാജം എന്നാണ് ഈ റിപ്പോര്‍ട്ടിനെ പറ്റി ഇമാം ദഹബി പറയുന്നത്. ഇമാം ഹൈത്തമി ഹംസിയയിലും ഇത് വ്യാജനിര്‍മിതമാണെന്ന് പ്രസ്താവിക്കുന്നുണ്ട്.
(അവസാനിക്കുന്നില്ല)
