തെളിവ് ഇല്ലാതെ ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാമെന്ന അവസ്ഥ വന്നാല്‍ അന്യന്റെ സ്വത്തും അഭിമാനവും ജീവനും കവര്‍ന്നെടുക്കാനുള്ള ഉപാധിയായി ദുരുപയോഗം ചെയ്യപ്പെടും.
عن ابن عباس رضي الله عنه قال: أن رسول الله صلى الله عليه وسلم قال: لو يُعطى النَّاسُ بدَعواهم لادَّعى قَومٌ دِماءَ قَومٍ وأمْوالَهم، لَكنَّ البيِّنةَ على المدَّعي، واليمينَ على مَن أنْكرَ. (رواه البيهقي)
- '' ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'നബി(സ) പറഞ്ഞു: ജനങ്ങള്‍ക്ക് അവരുടെ അവകാശവാദം വകവെച്ചുകൊടുക്കുകയാണെങ്കില്‍ ചിലയാളുകള്‍ മറ്റുള്ളവരുടെ രക്തത്തിലും ധനത്തിലും അവകാശവാദം ഉന്നയിക്കുമായിരുന്നു. എന്നാല്‍ തെളിവ് നിരത്തേണ്ടത് വാദിയും സത്യം ചെയ്യേണ്ടത് നിഷേധിക്കുന്നവനുമാകുന്നു.'' (ബൈഹഖി).
 
മനുഷ്യ സമൂഹത്തില്‍ നീതിയും ന്യായവും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് സൂചന നല്‍കുന്ന തിരുവചനമാണിത്. മനുഷ്യകുലത്തിന്റെ സ്വസ്ഥജീവിതത്തിന് സത്യവും നീതിയും നിലനില്‍ക്കേണ്ടത് അനിവാര്യമാകുന്നു.
അവകാശവാദം ഉന്നയിക്കുകയെന്നത് വളരെ എളുപ്പത്തില്‍ നടക്കുന്ന കാര്യമാണ്. അതിന് തെളിവുണ്ടാവുകയെന്നതാണ് പ്രധാനം. അവകാശവാദം ഉന്നയിച്ചതുകൊണ്ട് മാത്രം, തെളിവുകള്‍ ആവശ്യപ്പെടുകയോ അവ പരിശോധിച്ച് ഉറപ്പുവരുത്തുകയോ ചെയ്യാതെ വാദം അംഗീകരിക്കാന്‍ ഏതെങ്കിലും നീതിന്യായവ്യവസ്ഥ തയ്യാറാവുകയാണെങ്കില്‍ അത് സമൂഹസുരക്ഷയെ പ്രതികൂലമായി ബാധിക്കും.
തെളിവ് ഉദ്ധരിക്കാതെ ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാമെന്ന അവസ്ഥ വന്നാല്‍ അന്യന്റെ സ്വത്തും അഭിമാനവും ജീവനും കവര്‍ന്നെടുക്കാനുള്ള ഉപാധിയായി അത് ദുരുപയോഗം ചെയ്യപ്പെടും. ഈ ചൂഷണത്തെ നിരാകരിക്കുകയാണീ തിരുവചനം. അവകാശം നിഷേധിക്കുന്നവന്‍ സത്യം ചെയ്ത് തന്റെ വാദം ഉറപ്പിക്കണമെന്നും ഈ തിരുവചനം ബോധ്യപ്പെടുത്തുന്നു.
അന്യായവാദങ്ങള്‍ തടയുകയും അപരന്റെ അഭിമാനമോ സമ്പത്തോ ജീവനോ അപഹരിക്കാതിരിക്കുകയും അതുവഴി സമൂഹസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് നബി തിരുമേനി വ്യവസ്ഥ ചെയ്യുന്നു. സമൂഹത്തില്‍ നീതിയും ന്യായവും പുലരേണ്ടത് സമൂഹജീവിതത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമത്രേ.
സമൂഹനീതി നിലനിര്‍ത്താന്‍ തെളിവും സത്യവും ആവശ്യമാണെന്ന് ഈ തിരുവചനം പഠിപ്പിക്കുന്നു. നീതിയുടെ കാവലാളാവുകയെന്നത് സത്യവിശ്വാസികളുടെ സദ്ഗുണമത്രേ.
അധികാരമോ സമ്പത്തോ സ്വാധീനങ്ങളോ നീതിന്യായവ്യവസ്ഥയില്‍ ഇടപെടുന്നുവെങ്കില്‍ അത് സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കും. സമൂഹനീതി നിലനിര്‍ത്താന്‍ തെളിവും സത്യവും ആവശ്യമാണെന്ന് ഈ തിരുവചനം പഠിപ്പിക്കുന്നു. നീതിയുടെ കാവലാളാവുകയെന്നത് സത്യവിശ്വാസികളുടെ സദ്ഗുണമത്രേ.
''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്കുതന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ ദരിദ്രനോ ആകട്ടെ. ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധമുള്ളവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതിപാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നപക്ഷം നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു'' (4:135) എന്ന ഖുര്‍ആന്‍ വചനം പ്രസക്തമത്രെ.
