- ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
 
ഇന്നത്തെ ചില പണ്ഡിതര്‍ പ്രബോധനരംഗത്തു സത്യം തുറന്നുപറയാനാവാതെ വിഷമിക്കുന്നുണ്ടോ? ഈ മണ്ഡലത്തിലെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നതെന്താണ്?
ഇസ്ലാമിന്റെ പ്രബോധകരും സന്ദേശവാഹകരുമാവേണ്ടവരാണല്ലോ ഉലമാക്കള്‍. ലോകാവസാനം വരെ ഈ ഭാരിച്ച ഉത്തരവാദിത്തം നിരന്തരമായി നിര്‍വഹിക്കേണ്ട പണ്ഡിതന്‍മാര്‍ പ്രത്യേകം പരിശീലനം സിദ്ധിച്ചവരാകുന്നതിലുപരി ചില മഹദ്ഗുണങ്ങള്‍ ഉള്‍ക്കൊണ്ടവരുമാകണം. അവയില്‍ പരമപ്രധാനമായത് ആദര്‍ശ സ്വാതന്ത്ര്യമാണ്.
സത്യം ആരുടെ മുമ്പിലും തുറന്നു പറയാനുള്ള ചങ്കൂറ്റം അടിമത്ത മനോഭാവത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. പണ്ടുകാലത്ത് മനുഷ്യരെ മാനസികവും ശാരീരികവുമായി അടിമകളാക്കിവെച്ചിരുന്ന സ്വേഛാധിപതികളുണ്ടായിരുന്നു. ഇസ്ലാമിനു മുമ്പുള്ള ജൂത- ക്രൈസ്തവ മതങ്ങളൊക്കെ ഇത്തരം ഏകാധിപതികളുടെ ഭരണശക്തിയും ആയുധബലവും ഉപയോഗിച്ചുകൊണ്ടുള്ള ശക്തിപ്രകടനങ്ങളിലൂടെയാണ് പ്രചരിച്ചുകാണുന്നത്.
എന്നാല്‍, ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടുകൂടിയാണ് ആദര്‍ശ പ്രചാരണ രംഗത്ത് ബലപ്രയോഗം നടത്തിക്കൊണ്ട് മനുഷ്യമനസ്സിനെ അടിമത്തത്തില്‍ ബന്ധിക്കുക എന്ന പ്രാകൃത സ്വഭാവത്തിന്ന് തിരശ്ശീല വീണത്.
പ്രചാരണരംഗം എല്ലാവിധ കൂച്ചുവിലങ്ങുകളില്‍ നിന്നും സംശുദ്ധമാകണമെന്നും സത്യം എവിടെവെച്ചും ആരുടെ മുമ്പിലും തുറന്നുപറയാനുള്ള സ്വതന്ത്രമായ അന്തരീക്ഷം മാത്രമാണ് തനിക്ക് ആവശ്യമെന്നുമുള്ള റസൂല്‍ തിരുമേനിയുടെ ഉജ്ജ്വലമായ പ്രഖ്യാപനമാണ് തലമുറകളായി മനുഷ്യകുലം അനുഭവിച്ചു കൊണ്ടിരുന്ന ആദര്‍ശ അടിമത്തത്തിന്റെ അന്ത്യത്തിനു നാന്ദി കുറിച്ചത്.
വിശുദ്ധഖുര്‍ആന്‍ പറയുന്നു: 'ഈ മതം സ്വീകരിക്കുന്നതില്‍ യാതൊരുവിധ നിര്‍ബന്ധവുമില്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നും വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു'.
സൂറത്തുന്നംലില്‍ പറയുന്നു: 'പവിത്രത നല്‍കിയ ഈ രാജ്യത്തിന്റെ നാഥനെ ആരാധിക്കാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടത്. അവനാണ് എല്ലാ വസ്തുക്കളും. മുസ്ലിംകളില്‍ പെട്ടവനാകാനും ഈ ഖുര്‍ആന്‍ ഓതി കൊടുക്കാനും ഞാന്‍ കല്‍പിതനാണ്. എന്നാല്‍ ആരെങ്കിലും സന്‍മാര്‍ഗപ്രാപിയായാല്‍ അത് അവന് ഗുണകരമാണ്. ആരെങ്കിലും വഴിപിഴച്ചാല്‍ ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നവരില്‍ പെട്ടവന്‍ മാത്രമാണെന്ന് നിങ്ങള്‍ പറയണം.'
പ്രബോധന രംഗത്ത് നിര്‍ബന്ധ ആശയപരിവര്‍ത്തനം നിഷിദ്ധമാണെന്നും സ്വതന്ത്രമായ ആശയ പ്രചാരണത്തിനുള്ള കാലാവസ്ഥയാണ് ആവശ്യമെന്നുമുള്ള ഇസ്ലാമിന്റെ പ്രഖ്യാപനം ചിന്തകന്‍മാരെ ആകര്‍ഷിച്ചു. ഇസ്ലാം ഗ്രഹിക്കാനും ഇസ്ലാമിക സന്ദേശങ്ങള്‍ മനസ്സിലാക്കാനും അതവര്‍ക്കു വഴി തെളിയിച്ചു.
ഇന്നും ഏകാധിപത്യത്തിലൂടെ സത്യപ്രചാരണം തടയുകയും സത്യത്തിലേക്കു നിര്‍ബന്ധ പരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന ചില വന്‍രാഷ്ട്രങ്ങള്‍ ഉണ്ടെങ്കിലും പൊതുവില്‍ പരിഷ്‌കൃതലോകം സ്വതന്ത്രമായ ആദര്‍ശ പ്രചാരണങ്ങള്‍ക്ക് സൗകര്യം നല്‍കുന്ന ജനാധിപത്യ സംവിധാനങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്.
ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍ പോലുള്ള രാഷ്ട്രങ്ങള്‍ ഈ സ്വാതന്ത്ര്യം അവരുടെ ഭരണഘടനയില്‍ ഒരു പ്രധാന ഘടകമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആദര്‍ശാടിമത്തം ശാരീരികാടിമത്തത്തേക്കാള്‍ നാശകരവും ആപല്‍ക്കരവുമാണെന്നുള്ള ഇസ്ലാമിന്റെ തത്ത്വത്തിലേക്ക് ലോകം അടുത്തു കൊണ്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ നമ്മുടെ പണ്ഡിതന്മാര്‍ക്ക് പ്രബോധനരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ജയപരാജയങ്ങള്‍ വിലയിരുത്തുമ്പോള്‍ വേദനാജനകമായ പല ദുഃഖസത്യങ്ങളും പുറത്തുവരും.
ഇന്നത്തെ ചില പണ്ഡിതന്മാര്‍ പ്രബോധനരംഗത്തു സത്യം തുറന്നുപറയാനാവാതെ വിഷമിക്കുന്നുണ്ടോ? ഈ മണ്ഡലത്തിലെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് അവര്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നതെന്താണ്? തീര്‍ച്ചയായും കേരളത്തിലെ ബഹുഭൂരിപക്ഷം പണ്ഡിതന്മാര്‍ക്കും സത്യം മറന്നുപറയാനുള്ള ധൈര്യം കാണുന്നില്ല.
അവര്‍ സത്യാസത്യം വിവേചിച്ച് അറിയാത്തവരല്ല. സത്യത്തെ സത്യമായും അസത്യത്തെ അസത്യമായും കാണാനുള്ള ബുദ്ധിയും അറിവും അവര്‍ക്കുണ്ട്. എന്നിട്ടും അസത്യത്തിന്റെ വക്താക്കളും പ്രചാരകരുമായി പ്രവര്‍ത്തിക്കുന്നതിന് അവര്‍ക്ക് പ്രചോദനം നല്‍കുന്നത് എന്താണ്? ഇതിനുള്ള കാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ ജീവിതപ്രശ്‌നമാണ് പലരെയും ഈ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്ന് കാണാം.
ദുനിയാവിലെ സുഖകരമായ ജീവിതത്തിനു ഭംഗം വരാത്ത വിധത്തിലുള്ള ത്യാഗങ്ങള്‍ക്കാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. അവരില്‍ പലരുടെയും ജീവിതം ചില നാട്ടുപ്രമാണിമാരുടെയും കാരണവന്‍മാരുടെയും പ്രീതിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ നാട്ടുപ്രമാണിമാരും കാരണവന്‍മാരും വിശ്വസിക്കുന്ന വിശ്വാസങ്ങളും അനുവര്‍ത്തിക്കുന്ന ആചാരങ്ങളും അവ എത്ര തന്നെ അബദ്ധജഡിലമായാലും സമ്മതിച്ചുകൊടുക്കാനും പ്രചരിപ്പിക്കാനും മാത്രമേ ഈ പണ്ഡിതന്മാര്‍ക്ക് സ്വാതന്ത്ര്യമുള്ളൂ.
 അവരുള്‍ക്കൊള്ളുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പിന്‍താങ്ങാതിരുന്നാല്‍ തന്നെ ആ പണ്ഡിതന് ഗതി മുട്ടും. ജീവിതം ഒരു പ്രശ്‌നമായി മാറും.
മറ്റു ചില പണ്ഡിതന്മാര്‍ അവരുള്‍ക്കൊള്ളുന്ന പ്രസ്ഥാനങ്ങളുടെ അടിമകളാണ്. ഇസ്ലാമിനെ സംബന്ധിച്ച് ആ പ്രസ്ഥാനങ്ങളുടെ സാഹിത്യങ്ങള്‍ പ്രചരിപ്പിക്കുന്ന അസത്യങ്ങളും അപവാദങ്ങളും കൂട്ടിലെ തത്തയെപോലെ ഉരുവിടുവാന്‍ മാത്രമെ അവര്‍ക്കു സാധിക്കുന്നുള്ളൂ. അമീര്‍ പറയുന്നതെന്തും അവര്‍ വേദവാക്യമായി കരുതുന്നു.
ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അവയെ പരിശോധിച്ച് സത്യാസത്യങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ല. കാരണം ഇവര്‍ ആ പ്രസ്ഥാനത്തിന്റെ തടവു പുള്ളികളും അടിമകളുമായി മാറിപ്പോയിട്ടുണ്ട്. ഇവരെയും മറിച്ചു ചിന്തിക്കാനനുവദിക്കാത്തത് അന്ധമായ അനുകരണത്തിന്നു പുറമെ സാമ്പത്തികപ്രശ്‌നങ്ങള്‍ കൂടിയാണെന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ വ്യക്തമാകും.
ഹഖും ബാത്വിലും വേര്‍തിരിച്ചറിഞ്ഞ് ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കേണ്ട പണ്ഡിതന്‍മാര്‍ക്ക് സാമ്പത്തികം വിലങ്ങുതടിയായി നില്‍ക്കുന്നുവെന്നത് സത്യവിശ്വാസികളെ തല താഴ്ത്തിക്കുന്ന ഒരു വസ്തുതയാണ്. സ്വന്തം നാടും വീടും സുഖസൗകര്യങ്ങളും ത്യജിച്ച് സ്വതന്ത്രമായ സത്യപ്രബോധനത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ മദീനയിലേക്കു പലായനം ചെയ്ത പ്രവാചക വര്യന്റെ അനന്തരാവകാശികളാണ് ഇവരെന്ന് പറയാന്‍ ഇവര്‍ക്കല്ലാതെ മറ്റാര്‍ക്ക് ധൈര്യം വരും!
തൗഹീദിന്റെ സത്യപ്രബോധനം നിര്‍ത്തിവെച്ചാല്‍ അറേബ്യയിലെ ചക്രവര്‍ത്തിയാക്കാമെന്നും, കോടീശ്വരനാക്കാമെന്നുമുള്ള ഖുറൈശികളുടെ വാഗ്ദാനങ്ങള്‍ പുച്ഛിച്ചുതള്ളി തന്റെ വലത് കൈയില്‍ സൂര്യനെയും ഇടത് കൈയില്‍ ചന്ദ്രനെയും വെച്ചുതന്നാല്‍ പോലും സത്യപ്രബോധനത്തില്‍ നിന്ന് തന്നെ പിന്‍തള്ളാന്‍ സാധ്യമല്ലെന്ന പ്രവാചകന്റെ സിംഹഗര്‍ജനം ശ്രവിക്കാന്‍ ഈ ബധിരര്‍ക്ക് എങ്ങനെ സാധിക്കും.
ചില്ലിക്കാശിന് വേണ്ടി സത്യത്തെ ക്രൂശിക്കുന്ന കാപാലികന്‍മാര്‍ക്ക് മതപണ്ഡിതരെന്ന ബഹുമതിപ്പട്ടം നല്കുന്നത് വൈരുധ്യമല്ലെങ്കില്‍ മറ്റെന്താണ്? സര്‍വ ബഹുമതിക്കുള്ള മാനദണ്ഡം സമ്പത്തായി മാറിയിരിക്കുന്നു. സ്വര്‍ണവളകളും ചെയിനുകളും ധരിച്ച ഒരു പട്ടിയെ കണ്ടാല്‍ പോലും ആദരിച്ച് ആനയിക്കുന്ന കാലഘട്ടമാണിത്.
ഐഹികമായ സുഖം അതെവിടെയുണ്ടോ അവിടെ ആളുകള്‍ തിങ്ങിക്കൂടും. കുറുന്തോട്ടിക്ക് വാതരോഗം ബാധിച്ചപോലെ പണ്ഡിതന്‍മാര്‍ക്കും ഈ രോഗം ശക്തിയായി ബാധിച്ചു കാണുന്നത് ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
എന്നാല്‍ മുജാഹിദ് പ്രവര്‍ത്തകരും പ്രബോധകരും നേതാക്കളും ഈ മഹാ വ്യാധിയെ ഭയപ്പെടുന്നുവെന്ന് കാണുന്നത് ആശാവഹമാണ്. ഇതിനുള്ള പ്രധാന കാരണം മുജാഹിദ് പണ്ഡിത നേതാക്കളുടെ പ്രവര്‍ത്തന ലക്ഷ്യം സമ്പത്തോ ഐഹികമായ ക്ഷേമമോ അല്ല എന്നത് തന്നെയാണ്. സര്‍വ ശക്തനായ അല്ലാഹുവിന്റെ തൃപ്തിയും പാരത്രിക സുഖവുമായിരുന്നു അവരുടെ ഉന്നം.
പണത്തിനുവേണ്ടി ദീനീസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും അല്ലറ ചില്ലറ വിജയങ്ങള്‍ കാണുമെങ്കിലും അവയെല്ലാം നൈമിഷികം മാത്രമാണ്.
പരേതരായ മുജാഹിദു നേതാക്കളെ പരിചയമുള്ളവര്‍ക്ക് ഇത് ബോധ്യമാവും. കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളായിരുന്ന മര്‍ഹൂം കെ എം മൗലവി, എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവി, അദ്ദേഹത്തിന്റെ സഹോദരങ്ങളായ എം സി സി അഹമ്മദ് മൗലവി, എം സി സി ഹസന്‍ മൗലവി, പി പി ഉണ്ണിമൊയ്തീന്‍ കുട്ടി മൗലവി, പി എന്‍ മുഹമ്മദ് മൗലവി, ഇ കെ മൗലവി, കെ കെ എം ജമാലുദ്ദീന്‍ മൗലവി, എം അബ്ദുല്ലക്കുട്ടി മൗലവി, പറപ്പൂര്‍ അബ്ദുര്‍റഹ്മാന്‍ മൗലവി, മങ്കട ഉണ്ണീന്‍ മൗലവി, പി എന്‍ മമ്മു മൗലവി, ശൈഖ് മുഹമ്മദ് മൗലവി, എ അലവി മൗലവി തുടങ്ങിയ ഉല്‍പതിഷ്ണു നേതാക്കളുടെ സാമ്പത്തികമായ അവസ്ഥയും നേട്ടവും എന്തുമാത്രമായിരുന്നുവെന്ന് അവരുമായി നേരിയ ബന്ധമുള്ള എല്ലാവര്‍ക്കുമറിയാം.
പരമ്പരാഗതമായി സിദ്ധിച്ച സ്വത്തുക്കള്‍ പോലും തൗഹീദീ പ്രചാരണത്തിന്റെ ബലിപീഠത്തില്‍ അര്‍പ്പിച്ചുകൊണ്ട് കണ്ണടക്കുമ്പോള്‍ അവരുടെ കൈകള്‍ ശുദ്ധവും കീശകള്‍ ശൂന്യവുമായിരുന്നു. ഐഹികമായ സുഖസൗകര്യങ്ങളെ തൃണവത്ഗണിച്ചുകൊണ്ട് തൗഹീദിന്റെ പ്രബോധനത്തില്‍ അവര്‍ മുന്നേറി.
ദാരിദ്ര്യം പ്രവര്‍ത്തന രംഗത്ത് അവര്‍ക്ക് ഒരു തടസ്സമേ ആയിരുന്നില്ല. ഐഹികമായ ക്ഷേമങ്ങള്‍ ലക്ഷ്യമാക്കാതെ പാരത്രിക സൗഖ്യവും ദൈവപ്രീതിയും മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പണ്ഡിത സമൂഹത്തിന്ന് മാത്രമേ സ്വതന്ത്രമായ മതപ്രബോധനം നടത്തുവാന്‍ സാധിക്കുകയുള്ളു.
പണത്തിനുവേണ്ടി ദീനീസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും അല്ലറ ചില്ലറ വിജയങ്ങള്‍ കാണുമെങ്കിലും അവയെല്ലാം കേവലം നൈമിഷികങ്ങള്‍ മാത്രമാണ്. പരീക്ഷണങ്ങളെ നേരിടാനും ആപത്തുകളെ അതിജീവിക്കുവാനും അവര്‍ അശക്തമായിരിക്കും. ത്യാഗവും സേവനവുമെല്ലാം പേനമുനകളിലും നാവുകളിലും മാത്രം ഒതുങ്ങിനില്‍ക്കും.
ജയിലറകളും തൂക്കുമരങ്ങളും കാണുമ്പോള്‍ അവര്‍ സ്വന്തം പാര്‍ട്ടിയെ തള്ളിപ്പറയും. വാക്കുകളിലൂടെ മാത്രമല്ല രേഖാമൂലം തന്നെ. ചുറ്റുപാടുകള്‍ നിര്‍ദയമാണെന്ന് കാണുമ്പോള്‍ അവരുടെ നാവുകള്‍ക്ക് നീളം കൂടും, പേനകളുടെ ചലനങ്ങള്‍ക്ക് ശീഘ്രതയും.
(1998 നവംബര്‍ 13)
