മുഅ്ജിസത്തുകളില്‍ പ്രവാചകന്മാര്‍ക്ക് നിയന്ത്രണമില്ല


  • ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

പ്രവാചകത്വത്തിന്റെ തെളിവായി അല്ലാഹു അവരിലൂടെ പ്രകടമാക്കുന്ന അമാനുഷിക ദൃഷ്ടാന്തങ്ങളിന്‍മേലും അവര്‍ക്ക് ഒരു നിയന്ത്രണവും ഇല്ല. അവര്‍ ഉദ്ദേശിക്കുമ്പോള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ജാലവിദ്യകളല്ല അവ.

സാധാരണ മനുഷ്യരില്‍ നിന്ന് പ്രവാചകന്മാരെ വ്യത്യസ്തരാക്കുന്നത്, അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വഹ്‌യ് ലഭിക്കുന്നു എന്ന കാര്യമാണ്. ഇത് ചില്ലറ കാര്യമല്ലതാനും. ഇത് പ്രവാചകന്‍മാര്‍ ഉദ്ദേശിക്കുമ്പോള്‍ കിട്ടുന്നതല്ല. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാതമാണ് അതുണ്ടാവുക.

അതുപോലെത്തന്നെ പ്രവാചകത്വത്തിന്റെ തെളിവായി അല്ലാഹു അവരുടെ കൈക്ക് പ്രകടമാക്കുന്ന അമാനുഷിക ദൃഷ്ടാന്തങ്ങളിന്‍മേലും അവര്‍ക്ക് ഒരു നിയന്ത്രണവും ഇല്ല. അവര്‍ ഉദ്ദേശിക്കുമ്പോള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ജാലവിദ്യകളല്ല അവ.

മൂസാ നബി(അ)യോട് വടി കൊണ്ട് ചെങ്കടലില്‍ അടിക്കാന്‍ അല്ലാഹു കല്‍പിച്ചു. അദ്ദേഹം അടിച്ചു. ഏത് മനുഷ്യനും സാധിക്കുന്ന കാര്യമാണത്. അപ്പോള്‍ ചെങ്കടല്‍ പിളര്‍ന്നു. അത് അല്ലാഹുവിന്റെ പ്രവര്‍ത്തനമാണ്. അതുപോലെ ഈസാ നബി(അ)യിലൂടെ അല്ലാഹു മരിച്ചവനെ ജീവിപ്പിച്ചു. അതും അല്ലാഹുവിന്റെ പ്രവര്‍ത്തനമാണ്.

പക്ഷേ, ബഹുദൈവാരാധനയോട് കമ്പമുള്ള ആളുകള്‍, ഇത്തരം ദൃഷ്ടാന്തങ്ങള്‍ പ്രവാചകന്‍മാരുടെ കഴിവുകളായി ചിത്രീകരിക്കുകയും, അത്തരം കഴിവുകള്‍ ഔലിയാക്കള്‍ക്കും ഉണ്ടാകാം എന്നുവെച്ച് 'ചത്ത കോഴിയെ ജീവനിടീക്കാന്‍' അവര്‍ക്കും സാധിക്കുമെന്ന് വാദിക്കുകയും ചെയ്യുന്നു.

പ്രവാചകന്‍മാരുടെ മുഅ്ജിസാത്തുകള്‍ അവരുടെ കഴിവുകളാണെന്ന് ചിത്രീകരിക്കുന്നതിന്റെ ഉദ്ദേശ്യം, അത്തരം കഴിവുകള്‍ ഔലിയാക്കളാണെന്ന് അവര്‍ വാദിക്കുന്നവര്‍ക്കും ഉണ്ടാകാം എന്നു വരുത്തിത്തീര്‍ക്കാനാണ്. മരിച്ചുപോയ ഔലിയാക്കള്‍ക്കും ആ കഴിവുകള്‍ നശിക്കാതെ അവശേഷിക്കുമെന്നും, അവരോട് പ്രാര്‍ഥിച്ചാല്‍ ആ കഴിവുകള്‍ മൂലം അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്ത് കാര്യങ്ങള്‍ സാധിപ്പിച്ചുകിട്ടുമെന്നും അവര്‍ വാദിക്കുന്നു.

പ്രവാചകന്‍മാര്‍ക്ക് ഗൈബ് അറിയില്ല എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും അവര്‍ അത് സീകരിച്ചിട്ടില്ല. അത് സ്വീകരിച്ചാല്‍ 'കുപ്പിക്കകത്തുള്ളത് കാണും പോലെ ഖല്‍ബിന്നകത്തുള്ളത് കാണാന്‍ ഔലിയാക്കള്‍ക്ക് കഴിയു'മെന്ന അവരുടെ വാദത്തിന് നിലനില്‍പുണ്ടാകില്ല. അതുകൊണ്ടാണ് പ്രവാചകന് മറഞ്ഞ കാര്യം അറിയില്ല എന്ന് അല്ലാഹു ആവര്‍ത്തിച്ചു വ്യക്തതമാക്കിയിട്ടും ഇവര്‍ അത് സ്വീകരിക്കാന്‍ കൂട്ടാക്കാത്തത്.

അതുപോലെ പ്രവാചകന്‍മാര്‍ നിങ്ങളെപ്പോലുള്ള മനുഷ്യന്മാരാണെന്ന് അല്ലാഹു ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ള കാര്യവും ഇവര്‍ക്ക് സ്വീകാര്യമാകില്ല. 'നാല്‍പത് തടിയുള്ള ഔല്യാക്കളെ' പിന്നെ എങ്ങനെ അവതരിപ്പിക്കാന്‍ കഴിയും? 'ഔലിയാക്കള്‍' എന്ന് ഇവര്‍ വിശേഷിപ്പിക്കുന്നവര്‍ അവരുടെ മനസ്സില്‍ പ്രവാചകന്മാരേക്കാള്‍ ഉന്നതരാണ്. ഇബ്രാഹീം നബിയോടോ മൂസാ നബിയോടോ ഇനി മുഹമ്മദ് നബിയോടു തന്നെയോ ഇവര്‍ ഇസ്തിഗാസ എന്ന ഓമനപ്പേരിലുള്ള പ്രാര്‍ഥന നടത്താറില്ല.

'ഗൗസുല്‍ അഅ്‌ള'(ഏറ്റവും വലിയ സഹായി)മിനെക്കാള്‍ ഉന്നതനായ ഒരു പ്രവാചകന്‍ ഉണ്ടാകാന്‍ പറ്റുമോ? ഏറ്റവും വലിയ സഹായിയേക്കാള്‍ വലിയ ഒരു സഹായി ഉണ്ടാകുന്നതെങ്ങനെ? പക്ഷേ ഔലിയാക്കള്‍ ഉയര്‍ന്നവരാണ് എന്ന ഇവരുടെ മനസ്സിരിപ്പ് പുറത്ത് പറയാന്‍ ഇവര്‍ക്ക് ധൈര്യമില്ല. മുസ്‌ലിം ബഹുജനങ്ങള്‍ അത് സ്വീകരിക്കാന്‍ മാത്രം അധഃപതിച്ചിട്ടില്ല എന്ന് ഇവര്‍ക്കുമറിയാം.

പ്രവാചകന്‍മാര്‍ സാധാരണ മനുഷ്യപ്രകൃതിയുള്ള മനുഷ്യര്‍ മാത്രമാണെന്നു വരുന്നതില്‍ ഇവര്‍ക്കുള്ള ബേജാറിനു കാരണം, ഇവര്‍ അവതരിപ്പിക്കുന്ന ഔലിയാക്കള്‍ക്ക് പിന്നെ അമാനുഷികത്വം ആരോപിക്കാന്‍ സാധ്യമാകില്ലല്ലോ എന്ന ഭയമാണ്.

നാല്‍പത് തടികളുള്ള, കുപ്പിക്കകത്തുള്ളതു കാണും പോലെ ഖല്‍ബിനകത്തുള്ളതു കാണുന്ന, ജനിക്കുന്നതിനു മുമ്പുതന്നെ അല്ലാഹുവിനോട് വിലപേശി സ്വര്‍ഗങ്ങള്‍ തീറെഴുതിവാങ്ങുന്ന, 'വാപ്പാ മുതുകില്‍ നിന്ന് കുതുമ്പായി ജനിക്കുന്ന', കണ്ണുകള്‍ ലൗഹുല്‍ മഹ്ഫൂളിലേക്ക് നേര്‍ക്കുനേരെ നോക്കുന്ന, അല്ലാഹുവിനോട് എന്തും വരച്ച് പിടിച്ചുവാങ്ങാന്‍ കഴിവുള്ള, അല്ലാഹു തന്നെ ഭയപ്പെടുന്ന ഔലിയാക്കള്‍ സാധാരണ മനുഷ്യരാണെന്ന് പറയാന്‍ പറ്റുമോ? പ്രവാചകന്‍മാര്‍ സാധാരണ മനുഷ്യരാണ് എന്നുവരുന്നതില്‍ എതിര്‍പ്പുണ്ടായിട്ടല്ല, അപ്പോള്‍ ഔലിയാക്കള്‍ എന്തായിത്തീരും എന്ന ഭയം കൊണ്ടാണ് ഇവര്‍ മുറവിളി കൂട്ടുന്നത്.

പ്രവാചകന്‍മാരായ മൂസാ നബിയെയോ ഇബ്‌റാഹീം നബിയെയോ മുഹമ്മദ് നബിയെ തന്നെയോ ഇവര്‍ സാധാരണ വിളിച്ചു പ്രാര്‍ഥിക്കാറില്ല. അവരൊന്നും 'വായ തോരാതെ' ഉത്തരം ചെയ്യില്ല. ഈ പണ്ഡിതവേഷധാരികള്‍ അവരുടെ പാതിരാപ്രസംഗങ്ങള്‍ക്ക് ആമുഖമായുള്ള പ്രാര്‍ഥന 'ഗൗസുല്‍ അഅ്‌ളമിനോടാ'ണ് (മുഹ്‌യുദ്ദീന്‍ ശൈഖ്) നടത്താറുള്ളത്. ഇവരുടെ തൊലിക്കട്ടി അപാരം തന്നെ.

ഇവര്‍ നേതൃത്വം കൊടുക്കുന്ന ബഹുജനം നേര്‍ച്ചയാക്കുന്നതും പ്രാര്‍ഥിക്കുന്നതും എല്ലാം ഏറിയകൂറും ഔലിയാക്കളാണെന്ന് അവര്‍ കരുതുന്നവര്‍ക്കാണ്, പ്രവാചകന്‍മാര്‍ക്കല്ല. പ്രാര്‍ഥനയ്ക്ക് ഉടനടി ഉത്തരം ചെയ്യാനുള്ള കഴിവ് ഔലിയാക്കളെപ്പോലെ, ഗൗസുല്‍ അഅ്‌ളമിനെപ്പോലെ പ്രവാചകന്‍മാര്‍ക്കില്ല എന്നോ, അവരെ അതിനു കിട്ടുകയില്ല എന്നോ ആണ് ഇവരുടെ മനസ്സിരിപ്പ്.

പക്ഷേ, ഔലിയാക്കളുടെ കറാമത്തിന്റെ ന്യായീകരണം പ്രവാചകന്‍മാരുടെ മുഅ്ജിസത്തിനെ ആശ്രയിച്ചിരിക്കുന്നു. ഔലിയാക്കളുടെ കറാമത്ത് ഇഷ്ടം പോലെ അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന പ്രത്യേക അമാനുഷിക കഴിവുകളാണെന്നും, മരണശേഷവും അവ നിലനില്‍ക്കുമെന്നും, അവര്‍ക്കുള്ള നേര്‍ച്ച-വഴിപാടുകളും അവരോടുള്ള പ്രാര്‍ഥനയുമെല്ലാം ഈ കറാമത്ത് കൊണ്ട് അവര്‍ അറിയുമെന്നും അവര്‍ ഉത്തരം ചെയ്യുമെന്നുമെല്ലാമാണ് ഇവരുടെ ജല്‍പനം.

ഈ കറാമത്തിന്റെ നിലനില്‍പ് പ്രവാചകന്‍മാരുടെ മുഅ്ജിസാത്തിന്‍മേല്‍ ഖിയാസാക്കിക്കൊണ്ടാണ്. മുഅ്ജിസാത്ത് പ്രവാചകന്‍മാര്‍ക്ക് ഇഷ്ടം പോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന കാര്യമാണെങ്കിലേ കറാമത്തും അങ്ങനെയാക്കാന്‍ പറ്റുകയുള്ളൂ? അതുപോലെത്തന്നെ പ്രവാചകന്‍മാര്‍ക്ക് ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയാനുള്ള കഴിവ് ഉണ്ടെന്നുവന്നാല്‍ മാത്രമേ ഔലിയാക്കള്‍ക്കും ഗൈബ് അറിയാനുള്ള കഴിവുണ്ടെന്ന് വാദിക്കാന്‍ പറ്റൂ?

പ്രവാചകന്മാര്‍ക്ക് അല്ലാഹു ഉദ്ദേശിക്കുന്ന മറഞ്ഞ കാര്യങ്ങള്‍ വഹ്‌യ് മുഖേന അറിയിച്ചുകൊടുക്കുമ്പോഴാണ് അവര്‍ അറിയുക എന്നതില്‍ ഇവര്‍ തൃപ്തരാകില്ല. ഔലിയാക്കള്‍ക്ക് വഹ്‌യ് ലഭിച്ചുകൊണ്ടിരിക്കുന്നു എന്ന് ഇവര്‍ക്ക് വാദിക്കാന്‍ സാധ്യമല്ല. അത് ബഹുജനം അംഗീകരിച്ചില്ല എന്നു വന്നേക്കും. അതുകൊണ്ട് വിശുദ്ധ ഖുര്‍ആനിന്റെ വ്യക്തമായ പ്രസ്താവനകള്‍ അവഗണിച്ചുകൊണ്ട്, പ്രവാചകന്മാര്‍ക്ക് മറഞ്ഞ കാര്യം അറിയും എന്ന് ഇവര്‍ വാദിക്കുന്നു.

ഇബ്‌റാഹീം നബി(അ)ക്ക് ആകാശഭൂമിയിലുള്ളതെല്ലാം കാണാന്‍ കഴിഞ്ഞിരുന്നുവെന്ന് ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സ്ഥാപിക്കാന്‍ കൊട്ടപ്പുറത്തു വെച്ച് ശ്രമിച്ചത്, ഗൗസുല്‍ അഅ്‌ളമിന് ലൗഹുല്‍ മഹ്ഫൂള് വരെ കാണാനുള്ള കഴിവ് നല്‍കപ്പെട്ടിരിക്കുന്നു എന്ന് സ്ഥാപിക്കാനായിരുന്നു!

ചുരുക്കത്തില്‍, പ്രവാചകന്മാര്‍ മറഞ്ഞ കാര്യങ്ങള്‍ സ്വയം അറിയാന്‍ കഴിവുള്ള, എന്ത് അമാനുഷിക ദൃഷ്ടാന്തങ്ങളും പ്രകടിപ്പിക്കാന്‍ കഴിവുള്ള അമാനുഷികരാണ് എന്ന് ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്, ഇവര്‍ ആരാധിക്കുന്ന ഔലിയാക്കള്‍ക്ക് അത്തരം കഴിവുകള്‍ ഉണ്ടെന്നു സ്ഥാപിക്കാനാണ്.

ഈസാ നബിയെ ക്രിസ്ത്യാനികള്‍ അതിരുകവിഞ്ഞു സ്തുതിച്ചതുപോലെ എന്നെ അതിരുകവിഞ്ഞ് സ്തുതിക്കരുത്' എന്ന് റസൂല്‍ (സ) മുസ്ലിംകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

'നിങ്ങള്‍ ഞങ്ങളെപ്പോലത്തെ മനുഷ്യര്‍ മാത്രമാണ്' എന്ന് പ്രവാചകന്‍മാരുടെ എതിരാളികള്‍ പറഞ്ഞപ്പോള്‍ 'അല്ല, ഞങ്ങള്‍ നിങ്ങളെപ്പോലത്തെ മനുഷ്യരല്ല' എന്നല്ല പ്രവാചകന്‍മാര്‍ മറുപടി പറഞ്ഞത്. നേരെമറിച്ച് 'ഞങ്ങള്‍ നിങ്ങളെപ്പോലത്തെ മനുഷ്യര്‍ മാത്രമാണ്' എന്നു സമ്മതിക്കുകയാണ് ചെയ്തത് (സൂറത്തു ഇബ്‌റാഹീം).

പ്രവാചകന്‍മാര്‍ സാധാരണ മനുഷ്യപ്രകൃതിയുള്ളവരായിരുന്നു. മലക്കുകളോ അര്‍ധ മലക്കുകളോ അല്ലാത്ത, വിശപ്പും ദാഹവും മറ്റ് മനുഷ്യ വികാരങ്ങളുമുണ്ടായിരുന്ന, ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയും, ജീവിക്കാന്‍ എന്തെങ്കിലും ജോലികള്‍ എടുക്കുകയും, അങ്ങാടിയില്‍ കൂടി നടന്ന് മറ്റു മനുഷ്യരുമായി കൂടിക്കഴിയുകയും ചെയ്തിരുന്നവരായിരുന്നു.

ചില ആലിമുല്‍ അല്ലാമകളും ശംസുല്‍ ഉലമകളും ഖമറുല്‍ ഉലമകളും മറ്റും ചെയ്യുന്നപോലെ ജനങ്ങളില്‍ നിന്ന് വേറിട്ടുനിന്ന്, ബഹുമാനപ്പെട്ടവരായി ഔന്നത്യം ഭാവിക്കുകയല്ല ചെയ്തിരുന്നത്! പ്രവാചകന്‍മാര്‍ വിവാഹം ചെയ്യുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. അവര്‍ക്ക് രോഗം ബാധിക്കുകയും അതിന് ചികില്‍സിക്കുകയും ചെയ്തിരുന്നു. അവര്‍ മനുഷ്യര്‍ മാത്രമായിരുന്നു. പ്രവാചകന്മാരെപ്പറ്റി അങ്ങനെയാണ് വിശ്വസിക്കേണ്ടത്. മറിച്ചുള്ള വിശ്വാസം ഇസ്‌ലാമിക വിശ്വാസമാകില്ല.

പ്രവാചകന്മാര്‍ സാധാരണ മനുഷ്യപ്രകൃതിയുള്ള മനുഷ്യരായിരുന്നു എന്നു പറയുന്നവരല്ല ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുക; നേരെമറിച്ചാണ് സംഗതിയുടെ കിടപ്പ്. മന്ത് മറ്റേ കാലിനാണെന്ന്, പാതിരാപ്രസംഗം നടത്തി മുജാഹിദുകളെ മുര്‍തദ്ദാക്കാന്‍ പാടുപെടുന്ന ആലിമുല്‍ അല്ലാമമാര്‍ മനസ്സിലാക്കുന്നത് അവര്‍ക്ക് നന്ന്.

ക്രിസ്ത്യാനികള്‍ ഈസാ നബിയെ അതിരുകവിഞ്ഞ് സ്തുതിച്ച് അമാനുഷികമായ കഴിവുകള്‍ ആരോപിച്ച് അവസാനം അദ്ദേഹത്തെ അല്ലാഹുവിന്റെ പുത്രനാക്കി. 'ഈസാ നബിയെ ക്രിസ്ത്യാനികള്‍ അതിരുകവിഞ്ഞു സ്തുതിച്ചതുപോലെ എന്നെ അതിരുകവിഞ്ഞ് സ്തുതിക്കരുത്' എന്ന് റസൂല്‍ മുസ്ലിംകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പക്ഷേ, പ്രവാചകനില്‍ അമാനുഷികത ആരോപിക്കുന്ന രോഗം മുസ്‌ലിംകളില്‍ പല വിഭാഗങ്ങളെയും പല തോതിലും ബാധിച്ചിട്ടുണ്ട്. ഒരു ഉര്‍ദു കവി 'അല്ലാഹു മക്കയില്‍ മുഹമ്മദായി അവതരിച്ചു' എന്നു പോലും പാടാന്‍ മടിച്ചില്ല! (നഊദുബില്ലാ).

അതുകൊണ്ട് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന കാര്യം മറക്കാതിരിക്കുക:''പറയുക: നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലത്തെ ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ആരാധ്യന്‍ ഏക ആരാധ്യന്‍ മാത്രമാണെന്ന് എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു.''

(1988 ഫെബ്രുവരി 19)