- ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
 
ജനാധിപത്യത്തെക്കുറിച്ചൊന്നും അഭിപ്രായം പറയാതെ ജനാധിപത്യത്തിന് കടകവിരുദ്ധമായ രാഷ്ട്രീയാശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരും പ്രകടിപ്പിക്കുന്നവരുമുണ്ട്. എല്ലാവരെയും ഒരേപോലെ ജനാധിപത്യം സംരക്ഷിക്കുന്നു.
മറ്റേത് വ്യവസ്ഥിതിയെക്കാളും ശത്രുക്കള്‍ക്ക് നിര്‍ബാധം വിഹരിക്കാന്‍ സൗകര്യവും സ്വാതന്ത്ര്യവുമുള്ള വ്യവസ്ഥിതിയാണ് ജനാധിപത്യം. പലപ്പോഴും ഇത് തകരുന്നത് അകത്തെ ശത്രുക്കളുടെ കൈകളാലായിരിക്കും. ഇന്ത്യയില്‍ പരിശോധിച്ചു നോക്കുക, എത്രയോ രാഷ്ട്രീയ- അരാഷ്ട്രീയ സംഘടനകള്‍ ജനാധിപത്യത്തിന്റെ കൊടിയ ശത്രുക്കളായുണ്ട്. പ്രത്യക്ഷമായിത്തന്നെ ജനാധിപത്യത്തോടു യുദ്ധം പ്രഖ്യാപിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്.
ജനാധിപത്യത്തെക്കുറിച്ചൊന്നും അഭിപ്രായം പറയാതെ ജനാധിപത്യത്തിന് കടകവിരുദ്ധമായ രാഷ്ട്രീയാശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരും പ്രകടിപ്പിക്കുന്നവരുമുണ്ട്. എല്ലാവരെയും ഒരേപോലെ ജനാധിപത്യംവെച്ചു പൊറുപ്പിക്കുക മാത്രമല്ല സംരക്ഷിക്കുക കൂടി ചെയ്യുന്നു. ഇതുകൊണ്ടായിരിക്കണം തലയില്‍ ഒരു കൊട്ട ഭീഷണികള്‍ ഏറ്റി നടക്കുന്ന ജനാധിപത്യമേ നമുക്കെവിടെയും കാണാനൊക്കൂ.
ഇന്ത്യയില്‍ ആദ്യം പറഞ്ഞതിന്റെ ഉദാഹരണമാണ് ആര്‍ എസ് എസ്. രണ്ടാമത് പറഞ്ഞതിന് ഉത്തമ ഉദാഹരണം ബി ജെ പിയും. രണ്ടിലും പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടികളുമുണ്ട്.
ഗുജറാത്തിലെ ബി ജെ പി സര്‍ക്കാര്‍ ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കുന്നതിന് ഗവണ്മെന്റുദ്യോഗസ്ഥന്മാര്‍ക്ക് ഇന്ത്യയൊട്ടാകെ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കിക്കളഞ്ഞുകൊണ്ട് ഒരു കല്പന പുറപ്പെടുവിക്കുകയും കേന്ദ്ര ഗവണ്മെന്റ് കിട്ടിയ, കിട്ടാത്ത പാതിയെന്ന മട്ടില്‍ അതംഗീകരിക്കുകയും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇതിനെ ന്യായീകരിക്കുകയും ചെയ്തത് നാം കണ്ടു. ജനാധിപത്യത്തെ പിച്ചിച്ചീന്താന്‍ പ്രതിജ്ഞാബദ്ധമായ ഒരു സംഘടനക്ക് ജനാധിപത്യ വ്യവസ്ഥിതിയെത്തന്നെ ഏല്പിച്ചുകൊടുക്കുകയെന്നതാണ് ഗുജറാത്തില്‍ നടക്കാന്‍ പോയത്.
ആര്‍ എസ് എസ് ഒരു രാഷ്ട്രീയ സംഘടനയല്ല എന്ന വാദം തന്നെ സാങ്കേതിക വാചകക്കസര്‍ത്താണ്. തെരഞ്ഞെടുപ്പില്‍ നേര്‍ക്ക് നേരെ പങ്കെടുക്കാത്തത് കൊണ്ടു മാത്രം ഒരു സംഘടന രാഷ്ട്രീയമല്ലാതാകുന്നില്ല. ആര്‍ എസ് എസിന്റെ പ്രഖ്യാപിതലക്ഷ്യം തന്നെ ഹിന്ദുരാഷ്ട്രമാണ്.
ആര്‍ എസ് എസ് ശാഖകളില്‍ ഉച്ചത്തില്‍ ഉരുവിടുന്ന പ്രാര്‍ഥന: ''സ്‌നേഹനിധിയായ മാതൃഭൂമി, ഞാനെന്നും നിന്നെ പ്രണമിക്കുന്നു, ഓ, ഹിന്ദുക്കളുടെ ഭൂമി, നീയാണെന്നെ സൗഖ്യത്തിലേക്കുയര്‍ത്തിയത്, ഓ സര്‍വശക്തയായ ദൈവമേ, ഹിന്ദുരാഷ്ട്രത്തിന്റെ അവിഭാജ്യ ഭാഗമായ ഞങ്ങള്‍ നിന്നെ സാദരം നമിക്കുന്നു. നിനക്ക് വേണ്ടിയിതാ ഞങ്ങള്‍ കച്ചകെട്ടിയിരിക്കുന്നു, ലക്ഷ്യത്തിലെത്താന്‍ ഞങ്ങളെ നീ അനുഗ്രഹിച്ചാലും'.
ആര്‍ എസ് എസില്‍ ചേരുന്നവന്‍ എടുക്കേണ്ട പ്രതിജ്ഞ. 'എന്റെ പവിത്രമായ ഹിന്ദുമതത്തെയും ഹിന്ദുസമൂഹത്തെയും ഹിന്ദുസംസ്‌കാരത്തെയും പരിപോഷിപ്പിച്ചുകൊണ്ട് ഭാരതവര്‍ഷത്തിന് സര്‍വതോമുഖമായ മാഹാത്മ്യം ആര്‍ജ്ജിക്കുന്നതിന് രാഷ്ട്രീയ സ്വയം സേവക് സംഘില്‍ അംഗമായി പ്രവര്‍ത്തിക്കുന്നതാണെന്ന് ഞാന്‍ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു'.
ആര്‍ എസ് എസ് ജനാധിപത്യത്തിനും ഭരണഘടനക്കും തീര്‍ത്തും എതിരായ രാഷ്ട്രീയ തത്വശാസ്ത്രവും നയപരിപാടികളുമുള്ള രാഷ്ട്രീയ സംഘടനയാണ്. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നില്ലെന്നത് കേവലം സാങ്കേതികമായ വാദം മാത്രമാണ്. ആര്‍ എസ് എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങള്‍ തന്നെ ഈ അവകാശ വാദം നിരാകരിക്കുന്നു.
1997ല്‍ ആര്‍ എസ് എസിന്റെ കേന്ദ്രക്കമ്മിറ്റി പ്രസിദ്ധീകരിച്ച ''പരം വൈഭവ് കെ പാഥ്പര്‍' എന്ന ഹിന്ദി പുസ്തകത്തില്‍, വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കായി ആര്‍ എസ് എസ് രൂപം കൊടുത്ത 40 സംഘടനകളെ എണ്ണിപ്പറയുന്നുണ്ട്. ഈ പുസ്തകത്തില്‍ അതിന്റെ രാഷ്ട്രീയ സംഘടനയായി വളരെ പ്രാമുഖ്യത്തോടെ പറയുന്ന സംഘടന ബി ജെ പിയാണ്.
എ ബി വി പി, വിശ്വഹിന്ദുപരിഷത്ത്, ഹിന്ദുജാഗരണ്‍മഞ്ച്, സ്വദേശി ജാഗരണ്‍മഞ്ച്, ദീപാമേത്തയുടെ വാട്ടര്‍ സിനിമാ ഷൂട്ടിംഗിന്നെതിരായി അക്രമമഴിച്ചുവിട്ട സംസ്‌കാര്‍ഭാരതി എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു. ആര്‍ എസ് എസിന്റെ വ്യത്യസ്ത തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതാണ് ഈ കൃതി.
ഇതിന്റെയൊക്കെ വെളിച്ചത്തില്‍ പ്രധാനമന്ത്രി വാജ്പൈ ഗുജറാത്തിലെ നിരോധന നീക്കത്തെക്കുറിച്ച് പറഞ്ഞ കാര്യം: 'ആര്‍ എസ് എസ് ഒരു സാംസ്‌കാരിക സാമൂഹിക സംഘടനയാണ്. ആരെങ്കിലും അതില്‍ ചേരുന്നതിനെ എതിര്‍ക്കണമെന്ന് ഞാന്‍ കരുതുന്നില്ല', പരിശോധിച്ചുനോക്കുക. ആര്‍ പറയുന്നതാണ് സത്യം?
വാജ്‌പൈ പറയുന്നതോ? അതോ ആര്‍ എസ് എസ്സിന്റെ ലിഖിതരേഖയോ? അദ്വാനിയും ഇതേപോലുള്ള പ്രസ്താവനകള്‍ നടത്തുകയുണ്ടായി. കേന്ദ്രഗവണ്മെന്റു തന്നെയും ഗുജറാത്തിനെ അനുധാവനം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തയുണ്ടായി. യു പി ഇതേ പാത സ്വീകരിക്കുമെന്ന് അവിടുത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഗവണ്മെന്റ് ജീവനക്കാരെ ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കാനനുവദിക്കുന്നത് വഴി ഉദ്യോഗസ്ഥന്മാരില്‍ ദേശീയബോധവും രാജ്യസ്‌നേഹവും വളരുമെന്ന് കൂടി ചില ബി ജെ പിക്കാര്‍ വാദിച്ചു. ഏത് ദേശീയത എന്നിനി ചോദിക്കേണ്ടതില്ലല്ലോ, ഏത് രാജ്യമെന്നും ചോദിക്കേണ്ട. നമ്മുടെ ദേശീയതയുടെ ആധാരം നമ്മുടെ ഭരണഘടനയാണ്.
ഭരണഘടന രാജ്യത്തെ വിശേഷിപ്പിക്കുന്നത് 'പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്'' എന്നാണ്. ആര്‍ എസ് എസുകാരന്റെ ദേശീയത 'ഭാരതവര്‍ഷമാണ്'. ഇതിന്ത്യക്കാരുടെയും നമ്മുടെ ഭരണഘടനയുടെയും ദേശീയതയോ രാജ്യമോ അല്ല. ഏതോ പുരാണ മിത്തുകളും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട ഒരു വിശ്വാസം.
ചരിത്രത്തിലൊരിക്കലും അസ്തിത്വം നേടാനാവാത്തതും ആരും സങ്കല്പിക്കുക പോലും ചെയ്യാത്തതും മധ്യേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് അധിനിവേശിച്ച ആര്യമതവും സംസ്‌കാരവുമായി മാത്രം ബന്ധപ്പെട്ടതുമായ ഒരു പാഴ്ക്കിനാവ്. ഇത്തരം ഒരു സ്വപ്‌നം തമിഴ്നാട്ടിലെ ദ്രാവിഡ കഴകവും വെച്ചുപുലര്‍ത്തുന്നു.
പഞ്ചാബിലെ ഖലിസ്ഥാന്‍കാരും കിഴക്കന്‍ മേഖലയിലെ ഖൂര്‍ക്കകളും സമാനമായ സ്വപ്‌നങ്ങള്‍ കാണുന്നവരാണ്. ഇവരുടെ സ്വപ്നങ്ങളുടെ ഭൂമിശാസ്ത്ര അതിരുകള്‍ ചെറുതാണെന്ന് മാത്രം. അവരവരുടെ സ്വപ്നരാജ്യങ്ങളില്‍ നിന്ന് അവര്‍ക്കിഷ്ടമില്ലാത്തവരെ ആട്ടുന്നു, ആര്‍ എസ് എസ് അവരുടെ സ്വപ്‌നരാജ്യത്തില്‍ നിന്ന് ആട്ടാന്‍ കാത്തിരിക്കുന്നുവെന്ന ഒരന്തരം കൂടിയുണ്ട്.
 അതുകൊണ്ട് ആര്‍ എസ് എസില്‍ ചേരുന്നത് വളരുന്ന ദേശീയബോധം ഇന്ന് നിലവിലുള്ള ഇന്ത്യാരാജ്യത്തിനും അത് പ്രിയപ്പെട്ടതായി കരുതുന്ന ജനാധിപത്യം, മതേതരത്വം, അവസരസമത്വം മുതലായ മൂല്യങ്ങള്‍ക്കും എതിരും നാശകരവുമായിത്തീരും. ഈ നിരോധത്തെ ന്യായീകരിക്കുന്ന എത്രയോ കാര്യങ്ങള്‍ എം എസ് ഗോള്‍വാള്‍ക്കറില്‍ നിന്നും ആര്‍ എസ് എസിന്റെ മറ്റു രേഖകളില്‍ നിന്നും ഉദ്ധരിക്കാന്‍ സാധിക്കും.
തല്‍ക്കാലം ഡി എം കെയുടെയും തെലുങ്കുദേശത്തിന്റെയും മറ്റു ഘടകകക്ഷികളുടെയും ഭീഷണിക്കു മുമ്പില്‍ വാജ്പൈ അടിയറവ് പറഞ്ഞിരിക്കുന്നു. ഗവണ്മെന്റുദ്യോഗസ്ഥന്മാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ ഭേദഗതി ചെയ്യില്ലെന്നും ആര്‍ എസ് എസിന്റെ നിരോധനം നിലനില്ക്കുമെന്നും ഉന്നത തലത്തില്‍ തീരുമാനമായിരിക്കുന്നുവെന്ന് പത്രറിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് സംബന്ധിച്ച് പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും ഇത് വിശ്വസിക്കാമെന്ന് തോന്നുന്നു.
ചിലരുടെ തിയറികളനുസരിച്ച് ഗുജറാത്തില്‍ ബി ജെ പി വളരാന്‍ പാടില്ല. പക്ഷേ അത് സംഭവിക്കുക മാത്രമല്ല, യഥാര്‍ഥ ബി ജെ പി എന്തെന്ന് ഇടക്കിടെ രാജ്യത്തോടത് പറയുകയും ചെയ്തുകൊണ്ടിരിക്കുന്നു.
കാരണം ആര്‍ എസ് എസ് തലവന്‍ രാജേന്ദ്ര സിംഗിന്റെ പേരില്‍ വന്ന പത്രപ്രസ്താവന ഇത് സൂചിപ്പിക്കുന്നു. 'നീതിയും നിയമവും ഞങ്ങളുടെ ഭാഗത്താണെങ്കിലും ഗവണ്മെന്റുദ്യോഗസ്ഥന്മാര്‍ ആര്‍ എസ് എസില്‍ ചേരുന്നത് നിരോധിക്കുന്ന നിയമം എടുത്ത് കളയണമെന്ന് ഞങ്ങളിതുവരെ ആവശ്യപ്പെട്ടിട്ടില്ല' എന്നാണ് പ്രസ്താവന പറയുന്നത്.
ഘടകക ക്ഷികളുടെ ഭീഷണിക്കു മുമ്പില്‍ മുട്ടുമടക്കേണ്ടിവന്ന ബി ജെ പി, ആര്‍ എസ് എസുകാരെ അടക്കി നിര്‍ത്താനാണ് തലവനെക്കൊണ്ടു തന്നെ ഇത്തരം ഒരു പ്രസ്താവന ഇറക്കിച്ചതെന്ന് വ്യക്തമാണല്ലോ. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ദിനം പ്രതി ബി ജെ പി മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്ന തനി നിറം അതറിയാതെ പുറത്ത് ചാടുന്നുവെന്നതാണ്.
ബി ജെ പി കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും പഴയ നിലപാടിലേക്കവര്‍ക്ക് തിരിച്ചു പോകാനാവുകയില്ലെന്നും പറയുന്നവര്‍ക്ക് കണ്ണുതുറക്കാന്‍ പറ്റിയ ഒന്നാണീ വിവാദം. എന്തുകൊണ്ടീ കപടമുഖം വാജ്പൈ അണിയുന്നുവെന്നതിനുള്ള ഉത്തരവും ഈ സംഭവത്തിലുണ്ട്. ഗുജറാത്തിലാണീ നിരോധനം നീക്കിയത്.
ഇന്ത്യയില്‍ ബി ജെ പിക്ക് സ്വന്തമായി ഭരണമുള്ളത് ഗുജറാത്തില്‍ മാത്രമാണ്. ഭരണം മാത്രമല്ല, വലിയ മോശമല്ലാത്ത ജനപിന്തുണ പാര്‍ട്ടി നിലനിര്‍ത്തുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഏക സംസ്ഥാനവുമാണ് ഗുജറാത്ത്. ഈയടുത്ത് നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ഇത് തെളിയിക്കപ്പെട്ടു.
ഒരു മുഖംമൂടിയുമില്ലാതെയാണീ വളര്‍ച്ച ഈ കക്ഷി ഗുജറാത്തില്‍ നേടിയത്. ഈ വളര്‍ച്ച ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചും മനുഷ്യന്റെ സാമൂഹിക പെരുമാറ്റങ്ങളെക്കുറിച്ചും കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരെ ഞെട്ടിക്കുന്നതുമാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യവസായങ്ങളും വ്യവസായത്തൊഴിലാളികളുമുള്ള നാടാണ് ഗുജറാത്ത്. ഗാന്ധിജിയും അദ്ദേഹത്തിന്റ 'സബര്‍മതി'യുമുണ്ടായിരുന്ന നാട്, ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളില്‍ പണ്ടു മുതല്‍ തന്നെ മെച്ചപ്പെട്ട നാട്, പണ്ടൊരിക്കലും സാമുദായിക പ്രശ്നങ്ങള്‍ ഉണ്ടാകാത്ത സ്ഥലം.
ഇവിടെ ബി ജെ പി ഒരു പ്രതിരോധ്യ ശക്തിയായി വളരുകയും ദേശീയ ശക്തികള്‍ ദയനീയമായി തോല്ക്കുകയും ചെയ്ത ഈ അനുഭവം എങ്ങനെയുണ്ടായി? മറ്റൊരു ശ്രദ്ധേയമായ കാര്യം ഇവിടെ അധഃകൃത ദലിത് വിഭാഗങ്ങളും ജനസംഖ്യയില്‍ നല്ലൊരു പങ്കുണ്ടെന്നതാണ്.
ഇവിടത്തെ ചിലരുടെ തിയറികളനുസരിച്ച് ഗുജറാത്തില്‍ ബി ജെ പി വളരാന്‍ പാടില്ല. പക്ഷേ അത് സംഭവിക്കുക മാത്രമല്ല, യഥാര്‍ഥ ബി ജെ പി എന്തെന്ന് ഇടക്കിടെ രാജ്യത്തോടത് പറയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഏറ്റവും അവസാനത്തെ സംഭവമായിരുന്നു ആര്‍ എസ് എസ് വിവാദം.
ബി ജെ പിയുടെ കൂടെ ഭരണത്തിലുള്ളവര്‍ ആര്‍ എസ് എസ് നിരോധനം നിലനിര്‍ത്തിയത് തങ്ങളുടെ വിജയമെന്ന് ഭാവിക്കുമായിരിക്കാം. പക്ഷേ ഈ വിവാദം അബദ്ധത്തിലുണ്ടായിപ്പോയതാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? ഇതിന്റെ പരിണാമം (കരുണാനിധിയുടെയും മറ്റും എതിര്‍പ്പുകള്‍) മുന്നില്‍ കണ്ടുകൊണ്ടുതന്നെ ആയിരിക്കുകയില്ലേ നിരോധനം എടുത്ത് കളയാനുള്ള നീക്കങ്ങള്‍ നടത്തിയത്? ഇതിന്റെ യഥാര്‍ഥമെന്താണപ്പോള്‍?
ഘടക കക്ഷികളാണിതിനുത്തരം പറയേണ്ടത്. ഭരണഘടനാവിവാദവും ഇതുപോലുള്ള വിവാദങ്ങളും യു പി മുഖ്യമന്ത്രിയുടെ ബാബരിപ്പള്ളി പ്രശ്നത്തിലെ പ്രസ്താവനകളും ഈ പരിതസ്ഥിതിയില്‍ ഒരുങ്ങിക്കൊണ്ടുവരുന്ന ഒരു മഹാകെണിയിലേക്കാണ് സൂചനയെന്ന് തോന്നിപ്പോവുകയാണ്.
(2000ഫെബ്രുവരി18)
