- ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
ഒരാളുടെ പ്രവര്‍ത്തനം നമുക്ക് തൃപ്തികരമാണെങ്കിലും അല്ലെങ്കിലും പ്രതികരണം സ്വാഭാവികം. ശ്രോതാവിന്റെ നിലവാരവും അവസ്ഥയും പരിഗണിച്ച് അഭിസംബോധകന്‍ രൂപവും ശൈലിയും മാറ്റുന്നു.
പ്രതികരണം മനസ്സുകളുടെ ആശയമാണ്. നന്മയോടും തിന്മയോടും സത്യത്തോടും അസത്യത്തോടും മനുഷ്യന്‍ പ്രതികരിക്കാറുണ്ട്. അപരന്റെ പ്രവര്‍ത്തനത്തോടുള്ള മറ്റൊരുത്തന്റെ സമീപനമാണ് പ്രതികരണം. പെരുമാറ്റത്തിലൂടെയും സംസാരത്തിലൂടെയും പ്രകടനത്തിലൂടെയും അത് ദൃശ്യമാകുന്നു.
ഒരുത്തന്റെ പ്രവര്‍ത്തനം നമുക്ക് തൃപ്തിയാണെങ്കിലും അതൃപ്തിയാണെങ്കിലും പ്രതികരണം സ്വാഭാവികമാണ്. പ്രകടിപ്പിക്കാന്‍ പറ്റാവുന്ന വ്യക്തിയും സാഹചര്യവുമാണെങ്കില്‍ മിതമായ ഭാഷയില്‍ അത് അവതരിപ്പിക്കുന്നു. ശ്രോതാവിന്റെ നിലവാരവും അവസ്ഥയും പരിഗണിച്ച് അഭിസംബോധകന്‍ തന്റെ അവതരണരൂപവും ശൈലിയും മാറ്റുന്നു.
വാചാ പ്രകടിപ്പിക്കാന്‍ സാധിക്കാത്ത വ്യക്തിത്വവും അവസ്ഥയുമാണ് മുന്നിലെങ്കില്‍ മനസാ ശപിച്ച് പ്രത്യക്ഷത്തില്‍ പുഞ്ചിരി പ്രകടിപ്പിച്ച് സംഭാഷണം തല്‍ക്കാലം അവസാനിപ്പിക്കുന്നു. വിശ്വാസത്തിനും ധാരണയ്ക്കുമെതിരായി ദൃശ്യമാകുന്ന സംസാരങ്ങളോടും പ്രവര്‍ത്തനങ്ങളോടും വെറുപ്പും വൈമനസ്യവും പ്രകടിപ്പിക്കാറുണ്ട്.
ആനുകൂല്യവും ആദായങ്ങളും നഷ്ടപ്പെടുമെന്ന് കാണുമ്പോള്‍ മൗനാനുവാദത്തിലൂടെ സമ്മതമരുളുന്നു. മനഃസാക്ഷി ശപിക്കുന്നുവെങ്കിലും നിമിഷങ്ങളുടെ താല്‍പര്യം അതായിരിക്കും. മൊത്തത്തില്‍ മനുഷ്യന്‍ പ്രതികരണ ശേഷി സൃഷ്ടിപ്പിലേ നല്‍കപ്പെട്ടവനാണ്.
അവ വിനിയോഗിക്കുന്നതിന്റെയും ചെലവഴിക്കുന്നതിന്റെയും തോതനുസരിച്ച് സമൂഹത്തില്‍ അവന്‍ വിലയിരുത്തപ്പെടുന്നു. ചുവക്കുന്ന കണ്ണുകളും ചുളിയുന്ന നെറ്റിത്തടങ്ങളും രൗദ്രഭാവം നിറഞ്ഞ മുഖങ്ങളും അവനു മാര്‍ഗതടസ്സം സൃഷ്ടിക്കുന്നു.
ഒന്നിനോടും കൂടുതലായി ബന്ധപ്പെടാതെ അകലം പാലിച്ചുകൊണ്ട് ജനശൂന്യമായ തെരുവുകളെപ്പോലെയും ആളൊഴിഞ്ഞ വീടുകളെപ്പോലെയും വിചാരവും വീണ്ടുവിചാരവും നഷ്ടപ്പെട്ട മനുഷ്യന്‍ സമൂഹത്തിന്റെ ശാപമായി മാറുന്നു. ആദ്യമാദ്യം പിശാചിന്റെ പിന്‍ഗാമിയും ക്രമേണ സമസൃഷ്ടിയും അവസാനം മനുഷ്യനിലെ പിശാചുമായും മാറുന്നു.
വിശ്വാസിയുടെ ജീവിതസുഖമല്ല ഇത്; മനുഷ്യന്‍ മൊത്തത്തില്‍ അപഗ്രഥിക്കപ്പെടുമ്പോള്‍ ഇങ്ങനെ കാണുന്നുവെന്നു മാത്രം. ഹിന്ദുവും ക്രിസ്ത്യനും ജൈനനും ബുദ്ധനും എല്ലാമെല്ലാം മതമൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചിട്ടും എന്തുകൊണ്ട് ഇവിടെ ജനസംഖ്യ കുറയുകയും മൃഗസംഖ്യ ആനുപാതികമായി വര്‍ധിക്കുകയും ചെയ്യുന്നു?
തനിക്കു വേണ്ടി ആഗ്രഹിക്കുന്നത് തന്റെ അയല്‍ക്കാരനു വേണ്ടിയും ആഗ്രഹിക്കണമെന്ന് യേശുക്രിസ്തു അരുളിയിട്ടുണ്ടെങ്കില്‍ ഇണപ്പക്ഷികളില്‍ നിന്നൊന്നിനെ അമ്പെയ്തു വീഴ്ത്തിയ വേടനെ വാല്‍മീകി മഹര്‍ഷി ശപിച്ചെങ്കില്‍ ജീവകാരുണ്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ദൃഷ്ടാന്തങ്ങളായിരുന്നില്ലേ അത്?
മരിച്ചുപോയ ഇന്നലെകളുടെ പ്രവചനങ്ങളില്‍ കണ്ണുംനട്ടിരിക്കാതെ ജീവസ്സുറ്റ ഇന്നിന്റെ തുടിപ്പുകളിലേക്ക് ആകാംക്ഷയോടെ നോക്കുന്ന മതവിശ്വാസികള്‍. പരമ്പരാഗതമായി അനുസരിച്ചുപോരുന്ന, പൈതൃകമായി ലഭിച്ച ബന്ധങ്ങളിലും അനുഷ്ഠാനങ്ങളിലും ജീവച്ഛവം പോലെ സഹകരിക്കുന്ന മതവിശ്വാസികള്‍.
ആചാര്യന്‍മാരുടെ നിര്‍ദേശങ്ങളോട് കൂറുപുലര്‍ത്താത്ത കുഞ്ഞാടുകള്‍, ഗുരുഭൂതരോടും അവരുടെ ശിക്ഷണനിര്‍ദേശങ്ങളോടും അനാദരവ് പ്രകടിപ്പിക്കുന്ന ശിഷ്യഗണങ്ങള്‍... ചരിത്രം കണ്ട പരിഷ്‌കര്‍ത്താക്കളില്‍ നിന്നൊക്കെ തീരെ ഭിന്നമായ നിലപാടുകള്‍ സ്വീകരിക്കുകയും ആ പാതകളാണ് തങ്ങള്‍ അനുധാവനം ചെയ്യുകയും ചെയ്യുന്നതെന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നുവെങ്കില്‍, ഉപദേശങ്ങളുടെയും ഉദ്‌ബോധനങ്ങളുടെയും കുറവല്ല, വിചാരത്തിന്റെയും വിവേകത്തിന്റെയും കുറവാണ് ഇവിടെ നിഴലിച്ചു കാണുന്നത്.
എല്ലാ മതവിശ്വാസികളെപ്പോലെയും ഇസ്‌ലാം മതവിശ്വാസികളും ഈ രോഗങ്ങള്‍ ബോധപൂര്‍വം അവഗണിച്ചിരിക്കയാണ്. തന്റെ മൂക്കിനു മുമ്പില്‍ മതവിരുദ്ധ പ്രവര്‍ത്തനം നഗ്‌നതാണ്ഡവം ചെയ്യുമ്പോള്‍ മുസല്‍മാന്‍ എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല?
തിന്മയുടെ ദൃക്‌സാക്ഷിയായ മുസ്‌ലിം കഴിയുമെങ്കില്‍ കൈ കൊണ്ടും അല്ലെങ്കില്‍ നാവു കൊണ്ടും, അതിനും സാധ്യത തെളിഞ്ഞുകാണുന്നില്ലെങ്കില്‍ മനസ്സു കൊണ്ടു വെറുത്ത് തന്റെ പ്രതിഷേധത്തിന്റെ മൗനസ്വരം പെരുമാറ്റത്തിലൂടെ പ്രകടിപ്പിക്കണമെന്ന പ്രവാചക അധ്യാപനത്തിന് ഇവിടെ നീതീകരിക്കാനാവാത്ത നിലവാരമാണുള്ളത്.
ദുരാചാരത്തോടുള്ള മനസ്സിന്റെ വെറുപ്പ് അവയോട് സഹവസിക്കാതിരിക്കലും അതിന്റെ പ്രയോക്താക്കളെ തലയില്‍ കേറ്റലുമാണെന്ന് ആരാണ് പഠിപ്പിച്ചത്? മനസ്സുകൊണ്ടു ശപിക്കല്‍ വിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ വശമാണെങ്കില്‍, അതിനേക്കാള്‍ തുലോം മെച്ചപ്പെട്ട സംസാരവൈഭവത്തിലൂടെ തന്റെ മുന്നിലിരിക്കുന്ന തിന്മയോട് പ്രതികരിക്കാത്ത വിശ്വാസി, കാലഘട്ടത്തിന്റെ ശാപം തന്നെയാണ്.
പ്രാര്‍ഥനാപരമായ പ്രതീക്ഷ അല്ലാഹുവിനോട് മാത്രമായിരിക്കണമെന്ന് പഠിപ്പിച്ച പ്രവാചകന്‍മാര്‍, ആരാധനകള്‍ അവനല്ലാതെ അര്‍പ്പിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകന്‍മാര്‍, പ്രഥമവും പ്രധാനവുമായി ഈ മൗലിക തത്വം നിര്‍ദിഷ്ട ജനതകളെ അറിയിച്ച പ്രവാചകന്‍മാര്‍- അവരാരും തന്നെ തങ്ങളുടെ സമൂഹത്തില്‍ ദൃശ്യമായ തിന്‍മകളുടെ നേരെ പ്രതികരിക്കാതിരുന്നിട്ടില്ല.
ദൈവസാമീപ്യം മൂലം മാനസാന്തരത്തിനു വിധേയമായ ഒരു സമൂഹത്തില്‍ ദൂഷ്യവശങ്ങള്‍ക്ക് ശാശ്വത പരിഹാരം വന്നുപെട്ടെങ്കിലും വിശ്വാസ-കര്‍മമണ്ഡലങ്ങളിലെ സകലമാന തിന്‍മകളോടും ശക്തമായി വളരെ തത്വദീക്ഷയോടുകൂടി പ്രതികരിച്ചവരാണ് പ്രവാചകന്‍മാര്‍.
വഴിയിലൂടെ നടന്നുപോകുമ്പോള്‍ അകാരണമായി ഒരു മനുഷ്യന്‍ ആക്രമിക്കപ്പെടുന്നതു കണ്ടിട്ടും തല താഴ്ത്തി നടക്കേണ്ടവനാണോ മുസ്ലിം?
സമൂഹത്തിന്റെ ജീര്‍ണതകളുടെ നേരെ കൈയും കെട്ടി നോക്കിനിന്നുകൊണ്ട് മതത്തിന്റെ പ്രായോഗികത മനസ്സിലാക്കിയവരായിരുന്നില്ല പ്രവാചകന്‍മാര്‍. പലപ്പോഴും ആഞ്ഞടിക്കുന്നൊരു കൊടുങ്കാറ്റായും മിന്നല്‍പിണറുകളെക്കാള്‍ വേഗതയുള്ള പടവാളുകളായും മതനിര്‍ദേശങ്ങള്‍ പരിണമിച്ചിരുന്നു.
സ്വന്തമായൊരു വാഹനമുള്ളവന്‍ ബുദ്ധിമുട്ടുന്നവരെ അതില്‍ കേറ്റല്‍ ധര്‍മമാണ്. ഒട്ടേറെ ഒട്ടകങ്ങളെ അടക്കിവെച്ച് ഇല്ലാത്തവരോട് നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയിരുന്ന അറബികളുടെ ആധുനിക മാതൃകകളല്ലേ ഇന്നത്തെ സമ്പന്നന്‍മാര്‍? പട്ടണത്തിലൂടെ ജോലിയൊന്നുമില്ലാതെ ഊരുചുറ്റുന്ന കാറുകള്‍ മരുക്കപ്പലുകളുടെ ജീവിച്ചിരിക്കുന്ന ദൃഷ്ടാന്തങ്ങളല്ലേ?
സംഭാവനയുമായി വീട്ടില്‍ വരുന്നവരോട് ഇല്ലായ്മയുടെയും വല്ലായ്മയുടെയും പട്ടിക നിരത്തി കുടവയറിന്‍ മീതെ കൈവെച്ചുകൊണ്ട് ആക്രോശിക്കുന്ന ധനാഢ്യന്‍ മുസ്‌ലിം സമൂഹത്തിന്റെ ചോദ്യചിഹ്നം തന്നെയല്ലേ?
വഴിയിലൂടെ നടന്നുപോകുമ്പോള്‍ അകാരണമായി ഒരു മനുഷ്യന്‍ ആക്രമിക്കപ്പെടുന്നതു കാണുമ്പോള്‍ തല താഴ്ത്തിക്കൊണ്ട് നടക്കേണ്ടവനാണോ മുസ്ലിം? ചില്ലറയില്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിയെ ബസ് കണ്ടക്ടര്‍ ഇറക്കിവിടുമ്പോള്‍ ആ കുട്ടി ദയനീയമായി ചുറ്റുപാടും നോക്കിയാലും നിസ്സങ്കോചം അവഗണിക്കുന്നവനാണോ മുസ്ലിം?
ബസ് സ്റ്റാന്റില്‍ വെച്ച് ഒരു സ്ത്രീ അവഹേളിക്കപ്പെടുമ്പോള്‍ അത് തീരുന്നതുവരെ ആസ്വാദനാഭിലാഷത്തോടെ കേട്ടിരിക്കുകയും അവസാനം തന്റെ പാട്ടിനു പോവുകയും ചെയ്യുന്നതല്ലേ കണ്ടുവരുന്നത്? ഇവിടങ്ങളിലെല്ലാമാണ് പ്രതികരണത്തിന്റെ പ്രസക്തി.
പ്രതികരണശേഷി പൂര്‍ണമായും നഷ്ടപ്പെട്ടൊരു തലമുറ, ന്യായത്തോടും അന്യായത്തോടും ഒരുപോലെ പ്രതികരിക്കുന്ന ഒരു തലമുറ, നന്‍മ-തിന്‍മാ വിവേചനശേഷിയില്ലാത്ത ഒരു തലമുറ! സമകാലിക സമൂഹം പൂര്‍ണമായും ഈ കാലഘട്ടത്തിന്റെ ശാപമാണ്. തിന്‍മയോടു പ്രതികരിക്കാത്തവന്‍ ഊമയായ പിശാചാണെന്ന പണ്ഡിതാഭിപ്രായത്തിന്റെ സാന്ദര്‍ഭികതയും ഇതുതന്നെ. ഇവിടെയാണ് ഇന്ന് പ്രതികരണത്തിന്റെ പ്രസക്തി.
(1984 സപ്തംബര്‍ 17)
