- ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
 
സൂഫീ മാര്‍ക്കറ്റില്‍ വിശേഷ ബുദ്ധി വളരെയൊന്നും വിറ്റഴിയില്ല. യുക്തി വിചാരത്തിന് അവിടെ സ്ഥാനമില്ല. വേദവാക്യങ്ങള്‍ക്ക് മുന്‍ഗാമികള്‍ മനസ്സിലാക്കിയ അര്‍ഥമല്ല അവിടെയുള്ളത്.
ഇസ്ലാമിന്റെ മധ്യനൂറ്റാണ്ടുകളില്‍ മുസ്ലിം സൂഫികള്‍ തങ്ങളുടേതായ ഒരു ഭാവനാലോകം തന്നെ പടച്ചുണ്ടാക്കി. ഹിന്ദു പുരാണത്തിലെ ദേവലോകത്തിന്ന് തുല്യമായിരുന്നു അത്. പക്ഷേ അതിലെ താരങ്ങളെ അവര്‍ ദേവന്മാരെന്ന് വിളിച്ചില്ല. പകരം താരങ്ങളുടെ നാമങ്ങളായി ചില പദങ്ങള്‍ സ്വയം പടച്ചുണ്ടാക്കുകയാണ് ചെയ്തത്.
എന്നാല്‍ വിജ്ഞാനത്തിലും കഴിവിലും സ്വാധീനത്തിലും ഇരുലോകങ്ങളിലെയും താരങ്ങള്‍ തമ്മില്‍ തുല്യരാണ്. സാങ്കല്‍പികമായ ഈ വിജ്ഞാനത്തിനും കഴിവിനും സ്വാധീനത്തിനും കറാമത്ത് എന്നാണ് അവര്‍ പേര് നല്‍കിയത്.
സൂഫീ മാര്‍ക്കറ്റില്‍ വിശേഷ ബുദ്ധി വളരെയൊന്നും വിറ്റഴിയുകയില്ല. യുക്തി വിചാരത്തിന് അവിടെ സ്ഥാനമില്ല. വേദവാക്യങ്ങള്‍ക്ക് മുന്‍ഗാമികള്‍ മനസ്സിലാക്കിയ അര്‍ഥമല്ല അവിടെയുള്ളത്. പ്രവാചകന്മാരോടും അനുയായികളോടും അതിലെ താരങ്ങള്‍ക്ക് സാമ്യമില്ല. അവര്‍ മനുഷ്യവര്‍ഗത്തില്‍ പിറന്നവര്‍ തന്നെ. പക്ഷേ മനുഷ്യപ്രകൃതി അവര്‍ക്കൊരു പ്രശ്‌നമല്ല.
അതുകൊണ്ട് ഊണും ഉറക്കവുമില്ലാതെ വര്‍ഷങ്ങള്‍ തന്നെ അവര്‍ക്ക് പൊറുത്തു നടക്കാം. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പറക്കാം. അവരുടെ ദൃഷ്ടികള്‍ക്ക് ഏഴ് ആകാശങ്ങളും തുളച്ച് ലൗഹുല്‍ മഹ്ഫൂളിലെത്താം. അവരുടെ കാതുകള്‍ക്ക് ഉപരിലോകത്തു നിന്നുള്ള സന്ദേശങ്ങള്‍ സ്വീകരിക്കാം. അന്യരുടെ മനസ്സിലുളള വികാരവിചാരങ്ങള്‍ അവര്‍ അറിയുന്നു.
മലക്കുകളും പ്രവാചകന്മാരുടെ ആത്മാക്കളും അവരുടെ ദര്‍ബാറില്‍ ഹാജരാകുന്നു. ഖിള്ര്‍(അ) ഇടയ്ക്കിടെയുള്ള സന്ദര്‍ശകനാകുന്നു. അല്ലാഹുവും മലക്കുകളും പ്രവാചകന്മാരും ഇറങ്ങിവന്ന് അവര്‍ക്ക് അപരനാമങ്ങള്‍ നല്‍കുന്നു. ഇങ്ങനെ എത്ര വിചിത്രമായ കഥകള്‍!
അവരില്‍ പലരും ഹഖീഖത്തുകാരാണ്. തന്നിമിത്തം അവരുടെ ചെയ്തികളെ ശരീഅത്തിന്റെ നാഴി കൊണ്ട് അളക്കാവതല്ല. അവരുടെ വാക്കുകളും പ്രവൃത്തികളും ബാഹ്യാര്‍ഥത്തിലെടുക്കാവതുമല്ല. ഒടിമറിയുന്നു എന്ന് പറയുന്നപോലെ അവരില്‍ ഒരാള്‍ക്ക് ഒരേ സമയത്ത് വിവിധ ശരീരങ്ങളായി രൂപാന്തരം പ്രാപിക്കാം.
ഒരാള്‍ക്ക് ഇത്ര ശരീരങ്ങളായേ കോലം മാറാന്‍ പാടുള്ളൂ എന്ന നിര്‍ണയമൊന്നുമില്ല. ഓരോരുത്തരുടെയും മിടുക്കനുസരിച്ച് എത്ര രൂപങ്ങള്‍ വേണമെങ്കിലും സ്വീകരിക്കാം. 40 മുതല്‍ 360 വരെ ആകാമെന്നത് ഈ വിഷയത്തിലുള്ള അഭിപ്രായങ്ങളുടെ ക്രോഡീകരണം മാത്രമാണ്.
ഓരോരുത്തരും സ്വീകരിക്കുന്ന അപരനാമത്തിന്റെ നിലവാരമനുസരിച്ചാണ് അവന്‍ കറാമത്ത് കാണിക്കേണ്ടത്. കറാമത്ത് കാണിക്കാന്‍ ആള് ഭൂമുഖത്ത് ജനിച്ചിരിക്കേണമെന്ന വാശിയൊന്നും സൂഫീ ലോകത്തില്ല. അതുപോലെ 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന പഴമൊഴി മറിച്ചെഴുതപ്പെടുന്ന ലോകമാണവരുടേത്. അനന്തിരവന്മാര്‍ മുഖേന സമ്പന്നമായ തറവാട്ടില്‍ മുത്തപ്പായിക്കുള്ള സ്ഥാനം മാത്രമേ മലികുല്‍ ജബ്ബാറായ രാജതമ്പുരാന് അവരുടെ ലോകത്തുള്ളൂ.
നുജബാഅ്, നുഖബാഅ്, അബ്ദാല്, ഔലിയാഅ്, ശുയൂഖ്, താജുല്‍ ഔലിയാഅ്, സുല്‍ത്വാനുല്‍ ഔലിയാഅ്, സുല്‍ത്വാനുല്‍ ആരിഫീന്‍ ഖുത്വ്ബ്, ഖുത്വുബുല്‍ അഖ്ത്വാബ്, ഗൗസ്, ഗൗസുല്‍ അഅ്‌ളം എന്നിവരാണ് സൂഫീലോക ത്തിലെ കഥാപാത്രങ്ങള്‍. ഇവയില്‍ ഗൗസുല്‍ അഅ്‌ളമെന്ന സ്ഥാനമാണ് പരമോന്നതമായത്. ആ സ്ഥാനവും വിട്ടു കടന്നവരുണ്ടാകാമെങ്കിലും അവര്‍ക്ക് പിന്നെ നല്‍കേണ്ട സ്ഥാനപ്പേര് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
സുഫീ ലോകത്ത് ജ്വലിച്ചു നില്‍ക്കുന്ന രണ്ട് താരങ്ങളാണ് ശൈഖ് ജീലാനിയും ശൈഖ് രിഫാഇയും. ഇരുവരും ഗൗസുല്‍ അഅ്‌ളമെന്ന സ്ഥാനമലങ്കരിക്കുന്നവരാണ്. വിളിക്കുത്തരം നല്‍കുന്നതിലുള്ള ജീലാനിയുടെ പ്രസിദ്ധി ഇന്ന് പൊതുജനങ്ങളില്‍ മികച്ചുനില്‍ക്കുന്നു.
രിഫാഇയുടെ പ്രസിദ്ധിയാകട്ടെ കുത്ത്‌റാത്തീബില്‍ പരിമിതമാകുകയും ചെയ്തിരിക്കുന്നു. തന്നെ വിളിച്ചുകൊണ്ടുള്ള കുത്തുകള്‍ അദ്ദേഹം തന്റെ കൈകളാകുന്ന പരിചകള്‍ കൊണ്ട് തടുക്കുന്നു. അങ്ങനെ റാത്തീബുകാരെ രക്ഷിക്കുന്നു എന്നാണ് പൊതുജനങ്ങളുടെ അവകാശവാദം.
എന്നാല്‍ ഇരുവരുടെയും കറാമത്തുകള്‍ സര്‍വമേഖലകളിലും വ്യാപിച്ചുകിടക്കുന്നു എന്നാണ് ലിഖിത രേഖകള്‍ വിളിച്ചോതുന്നത്. മാത്രമല്ല കറാമത്ത് കാണിക്കുന്നതില്‍ ഇരുവരും ഒരു മത്സരം തന്നെ നടത്തിയതായി ആ രേഖകളില്‍ തെളിഞ്ഞു നില്‍ക്കുന്നു. എന്നാല്‍ ആ മത്സരത്തില്‍ ആരാണ് കൂടുതല്‍ മാര്‍ക്ക് നേടിയത്?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള സന്ദര്‍ഭം വായനക്കാര്‍ക്ക് തന്നെ ലഭ്യമാക്കുകയാണ്. അതിനായി അവര്‍ കാണിച്ച കറാമത്തുകളുടെ ചെറിയ ഒരംശം രണ്ട് മുരീദുകള്‍ മുഖേന ഇവിടെ അവതരിപ്പിക്കുന്നു. (ശൈഖ് മുഹ്യിദ്ദീന്‍ അവര്‍കള്‍ക്ക് ഉണ്ടെന്ന് കരുതപ്പെടുന്ന രണ്ട് വ്യക്തിത്വങ്ങളില്‍ സൂഫീ ലോകത്ത് തെളിഞ്ഞുനില്‍കുന്ന വ്യക്തിത്വമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.)
വിശേഷ ബുദ്ധി പോക്കറ്റില്‍ വെച്ചുകൊണ്ട് വായിച്ചേക്കരുതേ എന്ന അപേക്ഷ മുന്‍കൂട്ടി സമര്‍പ്പിച്ചുകൊള്ളട്ടെ. മു.മു (മുഹ്യിദ്ദീന്‍ മുരീദ്) ശൈഖ് ജീലാനി(റ)യുടെ ഔദ്യോഗികമായ ജനനം ഹിജ്‌റ 470-ലാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അനൗദ്യോഗികമായ ജനനം ആദമിന്(അ) മുമ്പ് തന്നെ നടന്നുകഴിഞ്ഞിട്ടുണ്ട്.
അന്നു മുതല്‍ അദ്ദേഹം ഭൂമിയില്‍ കറാമത്ത് കാണിച്ചുപോന്നിട്ടുമുണ്ട്. ഈ വസ്തുത അദ്ദേഹം ചൊല്ലിയ ബെയ്ത്തിലൂടെ അദ്ദേഹം തന്നെ എടുത്തുപറഞ്ഞ കാര്യമാണ്. ആ ബെയ്ത്തിലെ ചില വരികളുടെ സാരം നോക്കുക: എനിക്ക് സ്‌നേഹത്തില്‍ ആദമിന് മുമ്പുതന്നെ ഒരു ജീവിതമുണ്ട്. ഞാനാകുന്ന രഹസ്യം എന്റെ ഔദ്യോഗിക ജനനത്തിനു മുമ്പു തന്നെ ലോകത്ത് പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
ജല പ്രളയ ഘട്ടത്തില്‍ നൂഹ് നബിയുടെ കപ്പലില്‍ ഞാനുണ്ടായിരുന്നു. എന്റെ കഴിവാകുന്ന കൈപത്തിയുടെ മുകളിലൂടെയാണ് കപ്പല്‍ സഞ്ചരിച്ചിരുന്നത്. ഇബ്‌റാഹീമിന്റെ കൂടെ തീയില്‍ ഞാനുണ്ടായിരുന്നു. എന്റെ ഊത്ത് കാരണമാണ് തീ അണഞ്ഞത്.
ഇദ്‌രീസിനെ ഉന്നത സ്ഥാനത്തേക്ക് ഉയര്‍ത്തിയപ്പോള്‍ കൂടെ ഞാനുമുണ്ടായിരുന്നു. ഫിര്‍ദൗസ് എന്ന എന്റെ ഉത്തമ സ്വര്‍ഗത്തില്‍ അദ്ദേഹത്തെ ഇരുത്തിയത് ഞാനാണ്. മൂസാ(അ) തന്റെ റബ്ബുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ കൂടെ ഞാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വടി എന്റെ വടിയില്‍ നിന്നാണ് പോഷണം നേടിയത്.
അറുക്കപ്പെട്ട ഇസ്മാഈല്‍ നബിക്ക് പ്രായശ്ചിത്തം നല്‍കാന്‍ ഞാനുണ്ടായിരുന്നു. എന്റെ ഫത്‌വാ കാരണമാണ് ആ രണ്ട് ആടുകള്‍ ഇറങ്ങിയത്. (അവര്‍ ശൊന്ന ബെയ്ത്ത്) ഇവ്വിധത്തില്‍ ജനിക്കുന്നതിന് മുമ്പ് തന്നെ കറാമത്ത് കാണിക്കാന്‍ നിങ്ങളുടെ ശൈഖിന് കഴിഞ്ഞിട്ടുണ്ടോ?
രി.മു. (രിഫാഈ മുരീദ്) പക്ഷേ, ഹല്ലാജ് എന്ന വിവാദ പുരുഷന്‍ കൊല്ലപ്പെടുന്നത് ജീലാനി ജനിക്കുന്നതിന്ന് തൊട്ടുമുമ്പുള്ള നൂറ്റാണ്ടിലാണ്. (താനാണ് ദൈവമെന്ന് വാദിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഹല്ലാജ്. അതുകൊണ്ട് അയാള്‍ ജനങ്ങളെ വഴിതെറ്റിക്കുന്നു എന്ന കാരണത്താല്‍ ഭരണാധികാരി അയാളെ പിടിച്ചു കൊല്ലുകയാണുണ്ടായത്) അന്ന് താനുണ്ടായിരുന്നെങ്കില്‍ അയാളെ കൊല്ലുന്നവരുടെ കൈപിടിച്ചുവെക്കുമായിരുന്നു. പക്ഷേ അന്ന് താനുണ്ടായിരുന്നില്ലല്ലോ എന്ന് ജീലാനി വിലപിച്ചിട്ടുണ്ട്.
ഹല്ലാജെ കൊല്ലുന്നാള്‍... / അന്ന് ഞാനുണ്ടെങ്കില്‍
അവര്‍ കൈപിടിച്ചേന്‍ / ഞാനെന്നോവര്‍.
അപ്പോള്‍ ജനനത്തിനു നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ കറാമത്ത് കാണിച്ചുതുടങ്ങിയ ജീലാനി ജനനത്തിനു തൊട്ടുമുമ്പുള്ള നൂറ്റാണ്ടില്‍ ഉണ്ടായിരുന്നില്ല എന്നത് അര്‍ഥഗര്‍ഭമാണ്. അതിരിക്കട്ടെ, ശൈഖ് റിഫാഈയെ(റ) സംബന്ധിച്ച് പറയുമ്പോള്‍ അദ്ദേഹമാണ് ജീലാനി അടക്കമുള്ള മറ്റെല്ലാ ഔലിയാക്കളുടെയും മുമ്പ് സൃഷ്ടിക്കപ്പെട്ടത്.
ഈ സന്ദര്‍ഭത്തില്‍ ഈ മഹാന്‍ ആരാണ് എന്ന് നബി(സ)യുടെ ആത്മാവ് അല്ലാഹുവിനോട് ചോദിച്ചു. അപ്പോള്‍ ഇദ്ദേഹം താങ്കളുടെ പൗത്രനാണ് എന്ന് അല്ലാഹു മറുപടി നല്‍കി. ഈ ചോദ്യവും ഉത്തരവും കഴിഞ്ഞ ശേഷം ആദംനബി രിഫാഇക്ക് ഒരു സമ്മാനം കാഴ്ചവെച്ചു. അത് കണ്ടപ്പോള്‍ അദ്ദേഹത്തോട് സ്‌നേഹം പ്രകടിപ്പിക്കാനായി പ്രവാചകന്മാരുടെ ആത്മാക്കളില്‍ ചിലരും അദ്ദേഹത്തിന് ഓരോ സമ്മാനം കാഴ്ചവെച്ചു.
അന്ന് സുവാലും / ജവാബാദും കേട്ടാരെ
ആദം ഹദ്യ കൊടുത്ത് / തെളിന്തോവര്‍
ഉടനെ നബികളെ / അര്‍വാഹദില്‍ ചിലര്‍
ഹുബ്ബാലെ ഓരോ / ഹദ്യ കൊടുത്തോവര്‍.
ദുന്‍യാവില്‍ വെച്ച് അദ്ദേഹം കറാമത്ത് കാണിക്കാന്‍ ആരംഭിച്ചത് ആറാം മാസം ഗര്‍ഭത്തിലിരുന്നുകൊണ്ടാണ്. ഗര്‍ഭസ്ഥ ശിശു ആണോ പെണ്ണോ എന്ന ചോദ്യത്തിന്ന് അദ്ദേഹം പറഞ്ഞ മറുപടി നോക്കുക:
മകനോ മകളോന്ന് / ചോദിച്ച നേരത്ത്
മകനാര്‍ അഹ്മദുല്‍ / കബീറെന്ന് ചൊന്നോവര്‍.
അതിനും പുറമെ സ്വര്‍ഗലബ്ധിയുടെ വിഷയത്തില്‍ രിഫാഇക്ക് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടം മറ്റൊരു ഗൗസിന്നും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ കാര്യത്തില്‍ തര്‍ക്കത്തിന് അവകാശമില്ല. ഗര്‍ഭം പൂര്‍ണമായപ്പോള്‍ വയറില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ അദ്ദേഹത്തിന്നു കല്‍പന ലഭിച്ചു. പക്ഷേ അദ്ദേഹം വഴങ്ങിയില്ല. തനിക്കും തന്റെ മുരീദുകള്‍ക്കും സ്വര്‍ഗം മുന്‍കൂട്ടി നല്‍കിയാലേ ഇറങ്ങുകയുള്ളൂ എന്ന് അദ്ദേഹം വാശിപിടിച്ചു. അവസാനം നാലു സ്വര്‍ഗം നേടിക്കൊണ്ടാണ് അദ്ദേഹം പുറത്തുവന്നത്.
അടിമദുനിയാവില്‍ / ഇറങ്ങുവാനായിട്ടു
അല്ലാടെ ഏകല്‍ / കേട്ടാരെ മോഷിന്തോവര്‍
സ്വര്‍ഗം എനിക്കും / എന്‍ ബയ്യാല്‍ തുടര്‍ന്നോര്‍ക്കും
സുഖത്തോടെ തന്നാല്‍ / ഇറങ്ങാം ഞാനെന്നോവര്‍
അവര്‍ക്കന്ന് നാല് സുവര്‍ഗം / കൊടുത്താരെ
ഉടനെ ദുനിയാവില്‍ / പിറന്ന് വളര്‍ന്നോവര്‍...
അതേയവസരത്തില്‍ ജീലാനി കല്‍പന ലഭിച്ചപ്പോള്‍ ഗര്‍ഭാശയത്തില്‍ നിന്ന് നിസ്സഹായനായി ഇറങ്ങേണ്ടി വന്നില്ലേ?
മു.മു അത് സന്തോഷത്തോടെ തൃപ്തിപ്പെട്ട് തന്നതല്ല. ശിശുക്കള്‍ ജനിച്ചുവരുന്നതില്‍ നാളിതുവരെ നിലവിലുണ്ടായിരുന്ന കീഴ്വഴക്കം ലംഘിക്കപ്പെടുമോ എന്ന ബേജാറ് ഒരു വശത്ത്, ശിശു കൃത്യസമയത്ത് ഇറങ്ങിവരുന്നതില്‍ അമാന്തം കാണിച്ചാല്‍ മാതാവിന്റെ നില അപകടത്തിലാകുമല്ലോ എന്ന ഭയം മറുവശത്ത്. ഇവ്വിധത്തില്‍ വീര്‍പ്പു മുട്ടിച്ച് കൊണ്ട് വാങ്ങിയതാണ്.
അതില്‍ ആണത്തമില്ല. അങ്ങനെ നാലു സ്വര്‍ഗക്കാരനായി പിറന്നു വളര്‍ന്ന രിഫാഈ സുന്ദരമായ ഒരു തോട്ടം കണ്ടു. ഈ തോട്ടത്തിന് എന്ത് വില തരണം? ഇതിന് ഭൗതികമായ യാതൊരു വിലയും സ്വീകാര്യമല്ല; രിഫാഇയുടെ സ്വര്‍ഗത്തില്‍ കണ്ണുവെച്ച തോട്ടം ഉടമ ഇസ്മാഈല്‍ മറുപടി പറഞ്ഞു. അപ്പോള്‍ തന്റെ നാലു സ്വര്‍ഗം കൊടുത്ത് രിഫാഈ ആ തോട്ടം വാങ്ങി.
ഇസ്മാഈല്‍ എന്നൊരിക്കല്‍
ചോദിച്ചൊരു തോപ്പ്
ആയെ വിലക്ക് തരുമോന്ന് കേട്ടോവര്‍
ദുന്‍യാവിലുളള മുതല്‍ എന്നില്‍ വേണ്ടാന്ന്
ദുഷ്‌ക്കമായി നാല് സുവര്‍ഗം കൊടുത്തോവര്‍.
അങ്ങനെ മുരീദുകള്‍ക്ക് വേണ്ടി കൂടി വാങ്ങിയിരുന്ന സ്വര്‍ഗം അദ്ദേഹം അവരോട് ചോദിക്കാതെ വിറ്റുകളഞ്ഞു. ഗര്‍ഭത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിന് സ്വര്‍ഗത്തിന്റെ വില അറിയാമായിരുന്നു. വളര്‍ന്നുവന്നപ്പോള്‍ സ്വര്‍ഗത്തിന്റെ വില ദുന്‍യാവിന്റെ വിലയുടെ കാല്‍ഭാഗമായി കുറഞ്ഞു. ഗര്‍ഭത്തില്‍ വെച്ചുതന്നെ അദ്ദേഹം സ്വര്‍ഗം വാങ്ങിയിരുന്നുവെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിനും മുരീദുകള്‍ക്കും ഫലത്തില്‍ സ്വര്‍ഗം നഷ്ടപ്പെട്ടിരിക്കയാണ്.
രിഫാഈയെപ്പോലെ തനിക്കും തന്റെ മുരീദുകള്‍ക്കും എന്ന വിവേചനം ജീലാനിക്കുണ്ടായിരുന്നില്ല.
വാസ്തവത്തില്‍ സ്വര്‍ഗ നരകങ്ങളുടെ പ്രശ്‌നത്തിന്ന് ഒരു ശാശ്വത പരിഹാരമുണ്ടാക്കാനാണ് ജീലാനി ഒരുങ്ങിപ്പുറപ്പെട്ടത്. പരലോകത്ത് സ്വര്‍ഗം, നരകം എന്നീ രണ്ട് വാസസ്ഥലങ്ങളേയുള്ളൂ. അതുകൊണ്ട് മൂക്കുള്ള കാലത്തോളം ജലദോഷം മാറുകയില്ല എന്നു പറയുന്ന പോലെ വാതിലുകള്‍ മലര്‍ക്കെ തുറന്നിരിക്കുന്ന നരകമുള്ള കാലത്തോളം മനുഷ്യന് പേടി തീരുകയില്ല.
അതിനാല്‍ ഈ പ്രശ്‌നത്തിന് ഒരു സ്ഥിരമായ പരിഹാരമെന്ന നിലക്ക് നരകത്തിന്റെ വാതിലുകള്‍ അടച്ചു പൂട്ടാനാണ് ജീലാനി ഉദ്യമിച്ചത്. എന്നാല്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കാമല്ലോ എന്നായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്. രിഫാഈയെപ്പോലെ തനിക്കും തന്റെ മുരീദുകള്‍ക്കും എന്ന വിവേചനം അദ്ദേഹത്തിനുണ്ടായിരുന്നില്ല.
പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ, തൊണ്ടുതടഞ്ഞു കപ്പല്‍ നില്‍ക്കുന്നു എന്നു പറയുന്ന പോലെ ആ മഹത്തായ ഉദ്യമത്തിനുമുന്നില്‍ ചെറിയ ഒരു തടസ്സം. കുറ്റക്കാരെ നരകത്തിലിട്ടു ശിക്ഷിക്കുമെന്ന് റസൂല്‍ മുമ്പ് വാഗ്ദാനം ചെയ്തുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ വാഗ്ദാനം ലംഘിക്കപ്പെടാന്‍ ഇടവരുത്തുന്നത് ഭംഗിയല്ലല്ലോ. ഈ ദുഃഖസത്യം 'അവര്‍ ചൊന്ന ബെയ്ത്തി'ലൂടെ അദ്ദേഹം തന്നെ പ്രസ്താവിക്കുന്നു:
വ ലൗലാ റസൂലുല്ലാഹി / ബില്‍ അഹ്ദി സാബിഖുന്‍
ല അഗ്ല ഖുത്തുഅബ് / വാബല്‍ ജഹീമി ബി അള്മത്തി.
(കുറ്റക്കാരെ ശിക്ഷിക്കുമെന്ന് കരാര്‍ ചെയ്തുകൊണ്ട് അല്ലാഹുവിന്റെ റസൂല്‍ വന്നു പോയിട്ടില്ലായിരുന്നുവെങ്കില്‍ എന്റെ മഹത്വം കൊണ്ട് നരകത്തിന്റെ വാതില്‍ ഞാന്‍ അടച്ചുപൂട്ടുമായിരുന്നു.)
രി.മു: തനിക്കു ലഭിച്ചിരുന്ന നാലു സ്വര്‍ഗം രിഫാഇ വിറ്റിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് പകരം വേറേ സ്വര്‍ഗം ലഭിച്ചുകൊള്ളും. ആ കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരു ഭയവുമില്ല. കവിഞ്ഞുപറഞ്ഞാല്‍ അതു തന്റേയും മുരീദുകളുടേയും മാത്രം പ്രശ്‌നമാണ്. എന്നാല്‍ കുറ്റവാളികളായ സര്‍വ മനുഷ്യരെയും ജിന്നുകളെയും ശിക്ഷിക്കാനായി അല്ലാഹു തയ്യാറാക്കിയ നരകം അടച്ചുപൂട്ടാന്‍ ഉദ്യമിച്ചത് കഥയില്ലായ്മയാണ്. ഒരു സൃഷ്ടിക്ക് അതിനു കഴിയുമോ?
മു.മു. ഞാന്‍ കുരുടന്റെ മുമ്പില്‍ കൂത്തു നടത്തുകയാണ്. വാസ്തവത്തില്‍ ജീലാനി അര്‍ഹിക്കുന്ന വിധത്തില്‍ അദ്ദേഹത്തെ മനസ്സിലാക്കാത്തവനാണ് നിങ്ങള്‍. പക്ഷേ ഈ വിഷയത്തില്‍ നിങ്ങളെ കുറ്റപ്പെടുത്തേണ്ട കാര്യവുമില്ല. ജീലാനി പറയുന്നത് നോക്കുക:
ഞാനെല്ലാസിര്‍റിന്നും / സിര്‍റെന്ന് ചൊന്നോവര്‍
ഞാന്‍ അല്ലാ തന്നുടെ / അംറെന്ന് ചൊന്നോവര്‍
കല്പനയെന്നോരു / സൈഫ് ഞാനെന്നോവര്‍
കോഫം ഉടയോന്റെ / നാറ് ഞാനെന്നോവര്‍
മറുകര ഇല്ല / കടല് ഞാനെന്നോവര്‍
മനുഷ്യന്‍ അറിയാത്ത / വസ്തു ഞാനെന്നോവര്‍.
അപ്പോള്‍ അദ്ദേഹത്തെ നിങ്ങള്‍ക്ക് മനസ്സിലായില്ലെന്നതില്‍ അത്ഭുതമില്ല. ഇതാണ് മുരീദിനു പറയാനുള്ളത്.
(1989 ജൂലൈ 7)
