- ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
വര്‍ഗീയതയെക്കുറിച്ച്, അതിന്റെ ഏറ്റവും ബീഭത്സമായ രൂപം നിലനില്ക്കുന്ന ഇന്ത്യയില്‍ ഇന്നുവരെ കാര്യമായൊരു പഠനവും നടന്നിട്ടില്ലെന്നത് നാം ഓര്‍ക്കേണ്ടതുണ്ട്.
മതവിശ്വാസം വര്‍ഗീയതക്ക് വഴിവെക്കുമോയെന്ന ചോദ്യം തീര്‍ത്തും താര്‍ക്കികമാണ്. മതവിശ്വാസം എന്ന പ്രയോഗം സാമാന്യവല്‍ക്കരണത്തിന് വഴങ്ങുന്ന ഒന്നല്ലെന്ന് മനസ്സിലാകുമ്പോള്‍ മാത്രമേ ഇവിടെ സാധാരണ പ്രയോഗിക്കുന്ന ഈ സില്ലോജിസീയ (Syllogistic) കുടിലതന്ത്രത്തിന്റെ കാമ്പില്ലായ്മ വ്യക്തമാവുകയുള്ളൂ.
മാത്രമല്ല സമഗ്രവിശകലനത്തിന് വിധേയമാക്കേണ്ടുന്ന ഒരു സാമൂഹ്യപ്രശ്‌നത്തെ ഇത്തരം നിരര്‍ഥക ചോദ്യങ്ങളില്‍ കെട്ടിമറിയുക വഴി ലളിതവത്കരിക്കുകയും സമൂഹത്തോട് മഹാപാതകം പ്രവര്‍ത്തിക്കുകയുമാണ് നാം ചെയ്യുന്നത്. വര്‍ഗീയതയെക്കുറിച്ച്, അതിന്റെ ഏറ്റവും ബീഭത്സമായ രൂപം നിലനില്ക്കുന്ന ഇന്ത്യയില്‍ ഇന്നുവരെ കാര്യമായൊരു പഠനവും നടന്നിട്ടില്ലെന്നത് നാം ഓര്‍ക്കേണ്ടതുണ്ട്.
എങ്ങനെയോ സംഭവിച്ചു പോകുന്ന ആകസ്മികതകളില്‍ ഒന്നാണീ വീഴ്ചയെന്ന് കരുതാന്‍ വയ്യ. വര്‍ഗീയതയെ കുറിച്ച് ഇന്ന് ഇന്ത്യയില്‍ പ്രചാരത്തിലുള്ള രണ്ടു നിര്‍വചനങ്ങളുടെ സ്വഭാവം ഇന്ത്യയില്‍ ഈ പഠനം നടക്കേണ്ടതില്ലെന്ന് ബോധപൂര്‍വം തീരുമാനിച്ചതാണെന്ന് തെളിയിക്കുന്നതാണ്.
മതം സാമൂഹ്യഘടനയുടെ ആധാരമാക്കാന്‍ ശ്രമിക്കുന്നതാണ് വര്‍ഗീയതക്ക് കാരണമെന്നാണ് ഒരു കൂട്ടര്‍ വിശ്വസിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ ഇന്ത്യന്‍ ദേശീയധാരയില്‍ ലയിച്ചുചേരാന്‍ കൂട്ടാക്കാത്തതാണ് വര്‍ഗീയതയ്ക്ക് കാരണമെന്ന് വേറൊരു കൂട്ടരും വിശ്വസിക്കുന്നു. സത്യത്തില്‍ രണ്ടുകൂട്ടരും വിശ്വസിക്കുന്നതായി ഭാവിക്കുന്നുവെന്നാണ് പറയേണ്ടത്. ഈ രണ്ട് നിര്‍വചനങ്ങള്‍ക്കിടയിലുളള വീതിയേറിയ വിടവില്‍ വര്‍ഗീയത സുരക്ഷിതമായി വിരാചിക്കുകയും ചെയ്യുന്നു.
കമ്യൂണലിസം എന്ന ഇംഗ്ലീഷ് വാക്ക് ഇവിടെ വര്‍ഗീയതയെ രക്ഷിക്കുന്ന മറയായാണ് വര്‍ത്തിക്കുന്നതെന്നു തോന്നുന്നു. സാമുദായികത, വര്‍ഗീയത എന്നിങ്ങനെ പലതിനും ഒരേപോലെ പ്രയോഗിക്കാവുന്ന എന്തുംകൊള്ളുന്ന ഒരു പാത്രമാണ് ഈ വാക്ക്. എല്ലാവരും അല്ലെങ്കില്‍ വളരെപ്പേര്‍ കൂട്ടായി പങ്കുവെക്കുന്നത് എന്നര്‍ഥമുള്ള Communis എന്ന ലാറ്റിന്‍ പദത്തില്‍ നിന്ന് ഫ്രഞ്ച് ഭാഷയിലൂടെ ഇംഗ്ലീഷിലേക്ക് കടന്ന നിരവധി പ്രയോഗങ്ങളില്‍ ഒന്നുമാത്രമാണിതും. വര്‍ഗീയതക്ക് ഇംഗ്ലീഷില്‍ വേറെ വാക്കില്ലെന്ന് ഒഴിവു കഴിവ് പറയാവുന്നതാണ്.
പ്രയോഗത്തിലൂടെ വാക്കുകള്‍ക്ക് പദോല്പത്തിയുമായി ബന്ധമില്ലാത്ത അര്‍ഥം കൈവരുന്നുവെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാം. പക്ഷെ സാമുദായികത എന്നര്‍ഥം പറയേണ്ടിടത്തും വാക്ക് കമ്യൂണലിസമാണെന്ന മറവില്‍ വര്‍ഗീയത എന്ന അര്‍ഥം നല്‍കി രണ്ടിനെയും കൂട്ടിക്കുഴച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് നിഷ്‌കളങ്കത തന്നെയോ?
ഒരു സമൂഹം ബാഹ്യലോകത്ത് നിന്ന് തങ്ങളെ ഒറ്റപ്പെടുത്തി ആവൃതമാവുകയെന്ന ആശയം അതിന്റെ ഏറ്റവും ചീത്തയായ അര്‍ഥത്തില്‍ പോലും വര്‍ഗീയതയാവുകയില്ല. വര്‍ഗീയത തീര്‍ത്തും വ്യത്യസ്തമായ ഒരു സാമൂഹ്യ പ്രതിഭാസമാണ്.
സാമുദായികതയും സാമൂഹ്യബോധവും
സാമുദായികതയെ വര്‍ഗീയതയായി ചിത്രീകരിക്കുന്നതു കൊണ്ട് വര്‍ഗീയവാദികള്‍ക്കും മതനിഷേധികളായ കമ്യൂണിസ്റ്റുകളാദി വിഭാഗങ്ങള്‍ക്കും നേട്ടങ്ങളുണ്ട്. ഒരുപക്ഷേ അവര്‍ക്കു മാത്രമെ നേട്ടങ്ങളുള്ളൂ. മുസ്‌ലിം സമുദായത്തിന് ഏതായാലും നേട്ടങ്ങളില്ല. ആദ്യത്തെ കൂട്ടര്‍ക്ക് നടേ പറഞ്ഞതുപോലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കിത് ന്യായീകരണമായിത്തീരുന്നു.
രണ്ടാമത്തെ കൂട്ടര്‍ക്ക് സമൂഹത്തില്‍ ആധിപത്യം നേടാന്‍ ഇത് ആവശ്യമാണ് താനും. മതത്തിന്റെ സംഘടിത സ്വഭാവം തകര്‍ന്നെങ്കില്‍ മാത്രമേ ഒരു സാമൂഹ്യാധാരയെന്ന പദവി മതത്തിന് നഷ്ടമാവുകയുള്ളൂ. അപ്പോള്‍ മാത്രമേ സമ്പദ്ഘടന സമൂഹത്തിന്റെ ആധാരമായി മാറിക്കിട്ടുകയുള്ളൂ, ഉല്പാദനബന്ധങ്ങളിലധിഷ്ഠിതമായ വര്‍ഗീകരണം അപ്പോഴേ സാധ്യമാവുകയുള്ളൂ.
ഇത്തരമൊരു സമൂഹത്തില്‍ മാത്രമേ ഇതിനുവേണ്ടി തട്ടിപ്പടച്ചുണ്ടാക്കിയ പ്രത്യയ ശാസ്ത്രങ്ങള്‍ വിറ്റഴിയുകയുള്ളൂ, അതു കൊണ്ട് മതം വ്യക്തിയിലേക്ക് ചുരുങ്ങണം. വ്യക്തിയിലേക്ക് മതം ചുരുങ്ങുകയെന്നാല്‍ മതം നിര്‍ജ്ജീവമാവുകയെന്നാണര്‍ഥം. ഒരു വ്യക്തിയുടെ ആത്മീയമായ വിഹ്വലതകളുടെ മച്ചിന്‍പുറത്തേക്ക് മതത്തെ ഒതുക്കിത്തീര്‍ത്ത് കഴിഞ്ഞാല്‍ ഈ ജീവിതവുമായി ബന്ധമറ്റ് അത് ആരാധനാചടങ്ങുകളില്‍ അല്പകാലം, ചുരുണ്ടുകൂടിക്കിടക്കും.
അവസാനം ഗത്യന്തരമില്ലാതെ അത് അയാളെയും വിട്ട് ഒഴിഞ്ഞുപോയ്‌ക്കൊള്ളും. ഇതിനാണ് മാര്‍ക്‌സിസ്റ്റുകള്‍ ഈ മാറ്റത്തിന് മുറവിളി കൂട്ടുന്നത്. ഭൂരിപക്ഷ വര്‍ഗീയത, ന്യൂനപക്ഷ വര്‍ഗീയത എന്നു തുടങ്ങിയുള്ള അവരുടെ നിരര്‍ഥകങ്ങളായ പ്രയോഗങ്ങളുടെയും താല്പര്യമിതുതന്നെ. ബ്രാഹ്മണവല്‍കരിക്കപ്പെട്ട ഇന്ത്യന്‍ മാര്‍ക്‌സിസത്തിന്റെ ഈ ആഗ്രഹത്തിന് ഇരുതലമൂര്‍ച്ചയുണ്ട് താനും.
ബാഹ്യലോകത്തിന്റെ വളര്‍ച്ചക്കെതിരായി ഒരു മതവിഭാഗം തീര്‍ക്കുന്ന കോട്ടയാണ് കമ്യൂണലിസം എന്ന് ഇനിയേതര്‍ഥത്തില്‍ പറഞ്ഞാലും ആ നിര്‍വചനത്തിന്റെ കര്‍ത്താക്കളുടെ സൈദ്ധാന്തികാടിത്തറ ദുര്‍ബലമാണെന്നു പറയാതെ വയ്യ. ബാഹ്യലോകത്തിന്റെ വളര്‍ച്ചയെന്ന പ്രയോഗം തന്നെ അമൂര്‍ത്തമാണ്. വളര്‍ച്ചയെക്കുറിച്ചുള്ള സങ്കല്പം ആപേക്ഷികവുമാണ്.
'കാളവണ്ടിയില്‍ നിന്ന് കാഡിലാക്കി'ലേക്കുള്ള മാറ്റമാണ് വളര്‍ച്ചകൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ അത് ഈ വിഷയവുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യേണ്ട കാര്യമേയല്ല. കാറിന്റെ യന്ത്ര നിയമങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ഉരുവപ്പെടുത്തുന്ന നിയമ നിര്‍മ്മാണങ്ങളാണെങ്കിലോ, അതു വളര്‍ച്ചയല്ല; തളര്‍ച്ചയാണ് താനും.
സാമുദായികതയും ഇസ്‌ലാമും
സത്യത്തേയും അസത്യത്തേയും വേര്‍തിരിച്ചപോലെത്തന്നെ ഇസ്‌ലാം സത്യത്തിന്റെ വക്താക്കളേയും വേര്‍തിരിക്കുകയും വേര്‍തിരിഞ്ഞുതന്നെ നില്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം വ്യക്തിത്വത്തെ അവഗണിച്ചുകൊണ്ടുള്ള ഒരു കൂടിച്ചേരലിനും സംലയനത്തിനും ഇസ്‌ലാം അനുവദിക്കുന്നില്ല.
ചുറ്റുപാടുകളുടെ വികാസത്തിനും വളര്‍ച്ചക്കുമെതിരിലുള്ള ചുറ്റുവേലിയല്ല ഇത്. സ്വയം പര്യാപ്തതയിലും സമ്പൂര്‍ണ്ണതയിലുമുള്ള വിശ്വാസമായിരിക്കണം ഇതിന്റെ പ്രേരണ. സ്വന്തം ഔന്നത്യത്തെക്കുറിച്ചുള്ള ഒരു വെറും ബോധം മാത്രമായിരിക്കരുത് അത്. മറിച്ച് ജീവിതം ആദര്‍ശത്തിന്റെ പ്രായോഗികരൂപമാവുകയും ആരേയും മോഹിപ്പിക്കുന്നവിധം മാതൃകായോഗ്യമായിരിക്കുകയും വേണം.
വര്‍ഗീയതയെക്കുറിച്ച്, അതിന്റെ ഏറ്റവും ബീഭത്സമായ രൂപം നിലനില്ക്കുന്ന ഇന്ത്യയില്‍ കാര്യമായൊരു പഠനവും നടന്നിട്ടില്ലെന്നത് നാം ഓര്‍ക്കേണ്ടതാണ്.
അതോടൊപ്പം പരപുച്ഛവും വിദ്വേഷവുമായിരിക്കരുത് വ്യതിരിക്തതാ ഭാവത്തിന്റെ കാതല്‍. അത് പരാനുകമ്പയിലും സഹതാപ ത്തിലും ഗുണകാംക്ഷയിലും അധിഷ്ഠിതമായിരിക്കണം. സാമുദായികത ഇതര സമൂഹങ്ങള്‍ക്കിടയില്‍ പ്രകടിപ്പിക്കപ്പെടുമ്പോള്‍ അതിനുപര്യുക്ത ഭാവത്തിനു പുറമെ പ്രതിരോധത്തിന്റേയും ഉല്‍ക്കര്‍ഷേച്ഛയുടേയുമായ ഭാവങ്ങള്‍ കൂടി കൈവരിക സ്വാഭാവികമാണ്.
സ്വന്തം അസ്തിത്വം, അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ സംരക്ഷിച്ചു നിര്‍ത്തണമെങ്കില്‍ ഭീഷണികള്‍ക്കെതിരായി പ്രതിരോധത്തിന്റെ മാര്‍ഗം സന്ദര്‍ഭത്തിനും സാഹചര്യങ്ങള്‍ക്കുമനുസൃതം സ്വീകരിക്കേണ്ടതായി വരും. ഇന്ത്യയിലെ ശരീഅത്ത് വിവാദങ്ങളിലും മറ്റും മുസ്‌ലിംകള്‍ സ്വീകരിച്ച നിലപാട് മനസ്സിലാക്കണമെങ്കില്‍ ഇതാദ്യം അംഗീകരിക്കണം.
പ്രതിരോധത്തിന്റെ മാര്‍ഗങ്ങളുടെ കാര്യത്തില്‍ അടിസ്ഥാനപരമായി വിട്ടുവീഴ്ചയില്ലാത്ത വിധം അഭിപ്രായഭേദങ്ങളാവാം. പക്ഷേ പ്രതിരോധത്തിന്റെ അനുവാര്യതയുടെ കാര്യത്തില്‍ ചര്‍ച്ച ഉത്ഭവിക്കുന്നേയില്ല.
അതുപോലെത്തന്നെ സ്വന്തം അസ്തിത്വത്തിന് ഒരൂനവും തട്ടാതെ സമുദായത്തിന്റെ ഭൗതികമായ വളര്‍ച്ചക്കുളള ഇച്ഛയുടെ കാര്യത്തിലും സാമുദായികത അതിന്റെ പങ്ക് വഹിക്കും.
അര്‍ഹമായ അവകാശങ്ങള്‍ ജനാധിപത്യം പോലുള്ള സൗകര്യങ്ങളുപയോഗിച്ച് ആരെങ്കിലും നിഷേധിക്കുമ്പോഴും അതിന്നെതിരെ അവഗണനയുണ്ടാകുമ്പോഴും സമുദായത്തിന്റെ പേരിലുയരുന്ന ശബ്ദത്തെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിച്ചത് കൊണ്ട് ഫലമുണ്ടെന്ന് തോന്നുന്നില്ല. ഒരു സമൂഹത്തിന്റെ ഉല്‍ക്കര്‍ഷേച്ഛയായി മാത്രമതിനെ കണ്ടാല്‍ മതി. വളര്‍ച്ച വേണമെങ്കില്‍ സ്വന്തം അസ്തിത്വം ത്യജിച്ച് ചുറ്റുപാടുകളില്‍ ലയിക്കണമെന്ന് വാശിപിടിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുന്നത്.
സാഹോദര്യവും ഇസ്‌ലാമും
സാമുദായികത മനുഷ്യസാഹോദര്യത്തിന്നെതിരായ ബോധമാണോ? അല്ലെന്ന് ഖുര്‍ആന്‍ പരിശോധിച്ചാല്‍ കാണാവുന്നതാണ്. ജൈവവും അജൈവവുമായ, അല്ലാഹുവിന്റെ എല്ലാ സ്യഷ്ടികളേയും സ്‌നേഹിക്കുകയും അവയോടൊക്കെ കരുണ കാണിക്കുകയും ചെയ്യണമെന്നാണ് ഖുര്‍ആനും നബിചര്യയും മനുഷ്യനെ പഠിപ്പിക്കുന്നത്.
പ്രകൃതിയിലെ ഒരു വസ്തുവിനേയും ആവശ്യമില്ലാതെ നശിപ്പിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അത്‌പോലെ ജീവജാലങ്ങളിലൊന്നിനെയും മനുഷ്യന് അനാവശ്യമായി ഉപദ്രവിക്കാന്‍ പാടില്ലെന്ന് മാത്രമല്ല അവയെ അര്‍ഹിക്കുന്ന വിധം സ്‌നേഹിക്കുകയും അവയോട് കരുണ കാണിക്കുകയും വേണം. ഒരു ചാവാലിപ്പട്ടിയുടെ ദാഹം ത്യാഗപൂര്‍വ്വം തീര്‍ത്തുകൊടുത്ത ദുര്‍വൃത്തയായ ഒരുവള്‍ സ്വര്‍ഗാവകാശിയായിത്തീര്‍ന്നെന്നുണര്‍ത്തുന്ന പ്രവാചകവചനം ഇസ്‌ലാമിലെ സഹജീവി സ്‌നേഹത്തിന്റെ പ്രഖ്യാപനമാണ്.
മനുഷ്യര്‍ തമ്മില്‍ യാതൊരന്തരവുമില്ലെന്നും ഒരൊറ്റ ജൈവ ഉറവയില്‍ നിന്ന് പിറവിയെടുത്തവരാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഇതു പ്രധാനമായും നിരാകരിക്കുന്നത് ജൈവ പരമായുള്ള അന്തരങ്ങളെയും ഉച്ചനീചത്വങ്ങളെയുമാണ്. ഒരു ജീവിയെന്ന നിലക്ക് മനുഷ്യര്‍ ഒരു പിതാവിന്റെയും മാതാവിന്റെയും സന്താനങ്ങളാണ്. ആ നിലയില്‍ സഹോദരന്മാരുമാണ്.
സഹജീവിസ്‌നേഹത്തിന്റെ കുറേക്കൂടി ഉന്നതമായ രൂപമാണിത്. എന്നാല്‍ ഇസ്‌ലാമില്‍ ഇനിയൊരു സാഹോദര്യഭാവന കൂടിയുണ്ട്. രക്ത ബന്ധത്തെക്കാള്‍ ഉപരിയാണ് ആദര്‍ശത്തിന്റെ ബന്ധമെന്നും അതാണേറ്റവും ഉന്നതമായ സാഹോദര്യ ബന്ധമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. 'സത്യവിശ്വാസികള്‍ സഹോദരന്മാര്‍ മാത്രമാകുന്നു'വെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.
മനുഷ്യര്‍ തമ്മിലുള്ള ഏറ്റവും ശക്തവും ഉദാത്തവുമായ ബന്ധമിതാണ് ഖുര്‍ആന്റെ കണ്ണില്‍. സാഹോദര്യ ബോധത്തിന്റെ ഈ തലവും കൂടി ചേര്‍ത്തുവെച്ചു കൊണ്ടു വേണം ഇസ്‌ലാമിന്റെ സാഹോദര്യഭാവന വിലയിരുത്തേണ്ടത്. മനുഷ്യനൊന്നാണ്. അതേസമയം സത്യത്തെ പ്രാപിച്ചവന്‍ അത് പ്രാപിക്കാത്തവനേക്കാള്‍ ഉന്നതനാണ്.
മനുഷ്യനൊന്നാണ് എന്ന ആശയവും മനുഷ്യന്റെയൊക്കെ വിശ്വാസങ്ങള്‍ ഒന്നാണ് എന്ന ആശയവും തമ്മില്‍ അനന്യമാക്കുന്നത് അനുവദനീയമല്ല. ജൈവപരമായ സാഹോദര്യം ആദര്‍ശപരമായ സാഹോദര്യത്തിലേക്കുള്ള ചവിട്ടുപടിയാകുന്നേയുള്ളൂ, രണ്ടും ഒന്നാണെന്ന ആശയത്തിലേക്ക് നയിക്കുന്ന വിശ്വാസമാകുന്നില്ല.
ആശയപരമായ നിംനോന്നതികളെപ്പറ്റിയുള്ള ധാരണ പിന്തിരിപ്പനോ, മനുഷ്യബുദ്ധിക്കു നിരക്കാത്തതോ, ഇസ്‌ലാമിനന്യമോ അല്ല. മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വബോധത്തിന് ഇങ്ങനെ ഒരു തലം കൂടിയുണ്ട്. സാമുദായികതയില്‍ ഇതും ഉള്‍പ്പെടുന്നു.
അല്ലാമാ ഇഖ്ബാലിന്റെ വരികള്‍ നോക്കൂ: 'മഞ്ഞുതുള്ളിയെ മഹാസമുദ്രം മാടിവിളിച്ചു. വാ എന്റെ വിശാലമായ മടിത്തട്ടില്‍ ഞാന്‍ നിനക്കഭയമരുളാം. മഞ്ഞു തുള്ളി പറഞ്ഞു. ചുട്ടുപഴുത്ത മണലാരണ്യത്തില്‍ പതിച്ച് നശിച്ചാലും നിന്റെ ഉണ്മയില്‍ എന്റെ സ്വത്വം വിലയിപ്പിക്കാന്‍ ഞാനില്ല'. ഈ മഞ്ഞുതുള്ളിയാണ് അതിന്റെ ദാര്‍ശനികമായ അര്‍ഥത്തില്‍ സാമുദായികത. നികൃഷ്ട വികാരമായ വര്‍ഗീയതയുമായി അതിനെ കുട്ടിക്കുഴക്കുന്നവര്‍ ചെയ്യുന്നത് അതുകൊണ്ടുതന്നെ മഹാപാതകമാണ്.
(1990 ഫെബ്രുവരി 16)
