വര്‍ഗീയതയും നിര്‍മതത്വവും


ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

യഥാര്‍ഥ മതവും ദൈവവും മനുഷ്യരെ തമ്മിലടിപ്പിക്കുകയാണോ അടുപ്പിക്കുകയാണോ ചെയ്തിട്ടുള്ളതെന്നു വിലയിരുത്തണം. മതവും ദൈവവുമാണോ അതല്ല മറ്റേതെങ്കിലും ഘടകമാണോ കലഹങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വഴിവെക്കുന്നത്?

'മതം സമുദായത്തെ സൃഷ്ടിക്കുന്നു. സമുദായം സാമുദായികത അഥവാ വര്‍ഗീയത സൃഷ്ടിക്കുന്നു. വര്‍ഗീയത സംഘര്‍ഷവും സ്പര്‍ധയും സൃഷ്ടിക്കുന്നു. രക്തച്ചൊരിച്ചിലിലേക്കും കലാപങ്ങളിലേക്കും നയിക്കുന്നു. അതുകൊണ്ട് മതവും ദൈവവും പിഴുതെറിയപ്പെട്ടാലേ മനുഷ്യനു മുക്തിയുള്ളൂ.

മതരഹിതമായ ഒരു സമൂഹം മാത്രമേ മാനവികതയെ ഉയര്‍ത്തിപ്പിടിക്കൂ. മതത്തിനും ജാതിക്കും അതീതമായ ഒരു വര്‍ഗഘടന മാത്രമേ കലാപങ്ങള്‍ക്കും കഥയില്ലായ്മകള്‍ക്കും അറുതി വരുത്തൂ. മതവിശ്വാസിക്ക് ഒരിക്കലും സങ്കുചിതത്വത്തില്‍ നിന്നു മോചനമില്ല.'

മതരഹിത ഭൗതിക-രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ക്ക് വര്‍ഗീയതയെന്ന വിപത്തിനെപ്പറ്റി പറയാനുള്ളത് മിക്കവാറും ഇങ്ങനെയാണ്. ശൈലികളിലും അവതരണ ക്രമങ്ങളിലുമൊക്കെ അല്പസ്വല്പം ഭിന്നത കണ്ടേക്കാമെന്നു മാത്രം. കാര്യങ്ങളെ ഭൗതികമാത്രമായ വീക്ഷണകോണിലൂടെ നോക്കിക്കാണാന്‍ ശീലിച്ച ശുദ്ധഹൃദയരായ പലരും ഈ ന്യായവാദത്തില്‍ ആകൃഷ്ടരാകുന്നു.

മൂക്കിനു നേരെ കാണുന്നതിനപ്പുറമുള്ള എന്തിലും യുക്തിഭംഗം ദര്‍ശിക്കുന്ന യുക്തിവാദികള്‍ക്ക് ഇത് വേദവാക്യമാണ്. അതുകൊണ്ടാണല്ലോ യുക്തിവാദി സിംപോസിയങ്ങളില്‍ വിഷയം അവതരിപ്പിക്കുന്നവര്‍ വര്‍ഗീയ ലഹളകളില്‍ നിന്നു 'റാഷനലിസ'ത്തിലേക്ക് റോഡ് വെട്ടാന്‍ തുടങ്ങുന്നത്.

എന്നാല്‍ മതവിശ്വാസികളും, ഏതെങ്കിലും സിദ്ധാന്തത്തോട് പക്ഷപാതിത്തമൊന്നും ഇല്ലാത്തവരും ചെയ്യേണ്ടത് ഭൂതകാല ചരിത്രത്തിന്റെയും വര്‍ത്തമാനകാല സംഭവവികാസങ്ങളുടെയും വെളിച്ചത്തില്‍ ഈ ന്യായവാദത്തിന്റെ വാസ്തവികതയെപ്പറ്റി സൂക്ഷ്മ പരിശോധന നടത്തുകയാണ്. അതെ, യഥാര്‍ഥ മതവും ദൈവവും മനുഷ്യരെ തമ്മിലടിപ്പിക്കുകയാണോ അടുപ്പിക്കുകയാണോ ചെയ്തിട്ടുള്ളതെന്നും കൃത്യമായി വിലയിരുത്തണം. മതവും ദൈവവുമാണോ അതല്ല മറ്റേതെങ്കിലും ഘടകമാണോ കലഹങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വഴിവെക്കുന്നതെന്നും വിവേചിച്ചറിയണം.

വര്‍ഗീയതയ്ക്ക് വിരാമമിട്ടത് ഇസ്‌ലാം

ആദ്യമായി നമുക്ക് ഇന്ത്യയിലെ വര്‍ഗീയ ലഹളകളിലെ ഒരു വലിയ വില്ലനായി ചിലര്‍ ചിത്രീകരിക്കാറുള്ള ഇസ്‌ലാമിന്റെ ചരിത്രം പരിശോധിക്കാം. 14 നൂറ്റാണ്ടുകള്‍ക്കപ്പുറം മുഹമ്മദ് നബി(സ)യുടെ പ്രഥമ അഭിസംബോധിതരായിരുന്ന അറബികളുടെ അവസ്ഥ എന്തായിരുന്നു? അവിടെ മതത്തിന്റെയോ ദൈവത്തിന്റെയോ പേരില്‍ വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങള്‍ കാര്യമായൊന്നും നടന്നിരുന്നില്ല.

റെഡ് ഇന്ത്യന്‍ ജനതയെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കാന്‍ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത വെള്ളക്കാരെ പ്രേരിപ്പിച്ചത് മതവും ദൈവവുമാണോ?

സംഘടിത മതമെന്നോ വ്യവസ്ഥാപിത സമുദായമെന്നോ പറയാവുന്നതൊന്നും അവിടെ ശക്തി പ്രാപിച്ചിരുന്നില്ല. മതമുക്തമായ ഭൗതിക സംസ്‌കാരവും സാഹിത്യവുമൊക്കെയായിരുന്നു അവിടെ ജനഹൃദയങ്ങളെ കൂടുതല്‍ സ്വാധീനിച്ചിരുന്നത്. എന്നിട്ടും അവിടെ കലാപമൊഴിഞ്ഞ കാലമുണ്ടായിരുന്നില്ല. പ്രദേശങ്ങള്‍ തമ്മില്‍, ഗോത്രങ്ങളും കുടുംബങ്ങളും തമ്മില്‍ ഒടുങ്ങാത്ത പകയും അടങ്ങാത്ത കലാപങ്ങളും. ഈ സംഘട്ടനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും എങ്ങനെ അയവു വന്നു?

'മനുഷ്യരേ, നിങ്ങളെല്ലാം പരമകാരുണികനായ ദൈവത്തിന്റെ ദാസന്മാരാകുന്നു. ദയാപരനായ പ്രപഞ്ചനാഥന്‍ നിങ്ങളോട് കാണിച്ച കാരുണ്യത്തിനുള്ള കൃതജ്ഞത മറ്റു മനുഷ്യരോടുള്ള നിങ്ങളുടെ സമീപനത്തില്‍ നിഴലിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ യഥാര്‍ഥ മനുഷ്യരാകൂ. കുടിപ്പകയും സങ്കുചിത പക്ഷപാതിത്വങ്ങളും മനുഷ്യത്വത്തിനു നിരക്കാത്തതാകുന്നു. ഏകദൈവ വിശ്വാസത്തില്‍ നിങ്ങള്‍ ഏക സമുദായമായി മാറുക' എന്ന ഇസ്‌ലാമിന്റെ ആഹ്വാനം മാത്രമാണ് ബദ്ധവൈരികളായിരുന്ന ഗോത്രാംഗങ്ങളെ ആത്മമിത്രങ്ങളാക്കി പരിവര്‍ത്തിപ്പിച്ചത്.

വിശുദ്ധ ഖുര്‍ആന്‍ പല വചനങ്ങളിലും ഈ വസ്തുതയിലേക്ക് വെളിച്ചം വീശിയിട്ടുണ്ട്. ഭൗതികശക്തികള്‍ക്കോ ദര്‍ശനങ്ങള്‍ക്കോ ഇത് സാധിക്കുമായിരുന്നില്ല. ഒരിക്കലും സാധിക്കുകയുമില്ല. ഖുര്‍ആന്‍ പറയുന്നു: ''ഭൂമുഖത്തുള്ളതെല്ലാം ചെലവഴിച്ചാലും താങ്കള്‍ക്ക് അവരുടെ ഹൃദയങ്ങളെ കൂട്ടിയിണക്കാന്‍ കഴിയുമായിരുന്നില്ല.''

വര്‍ഗീയ ലഹളകളുടെ ഉറവിടം

യഥാര്‍ഥത്തില്‍ ദൈവവിശ്വാസം ആരെയെങ്കിലും ലഹളക്കാരനാക്കിയിട്ടുണ്ടോ? ദുര്‍വാശിക്കാരും ശാഠ്യക്കാരുമൊക്കെ സൗമ്യശീലരായി മാറിയ കഥകളാണ് വിശ്വാസത്തിന്റെ ചരിത്രം ചുരുള്‍ നിവര്‍ത്തി കാണിക്കുന്നത്.

ആര്‍ത്തരുടെയും ആലംബഹീനരുടെയും ദീനവിലാപം അറേബ്യയുടെ വിദൂര കോണുകളിലെവിടെ നിന്നെങ്കിലും ഉയര്‍ന്നുകേള്‍ക്കുന്നുണ്ടോ എന്നു ചെവിയോര്‍ത്തുകൊണ്ട് പാതിരാവുകളില്‍ ഉറക്കമിളച്ചു ചുറ്റിനടന്ന ഇസ്‌ലാമിലെ രണ്ടാം ഖലീഫ ഉമര്‍(റ) ഏകദൈവവിശ്വാസം മനസ്സില്‍ രൂഢമൂലമാകുന്നതിനു മുമ്പ് ഏതു തരക്കാരനായിരുന്നു? കണ്ണില്‍ ചോരയില്ലാത്ത പരുഷസ്വഭാവിയായിരുന്ന അദ്ദേഹത്തെ വിനീതനും ആര്‍ദ്രചിത്തനുമായി പരിവര്‍ത്തിപ്പിച്ചത് മതമോ മതേതരത്വമോ?

ഭൗതികത്വത്തിന്റെ സന്തതി

ദൈവത്തെയും മതത്തെയും വിറ്റു കാശാക്കി വയറു നിറയ്ക്കാന്‍ ശ്രമിക്കുന്ന ദുന്‍യാപൂജകരും, വിശ്വാസികളുടെ വികാരങ്ങളെ പരമാവധി ചൂഷണം ചെയ്ത് അധികാരത്തിലേക്ക് കുറുക്കുവഴികള്‍ തേടുന്ന രാഷ്ട്രീയ സാഹസികരും ബാലറ്റ് യുദ്ധത്തില്‍ ഒരു കൈനോക്കാന്‍ വേണ്ടി തീറ്റിപ്പോറ്റി വളര്‍ത്തപ്പെടുന്ന ദാദമാരും ചേര്‍ന്നാണ് വര്‍ഗീയ വേതാളത്തെ അഴിച്ചുവിടുന്നത്. യഥാര്‍ഥ മതമോ മതവിശ്വാസികളോ ഒരിക്കലും കലാപങ്ങള്‍ക്ക് കൊടിപിടിച്ചിട്ടില്ല.

പള്ളികളിലെ ഇമാമുകളോ ക്ഷേത്രങ്ങളിലെ ശാന്തിക്കാരോ ചര്‍ച്ചുകളിലെ വൈദികരോ അല്ല ലഹളകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ജനാധിപത്യ-മതേതരത്വ വ്യവസ്ഥിതിയിലെ യുഗപുരുഷന്മാരോ അവധൂതന്മാരോ ആയി സ്വയം ചമയുന്ന രാഷ്ട്രീയക്കാരുടെ കരങ്ങളാണ് എല്ലാ ലഹളകളുടെയും പിന്നില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സാമുദായിക രാഷ്ട്രീയക്കാര്‍ക്കു മാത്രമല്ല, ദേശീയ രാഷ്ട്രീയക്കാര്‍ക്കും ഇടതുപക്ഷ വിപ്ലവപ്പാര്‍ട്ടികള്‍ക്കും വരെ ആ രക്തത്തില്‍ പങ്കുണ്ട്.

മതവും ദൈവവും പോയാലും

ലോക ചരിത്രത്തില്‍ മതവും സമുദായവും മാത്രമാണോ ഭിന്നിപ്പ് വളര്‍ത്തുന്ന ഘടകങ്ങളായി തെളിയിക്കപ്പെട്ടിട്ടുള്ളത്? റെഡ് ഇന്ത്യന്‍ ജനതയെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കാന്‍ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത വെള്ളക്കാരെ പ്രേരിപ്പിച്ചത് മതവും ദൈവവുമാണോ? കുരിശുയുദ്ധങ്ങളേക്കാള്‍ കൂടുതല്‍ മനുഷ്യരെ കൊന്നൊടുക്കിയ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ നടന്നത് മതത്തിന്റെ പേരിലാണോ? ദൈവത്തെയും മതത്തെയും പുറംതള്ളി പകരം പ്രതിഷ്ഠിച്ച ദേശീയത എന്ന ഭൗതിക മതമാണ് ഈ മഹാ ദുരന്തങ്ങള്‍ക്ക് വഴിവെച്ചത്.

മതത്തിന്റെ രക്തം തങ്ങളുടെ സിരകളില്‍ കൂടി സഞ്ചരിക്കുന്നില്ലെന്നും, തങ്ങളുടെ രക്തം വിശുദ്ധ മാനവ രക്തമാണെന്നും മുദ്രാവാക്യം മുഴക്കുന്നവര്‍ അധികാരത്തിലെത്തിയ എല്ലാ മേഖലകളിലും ചരിത്രത്തില്‍ തുല്യതയില്ലാത്ത ആഭ്യന്തര യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്, നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഇതിന് ആരാണ് ഉത്തരവാദി? മതമോ മതനിഷേധമോ അതോ മറ്റു വല്ലതുമോ?

ആടിനെ പട്ടിയാക്കുന്ന മതവിരുദ്ധ പ്രചാരണം അശാന്തിയിലേക്കും അരാജകത്വത്തിലേക്കും മാത്രമേ മനുഷ്യനെ നയിക്കൂ. ലോകത്ത് അവശേഷിക്കുന്ന നന്മയുടെ ഏത് അംശവും മതങ്ങളുടെ സംഭാവനയാണ്.

തൊഴിലാളി വര്‍ഗത്തിന്റെയും മതമുക്ത സമൂഹത്തിന്റെയും വിശുദ്ധ മാനവികതയുടെയും പേരില്‍ സാര്‍ ചക്രവര്‍ത്തിയെ പുറംതള്ളിയ മെന്‍ഷെവിക്കുകളും ബോള്‍ഷെവിക്കുകളും തമ്മില്‍ റഷ്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും മുഴുക്കെ നടന്ന, നാലു കൊല്ലം നീണ്ടുനിന്നതും രണ്ടു കോടി മനുഷ്യ ജീവനുകള്‍ ഹോമിച്ചതുമായ ആഭ്യന്തര യുദ്ധം, മതം പോയാലും കലഹം തീരുകയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ?

തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും ശാസ്ത്രീയ സോഷ്യലിസവും ആദര്‍ശമായി അംഗീകരിച്ച ചൈന അതേ ആദര്‍ശം തന്നെ അംഗീകരിച്ച സോവിയറ്റ് യൂനിയനെ ബദ്ധശത്രുവായി കരുതുന്നു. അമേരിക്കയിലെ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ ഭരണകൂടത്തെ സ്‌നേഹിക്കാനും യാങ്കികളുമായി സല്ലപിക്കാനും തങ്ങളുടെ വര്‍ഗബോധം ഒരു തടസ്സമായി ചൈനക്കാര്‍ കരുതുന്നില്ല.

സര്‍വരാജ്യത്തൊഴിലാളികള്‍ ആരുടെ കൂടെ നില്‍ക്കണം? ചൈനീസ് സഖാവിനെതിരെ ഏത് ചെകുത്താനെയും കൂട്ടുപിടിക്കാന്‍ തയ്യാറുള്ള റഷ്യന്‍ കോമ്രേഡിന്റെ കൂടെയോ, ക്രെംലിനെതിരെ അമേരിക്കന്‍ മുതലാളിത്ത ദുര്‍ഭൂതത്തിന്റെ സഹായം തേടാന്‍ അശേഷം മടിക്കാത്ത ചൈനീസ് സഖാവിന്റെ കൂടെയോ?

മതത്തെയും ദൈവത്തെയും തോല്‍പിച്ചുവെന്ന് അഹങ്കരിച്ച പോള്‍ പോട്ടും ഹെങ് സാമരിനും കൂടി കമ്പൂച്ചിയയില്‍ നീണ്ടുനീണ്ടുപോകുന്ന യുദ്ധത്തിലേക്ക് ചെന്നെത്തിയത് എന്തുകൊണ്ട്? വിയറ്റ്‌നാമിലെ ചൈനീസ് വംശജരായ ലക്ഷക്കണക്കിനു ശുദ്ധ സോഷ്യലിസ്റ്റുകള്‍ ശാന്തസമുദ്രത്തിലെ ഉപ്പുവെള്ളം കുടിച്ചു മരിക്കാന്‍ ഇടവരുത്തിയ വിധിവൈപരീത്യം മതത്തിന്റെ സംഭാവനയാണോ?

ഇതെല്ലാം നമ്മെ എന്താണ് പഠിപ്പിക്കുന്നത്? ഭൗതിക പ്രമത്തതയും അധികാര ദുര്‍മോഹവും അഹങ്കാരവും ദുരഭിമാനവും സങ്കുചിതത്വവും മറ്റു പല തിന്മകളും കൂടി സൃഷ്ടിക്കുന്നതാണ് ലോകത്ത് ഉടലെടുക്കുന്ന സംഘട്ടനങ്ങളും സംഘര്‍ഷങ്ങളുമെല്ലാം. ദൈവദൂതന്മാരും അവരുടെ യഥാര്‍ഥ അനുയായികളും ഒരിക്കലും ഇത്തരം ദുരന്തങ്ങള്‍ക്ക് വഴിവെച്ചിട്ടില്ല.

ആടിനെ പട്ടിയാക്കുന്ന മതവിരുദ്ധ പ്രചാരണം അശാന്തിയിലേക്കും അരാജകത്വത്തിലേക്കും മാത്രമേ മനുഷ്യനെ നയിക്കൂ. ലോകത്ത് അവശേഷിക്കുന്ന നന്മയുടെ ഏത് അംശവും മതങ്ങളുടെ സംഭാവനയാണ്. സത്യസന്ധത, നിഷ്‌കളങ്കത, ചാരിത്രശുദ്ധി, ത്യാഗസന്നദ്ധത തുടങ്ങിയ മൂല്യങ്ങളെപ്പറ്റി മനുഷ്യരാശിയെ പഠിപ്പിച്ചതും ഭൗതികന്മാരും മാനവികന്മാരുമല്ല, മതപ്രവാചകന്മാരാണ്. അവരുടെ അധ്യാപനങ്ങളുടെ അഭംഗുരതയാണ് ഇന്നും എന്നും ലോകത്തിന്റെ ഏക ആശാപാശം.

ഒരു നൂറ്റാണ്ട് പ്രായമായപ്പോഴേക്ക് പരസ്പരം ശത്രുതയും വൈരാഗ്യവും പുലര്‍ത്തുന്ന ആയിരക്കണക്കിനു ഗ്രൂപ്പുകളായി പിരിഞ്ഞ് പരസ്പരം തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് കോമാളിവേഷങ്ങളുടെ ദൈവരഹിത മതമാണോ, വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഏകദൈവത്തെപ്പറ്റി ഏകസ്വരത്തില്‍ സംസാരിച്ച ദൈവദൂതന്മാരുടെ മതമാണോ മനുഷ്യന് വിശ്വാസമര്‍പ്പിക്കാവുന്ന ആദര്‍ശമെന്ന് മുന്‍വിധി കൂടാതെ പരിശോധിക്കുകയത്രേ മനുഷ്യ ധര്‍മം.

(1981 ജനുവരി 2)