മൂന്നാം സഹസ്രാബ്ദത്തിന് മാതൃകാ സാമ്പത്തിക വ്യവസ്ഥ


  • ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

ഉല്‍പന്നങ്ങളും സേവനങ്ങളും എപ്രകാരമാണ് സമൂഹത്തിലെ ഭിന്നവര്‍ഗങ്ങള്‍ വീതിക്കേണ്ടത്? ഫലം അര്‍ഹരായവരില്‍ എപ്രകാരമാണ് വിതരണം ചെയ്യേണ്ടത്?

''പരിമിതമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി വൈവിധ്യമാര്‍ന്ന സ്വകാര്യവും പൊതുവുമായ ആവശ്യങ്ങളെയും സേവനങ്ങളെയും ലഭ്യമാക്കാനുള്ള സങ്കീര്‍ണമല്ലാത്ത ഒരു മാതൃകാ സംവിധാനത്തെയാണ് വ്യവസ്ഥ കൊണ്ട് വിവക്ഷിക്കപ്പെടുന്നത്''- മാന്വല്‍ ഗ്വാട്ട് ലീബ്.

ഒരു മാതൃകാ സാമ്പത്തിക സംവിധാനം ഇനി പറയുന്ന കര്‍ത്തവ്യങ്ങള്‍ നിറവേറ്റേണ്ടിയിരിക്കുന്നു:

എന്താണ് ഉല്‍പാദിപ്പിക്കേണ്ടതെന്നതാണ് ഒന്നാമത്തെ പ്രശ്‌നം. ഒരു നിശ്ചിത സമയത്ത് വൈവിധ്യമാര്‍ന്ന നിരവധി ആവശ്യങ്ങള്‍ ഒരുവശത്തും അവ ലഭ്യമാക്കാനുള്ള പരിമിതമായ വിഭവങ്ങള്‍ മറുവശത്തുമായി നിലകൊള്ളുന്ന ഒരു വ്യക്തിക്ക്, സമൂഹത്തിന് ആവശ്യമായ ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ വളരെയേറെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഒരു ഫാസിസ്റ്റ് വ്യവസ്ഥയില്‍ വിഭവങ്ങള്‍ മുഴുക്കെ തോക്കുകള്‍ നിര്‍മിക്കാനായി തിരിച്ചുവിടേണ്ടിയിരിക്കുന്നു.

സോവിയറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥയിലാകട്ടെ, ഉപഭോഗ വസ്തുക്കളെ പിറകിലാക്കി മൂലധന പദാര്‍ഥങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതായുണ്ട്. മുതലാളിത്ത വ്യവസ്ഥയില്‍ മൂലധന പദാര്‍ഥത്തിനും ഉപഭോഗ വസ്തുവിനും ഏറെക്കുറേ തുല്യ പ്രാധാന്യം നല്‍കിവരുന്നു. ഓരോ വ്യവസ്ഥയിലും എന്ത് ഉല്‍പാദിപ്പിക്കണം എന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ വ്യത്യാസം അനുഭവപ്പെടുന്നുവെന്ന് സാരം.

എന്ത് ഉല്‍പാദിപ്പിക്കണമെന്ന് തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നീട് എങ്ങനെ ഉല്‍പാദിപ്പിക്കണമെന്നതാണ് പ്രശ്‌നം. സമൂഹം ഏതു സാങ്കേതിക പദ്ധതിക്കാണ് മുന്‍ഗണന നല്‍കുകയെന്നതിനെ ആശ്രയിച്ചാണ് ഈ പ്രശ്‌നം നിലകൊള്ളുന്നത്. ഇതിനു പുറമേ മൂലധനപ്രധാനമോ തൊഴില്‍പ്രധാനമോ വന്‍കിടയോ ചെറുകിടയോ സ്വകാര്യ ഉടമയിലോ സഹകരണാടിസ്ഥാനത്തിലോ തുടങ്ങിയ സാങ്കേതിക തീരുമാനവും വളരെ പ്രധാനമാണ്.

ആന്തരികമായ ആനുരൂപ്യം നിലനിര്‍ത്തുക: എന്ത്, എങ്ങനെ, എപ്പോള്‍ ഉല്‍പാദിപ്പിക്കണമെന്നത് ഭിന്നമായ ഉല്‍പാദനക്രമം, പൊരുത്തം, ഉല്‍പന്നങ്ങള്‍ തമ്മിലും സേവനങ്ങള്‍ തമ്മിലുമുള്ള ചേര്‍ച്ച തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഏതെങ്കിലുമൊരു ഉല്‍പാദനക്രമം താളം തെറ്റിയാല്‍ പ്രക്രിയ മുഴുവനും അവതാളത്തിലാവും. അസംസ്‌കൃത പദാര്‍ഥങ്ങളുടെ പ്രദാനം, മധ്യവര്‍ത്തിയായി നിലകൊള്ളുന്ന ഉല്‍പന്നം, പരിചയസമ്പന്നരായ തൊഴിലാളികള്‍, ഉപഭോഗ വസ്തുക്കള്‍ എന്നിവ തമ്മിലുള്ള പൊരുത്തം എന്നിവ ലക്ഷ്യപ്രാപ്തിക്ക് അത്യാവശ്യമാണ്.

സമൂഹം ഉല്‍പാദിപ്പിച്ച ഉല്‍പന്നങ്ങളും സേവനങ്ങളും എപ്രകാരമാണ് സമൂഹത്തിലെ ഭിന്നവര്‍ഗങ്ങള്‍ വീതിക്കേണ്ടത്? ഉല്‍പന്നഫലം അര്‍ഹരായവരില്‍ എപ്രകാരമാണ് വിതരണം ചെയ്യേണ്ടതെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ഫാസിസം, മുതലാളിത്ത വ്യവസ്ഥ, കമ്മ്യൂണിസം, മിശ്ര സാമ്പത്തിക വ്യവസ്ഥ എന്നിവ വിതരണരീതി വിവരിക്കുന്നു.

അവയാകട്ടെ വ്യത്യസ്തമാണുതാനും. അമേരിക്കന്‍ ഐക്യനാടുകളില്‍ ഈ വിതരണം സ്വല്‍പമൊക്കെ സര്‍ക്കാര്‍ ഇടപെടലിലൂടെയാണെങ്കിലും പ്രധാനമായും വിപണിയിലെ വിവിധ ഘടകങ്ങളുടെ മാത്സര്യ കഴിവും വിലപേശല്‍ ഊക്കുമനുസരിച്ചിരിക്കും. സോവിയറ്റ് റഷ്യയിലാകട്ടെ, വിതരണം തികച്ചും സ്റ്റേറ്റിന്റെ നേതൃത്വത്തിലായിരുന്നു. സമൂഹത്തിന്റെ ക്ഷേമം എന്ത്, എങ്ങനെ, എവിടെ ഉല്‍പാദിപ്പിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, ഉല്‍പന്നഫലം ഓരോ വര്‍ഷവും അര്‍ഹരായ ഓരോ വ്യക്തിക്കും എത്രകണ്ട് ലഭ്യമാകുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് അഭിമതം. മാത്രമല്ല, ഈ ആളോഹരി വിഹിതം സാമ്പത്തിക വളര്‍ച്ചാനിരക്ക് തീരുമാനിക്കുന്നതിലും സ്വാധീനം ചെലുത്തുന്നു.

ഭാവിയിലേക്കുള്ള മുന്‍കരുതല്‍: വ്യവസ്ഥ ഏതായാലും ഭാവി സുരക്ഷിതമാക്കാനായി വര്‍ത്തമാനകാല വിഭവത്തിന്റെ ഏതംശം ഭാവി ഉപഭോഗ - മൂലധന ഉല്‍പാദനം ഉറപ്പാക്കാനായി സൂക്ഷിച്ചുവെക്കണമെന്നത് പ്രത്യേകം പരി ഗണനയര്‍ഹിക്കുന്നു.

സ്ഥായിയായ വളര്‍ച്ച ഉറപ്പുവരുത്തല്‍: വ്യവസ്ഥ ഏതായാലും സ്ഥായിയും സ്ഥിരവുമായൊരു വളര്‍ച്ചാനിരക്ക്, പ്രവര്‍ത്തനക്ഷമത, ഓരോ ജനവിഭാഗത്തിനും ഉത്തേജനം നല്‍കുമാറ് ഏറ്റവും വര്‍ധിതമായ വളര്‍ച്ചാനിരക്ക് എന്നിവ ഉറപ്പുവരുത്തേണ്ടതാണ്. കര്‍ഷകര്‍, വ്യവസായികള്‍, തൊഴിലാളികള്‍, മറ്റ് സേവനപ്രദായകര്‍ എന്നിവരാണ് ജനവിഭാഗമെന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

മേല്‍ വിവരിച്ച കര്‍ത്തവ്യങ്ങള്‍ ഓരോ വ്യവസ്ഥയും എപ്രകാരം പ്രാവര്‍ത്തികമാക്കുന്നുവെന്ന് പരിശോധിക്കാം:

ഫ്യൂഡലിസം

പരിമിതമായ വിഭവങ്ങള്‍ക്കും അറ്റമില്ലാത്ത ആവശ്യങ്ങള്‍ക്കുമിടയില്‍ നിലകൊള്ളുന്ന മനുഷ്യന് രക്ഷാമാര്‍ഗമായി യുഗങ്ങളിലൂടെ പല വ്യവസ്ഥകളും പ്രാവര്‍ത്തികമാക്കേണ്ടിവന്നു. റോമാ സാമ്രാജ്യത്തിന്റെ പതനത്തോടെ 5-ാം നൂറ്റാണ്ടു മുതല്‍ 15-ാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തില്‍, ഏതാണ്ട് ആയിരം വര്‍ഷം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാവര്‍ത്തികമാക്കിയിരുന്ന സാമ്പത്തിക വ്യവസ്ഥയായിരുന്നു ഫ്യൂഡലിസം.

കൃഷിയായിരുന്നു ഈ വ്യവസ്ഥയില്‍ ജനം സ്വീകരിച്ചിരുന്ന ജീവിതമാര്‍ഗം. ഇംഗ്ലണ്ടില്‍ ഒരു പ്രത്യേക തരം ഫ്യൂഡല്‍ സമ്പ്രദായം നിലനിന്നിരുന്നു. ഇംഗ്ലണ്ടിലെ കൃഷിഭൂമി മേനര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഓരോ മേനറും ഓരോ ഭൂപ്രഭുവിന്റെ കൈവശമായിരുന്നു.

ഇംഗ്ലണ്ടിന്റെ പരമാധികാരി രാജാവായിരുന്നുവെങ്കിലും ഓരോ മേനറിന്റെയും സര്‍വാധികാരി ഓരോ പ്രഭുവായിരുന്നു. ഓരോ ഭൂപ്രഭുവും തന്റെ കീഴില്‍ നിലനിര്‍ത്തിയ കുടിയാന്‍മാരുടെ സഹായത്തോടെ കൃഷി നടത്തുകയുണ്ടായി. ചില കുടിയാന്‍മാര്‍ പ്രഭുക്കന്‍മാരുടെ കീഴില്‍ ചില പദവികള്‍ നേടിയെങ്കിലും മൊത്തത്തില്‍ കുടിയാന്‍മാര്‍ അടിമകളായി വര്‍ത്തിച്ചു.

ഓരോ മേനറും അഥവാ ഗ്രാമവും കാര്‍ഷികരംഗത്ത് സ്വയം സമ്പൂര്‍ണത കൈവരിച്ചിരുന്നു. ഓരോ മേനറിലെയും നിവാസികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ ചെറുകിട വ്യവസായങ്ങളിലൂടെ നിര്‍മിക്കുകയും ചെയ്തിരുന്നു. ചെറുകിട വ്യവസായ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനായി അവിടവിടെയായി നിര്‍ണിത സ്ഥലങ്ങളില്‍ നിര്‍ണിത ദിവസങ്ങളില്‍ വാരാന്ത ചന്തകളും പ്രവര്‍ത്തിച്ചിരുന്നു.

ഓരോ പ്രഭുവും തന്റെ കീഴിലുള്ള കുടിയാന്‍മാരുടെയും അടിമകളുടെയും മേല്‍ തികഞ്ഞ നിയന്ത്രണം ചെലുത്തുകയും പ്രഭുവിന് പണമായും സാധനങ്ങളായും വാടക നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. കൂടാതെ കൊയ്ത്ത് കഴിഞ്ഞാല്‍ പ്രഭുക്കന്‍മാര്‍ തമ്മിലും മറ്റുള്ളവരുമായും യുദ്ധത്തിലേര്‍പ്പെടുകയും കുടിയാന്‍മാരെയും അടിമകളെയും നിര്‍ബന്ധമായി ഇതിനായി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായി നടത്തപ്പെട്ടിരുന്ന യുദ്ധം കാരണം കൃഷിയും ചെറുകിട വ്യവസായങ്ങളുമെല്ലാം താറുമാറാവുകയും ജനം ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും അകപ്പെടുകയുമുണ്ടായി. ഈ ദുരന്തപൂര്‍ണമായ അവസ്ഥ മറ്റൊരു വ്യവസ്ഥയെ തേടാന്‍ ജനത്തെ നിര്‍ബന്ധിതമാക്കി.

മെര്‍ക്കണ്ടലിസ്റ്റ് വ്യവസ്ഥ

15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പില്‍ നിലവില്‍ വന്ന വ്യവസ്ഥയാണ് മെര്‍ക്കണ്ടലിസ്റ്റ് വ്യവസ്ഥ. പ്രഭുത്വ സമ്പ്രദായം ഏറെ താമസിയാതെ നേഷന്‍ സ്റ്റേറ്റിന് വഴിമാറിക്കൊടുത്തു. പക്ഷേ, ഈ നേഷന്‍ സ്റ്റേറ്റുകള്‍ തമ്മില്‍ മാത്സര്യത്തില്‍ ഏര്‍പ്പെടുകയും ഓരോ നേഷനും സാമ്പത്തികമായും സൈനികമായും ശേഷി നേടുകയെന്ന ലക്ഷ്യം വെച്ചു നീങ്ങുകയും ചെയ്തു.

1929- 33ലെ വന്‍ സാമ്പത്തിക തകര്‍ച്ച ലേസര്‍ ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയുടെ അപര്യാപ്തത സംശയമെന്യേ തെളിയിക്കുംവിധമായിരുന്നു.

സൈനിക മേധാവിത്വവും അനുകൂല വ്യാപാരശിഷ്ടവും ഓരോ നേഷന്റെയും മുദ്രാവാക്യമായി മാറി. അനുകൂല വ്യാപാരശിഷ്ടമെന്ന ലക്ഷ്യം കയറ്റുമതി വ്യാപാരം പുഷ്ടിപ്പെടുത്തി. കഴിയുന്നത്ര സ്വര്‍ണവും വെള്ളിയും രാജ്യത്തേക്ക് പ്രവഹിപ്പിക്കുകയെന്നത് പ്രഥമവും പ്രധാനവുമായ ലക്ഷ്യമായി മാറി. കയറ്റുമതി പരമാവധി കൂട്ടുകയും ഇറക്കുമതി കുറയ്ക്കുകയുമെന്ന ലക്ഷ്യത്തോടെ നാടിന്റെ സാമ്പത്തിക സ്ഥിതി ക്രമപ്പെടുത്താന്‍ സദാ ജാഗരൂകരാകാന്‍ ഓരോ നേഷനും ബദ്ധശ്രദ്ധരായി. ഓരോ രാഷ്ട്രത്തിന്റെയും ഈ നിലപാട് മാത്സര്യത്തിലും യുദ്ധത്തിലും രാഷ്ട്രങ്ങളെ വീണ്ടുമെത്തിച്ചു. ഈ അവസ്ഥ ഈ വ്യവസ്ഥയുടെ അന്ത്യം കുറിക്കുകയുണ്ടായി.

ലേസര്‍ ക്യാപിറ്റലിസം

1815നും 1914നുമിടയ്ക്കുള്ള കാലഘട്ടത്തില്‍ യൂറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലും മെര്‍ക്കണ്ടലിസത്തിനു പകരമായി ഉയര്‍ന്നുവന്ന ഒരു ബദല്‍ വ്യവസ്ഥയാണ് ലേസര്‍ ക്യാപിറ്റലിസം. ഈ വ്യവസ്ഥയുടെ സവിശേഷതകള്‍ ഇനി പറയുന്നവയാണ്:

(1) വ്യക്തിതാല്‍പര്യം എപ്രകാരമെന്ന് തീരുമാനിക്കേണ്ടത് വ്യക്തി തന്നെയാണ്.

(2) ഉപഭോക്താവാണ് സര്‍വാധിപതി. ഉല്‍പാദകന്‍ എന്ത്, എത്ര ഉല്‍പാദിപ്പിക്കണമെന്ന തീരുമാനമെടുക്കേണ്ടത് ഉപഭോക്താവിന്റെ താല്‍പര്യം അനുസരിച്ചായിരിക്കണം. (3) ഒരു സ്വതന്ത്ര മൂല്യനിര്‍ണയ യാന്ത്രികവിദ്യ ആവശ്യമാണ്. വിപണിയിലെ നീക്കങ്ങള്‍ തികച്ചും ഉപഭോക്താവിന്റെ മുന്‍ഗണന അനുസരിച്ചാവണം. ഈ മുന്‍ഗണനയുടെ അടിസ്ഥാനത്തിലാവണം മൂല്യത്തിലെ മാറ്റങ്ങള്‍.

(4) ലാഭേഛയും സ്വതന്ത്ര- സ്വകാര്യ സംരംഭവും അംഗീകരിക്കപ്പെടണം. ലേസര്‍ ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയില്‍ വ്യക്തിയുടെ ലാഭേഛയുടെ അംഗീകാരമാണ് സര്‍വ പ്രധാനം. (5) സ്വകാര്യ സ്വത്തു വ്യവസ്ഥയുടെ അംഗീകാരം. (6) സ്വതന്ത്ര വിപണി മാത്സര്യം നിലനില്‍ക്കണം. (7) സമൂഹത്തിന്റെയും വ്യക്തിയുടെയും ക്ഷേമം പൊരുത്തപ്പെടുത്തണം. (8) സര്‍ക്കാര്‍ ഇടപെടല്‍ അനുവദനീയമല്ല.

ദ്രുതഗതിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക ചുറ്റുപാടില്‍ മേല്‍ വിവരിച്ച ചില വിശേഷങ്ങള്‍ നിലനിര്‍ത്തുക അസാധ്യമാവും. 1929 - 33 കാലഘട്ടത്തിലെ വന്‍ സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈ അസാധ്യതയുടെ പ്രസക്തി വളരെ വ്യക്തമായിരുന്നു. തന്നിമിത്തം കെയിന്‍സിനെ പോലെയുള്ള പ്രശസ്ത സാമ്പത്തിക വിദഗ്ധര്‍, സര്‍ക്കാര്‍ കൈകടത്തി സാമ്പത്തിക രംഗത്തെ രക്ഷപ്പെടുത്തല്‍ അത്യാവശ്യമാണെന്ന് സമര്‍ഥിച്ചു.

നിയന്ത്രിത മുതലാളിത്ത വ്യവസ്ഥ

1929 - 33ലെ വന്‍ സാമ്പത്തിക തകര്‍ച്ച ലേസര്‍ ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയുടെ അപര്യാപ്തത സംശയമെന്യേ തെളിയിക്കുംവിധമായിരുന്നു. ആയതിനാല്‍ സര്‍ക്കാര്‍ നിയന്ത്ര ണത്തോടെയുള്ള ഒരു മുതലാളിത്ത വ്യവസ്ഥയുടെ അനിവാര്യത ബോധ്യപ്പെടുകയുണ്ടായി. യൂറോപ്യന്‍ രാഷ്ട്രങ്ങളും അമേരിക്കന്‍ ഐക്യനാടുകളും താമസം വിനാ നിയന്ത്രിത മുതലാളിത്ത വ്യവസ്ഥയില്‍ രക്ഷ തേടി. ഇനി പറയുന്നവയായിരുന്നു നിയന്ത്രിത മുതലാളിത്ത വ്യവസ്ഥയുടെ സവിശേഷതകള്‍:

കുത്തക കമ്പനികള്‍ക്കും ട്രസ്റ്റുകള്‍ക്കുമെതിരെയുള്ള നിയമങ്ങള്‍.

കൊച്ചുകൊച്ചു വ്യാപാരകാര്യ നിര്‍വാഹക സമിതികള്‍.

കര്‍ഷകര്‍ക്ക് സഹായധനവും മറ്റ് ആനുകൂല്യങ്ങളും.

കേന്ദ്ര ബാങ്കിലൂടെയുള്ള പണപ്രവാഹ നിയന്ത്രണം.

നികുതി സമ്പ്രദായത്തിലെ മാറ്റങ്ങള്‍.

വിദേശ വ്യാപാര പ്രതിരോധ വ്യവസ്ഥകള്‍.

പൊതുമേഖലാ പ്രോത്സാഹനം.

ആസൂത്രിത സമ്പദ്‌വ്യവസ്ഥയുടെ ആവശ്യകത.

സാമൂഹിക സുരക്ഷിതത്വ പദ്ധതികളുടെ ആവിഷ്‌കാരം.

മേല്‍ നടപടികളൊന്നും ഒരു കുറ്റമറ്റ മുതലാളിത്ത വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിലെത്തിക്കാന്‍ രാഷ്ട്രങ്ങളെ പ്രാപ്തമാക്കിയില്ല.

(2000 ഫെബ്രുവരി 11)