വിഷയങ്ങളുടെ സമഗ്രതയോടൊപ്പം, ഇളവുകള്‍ സ്വീകരിച്ച് എത് ജീവിത സാഹചര്യങ്ങളോട് പാകപ്പെടാനും ഇസ്‌ലാമിക ഫിഖ്ഹിന് കഴിയുന്നു.
ആധുനിക കാലത്ത് മുസ്‌ലിം ധൈഷണിക തലങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമായ വിഷയമാണ് ന്യൂനപക്ഷ കര്‍മശാസ്ത്രം (ഫിഖ്ഹുല്‍ അഖല്ലിയ്യ). ഖുര്‍ആന്‍-ഹദീസ് പ്രമാണ സ്രോതസ്സുകളില്‍ നിന്ന് നിര്‍ധാരണം ചെയ്‌തെടുക്കുന്ന മതവിധികളാണ് ഫിഖ്ഹ്.
ശരീഅത്തിന്റെ പ്രവര്‍ത്തനതലമാണ് അതില്‍ ചര്‍ച്ച ചെയ്യുന്നത്. മതവിധികള്‍ പരാമര്‍ശിക്കുന്ന ആയത്തുകള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ സഹാബിമാര്‍ ശ്രമിച്ചിരുന്നു. ഖുര്‍ആനും സുന്നത്തും അവലംബിക്കുന്നതിനോടൊപ്പം, ഫിഖ്ഹ് പഠനത്തില്‍ ഗവേഷണാത്മക സമീപനവും സഹാബികളും താബിഉകളും സ്വീകരിച്ചു.
ഫിഖ്ഹ് പഠനം ലക്ഷ്യമിട്ടുള്ള ഖുര്‍ആന്‍ തഫ്‌സീറുകളുമുണ്ട്. ഇമാം ജസ്വാസ്, ഇബ്‌നുല്‍ അറബി, ഇമാം ഖുര്‍തുബി എന്നിവരുടെ തഫ്‌സീര്‍ (അഹ്കാമുല്‍ ഖുര്‍ആന്‍) ഈ ഗണത്തില്‍ പെടുന്നു. ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉചിതമായ ഫിഖ്ഹി പരിഹാരം തേടേണ്ടത് മുസ്‌ലിമിന്റെ ബാധ്യതയാണ്.
വിഷയങ്ങളുടെ സമഗ്രതയോടൊപ്പം, ഇളവുകള്‍ സ്വീകരിച്ച് എത് ജീവിത സാഹചര്യങ്ങളോട് പാകപ്പെടാനും (flexibility) ഇസ്‌ലാമിക ഫിഖ്ഹിന് കഴിയുന്നു. സ്ഥലകാല ഭേദങ്ങള്‍ പരിഗണിക്കുന്ന ഗവേഷണാത്മകതയാണ് ഇതിനു വേണ്ടത്. അതാണ് ഫിഖ്ഹിന്റെ ശക്തിയും ചൈതന്യവും. അതില്ലാത്ത ഫിഖ്ഹ് പഠനങ്ങള്‍ വരണ്ടതും വിരസവുമായിരിക്കും.
ന്യൂനപക്ഷ സാമൂഹികത
സമൂഹത്തിന്റെ ന്യൂനപക്ഷ പദവി നിര്‍ണയിക്കുന്നതിന് നിയതമായ മാനദണ്ഡങ്ങളൊന്നുമില്ല. നൂറ്റാണ്ടുകളായി നാട്ടില്‍ കഴിയുന്നവരായിട്ടും, മറുഭാഗത്തുള്ള തദ്ദേശവാസികള്‍ക്കിടയില്‍ ന്യൂനപക്ഷമായി നില്‍ക്കുന്ന മുസ്‌ലിംകളുണ്ട്. 19 കോടിയുള്ള ഇന്ത്യന്‍ മുസ്‌ലിംകള്‍ ഉദാഹരണം. മഹത്തായ സാംസ്‌കാരിക-നാഗരിക പൈതൃകം അവര്‍ക്കുണ്ടെങ്കിലും ന്യൂനപക്ഷ സ്വത്വമാണ് അവരുടേത്.
പല പാശ്ചാത്യന്‍ രാജ്യങ്ങളിലും മുസ്‌ലിം ജനസംഖ്യ ഏതാനും ആയിരങ്ങള്‍ മാത്രമാണ്. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വന്ന് കുറേക്കാലം മുസ്ലിമേതര ഭൂരിപക്ഷ സമൂഹത്തില്‍ കഴിയുന്നവര്‍ വേറെയുമുണ്ട്. ഭാഷാ-വംശ ന്യൂനപക്ഷങ്ങള്‍ ഇതിന്റെയും പുറത്താണ്.
പൗരാവകാശങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടെങ്കിലും, ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ സ്വന്തം മതാചാരമനുസരിച്ച് ജീവിക്കാന്‍ ഇവിടങ്ങളില്‍ ഭരണഘടന അവരെ അനുവദിക്കുന്നു.
 മതപരമായ ആനുകൂല്യം കൂടുതല്‍ നല്‍കുന്ന രാജ്യങ്ങളുമുണ്ട്. മലേഷ്യയില്‍ ഇസ്‌ലാമിക ഭരണമല്ല, എന്നാല്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേക പരിഗണന ചില കാര്യങ്ങളിലുണ്ട്. അവിടെ അവര്‍ നല്‍കുന്ന സകാത്ത് തുക, സര്‍ക്കാരിന് നല്‍കേണ്ട ആദായനികുതിയില്‍ നിന്ന് കിഴിക്കാം.
എന്നാല്‍, സാമൂഹികത ഓരോ രാജ്യങ്ങളിലും വ്യത്യസ്തമായിരിക്കും. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും സഹിഷ്ണുതയുള്ളവരും അവരെ അപരവത്കരിക്കുന്നവരും പലയിടങ്ങളിലുമുണ്ട്. പഴയ ഫിഖ്ഹ് പഠനങ്ങളില്‍ മുസ്‌ലിം സാമൂഹികതയെ വിവിധ തലങ്ങളിലാണ് കണ്ടിരുന്നത്.
ഇസ്‌ലാമിക ആധിപത്യത്തില്‍ കഴിയുന്ന മുസ്‌ലിംകള്‍ (ദാറുല്‍ ഇസ്‌ലാം), ഇസ്‌ലാമിക പരിസരം ഒട്ടുമില്ലാത്ത ദാറുല്‍ കുഫ്ര്‍, ഭരണഘടന നല്‍കുന്ന പരിരക്ഷയില്‍ കഴിയുന്ന മുസ്‌ലിംകള്‍ (ദാറുല്‍ അമാന്‍), മറ്റു മതവിഭാഗങ്ങളുമായി പരസ്പര ധാരണ നിലനിര്‍ത്തുന്ന ദാറുല്‍ അഹ്ദ് തുടങ്ങിയ വീക്ഷണങ്ങള്‍ ഓരോ കാലത്തെയും ഭരണ-രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ നിന്ന് ഉടലെടുത്തതായിരുന്നു.
ആഗോളതല ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സാമൂഹികതയാണ് ഇന്നുള്ളത്. ആ നിലയ്ക്ക് മുസ്‌ലിമേതര രാജ്യങ്ങള്‍ക്ക് ദാറുദ്ദഅ്‌വ/ ദാറു തസാമുഹ് എന്ന വിശേഷണമാണ് ആധുനിക മുസ്‌ലിം പണ്ഡിതന്‍മാര്‍ നല്‍കുന്നത്. അവിടങ്ങളില്‍ നിലനില്‍ക്കുന്ന സഹിഷ്ണുത ഉപയോഗപ്പെടുത്തി ഇസ്‌ലാമിനെ ജനങ്ങള്‍ക്കിടയില്‍ അടയാളപ്പെടുത്താന്‍ കഴിയണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മധ്യ നൂറ്റാണ്ടുകളില്‍ മുസ്‌ലിം കുടിയേറ്റമുണ്ടായ നാടുകളില്‍ വന്ന സാമൂഹിക പരിവര്‍ത്തനം ശ്രദ്ധേയമാണ്. അവര്‍ തദ്ദേശീയരുടെ വിശ്വാസ-സംസ്‌കാരരംഗങ്ങളെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. ഇസ്‌ലാം വിമര്‍ശിക്കപ്പെടുമ്പോഴും നിരവധി ആളുകള്‍ ഇന്നും ഇസ്‌ലാം മതം സ്വീകരിക്കുന്നു എന്നത് ഈ സങ്കല്‍പത്തിന്റെ പ്രായോഗിക വിജയമായിട്ടാണ് കാണുന്നത്. 'മറ്റു മതങ്ങള്‍ക്കു മേല്‍ വിജയിച്ചു നില്‍ക്കാന്‍' (9:33) ഇതിലൂടെ ഇസ്‌ലാമിനു കഴിയുന്നു.
ന്യൂനപക്ഷ കര്‍മശാസ്ത്രം
ന്യൂനപക്ഷം, ഭൂരിപക്ഷം എന്ന വേര്‍തിരിവ് ശരീഅത്തിനും ഫിഖ്ഹിനുമില്ല. മുസ്ലിം ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് മതവിധികളെ സമീപിക്കാനുള്ള രീതിശാസ്ത്രത്തെ ഫിഖ്ഹുല്‍ അഖല്ലിയ്യ എന്നു പറയാം. ഇസ്‌ലാമികേതര സമൂഹങ്ങളില്‍ മതവിധികളുടെ പ്രയോഗവത്കരണമാണ് അത് ചര്‍ച്ച ചെയ്യുന്നത്. അനുഷ്ഠാനപരതയേക്കാള്‍ ശരീഅത്തിന്റെ ആത്മാവ് മുസ്‌ലിമിന് നഷ്ടപ്പെടാതിരിക്കുക എന്നതിനാണ് അതില്‍ ഊന്നല്‍ നല്‍കുന്നത്.
പൗരത്വം, വിവാഹം, കുടുംബം, തൊഴില്‍, മക്കളുടെ തര്‍ബിയത്ത് തുടങ്ങിയ കാര്യങ്ങളില്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് മറ്റു രാജ്യങ്ങളിലെ മുസ്‌ലിംകള്‍ക്കുള്ളത്. ഇതിന് ഏകീകൃത രൂപമൊന്നുമില്ല. രാജ്യത്തിന്റെ ഭരണഘടനയ്ക്കും സാമൂഹികതയ്ക്കും അനുസൃതമായ സൗകര്യവും അസൗകര്യങ്ങളും അവിടത്തെ മുസ്‌ലിംകള്‍ക്കുണ്ടാകും.
തദ്ദേശീയരും വിവിധ തലത്തിലുള്ള ന്യൂനപക്ഷങ്ങളും സൃഷ്ടിക്കുന്ന ബഹുസ്വരതയും ഇതിന്റെ മറ്റൊരു ഭാഗമായി കാണേണ്ടിവരും. ഏതു സന്ദര്‍ഭങ്ങളിലും മനുഷ്യന്റെ വ്യക്തിഗത-കുടുംബ-സാമൂഹിക സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ട് മാത്രമാണ് ശരിഅത്തില്‍ മതവിധികള്‍ നിശ്ചയിച്ചത്. 'മതത്തില്‍ നിങ്ങള്‍ക്ക് ഒരു പ്രയാസവും അല്ലാഹു ഉണ്ടാക്കുന്നില്ല' (22:78) എന്ന വചനം ശരീഅത്തിന്റെ പ്രയോഗവത്കരണം എളുപ്പവും ലളിതവുമാണെന്ന് വ്യക്തമാക്കുന്നു.
ലക്ഷ്യവും ദൗത്യവും
ഫിഖ്ഹുല്‍ അഖല്ലിയ്യ ലക്ഷ്യാധിഷ്ഠിതമായാണ് പ്രശ്‌നങ്ങളെ സമീപിക്കുന്നത്. മുസ്ലിം ന്യൂനപക്ഷത്തിന് വിശ്വാസപരവും സാംസ്‌കാരികവുമായ ഐഡന്റിറ്റി നിലനിര്‍ത്തുക എന്നതാണ് മുഖ്യ ലക്ഷ്യം. ആരാധനകളും ഇസ്‌ലാമിക ചിഹ്നങ്ങളും അവര്‍ക്ക് തനിമയോടെ സൂക്ഷിക്കാനും ഈ ഫിഖ്ഹ് പഠനം കൊണ്ട് കഴിയും.
മറ്റുള്ളവരുമായി ഇസ്‌ലാമിക സന്ദേശം പങ്കുവെക്കാന്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്ന അവസരമായി ന്യൂനപക്ഷാവസ്ഥയെ അവര്‍ ഉപയോഗപ്പെടുത്തണം. വ്യക്തി, കുടുംബം, തൊഴില്‍, സാമ്പത്തികം എന്നീ തലങ്ങളില്‍ കാലാകാലങ്ങളില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ പ്രതിസന്ധിയാകാതിരിക്കാനുള്ള രക്ഷാകവചം കൂടിയാണ് ന്യൂനപക്ഷ കര്‍മശാസ്ത്ര അവബോധം.
മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള പഠനത്തിലൂടെ ന്യൂനപക്ഷ ബഹുസ്വര സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം നിര്‍ദേശിക്കാന്‍ കഴിയും.
ബഹുസ്വരതയോട് പരമാവധി ചേര്‍ന്നുനില്‍ക്കലാണ്, അതില്‍ നിന്ന് ഉള്‍വലിയുന്നതിനെക്കാള്‍ മുസ്‌ലിമിനു നല്ലത്. കുടിയേറ്റ മുസ്‌ലിംകള്‍ കാണിച്ച ഹൃദയവിശാലതയും മാന്യതയും വിശ്വസ്തയും തദ്ദേശ സമൂഹഘടനയെ മാറ്റിയെടുത്ത ഉദാഹരണം ചരിത്രത്തില്‍ ധാരാളമുണ്ട്.
മുസ്‌ലിം ഉമ്മത്തിന്റെ ഐഡന്റിറ്റി ഖുര്‍ആന്‍ 'വസത്വിയ്യ' എന്നാണ് വിശേഷിപ്പിക്കുന്നത് (2:143). മധ്യമ നിലപാടാണത്. പക്വവും പ്രായോഗികവുമായിരിക്കും ഈ സമീപനം. ന്യൂനപക്ഷ ബഹുസ്വര സാമൂഹികതയില്‍ ഇതിന് കൂടുതല്‍ പ്രസക്തിയുണ്ട്. ജീര്‍ണതയ്ക്കും തീവ്രതയ്ക്കും ഇടയിലാണ് വസത്വിയ്യത്ത്.
മതാധ്യാപനങ്ങളിലെ തീവ്രത (ഉലുവ്വ്) ഒട്ടും ഗുണം ചെയ്യില്ല. നബി അത് അനുവദിച്ചിട്ടുമില്ല. അനാവശ്യമായ കാര്‍ക്കശ്യം പരാജയത്തിലെത്തുമെന്നാണ് അദ്ദേഹം പറയുന്നത് (ബുഖാരി). ഈ വിഷയത്തില്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ പ്രസ്താവന ശ്രദ്ധേയമാണ്: ''ബഹുസ്വര പരിസരത്ത് ഒറ്റപ്പെട്ട തുരുത്തുകളായി മുസ്‌ലിംകള്‍ നില്‍ക്കരുത്. മറിച്ച്, മറ്റുള്ളവരുമായി ഔചിത്യബോധത്തോടെ സംവദിക്കാനുള്ള ഇടമാണ് അവര്‍ സൃഷ്ടിക്കേണ്ടത്.''
ഇസ്‌ലാമിക ഫിഖ്ഹ് പാരമ്പര്യത്തെയും നിലവിലുള്ള ജീവിതയാഥാര്‍ഥ്യങ്ങളെയും ഒരുപോലെ നാം പരിഗണിക്കേണ്ടതുണ്ട്. പ്രമാണങ്ങളെ അവഗണിച്ചുകൊണ്ട് പുതിയ സംഭവങ്ങളെ പഠനവിധേയമാക്കുന്നത് ശരിയല്ല. പ്രമാണങ്ങളെ അക്ഷരവായനയില്‍ ഒതുക്കി ശരീഅത്തിന്റെ യഥാര്‍ഥ താല്‍പര്യം തമസ്‌കരിക്കാനും പാടില്ല.
 സ്ഥല-കാല-സാഹചര്യ വ്യത്യാസങ്ങള്‍ക്ക് അനുസൃതമായി മതവിധികളിലും സമീപനങ്ങളിലും വ്യത്യാസമുണ്ടാകാം. അത് ശരീഅത്ത് വിരുദ്ധമല്ല. ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) മദീനയില്‍ ഗവര്‍ണറായിരുന്നു. കക്ഷിതര്‍ക്കങ്ങളില്‍ സാക്ഷിയായി ഒരാള്‍ മതിയെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ നിലപാട്.
കുറേ കഴിഞ്ഞ് ദമസ്‌കസില്‍ ഖലീഫയായും ഉമര്‍ പ്രവര്‍ത്തിച്ചു. അവിടെ അദ്ദേഹം സമാന സംഭവങ്ങളില്‍ രണ്ടു സാക്ഷികള്‍ വേണമെന്നായി. എന്തുകൊണ്ട് രണ്ടു നയം എന്നു ചോദിച്ചപ്പോള്‍ ഉമര്‍ പ്രതികരിച്ചു: ''മദീനയിലെ ആളുകളല്ല ദമസ്‌കസിലുള്ളത്.''
സകാത്ത് പിരിച്ചെടുക്കാന്‍ നബി(സ) മുആദി(റ)നെ യമനിലേക്ക് അയക്കുന്നു. ഓരോ സ്വത്തിന്റെയും സകാത്ത് അതേ ഇനത്തില്‍ നിന്നുതന്നെ ശേഖരിക്കലാണ് പതിവ്. യമനിലെത്തിയ മുആദ് കാര്യങ്ങള്‍ വിലയിരുത്തി. പരുത്തി വസ്ത്ര നെയ്ത്ത് കൂടുതലുണ്ടായിരുന്നു അവിടെ. അത് ലഭിച്ചാല്‍ മദീനയിലുള്ളവര്‍ക്ക് കൂടുതല്‍ ഉപകാരമാകും.
മുആദ് പറഞ്ഞു: ''നിങ്ങള്‍ നല്‍കാനുള്ള സകാത്ത് നെയ്ത്തുല്‍പന്നങ്ങളായി നല്‍കുക. ഗോതമ്പും ബാര്‍ലിയും കാരക്കയും നല്‍കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് സൗകര്യം അതാണ്. മദീനാ നിവാസികള്‍ക്ക് ആവശ്യമുള്ളതും അതുതന്നെ'' (അബൂദാവൂദ്). നബിയുടെ കല്‍പനയുടെ അക്ഷരങ്ങള്‍ക്കപ്പുറത്ത് സകാത്തിന്റെ താല്‍പര്യമാണ് മുആദ് പരിഗണിച്ചത്.
മാനദണ്ഡങ്ങള്‍
ശരീഅത്തിന്റെ മുഖ്യ താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കണം വിവിധ മസ്അലകളില്‍ ഫിഖ്ഹീ സമീപനം രൂപപ്പെടുത്തേണ്ടത്. വിശ്വാസം, ജീവിതം, കുടുംബം, സമ്പത്ത്, ബൗദ്ധികതലം എന്നിവയുടെ പരിരക്ഷയാണ് ശരീഅത്തിന്റെ മുഖ്യ താല്‍പര്യം (മഖാസിദു ശരീഅ).
മതത്തിലെ വിധിവിലക്കുകളെല്ലാം രൂപപ്പെടുത്തിയിരിക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. അതോടൊപ്പം ഖുര്‍ആനിലും ഹദീസിലും ഫിഖ്ഹ് പഠനങ്ങളിലും വന്നിട്ടുള്ള ചില പൊതുതത്വങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട്:
- നന്‍മയിലും പുണ്യത്തിലും സഹകരിക്കുക. തെറ്റിലും പാപത്തിലും സഹകരണം പാടില്ല.
 - മതം എളുപ്പമാകുന്നു.
 - സ്വയം പ്രയാസപ്പെടാനോ മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കാനോ പാടില്ല.
 - ഒരു ബുദ്ധിമുട്ട് പരിഹരിക്കുന്നത് സമാനമോ അതിനെക്കാള്‍ വലുതോ ആയ പ്രയാസം സൃഷ്ടിച്ചുകൊണ്ടാവരുത്.
 - നേട്ടങ്ങള്‍ കൈവരിക്കുന്നതിനേക്കാള്‍ പ്രയാസങ്ങളെ പ്രതിരോധിക്കുന്നതിനാണ് മുന്‍ഗണന.
 - വ്യക്തിതാല്‍പര്യത്തെക്കാള്‍ സാമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.
 - ഉറപ്പായ കാര്യങ്ങളെ മറികടക്കാന്‍ സംശയാസ്പദ മറുപടി മതിയാവില്ല.
 - അനിവാര്യ ഘട്ടങ്ങളില്‍ വിലക്കപ്പെട്ടത് അനുവദിക്കാം.
 - നാട്ടുനടപ്പ് (ഉര്‍ഫ്/ ആദത്ത്) അവലംബിക്കാവുന്നതാണ്.
 
പ്രമാണബദ്ധമായ ഇജ്തിഹാദാണല്ലോ ഫിഖ്ഹ് വീക്ഷണങ്ങളുടെ അവലംബം. മേല്‍ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള പഠനത്തിലൂടെ ന്യൂനപക്ഷ ബഹുസ്വര സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം നിര്‍ദേശിക്കാന്‍ കഴിയും. ഫിഖ്ഹിന്റെ തനിമയും കാലം തേടുന്ന പുതുമയുമാണ് ഈ പ്രശ്‌നപരിഹാരങ്ങളില്‍ പ്രതിഫലിക്കേണ്ടത്.
