ഇസ്‌ലാമിക കര്‍മശാസ്ത്രം വിവിധ നാടുകളില്‍ വികസിച്ചത്


അമവീ കാലത്ത് ഖിലാഫത്ത് പോയി രാജഭരണം വന്നു. പുതിയ പല ആചാരങ്ങളും നിലവില്‍ വന്നു. ആത്മാര്‍ഥതയുള്ള പണ്ഡിതന്മാര്‍ ഭരണാധികാരികളുടെ സദസ്സില്‍ ഇരിക്കാന്‍ വിസമ്മതിച്ചു. ഭരണകൂടത്തിന്റെ അംഗീകാരത്തോടെ പലരും മുജ്തഹിദുകളായി മാറി. ഹദീസുകള്‍ കെട്ടിയുണ്ടാക്കുന്ന പ്രവണത വര്‍ധിച്ചു.

സ്‌ലാമിക ചരിത്രത്തില്‍ ഫിഖ്ഹിന്റെ മൂന്നാംഘട്ടം അമവീ കാലമാണ്. സാമൂഹിക അസമത്വങ്ങളുടെ കാലഘട്ടമാണിത്. സച്ചരിതരായ ഖലീഫമാരില്‍ അവസാനത്തെയാളായ അലിയ്യുബ്‌നു അബീത്വാലിബും അമവീ വംശത്തിന്റെ സ്ഥാപകനായ മുആവിയയും തമ്മിലുള്ള സംഘട്ടനങ്ങള്‍ നടക്കുന്ന കാലം.

പണ്ഡിതന്മാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയാത്ത ഇക്കാലത്ത് സമുദായം വ്യത്യസ്ത കക്ഷികളായി വേര്‍പിരിഞ്ഞു. ഖിലാഫത്ത് പോയി രാജഭരണം വന്നു. പുതിയ പല ആചാരങ്ങളും നിലവില്‍ വന്നു. അതിനാല്‍ ആത്മാര്‍ഥതയുള്ള പണ്ഡിതന്മാര്‍ ഭരണാധികാരികളുടെ സദസ്സില്‍ ഇരിക്കാന്‍ വിസമ്മതിച്ചു.

പലരും വിദൂര സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. ഈ കാലഘട്ടത്തില്‍ ഇജ്തിഹാദുകള്‍ വര്‍ധിച്ചു. ഭരണകൂടത്തിന്റെ അംഗീകാരത്തോടെ പലരും മുജ്തഹിദുകളായി മാറി. ഹദീസുകള്‍ കെട്ടിയുണ്ടാക്കുന്ന പ്രവണതയും വര്‍ധിച്ചു. ഇറാഖുകാര്‍ അലി(റ)യുടെ മഹത്വങ്ങളും ശാമുകാര്‍ മുആവിയയുടെ മഹത്വങ്ങളും മത്സരബുദ്ധിയോടെ വര്‍ണിച്ചു.

ഈ വര്‍ണനകളെല്ലാം പ്രധാനപ്പെട്ട സ്വഹാബിമാരിലേക്ക് ചേര്‍ത്ത് നബി(സ)യുടെ വാക്കായി ഉദ്ധരിച്ചു. അവരെല്ലാവരും ഒരു കാര്യം മറന്നു: നബി(സ) പറഞ്ഞിട്ടുണ്ട്, എന്റെ പേരില്‍ ആരെങ്കിലും കളവ് കെട്ടിപ്പറഞ്ഞാല്‍ അവരുടെ ഇരിപ്പിടം നരകമാണെന്ന്.

ഈ ഗ്രൂപ്പിസം ഫുഖഹാക്കളിലും സ്വാധീനം ചെലുത്തി. ഈ കാലഘട്ടത്തില്‍ കൂടിയാലോചന പറ്റെ നിലച്ചു. ഓരോരുത്തരും അവരവരുടെ ഇച്ഛയ്‌ക്കൊത്ത് ഫത്‌വ നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ ഐക്യവും പരസ്പര വിശ്വാസവും തകര്‍ന്നു.

ഇജ്തിഹാദ് ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ച സഹാബിമാരില്‍ പ്രധാനികള്‍ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലിയ്യുബ്‌നു അബീത്വാലിബ്(റ), ആയിശ(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു ഉമര്‍(റ) തുടങ്ങിയവരായിരുന്നു. അബൂബക്കറും ഉമറും(റ) ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായ വിധി കാണാത്ത വിഷയങ്ങളില്‍ മറ്റു സഹാബിമാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുകയാണ് ചെയ്തിരുന്നത്.

ഒരിക്കല്‍ ഉമര്‍ ഗവര്‍ണര്‍ അബൂമൂസല്‍ അശ്അരി(റ)ക്ക് എഴുതി: ''താങ്കള്‍ കാര്യങ്ങള്‍ ഗ്രഹിക്കുക. പ്രായോഗികമല്ലാത്ത കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നത് ഫലം ചെയ്യില്ല. താങ്കളുടെ സദസ്സിലും വിധിയിലും എല്ലാ ജനങ്ങള്‍ക്കും തുല്യത കല്‍പിക്കണം. വാദിയാണ് തെളിവുകൊണ്ടുവരേണ്ടത്. നിഷേധി സത്യം ചെയ്യണം. മുസ്‌ലിംകള്‍ക്കിടയില്‍ അനുരഞ്ജനം ഉണ്ടാകേണ്ടതാണ്.

ഹറാമിനെ ഹലാലാക്കുകയോ ഹലാലിനെ ഹറാമാക്കുകയോ ചെയ്യുന്ന അനുരഞ്ജനം അനുവദനീയമല്ല. താങ്കളുടെ മുമ്പില്‍ വരുന്ന പ്രശ്‌നങ്ങളില്‍ ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായ വിധി കാണുന്നില്ലെങ്കില്‍ ബുദ്ധി നന്നായി ഉപയോഗിക്കുക. സമാന സംഭവങ്ങള്‍ മനസ്സിലാക്കി ന്യായവിധി നടത്തുക. അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടതും സത്യവുമായി ഏറെ അടുത്തതിനെയും താങ്കള്‍ സ്വീകരിക്കുക.''

ഖാദി ശുറൈഹിന് ഉമര്‍ എഴുതി: ''അല്ലാഹുവിന്റെ കിതാബില്‍ ഒരു കാര്യം വ്യക്തമായി കണ്ടാല്‍ അതനുസരിച്ചു വിധി പ്രസ്താവിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ നോക്കേണ്ടതില്ല. കിതാബില്‍ പരാമര്‍ശിക്കാത്ത കാര്യമാണെങ്കില്‍ നബി(സ)യുടെ സുന്നത്തനുസരിച്ച് വിധിക്കുക.

ഇവ രണ്ടിലും വിഷയം പരാമര്‍ശിച്ചിട്ടില്ലെങ്കില്‍ ഏകോപിത അഭിപ്രായം (ഇജ്മാഅ്) അനുസരിച്ചു വിധിക്കുക. ഇനി ഏകോപിത അഭിപ്രായമില്ലയെങ്കില്‍ താങ്കള്‍ക്ക് രണ്ട് മാര്‍ഗം സ്വീകരിക്കാം: ഇജ്തിഹാദ് ചെയ്ത് വിധി പറയുക, അല്ലെങ്കില്‍ വിഷയം മാറ്റിവെക്കുക. മാറ്റിവെക്കലാണ് ഉത്തമം.''

അബ്ദുല്ലാഹിബ്‌നു അബ്ബാസിനോട് ആരെങ്കിലും ഫത്‌വ ചോദിച്ചാല്‍ ഖുര്‍ആന്‍ അനുസരിച്ച് ഫത്‌വ കൊടുക്കും. ഖുര്‍ആനില്‍ പരാമര്‍ശമില്ലെങ്കില്‍ സുന്നത്തനുസരിച്ചും അതിലുമില്ലെങ്കില്‍ അബൂബക്കറിന്റെയും ഉമറിന്റെയും അഭിപ്രായമനുസരിച്ച് ഫത്‌വ നല്‍കും. ഇതിലൊന്നും മാതൃകയില്ലെങ്കില്‍ മാത്രം ഇജ്തിഹാദ് നടത്തി ഫത്‌വ നല്‍കും.

മതവിധികള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കാനുള്ള ബാധ്യത ഏറ്റെടുത്തവരും, നബിയുടെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന മുതിര്‍ന്ന സഹാബിമാരുമായിരുന്നു അവര്‍. സഹാബിമാര്‍ക്ക് ഏകോപിച്ച് അഭിപ്രായം ഇല്ലെങ്കില്‍ ഖുര്‍ആനിലും സുന്നത്തിലും ഖണ്ഡിത നിയമം വിശദമാക്കിയിട്ടുള്ള പ്രശ്‌നങ്ങളുമായി ആനുകാലിക സംഭവങ്ങളെ തുലനം ചെയ്തു നോക്കും.

അവ തമ്മില്‍ സാമ്യമുണ്ടെന്ന് ബോധ്യമായാല്‍ ആ പ്രശ്‌നങ്ങളുടെ നിയമങ്ങള്‍ ഈ സമാന സംഭവങ്ങള്‍ക്ക് ബാധകമാക്കി വിധി പ്രസ്താവിക്കും. ഈ പ്രക്രിയക്ക് ഫിഖ്ഹിന്റെ ഭാഷയില്‍ ഖിയാസ് എന്നു പറയുന്നു. ഇങ്ങനെ ഖുര്‍ആനിലും സുന്നത്തിലും വന്ന ഖണ്ഡിതമായ നിയമങ്ങളെ വ്യാഖ്യാനിക്കുന്നതിന് സൂക്ഷ്മമായ ചിന്താശക്തിയും ഗവേഷണ നൈപുണിയും ആവശ്യമാണ്. ഇതിനാണ് ഇജ്തിഹാദ് അഥവാ ഗവേഷണം എന്നു പറയുന്നത്.

അപ്പോള്‍, ഖലീഫ ഉമറി(റ)ന്റെ കാലത്ത് പ്രധാനപ്പെട്ട പ്രമാണങ്ങള്‍ നാലെണ്ണമായിരുന്നു. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവ. ഹിജ്‌റ 11 മുതല്‍ 93 വരെ നീണ്ടുനില്‍ക്കുന്നതാണ് മൊത്തത്തില്‍ സഹാബത്തിന്റെ കാലഘട്ടം.

ഇതില്‍ 29 വര്‍ഷം ഖുലഫാഉര്‍റാശിദയുടെ കാലഘട്ടമായിരുന്നു. പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന കാലമായിരുന്നു അത്. ഈ കാലഘട്ടത്തില്‍ ശരീഅത്തിന്റെ വിശാലമായ മേഖലകളില്‍ ആവശ്യമായ നിയമങ്ങള്‍ അതിന്റെ അടിസ്ഥാന സ്രോതസ്സുകളില്‍ നിന്ന് പരിചിന്തനം ചെയ്തു വ്യാഖ്യാനിക്കുന്നതിന്റെ കവാടം തുറന്നുവെച്ചു.

ഖണ്ഡിതമായ പ്രമാണമൊന്നും കാണാതിരുന്ന സംഭവങ്ങളില്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. അവയെല്ലാം പില്‍ക്കാല പണ്ഡിതന്മാരില്‍ പ്രബലങ്ങളായ അവലംബങ്ങളെന്ന നിലയില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു.

അങ്ങനെ നബി(സ)യുടെ മദീനാ ജീവിതത്തില്‍ ബീജാവാപം ചെയ്ത ഫിഖ്ഹ് സഹാബത്തിന്റെ കാലഘട്ടത്തില്‍ വളര്‍ന്നു പുഷ്പിക്കാന്‍ തുടങ്ങി. അത് സ്വാദും സൗന്ദര്യവുമുള്ള ഫലങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. തുടര്‍ന്ന് താബിഉകളുടെയും മുജ്തഹിദുകളായ ഇമാമുമാരുടെയും കാലമായിരുന്നു. അന്നാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം ലോകത്തിന് അനര്‍ഘങ്ങളായ സംഭാവനകള്‍ നല്‍കിയത്.

മേല്‍പറഞ്ഞ നാലു പ്രമാണങ്ങള്‍ക്കു പുറമേ ഉമറുല്‍ ഫാറൂഖ്(റ) പലപ്പോഴും ജനനന്മ (മസ്‌ലഹത്ത്) കണക്കിലെടുത്ത് വിധി പ്രസ്താവിക്കാറുണ്ടായിരുന്നു. ചില ഉദാഹരണങ്ങള്‍: മദ്യപന് എന്തു ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ ഉമര്‍ സഹാബിമാരുമായി കൂടിയാലോചിച്ചു. സ്ത്രീകളെപ്പറ്റി അപവാദം പറഞ്ഞവര്‍ക്കുള്ള ശിക്ഷയാണ് മദ്യപാനികള്‍ക്കും നല്‍കേണ്ടതെന്ന് അലി അഭിപ്രായപ്പെട്ടു.

അതിന് അദ്ദേഹത്തിന്റെ ന്യായം ഇങ്ങനെയായിരുന്നു: മദ്യപിച്ചാല്‍ ലഹരി ബാധിക്കും, ലഹരി ബാധിച്ചാല്‍ സ്വബോധമില്ലാതെ സംസാരിക്കും. സ്വബോധമില്ലാതെ സംസാരിക്കുമ്പോള്‍ അപവാദം പറയും. തുടര്‍ന്ന് ഉമര്‍ മദ്യപന്മാര്‍ക്കുള്ള ശിക്ഷ 80 അടിയാക്കി.

നിയമത്തിന്റെ അക്ഷരങ്ങളെ പിന്തുടരുന്നതിനു പകരം നിയമം ഉള്‍ക്കൊള്ളുന്ന തത്വങ്ങള്‍ കണ്ടെത്തി അവയ്ക്ക് അനുസൃതമായി മനുഷ്യനന്മ സാധിക്കുംവിധമാണ് ഉമറുല്‍ ഫാറൂഖ് വിധികള്‍ പുറപ്പെടുവിച്ചിരുന്നത്. പട്ടിണിക്കാലത്ത് കളവ് നടത്തിയവനെ ശിക്ഷയില്‍ നിന്നൊഴിവാക്കിയതും മുഅല്ലഫതുല്‍ ഖുലൂബിനുള്ള സകാത്തിന്റെ ഓഹരി നിര്‍ത്തല്‍ ചെയ്തതും വെള്ളം ചേര്‍ത്ത പാല്‍ വില്‍ക്കുന്നത് കണ്ടപ്പോള്‍ പാല്‍ മുഴുവന്‍ നിലത്തൊഴുക്കിക്കളഞ്ഞതും ജനനന്മ അഥവാ മസ്‌ലഹത്ത് കണക്കിലെടുത്തുകൊണ്ടായിരുന്നു.

മസ്‌ലഹത്തിന്റെ അടിസ്ഥാനത്തിലും ഖിയാസിന്റെ അടിസ്ഥാനത്തിലും ഖുര്‍ആനിലും സുന്നത്തിലും മാത്രം ഒതുങ്ങിനിന്നും ഇജ്തിഹാദ് ചെയ്യുന്നവര്‍ സഹാബിമാരുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിനാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ അവരില്‍ ഉണ്ടാവുന്നത് സ്വാഭാവികം മാത്രം.

മുതിര്‍ന്ന സഹാബിമാര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന് ചില ഉദാഹരണങ്ങള്‍:

പിതാമഹനും സഹോദരങ്ങളും തമ്മിലുള്ള അനന്തരാവകാശ വിഷയത്തില്‍ അബൂബക്കറി(റ)ന്റെ അഭിപ്രായത്തില്‍ പിതാവിന്റെ സ്ഥാനത്താണ് പിതാമഹന്‍. അതിനാല്‍ സ്വത്ത് മുഴുവനും പിതാമഹനുള്ളതാണ്. ഉമര്‍(റ) ഈ വിഷയം മറ്റു സഹാബിമാരുമായി കൂടിയാലോചിച്ചു. അപ്പോള്‍ സൈദുബ്‌നു സാബിത് കൊടുത്ത ഫത്‌വ, 'ഒരു സഹോദരന്റെ അവകാശം പിതാമഹനുണ്ട്. അത് മൂന്നിലൊന്നില്‍ കുറയാന്‍ പാടില്ല' എന്നായിരുന്നു. അലി(റ)യുടെ അഭിപ്രായം 'ആറിലൊന്നില്‍ കുറയാന്‍ പാടില്ല' എന്നായിരുന്നു.

മൂന്നു പ്രാവശ്യം വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീക്ക് ഇദ്ദ കഴിയുന്നതുവരെ താമസവും ചെലവും നല്‍കണമെന്നായിരുന്നു ഉമറിന്റെ അഭിപ്രായം. എന്നാല്‍ ഫാത്വിമ ബിന്‍തു ഖൈസ് ഇത് അംഗീകരിച്ചില്ല. ഞാന്‍ മൂന്നാം തവണ വിവാഹമോചനം ചെയ്യപ്പെട്ടപ്പോള്‍ നബി(സ) താമസമോ ചെലവിനോ നല്‍കിയില്ലെന്ന് അവര്‍ പറഞ്ഞു.

നിയമത്തിന്റെ അക്ഷരങ്ങളെ പിന്തുടരുന്നതിനു പകരം നിയമം ഉള്‍ക്കൊള്ളുന്ന തത്വങ്ങള്‍ കണ്ടെത്തി അവയ്ക്ക് അനുസൃതമായി മനുഷ്യനന്മ സാധിക്കുംവിധമാണ് ഉമറുല്‍ ഫാറൂഖ് വിധികള്‍ പുറപ്പെടുവിച്ചിരുന്നത്.

ഇതു കേട്ട ഉമര്‍ 'ഒരു പെണ്ണിന്റെ വാക്കു കേട്ട് അല്ലാഹുവിന്റെ കിതാബ് ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല. അവള്‍ക്ക് മറവി പറ്റിയിരിക്കാം' എന്നു പറഞ്ഞു. ഇവിടെ ഖുര്‍ആനിന്റെ പൊതുനിയമമാണ് ഉമര്‍ സ്വീകരിച്ചത്.

ഫിഖ്ഹ് ഉസ്മാന്റെ(റ) ഭരണകാലത്ത് സഹാബിമാര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്നിടത്തേക്ക് പോകാന്‍ അനുവാദം നല്‍കി. ഉമറിന്റെ ഭരണകാലത്ത് ഈ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ഈ നയം അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കാന്‍ കാരണമായിത്തീര്‍ന്നു. വ്യത്യസ്ത പ്രദേശങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച സഹാബിമാര്‍ അവര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്നും അവര്‍ക്ക് ലഭിച്ച സുന്നത്തില്‍ നിന്നും അവര്‍ മനസ്സിലാക്കിയതനുസരിച്ച് ഫത്‌വ നല്‍കിവന്നു.

അവരുടെ മുന്‍ഗാമികളുടെ കാലത്ത് സ്ഥിരപ്പെട്ട ഇജ്മാഉം ഖിയാസും അബൂബക്കറിന്റെയും ഉമറിന്റെയും ഫത്‌വകളും അവരുടെ മാനദണ്ഡമായിരുന്നു. ഇതിലൊന്നും നേര്‍ക്കുനേരെ കണ്ടെത്താന്‍ കഴിയാത്ത പുതിയ വിഷയങ്ങളില്‍ അവരുടെ ഇജ്തിഹാദ് അനുസരിച്ചു അവര്‍ ഫത്‌വ നല്‍കി. അപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികം.

ഈ കാലഘട്ടത്തില്‍ മദീന കേന്ദ്രീകരിച്ച് ഫത്‌വ നല്‍കിക്കൊണ്ടിരുന്ന സഹാബിമാര്‍ അലിയ്യുബ്നു അബീത്വലിബ്, അബ്ദുല്ലാഹിബ്നു ഉമര്‍, സൈദ്ബ്നുസ്സാബിത്, ആഇശ, അബൂഹൂറൈറ, ഉബയ്യുബ്നു കഅ്ബ(റ) എന്നിവരായിരുന്നു.

താബിഉകളില്‍ നിന്ന് സഈദുബ്നുല്‍ മസയ്യബ് ഉര്‍വതുബ്നു സുബൈറബ്നുല്‍ അവാം, അബൂബക്കര്‍ ഇബ്നു അബ്ദുറഹ്മാന്‍ ബിന്‍ ഹാരിസുബ്നു ഹിശാം, ഉബൈദുല്ലാഹിബ്നു അബ്ദുറഹ്മാനുബ്നു ഹിശാം, അബ്ദുല്ലാഹിബ്നു ഇത്ബ, സാലിമുബ്നു അബ്ദുല്ലാഹിബ്നു ഉമര്‍,സുലൈമാന്‍ ബ്‌നുയസാര്‍, ഖാസി മുബ്‌നു മുഹമ്മദ് അബീബക്കര്‍ നാഫിഅ് ബ്‌നു ശിഹാബുസ്സുഹരി മുതലായവരും ഫത്‌വ നല്‍കി.

മക്ക കേന്ദ്രീകരിച്ചു ഫത്‌വ നല്‍കിക്കൊണ്ടിരുന്നത് അബ്ദുല്ലാഹിബ്‌നു അബ്ബാസ് ആയിരുന്നു. താബിഉകളില്‍ നിന്ന് മുജാഹിദുബ്‌നു ജബര്‍, ഇക്രിമത്ത് അത്വാഅ്ബ്‌നു അബീ റബാഹ് എന്നിവരായിരുന്നു. കൂഫ കേന്ദ്രീകരിച്ചു അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അല്‍ഖമതുബ്‌നു ഖൈസുന്നഖഇ, മസ്റൂഖുബ്‌നു അജ്ദത്ത് യസീദുന്നഖഇ, സഈദുബ്‌നു ജുബൈര്‍, ആമിറുബ്‌നു ശറാഹീലുശ്ശഅബി മുതലായവരായിരുന്നു മുഫ്തികള്‍.

സിറിയയില്‍ മുആദ്ബിനു ജബല്‍, ഉബാദത്ത് ഇബ്‌നുസാമിത്ത്, അബൂദര്‍ദാഅ അബ്ദുറഹ്മാനുബ്‌നു ഗാനിമുല്‍ അശ്അരി അബൂ ഇദ്‌രീസുല്‍ കൗലാനി, ഖബീസത്തുബ്‌നു ദുഐബ്, മഖ്ഹൂല്‍ ബെനു അബീ മുസ്‌ലിം, റജാഇബ്‌നു ഹയവ, അല്‍കന്‍ദി, ഉമറുബ്‌നുല്‍ അബ്ദുല്‍ അസീസ് മുതലായവരും ഈജിപ്തില്‍ അബ്ദുല്ലാഹിബിനു അംറുബ്‌നുല്‍ ആസി, യസീദുബ്‌നു അബീ ഹബീബ് എന്നിവരും യമനില്‍ ത്വാഊസുബ്‌നു ഖൈസാന്‍, വഹബ് ബ്‌നു മുനബ്ബഹ്, അസ്സന്‍ ആനി, യഹ്‌യബ്‌നു അബീകസീര്‍, മുതരിഫ് ബ്‌നു ഹാസിം എന്നിവരും ഫത്‌വ നല്‍കിവന്നു.

ഇങ്ങനെ വിവിധ നാടുകളില്‍ സഹാബിമാരുടെ നേതൃത്വത്തില്‍ വ്യത്യസ്ത സരണികള്‍ വളര്‍ന്നുവന്നു. ഇവരുടെ ശിഷ്യന്മാര്‍ ആ സ്വഹാബിമാരുടെ ചിന്താധാര അനുസരിച്ചും അവരുടെ ഇജ്തിഹാദ് അനുസരിച്ച് ഓരോ നാട്ടിലെയും സാഹചര്യങ്ങളും ആചാരങ്ങളും സംസ്‌കാരങ്ങളും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്ത് നല്‍കുന്ന ഫത്വകളിലും വൈവിധ്യം സ്വാഭാവികമായും ഉണ്ടായിരുന്നു.

ഇവര്‍ ഇജ്തിഹാദിന്ന് നിദാനമായി സ്വീകരിച്ചത് ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ്, മസ്ലഹത്ത് എന്നിവയായിരുന്നു. എന്നാലും വീക്ഷണ വ്യത്യാസമനുസരിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടാവുക സ്വാഭാവികമാണല്ലോ.