കര്‍മശാസ്ത്ര സരണികള്‍ ഉദയം ചെയ്തതെങ്ങനെ?


ഒരു മുസ്‌ലിമിന്റെ വിശ്വാസ-കര്‍മങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും പ്രമാണബദ്ധമായിരിക്കണം. പ്രമാണങ്ങളുടെ പിന്തുണയില്ലാത്ത കാര്യം അല്ലാഹു സ്വീകരിക്കില്ല. പ്രമാണങ്ങള്‍ കര്‍മങ്ങള്‍ക്ക് ബലം വര്‍ധിപ്പിക്കുന്നു.

ജാഹിലിയ്യാ കാലത്ത് അറബികള്‍ക്ക് അവരുടേതായ ഫിഖ്ഹുകള്‍ (കര്‍മശാസ്ത്രം) ഉണ്ടായിരുന്നു. അവര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിന് നിയമങ്ങളും വ്യവസ്ഥകളുമുണ്ടായിരുന്നു. പ്രതികാര ശിക്ഷാനടപടിയെപ്പറ്റി അവര്‍ പറയുന്നു: 'പ്രതികാരക്കൊല തുടര്‍വധത്തെ ഇല്ലായ്മ ചെയ്യും.' ദിയ (കൊല നടത്തിയവന്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക അഥവാ ബ്ലഡ്മണി) ഘാതകന്റെ കുടുംബം കൊടുക്കേണ്ടതാണ്.

ഹജ്ജ് ചെയ്യാനുള്ള നിയമങ്ങളും വ്യവസ്ഥകളും അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. അവര്‍ ആശൂറാ നോമ്പ് നോല്‍ക്കുമായിരുന്നു. ജനാബത്തുണ്ടായാല്‍ കുളിക്കുമായിരുന്നു. ഖിതാന്‍ (സുന്നത്ത് കര്‍മം) അവരില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. വിവാഹം, മഹ്ര്‍, ത്വലാഖ്, ഈലാഅ്, ളിഹാര്‍ എന്നിവ സാധാരണക്കാരില്‍ പോലും നിലനിന്നിരുന്നു.

അതില്‍ പലതും നബി(സ) ഭേദഗതി ചെയ്തുകൊണ്ട് നിലനിര്‍ത്തി. തുടര്‍ന്ന് ഇസ്‌ലാം വന്നപ്പോള്‍ അറബ് സമൂഹത്തിന്റെ പുരോഗതിക്ക് ആവശ്യമായ കര്‍മശാസ്ത്ര നിയമങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അവര്‍ അജ്ഞതയുടെ കൂരിരുട്ടിലും അന്ധവിശ്വാസങ്ങളിലും അകപ്പെട്ടു ജീവിക്കുകയായിരുന്നു.

അങ്ങനെ നബി(സ) അവരുടെ ഇഹപര ജീവിതവിജയത്തിന് ആവശ്യമായ കര്‍മശാസ്ത്ര നിയമങ്ങള്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം അവരെ പഠിപ്പിക്കുകയും സംസ്‌കരിക്കുകയും ചെയ്തു. ഈ സംസ്‌കരണ പ്രക്രിയയില്‍ നിന്നാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം രൂപം കൊണ്ടത്.

ഒരു മുസ്‌ലിമിന്റെ വിശ്വാസ-കര്‍മങ്ങളും മറ്റു പ്രവര്‍ത്തനങ്ങളുമെല്ലാം പ്രമാണബദ്ധമായിരിക്കണം. പ്രമാണങ്ങളുടെ പിന്തുണയില്ലാത്ത ഒരു കാര്യവും അല്ലാഹു സ്വീകരിക്കുകയില്ല. പ്രമാണങ്ങള്‍ അവന്റെ കര്‍മങ്ങള്‍ക്ക് ബലം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അവന്റെ കര്‍മങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പ്രമാണങ്ങളുടെ പിന്തുണ ഇല്ലെങ്കില്‍ എപ്പോഴും സംശയങ്ങള്‍ അവനെ അലട്ടിക്കൊണ്ടിരിക്കും.

ഇസ്‌ലാമിക നിയമങ്ങളുടെ സ്രോതസ്സുകളില്‍ ഗവേഷണം നടത്തി കണ്ടെത്തുന്ന ഇസ്‌ലാമിക നിയമം അഥവാ ഇസ്‌ലാമിക കര്‍മശാസ്ത്രം, അതാണ് ഫിഖ്ഹ്. ഇസ്‌ലാമിക ഫിഖ്ഹ് വികാസത്തിന്റെ ആദ്യ ഘട്ടം മുഹമ്മദ് നബി(സ)യുടെ കാലഘട്ടത്തോടെ ആരംഭിക്കുന്നു. ഈ ഘട്ടത്തില്‍ ഫിഖ്ഹിന്റെ സ്രോതസ്സ് ഖുര്‍ആനും പ്രവാചക ചര്യയുമായിരുന്നു.

ഖുര്‍ആന്‍ രൂപകല്പന ചെയ്ത ജീവിതരീതിയുടെ പ്രയോഗവത്കരണമാണ് സുന്നത്ത്. ഇതെല്ലാം തള്ളിക്കളഞ്ഞ് മറ്റൊരു രീതി സ്വീകരിക്കാന്‍ ഒരു മുസ്‌ലിമിന് ഒരിക്കലും പാടില്ല. മക്കയിലും മദീനയിലും മുസ്‌ലിംകള്‍ നേരിട്ട പ്രശ്‌നങ്ങളുടെ പരിഹാരമെന്ന നിലയിലാണ് പല ഖുര്‍ആന്‍ വചനങ്ങളും അവതരിപ്പിച്ചത്. മുസ്‌ലിംകളും അമുസ്‌ലിംകളും പ്രവാചകനോട് ഉന്നയിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളായി അവതരിച്ച വചനങ്ങളുമുണ്ട്. 'അവര്‍ താങ്കളോട് ചോദിക്കുന്നു' എന്നു പറഞ്ഞുകൊണ്ടാണ് അത്തരം സൂക്തങ്ങള്‍ അവതരിച്ചത്.

ഈ കാലഘട്ടത്തില്‍ അവതരിപ്പിച്ച പ്രധാന ഫിഖ്ഹീ നിയമങ്ങള്‍, ഇബാദത്തുകള്‍, അഥവാ നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് മുതലായ നിര്‍ബന്ധ കാര്യങ്ങളും ഇവയുമായി ബന്ധപ്പെട്ട സുന്നത്തുകളും ഇവയിലുള്ള ഇളവുകളും മരണം, മയ്യിത്ത് സംസ്‌കരണം, ദുഃഖാചരണം, വസിയ്യത്ത്, അനന്തരാവകാശം, വിവാഹം, വിവാഹമോചനം, മതാഅ്, മഹ്ര്‍, യുദ്ധം, യുദ്ധാര്‍ജിത സമ്പത്ത്, അടിമകള്‍, അടിമമോചനം, മാതാപിതാക്കളോടുള്ള കടപ്പാടുകള്‍, മക്കളോടുള്ള കടപ്പാടുകള്‍ എന്നിങ്ങനെ നിരവധി നിയമങ്ങള്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും നിര്‍ധാരണം ചെയ്യുന്ന ശാസ്ത്രത്തിന്റെ അടിത്തറ പ്രവാചകന്‍ തന്നെ നല്‍കിക്കൊണ്ട് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന് തുടക്കമിട്ടു.

രണ്ടാം ഘട്ടം സച്ചരിതരായ ഖലീഫമാരുടെയും മുജ്തഹിദുകളായ സഹാബത്തിന്റെയും കാലഘട്ടമാണ്. ഈ ഘട്ടത്തില്‍ ഇസ്‌ലാമിന്റെ അതിരുകള്‍ അദ്ഭുതകരമാംവിധം വികസിച്ചുകൊണ്ടിരുന്നു. സിറിയ, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ്, പേര്‍ഷ്യ മുതലായ രാജ്യങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായിത്തീര്‍ന്നു.

ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പണ്ഡിതന്മാര്‍ ഇജ്തിഹാദും ഇജ്മാഉം ഖിയാസും ഉപയോഗപ്പെടുത്തി. ഇജ്മാഅ് എന്നാല്‍ മുജ്തഹിദുകളായ പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം. ഏതെങ്കിലും ഒരു വിഷയത്തില്‍ കിതാബിലോ സുന്നത്തിലോ പരിഹാരമില്ലെങ്കില്‍ ഖലീഫമാര്‍ പ്രധാന സഹാബിമാരെ വിളിച്ചുകൂട്ടി പ്രശ്‌നപരിഹാരത്തിന് അവരുടെ അഭിപ്രായം തേടും.

ഏതെങ്കിലും വിഷയത്തില്‍ ഖുര്‍ആനിലോ സുന്നത്തിലോ പരിഹാരമില്ലെങ്കില്‍ ഖലീഫമാര്‍ പ്രധാന സഹാബിമാരെ വിളിച്ചുകൂട്ടി പ്രശ്‌നപരിഹാരത്തിന് അഭിപ്രായം തേടും. ഇജ്മാഅ് എന്നാല്‍ മുജ്തഹിദുകളായ പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം.

അവരുടെ അഭിപ്രായം ഏകകണ്ഠമായാല്‍ അത് നടപ്പാക്കും. അത് സ്വീകരിക്കാന്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക, ദൂതനെയും അനുസരിക്കുക. നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും ഭിന്നിപ്പുണ്ടായാല്‍ നിങ്ങളത് അല്ലാഹുവിങ്കലേക്കും റസൂലിലേക്കും മടക്കുക'' (വി.ഖു. 4:59).

മേല്‍ വചനത്തില്‍ നാല് അടിസ്ഥാന സിദ്ധാന്തങ്ങള്‍ നമുക്ക് കാണാന്‍ കഴിയും: ഒന്ന്: അല്ലാഹുവിനെ അനുസരിക്കുവിന്‍. ഇത് അല്ലാഹുവിന്റെ കിതാബിനെ അനുസരിച്ചുകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ഇതാണ് ഒന്നാം പ്രമാണം.

രണ്ട്: റസൂലിനെ അനുസരിക്കുവിന്‍. റസൂലിന്റെ ജീവിതകാലത്ത് വിശ്വാസികള്‍ അദ്ദേഹത്തെ നേരില്‍ അനുസരിക്കുമായിരുന്നു. നബി(സ) ഈ ലോകത്തോട് വിടപറഞ്ഞ ശേഷം അദ്ദേഹത്തിന്റെ ചര്യയെ അനുസരിച്ചുകൊണ്ട് മാത്രമേ നമുക്ക് സാധ്യമാവുകയുള്ളൂ. ഇതാണ് രണ്ടാം പ്രമാണം. ഈ വസ്തുതകളെക്കുറിച്ചുകൂടി വ്യക്തമായി അവിടത്തെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞതായി കാണാം:

''രണ്ടു കാര്യം ഞാന്‍ നിങ്ങള്‍ക്കു വിട്ടുതന്നിരിക്കുന്നു. അതു രണ്ടും നിങ്ങള്‍ മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ പിഴച്ചുപോവുകയില്ല. അത് അല്ലാഹുവിന്റെ കിതാബും അവന്റെ ദൂതന്റെ സുന്നത്തുമാകുന്നു'' (മുവത്വ). ഈ രണ്ട് പ്രമാണങ്ങള്‍ മാത്രമാണ് ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങള്‍. ബാക്കിയുള്ളവ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മനസ്സിലാക്കി എടുക്കാവുന്നവയാണ്.

മൂന്ന്: ''നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെ അനുസരിക്കുവിന്‍. ഇതില്‍ ഭരണാധികാരികളും പണ്ഡിതന്മാരും ഉള്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇബ്നു അബ്ബാസ് റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ ഇവര്‍ പണ്ഡിതന്മാരാണെന്ന് പറഞ്ഞിട്ടുണ്ട്'' (ഇബ്‌നു കസീര്‍ 1:633).

ഇതാണ് മൂന്നാമത്തെ പ്രമാണമായ ഇജ്മാഅ്. ഇത് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ''ആരെങ്കിലും സന്മാര്‍ഗം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം റസൂലിനോട് എതിര് പ്രവര്‍ത്തിക്കുകയും സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ പിന്‍പറ്റുകയും ചെയ്താല്‍ അവര്‍ തിരിഞ്ഞ പ്രകാരം (അവന്റെ പാട്ടിനു) അവനെ ഞാന്‍ തിരിച്ചുകളയും. അവനെ നരകത്തില്‍ കടത്തി എരിക്കുകയും ചെയ്യും. അത് എത്രയോ മോശമായ പര്യവസാനം'' (4:115).

ഈ വചനം മുസ്‌ലിം സമൂഹത്തിലെ മുജ്തഹിദുകളായ പണ്ഡിതന്മാര്‍ ഏകോപിപ്പിച്ചെടുക്കുന്ന തീരുമാനം പ്രമാണമായി അംഗീകരിക്കണമെന്ന് നമ്മോട് കല്‍പിക്കുന്നു. അതാണ് മുഅ്മിനുകളുടെ മാര്‍ഗം അഥവാ ഇജ്മാഅ്.

നാല്: ഖിയാസ് അഥവാ സാദൃശ്യ നിയമം. ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായി വിധി വന്നിട്ടില്ലാത്ത പ്രശ്‌നങ്ങള്‍ക്ക് വിധി കണ്ടെത്തുക. ''മുആദ് ഇബ്‌നു ജബലിനെ യമനിലെ ഗവര്‍ണറായി അയക്കാന്‍ തീരുമാനിച്ചപ്പോള്‍ നബി(സ) അദ്ദേഹത്തോട് ചോദിച്ചു: 'താങ്കളുടെ മുന്നില്‍ ഒരു പ്രശ്‌നം വന്നാല്‍ താങ്കള്‍ എങ്ങനെ വിധി കല്‍പിക്കും?''

മുആദ്: ''ഞാന്‍ അല്ലാഹുവിന്റെ കിതാബ് അനുസരിച്ച് വിധി നടത്തും.'' ''അതില്‍ കണ്ടില്ലെങ്കില്‍?'' ''അല്ലാഹുവിന്റെ റസൂലിന്റെ ചര്യ അനുസരിച്ച് വിധിക്കും.'' ''അതിലും കണ്ടില്ലെങ്കില്‍?'' ''ഞാന്‍ ഇജ്തിഹാദ് ചെയ്ത് വിധി നടത്തും. വീഴ്ച വരുത്തുകയില്ല.'' ഇതു കേട്ട റസൂല്‍ മുആദിന്റെ ചുമലില്‍ തട്ടിക്കൊണ്ട് പറഞ്ഞു: ''റസൂലുല്ലാ നിയോഗിച്ച വ്യക്തിക്ക് അല്ലാഹുവും റസൂലും തൃപ്തിപ്പെടും വിധം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുഗ്രഹിച്ച അല്ലാഹുവിന് സ്തുതി'' (ബുഖാരി, മുസ്‌ലിം).

സമാന കാരണങ്ങളുള്ള പ്രശ്‌നങ്ങളില്‍ ഒന്നിന്റെ വിധി മറ്റേതിന്നും ബാധകമാക്കുക എന്നതാണ് ഖിയാസു കൊണ്ട് ശരീഅത്തില്‍ ഉദ്ദേശിക്കുന്നത്. ഇജ്തിഹാദും ഭദ്രമായ ഫിഖ്ഹീ സമീപനവും ഇതിന്ന് ആവശ്യമാണ്. നബിയുടെ കാലത്തുള്ള മുന്തിരി വീഞ്ഞ് വിലക്കുവാന്‍ കാരണം അതില്‍ അടങ്ങിയ ലഹരിയാണ്.

സമാനമായ ലഹരി ഇന്നത്തെ ലഹരി പദാര്‍ഥങ്ങളിലും ഉള്ളതുകൊണ്ട് അന്ന് നബി(സ) പറഞ്ഞ വിലക്ക് ഇന്നും ബാധകമാവുന്നു എന്നര്‍ഥം. മേല്‍പറഞ്ഞ നാലു പ്രമാണങ്ങള്‍ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അംഗീകരിക്കുന്നു. ദാവൂദുല്ലാഹിരിയെ പോലുള്ള അല്‍പം ചിലര്‍ മാത്രമേ ഖിയാസിനെ നിഷേധിക്കുന്നുള്ളൂ.