ഖുര്‍ആന്‍ സൂക്തങ്ങളോ അധ്യായങ്ങളോ പാരായണം ചെയ്ത ശേഷം സ്വദഖല്ലാഹുല്‍ അദീം എന്നോ സ്വദഖല്ലാഹുല്‍ അലിയ്യുല്‍ അദീം എന്നോ പറയുന്നത് വ്യാപകമായി കാണപ്പെടുന്നുണ്ട്. എന്നാല്‍ ഈ പ്രയോഗം സ്ഥിരീകരിക്കപ്പെട്ട പ്രവാചകചര്യയുടെ ഭാഗമാണോ എന്നത് പരിശോധിക്കേണ്ടതുണ്ട്.
ചോദ്യം: ഖുര്‍ആന്‍ പാരായണം ചെയ്ത് കഴിഞ്ഞാല്‍ സ്വദഖല്ലാഹുല്‍ അലിയ്യുല്‍ അദീം എന്ന് പറയേണ്ടതുണ്ടോ? ഇതിന്റെ ഇസ്‌ലാമിക വിധി എന്താണ്?
- ലിയാന എ ആര്‍
ഉത്തരം: ഖുര്‍ആന്‍ സൂക്തങ്ങളോ അധ്യായങ്ങളോ പാരായണം ചെയ്ത ശേഷം 'സ്വദഖല്ലാഹുല്‍ അദീം' എന്നോ 'സ്വദഖല്ലാഹുല്‍ അലിയ്യുല്‍ അദീം' എന്നോ പറയുന്നത് മുസ്ലിം സമൂഹത്തില്‍ വ്യാപകമായി കാണപ്പെടുന്ന ഒരു കാര്യമാണ്. എന്നാല്‍ ഈ പ്രയോഗം സ്ഥിരീകരിക്കപ്പെട്ട പ്രവാചകചര്യയുടെ ഭാഗമാണോ എന്നത് പരിശോധിക്കേണ്ടതുണ്ട്.
പ്രവാചകന്റെയും (സ) സ്വഹാബികളുടെയും പ്രവൃത്തികളില്‍ നിന്നോ നിര്‍ദേശങ്ങളില്‍ നിന്നോ പാരായണത്തിന് ശേഷം ഈ വാക്യം പറയാനുള്ള യാതൊരു തെളിവും ലഭ്യമല്ല. നബി (സ) തന്റെ പ്രസംഗങ്ങളില്‍ ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നുവെന്നും, സ്വഹാബികളോട് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ആവശ്യപ്പെട്ട സാഹചര്യങ്ങളുമുണ്ടായിരുന്നുവെന്നും ദഅ്‌വത്തിന്റെ ഭാഗമെന്നോണം പലരേയും ഖുര്‍ആന്‍ ഓതി കേള്‍പ്പിച്ചിരുന്നുവെന്നും നമുക്കറിയാം.
എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ പാരായണം കഴിഞ്ഞ് സ്വദഖല്ലാഹുല്‍ അദീം എന്ന് നബി (സ) പറയുകയോ നിര്‍ദേശിക്കുകയോ ചെയ്തിച്ചിട്ടില്ല. അതുകൊണ്ട് ഈ പ്രയോഗം സുന്നത്തായോ മതപരമായ ആചാരമായോ സ്വീകരിക്കാന്‍ പറ്റില്ല എന്നാണ് ഒട്ടുമിക്ക പണ്ഡിതന്മാരുടെയും അഭിപ്രായം.
ആധുനിക പണ്ഡിതരായ ശൈഖ് ഇബ്‌നു ബാസ്, ശൈഖ് ഇബ്‌നു ഉഥൈമീന്‍ തുടങ്ങിയവര്‍ ഈ കാര്യം വ്യക്തമാക്കുകയും ഇങ്ങനെ പതിവാക്കുന്നത് ബിദ്അത്ത് ആണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ വചനങ്ങള്‍ എല്ലാം സത്യമാണ് എന്നതില്‍ യാതൊരു സംശയവുമില്ല.
ഖുര്‍ആന്‍ പാരായണത്തിന് ശേഷം ഒരു സുന്നത്ത് എന്ന നിലയില്‍ 'സ്വദഖല്ലാഹു...' എന്ന് പറയുന്നതും അതൊരു ആചാരമാക്കുന്നതും പാടില്ലാത്ത കാര്യമാണ്.
''ഖുല്‍ സ്വദഖല്ലാഹ്'' (ആല്‍ ഇംറാന്‍: 95), 'വമന്‍ അസ്വദഖു മിനല്ലാഹി ഹദീഥാ'' (നിസാ: 87), 'വമന്‍ അസ്വദഖു മിനല്ലാഹി ഖീലാ'' (നിസാ: 122) തുടങ്ങിയ വചനങ്ങള്‍ ദൈവ വാക്യങ്ങളുടെ സത്യസന്ധത ഊന്നിപ്പറയുന്നു. എന്നാല്‍ ഈ ആയത്തുകളുടെ സന്ദര്‍ഭങ്ങള്‍ വേറെയാണ്. ഖുര്‍ആന്‍ പാരായണം കഴിഞ്ഞ് 'സ്വദഖല്ലാഹുല്‍ അദീം' എന്ന് പറയാനുള്ള തെളിവുകളല്ല.
ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സന്ദര്‍ഭത്തിന്റെ താല്പര്യമനുസരിച്ചു ഒരാള്‍ അങ്ങനെ പറയുകയോ മറ്റൊരാള്‍ പറയുന്നത് കേള്‍ക്കുകയോ ചെയ്യുന്നത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. ഒരു സുന്നത്ത് എന്ന നിലയില്‍ ഖുര്‍ആന്‍ പാരായണത്തിന് ശേഷം 'സ്വദഖല്ലാഹു...' എന്ന് പറയുന്നതും അതൊരു ആചാരമാക്കുന്നതും പാടില്ലാത്തതാണ്.