ദൈവ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന ഒരു ദൂതനെ അയച്ച് ജനങ്ങള്‍ക്ക് സന്മാര്‍ഗ പാത വ്യക്തമാക്കി കൊടുക്കുകയും സത്യം ബോധിപ്പിക്കുകയും ചെയ്തിട്ടും അത് സ്വീകരിക്കാതെ അഹങ്കാരവും ധാര്‍ഷ്ട്യവും കാണിച്ചു നിഷേധിക്കുന്നവരെയാണ് അല്ലാഹു നരകം കൊണ്ട് ശിക്ഷിക്കുക.
ചോദ്യം: ഇസ്ലാമിനെ കുറിച്ചും അല്ലാഹുവിനെ കുറിച്ചും ജീവിത കാലത്തിനിടക്ക് ഒരിക്കലും അറിയാന്‍ സാധിക്കാത്ത എത്രയോ ജനവിഭാഗങ്ങള്‍ ഈ ലോകത്ത് ജീവിച്ചിരിന്നിട്ടുണ്ട്. ഇപ്പോഴും ഉണ്ടാവും. അവരുടെ വിധി എന്താണ്? നരകമാണെങ്കില്‍ അവര്‍ നേരിടുന്നത് അനീതിയല്ലേ?
എച്ച് എ തുറക്കല്‍
ഉത്തരം: മരണത്തിന് മുമ്പ് ഇസ്ലാമിക പ്രബോധനം ലഭിച്ചിട്ടില്ലാത്ത മനുഷ്യരെ അല്ലാഹു പരലോകത്ത് നരകത്തിലിട്ട് ശിക്ഷിക്കുകയില്ല. കാരണം അല്ലാഹു നീതിമാനാണ്, ഖുര്‍ആനിക സന്ദേശങ്ങള്‍ ലഭിക്കാത്തവരെ നരകത്തില്‍ പ്രവേശിപ്പിച്ചു ശിക്ഷിക്കുകയെന്നത് കടുത്ത അനീതിയാണ്. അതുകൊണ്ട് കണിശമായ നീതി നിഷ്ഠയുള്ള അല്ലാഹു ഒരിക്കലും അങ്ങനെ ചെയ്യില്ല.
ഒരാളോടും അവന്‍ ഒട്ടും തന്നെ അനീതിയോ അക്രമമോ കാണിക്കുകയില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. 'അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.' (വി.ഖു. 4: 49, 124)
ദൈവിക മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന ഒരു ദൂതനെ അയച്ച് ജനങ്ങള്‍ക്ക് സന്മാര്‍ഗ്ഗത്തിന്റെ പാത വ്യക്തമാക്കി കൊടുക്കുകയും സത്യം ബോധിപ്പിക്കുകയും ചെയ്തിട്ടും അത് സ്വീകരിക്കാതെ അഹങ്കാരവും ധാര്‍ഷ്ട്യവും കാണിച്ചു നിഷേധിക്കുന്നവരെയാണ് അല്ലാഹു നരകം കൊണ്ട് ശിക്ഷിക്കുക. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ രേഖപ്പെടുത്തുന്നു: 'ഒരു ദൂതനെ അയക്കുന്നത് വരെ നാം ആരെയും ശിക്ഷിക്കുന്നതുമല്ല. (വി.ഖു. 17:15).
ഒരു പണ്ഡിതനോ പ്രബോധകനോ നിയോഗിക്കപ്പെടുകയോ അല്ലാഹുവിന്റെ സന്ദേശങ്ങള്‍ എഴുത്തായോ പുസ്തകമായോ മറ്റോ അല്ലാഹുവിലേക്കുള്ള മാര്‍ഗം ജനങ്ങള്‍ക്ക് വിശദീകരിക്കുകയും ചെയ്യപ്പെടാതെ ആരെയും അല്ലാഹു ശിക്ഷിക്കുന്നതല്ലന്ന് വളരെ വ്യക്തമാണ്. 'നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ' യെന്ന് പരലോകത്ത് ചോദിക്കപ്പെടും, ശേഷമേ ശിക്ഷയിലേക്ക് അവരെ ഇടുകയുള്ളൂ.
ഇമാം ഇബ്‌നു കസീര്‍ (റ) തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ വി. ഖു 17:15നെ കുറിച്ച് രേഖപ്പെടുത്തുന്നത് ഏറെ ശ്രദ്ധേയമാണ്:
:قال ابن كثير رحمه الله في تفسير هذه الآية
"قوله تعالى وما كنا معذبين حتى نبعث رسولا إخبار عن عدله تعالى وأنه لا يعذب أحدا إلا بعد قيام الحجة عليه بإرسال الرسول إليه كقوله تعالى كلما ألقي فيها فوج سألهم خزنتها ألم يأتكم نذير قالوا بلى قد جاءنا نذير فكذبنا وقلنا ما نزل الله من شيء إن أنتم إلا في ضلال كبير وكذا قوله وسيق الذين كفروا إلى جهنم زمرا حتى إذا جاءوها فتحت أبوابها وقال لهم خزنتها ألم يأتكم رسل منكم يتلون عليكم آيات ربكم وينذرونكم لقاء ".يومكم هذا قالوا بلى ولكن حقت كلمة العذاب على الكافرين
'ഒരു ദൂതനെ അയക്കുന്നത് വരെ നാം ആരെയും ശിക്ഷിക്കുന്നതുമല്ല' എന്ന ഖുര്‍ആന്‍ വചനം ഉന്നതനായ അല്ലാഹുവിന്റെ നീതിയെ സത്യപ്പെടുത്തുന്നു.
ദൂതന്മാരെ നിയോഗിച്ച് അവര്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ അവന്‍ ഏതൊരാള്‍ക്കെതിരെയും ശിക്ഷാ നടപടി സ്വീകരിക്കുകയുള്ളൂ. 'നരകത്തില്‍ ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും: നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ?'(വി ഖു 67:8) എന്ന അല്ലാഹുവിന്റെ ഈ വചനം പോല.
ആദിവാസി മേഖലകളിലോ ആമസോണ്‍ കാടുകളിലോ തുടങ്ങി ഇസ്ലാമിനെ കുറിച്ചും അല്ലാഹുവിനെ കുറിച്ചും ജീവിത കാലത്തിനിടക്ക് ഒരിക്കലും അറിയാന്‍ സാധിക്കാത്തവരുണ്ടെങ്കില്‍ അവരുടെ കാര്യത്തിലുള്ള അല്ലാഹുവിന്റെ തീരുമാനം നീതിപൂര്‍ണമായിരിക്കും.
അപ്രകാരം മറ്റൊരു സൂക്തം: ''സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്റെ വാതിലുകള്‍ തുറക്കപ്പെടും. നരകത്തിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും: നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പ്പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ? അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി.' (വി.ഖു. 39:71)
അപ്പോള്‍ ആദിവാസി മേഖലകളിലോ ആമസോണ്‍ കാടുകള്‍, ആന്‍ഡമാനിലെ ചില ദ്വീപുകള്‍ തുടങ്ങി ഇസ്ലാമിനെ കുറിച്ചും അല്ലാഹുവിനെ കുറിച്ചും ജീവിത കാലത്തിനിടക്ക് ഒരിക്കലും അറിയാന്‍ സാധിക്കാത്തവരുണ്ടെങ്കില്‍ അവരുടെ കാര്യത്തിലുള്ള അല്ലാഹുവിന്റെ തീരുമാനം നീതിപൂര്‍ണമായിരിക്കും. പരലോകത്ത് നടക്കാനിരിക്കുന്ന ഇത്തരം കാര്യങ്ങളില്‍ ഖുര്‍ആ അധിഷ്ഠിതമായി ഇത്രമാത്രമെ നമുക്ക് പറയാന്‍ കഴിയുകയുള്ളു.