സ്വയംപര്യാപ്തമായ ഒരു സിസ്റ്റമായതിനാല്‍ തന്നെ പുറത്തുനിന്നൊരു സ്രോതസ്സില്‍ നിന്ന് ഭൂമിയില്‍ വിഭവങ്ങള്‍ ലഭിക്കാനുള്ള സാധ്യത പരിമിതമാണ്.
ബഹിരാകാശത്തു നിന്ന് എടുത്ത ഭൂമിയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഭൂമി സ്വയംപര്യാപ്തമായ ഒരു സിസ്റ്റമാണെന്ന് തോന്നാം. ഭൂമിയുടെ തുടക്കം മുതല്‍ ആവശ്യമായ മിക്ക വിഭവങ്ങളും ഭൂമി ഉള്‍ക്കൊള്ളുന്ന പ്രപഞ്ചവ്യവസ്ഥക്കകത്തു തന്നെ ലഭ്യമായിരുന്നു.
സൗരോര്‍ജത്തിന്റെ ലഭ്യതയും ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലവും അതിനു പുറമേ നക്ഷത്രകണങ്ങളും വായുവും ബാഷ്പവുമെല്ലാം വിശാലാര്‍ഥത്തില്‍ ഭൗമവ്യവസ്ഥയുടെ ഭാഗമായി വരും. ഇങ്ങനെ സ്വയംപര്യാപ്തമായ ഒരു സിസ്റ്റമായതിനാല്‍ തന്നെ പുറത്തുനിന്നൊരു സ്രോതസ്സില്‍ നിന്ന് വിഭവങ്ങള്‍ ലഭിക്കാനുള്ള സാധ്യത പരിമിതമാണ്.
അതിനാല്‍ തന്നെ വിഭവങ്ങളുടെ ശോഷണം പരിഹരിക്കാനാവാത്ത ഒരു പ്രശ്‌നമാണെന്ന് നാം മനസ്സിലാക്കണം. ഭൂമിയുടെ വിസ്തീര്‍ണവും ലഭ്യമായ പദാര്‍ഥങ്ങളും ഉപയോഗയോഗ്യമായ വിഭവങ്ങളുമെല്ലാം നിര്‍ണിതവും നിശ്ചിതവുമാണ്.
ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്: ''ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആര്‍ക്കാണോ അവനത്രേ (അത് അവതരിപ്പിച്ചവന്‍). അവന്‍ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവനു യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവിനെയും അവന്‍ സൃഷ്ടിക്കുകയും അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു'' (25:2).
''തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാകുന്നു'' (54:49). അതിനാല്‍ തന്നെ ഈ വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെ ശ്രദ്ധിച്ചാകണമെന്നും ഖുര്‍ആന്‍ താക്കീത് നല്‍കുന്നു: ''ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല'' (7:31).
വിഭവവിനിയോഗത്തിന്റെ അതിരുകള്‍ ലംഘിക്കരുതെന്നും വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നു. മനുഷ്യരാശി ഒരുമിച്ചുനിന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിനെ നേരിട്ടതിന്റെ ഓര്‍മയായാവും 2020, 2021 വര്‍ഷങ്ങള്‍ ഒരുപക്ഷേ വരുംതലമുറകള്‍ സ്മരിക്കുക.
കാലാവസ്ഥാ വ്യതിയാനത്തെയും മറ്റ് പാരിസ്ഥിതിക ദുരന്തങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കെത്തന്നെ അതിലും സങ്കീര്‍ണമായ എത്രയോ പ്രശ്‌നങ്ങള്‍ ഭാവി മനുഷ്യര്‍ അഭിമുഖീകരിച്ചേക്കാമെന്ന യാഥാര്‍ഥ്യമാണ് കൊവിഡ്-19 വൈറസ് തുറന്നുകാട്ടിയത്. പുതുലോകക്രമത്തില്‍ അന്തര്‍ലീനമായ അസമത്വങ്ങളും അനീതിയും നാം നേരിട്ട് കണ്ടു. സമ്പന്ന രാജ്യങ്ങള്‍ പുതുതായി വികസിപ്പിച്ച വാക്‌സിനുകളുടെ ദശലക്ഷക്കണക്കിന് ഡോസുകള്‍ വാങ്ങുകയും ദരിദ്ര രാജ്യങ്ങള്‍ ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുകയും ചെയ്തു.
ഏകദേശം 12,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഹിമയുഗാനന്തരം ഭൂമിയിലെ മനുഷ്യ ജനസംഖ്യ ഏകദേശം നാലു ദശലക്ഷമായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. ക്രി.വ. 1900 ആയപ്പോഴേക്കും നമ്മുടെ ജനസംഖ്യ 1.6 ബില്യണിലെത്തി.
ഇന്ന് 120 വര്‍ഷത്തിനു ശേഷം ഭൂമിയിലെ ജനസംഖ്യ ഏകദേശം 8.1 ബില്യണാണ്. 2100 ആകുമ്പോഴേക്കും ഇത് ഏകദേശം 11 ബില്യണായി വര്‍ധിക്കും. കൂടുതല്‍ സൂക്ഷ്മതയോടെ വെള്ളവും വായുവും മറ്റു വിഭവങ്ങളും കൈകാര്യം ചെയ്യേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.
വിദ്യാസമ്പന്നരായ മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ മികച്ച കുടുംബാസൂത്രണം നടപ്പാക്കുന്നുവെന്നും അതിലൂടെ ജനസംഖ്യ കുറയുമെന്നുമൊക്കെയാണ് പൊതുധാരണ. എന്നാല്‍ ഇതിനു വിപരീതമായി വിദ്യാഭ്യാസം സര്‍വത്രികമാവുന്നത് സമ്പന്നരായ മധ്യവര്‍ഗത്തിന്റെ ആവിര്‍ഭാവത്തിലേക്കും ഉപഭോഗ സംസ്‌കാരത്തിന്റെ വ്യാപനത്തിലേക്കുമാണ് നയിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ കാരണക്കാര്‍ വികസിത വ്യാവസായിക രാജ്യങ്ങളിലെ വിദ്യാസമ്പന്നരായ സമൂഹമാണ്. സുസ്ഥിര വികസനത്തിനായുള്ള ദേശീയവും അന്തര്‍ദേശീയവുമായ അനവധി കരാറുകള്‍ ഉണ്ടായിരുന്നിട്ടും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനാവുന്നില്ല.
പ്രകൃതിദുരന്തങ്ങള്‍ താരതമ്യേന കൂടുതല്‍ ബാധിക്കേണ്ടിവരുന്ന ദരിദ്രരും കാലാവസ്ഥാ വ്യതിയാനത്തിലേക്ക് കാര്യമായ സംഭാവനകള്‍ അര്‍പ്പിക്കുന്ന സമ്പന്നരും തമ്മിലുള്ള വിടവ് വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സുസ്ഥിര സമൂഹം, മികച്ച ജീവിതം തുടങ്ങിയ ആശയങ്ങള്‍ പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതുണ്ട്.
ഖുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചുതന്ന വിശിഷ്ട വസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല'' (5:87). ഭൂമിയിലെ താമസക്കാരായ 8.1 ബില്യണ്‍ മനുഷ്യര്‍ക്ക് എങ്ങനെയാണ് സംതൃപ്തവും എന്നാല്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഇല്ലാത്തതുമായ ഒരു ജീവിതം നയിക്കാനാവുക എന്നതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചോദ്യം.
ഗാന്ധിജി പറഞ്ഞപോലെ ''ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവിടെയുള്ള വിഭവങ്ങള്‍ മതിയാകും, എന്നാല്‍ ഓരോരുത്തരുടെയും അത്യാഗ്രഹത്തിന് ഈ വിഭവങ്ങള്‍ മതിയാവില്ല.'' ഇനിയുള്ള ചര്‍ച്ച പ്രധാനമായും വിഭവ വിനിയോഗത്തിലെ ഇസ്‌ലാമിക അധ്യാപനങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്.
ജീവിതശൈലി, വിഭവസ്രോതസ്സുകള്‍, ഉപജീവനം, സ്വത്ത്, വ്യാപാരം, ധനകാര്യം, ഭരണം എന്നിവ ഉള്‍പ്പെടെ സര്‍വതലസ്പര്‍ശിയായ ഒരു മതമെന്ന നിലയില്‍ ഇസ്‌ലാമിക മാതൃകകള്‍ ഏറെ പ്രാധാന്യമുള്ളവയാണ്.
വികസനവും ജീവിതശൈലിയും
വികസനം: മനുഷ്യന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ഭൗമവിഭവങ്ങളെ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്ന ചോദ്യം പല മുസ്‌ലിം രാജ്യങ്ങളുടെയും നയരൂപീകരണത്തില്‍ പ്രാധാന്യപൂര്‍വം പരിഗണിക്കപ്പെടാറുണ്ട്. അവയില്‍ ചില രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങളോ അവികസിത രാജ്യങ്ങളോ ആണ്.
ആയുര്‍ദൈര്‍ഘ്യം, സാക്ഷരത, പ്രതിശീര്‍ഷ വരുമാനം എന്നീ മാനദണ്ഡങ്ങള്‍ പരിഗണിച്ചാല്‍ ഈ രാജ്യങ്ങള്‍ പിറകിലാണ്, മാതൃ-ശിശു മരണനിരക്ക് കൂടുതലാണുതാനും. ഈ സാഹചര്യത്തില്‍ ഇസ്‌ലാമിക കാഴ്ചപ്പാടില്‍ വികസനത്തെ എങ്ങനെ നിര്‍വചിക്കാം എന്ന് നമ്മള്‍ ആലോചിക്കേണ്ടതുണ്ട്.
രാഷ്ട്രങ്ങള്‍ ജനന നിയന്ത്രണം അടിച്ചേല്‍പിക്കുന്നത് പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്.
വികസനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ വിലയിരുത്താനും ഇസ്‌ലാമികമായ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. ഇസ്‌ലാമിനെ നാം പരമ്പരാഗതമായി വിശേഷിപ്പിക്കുന്നത് സന്തുലിത മാര്‍ഗമാണെന്നാണ്. അതിരുകടന്ന ജീവിതശൈലിയോ സാമൂഹികമായി ഉള്‍വലിഞ്ഞ സന്യാസമോ അല്ല അത്. പരലോകാധിഷ്ഠിതമായ ആത്മീയത ഇസ്‌ലാമിന്റെ അന്തഃസത്തയാവുമ്പോള്‍ തന്നെ ഭൗതികലോകത്തിന്റെ വിഭവങ്ങള്‍ മിതമായ രൂപത്തില്‍ നമുക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.
പരിശുദ്ധ ഖുര്‍ആന്‍ ഇത് സൂചിപ്പിക്കുന്നുണ്ട്: ''മറ്റു ചിലര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ. പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്'' (2:201).
ഇഹലോകത്തെ ക്ഷണികമായ വിഭവങ്ങളുടെ വിനിയോഗം അനുവദിക്കപ്പെട്ടപ്പോള്‍ തന്നെ, പരലോകത്തെ ശാശ്വതമായ നന്മയ്ക്കാണ് നാം മുന്‍ഗണന നല്‍കേണ്ടതെന്ന വസ്തുത ഖുര്‍ആന്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. ഭൗതികക്ഷേമത്തിനായുള്ള നമ്മുടെ അന്വേഷണം ആത്മീയശോഷണത്തിലേക്ക് നയിക്കരുത്.
ക്ഷേമം എന്ന ആശയം അര്‍ഥവത്താകുന്നത് വിഭവ വിനിയോഗം ധാര്‍മിക നിയന്ത്രണങ്ങള്‍ക്ക് വിധേയമാവുമ്പോള്‍ മാത്രമാണ്. പലിശയില്‍ പണിത ഉപഭോഗ സംസ്‌കാരത്തില്‍ അധിഷ്ഠിതമായ സമകാലിക സാമ്പത്തിക ക്രമം ഇസ്‌ലാമിക തത്വങ്ങള്‍ക്ക് മാത്രമല്ല സുസ്ഥിര സമൂഹത്തെക്കുറിച്ച സെക്കുലര്‍ സങ്കല്‍പങ്ങള്‍ക്കും വിരുദ്ധമാണ്.
ആധുനിക വ്യാവസായിക രാഷ്ട്രങ്ങളുടെ ജീവിതശൈലി കടമെടുക്കുന്നതിനു പകരം, സുസ്ഥിര വികസനത്തിന്റെ ഇസ്ലാമിക ബദല്‍ മുന്നോട്ടുവെക്കാന്‍ നമുക്കാവണം. മുഹമ്മദ് നബി(സ)യും അദ്ദേഹത്തിന്റെ അനുചരന്‍മാരും നയിച്ച സംതൃപ്ത ജീവിതത്തിന്റെ കാമ്പ് മിതവ്യയമായിരുന്നു.
വികസനത്തിന്റെ ലക്ഷ്യം വിഭവചൂഷണം പരമാവധി കുറച്ച് ആരോഗ്യകരവും മികച്ചതുമായ ജീവിതം നയിക്കാന്‍ ആളുകളെ പ്രാപ്തരാക്കുക എന്നതാവണം. അമിതവ്യയമില്ലാതെ തന്നെ ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം നയിക്കുന്നത് തീര്‍ച്ചയായും സാധ്യമാണ്.
എന്നു മാത്രമല്ല മിതവ്യയമാണ് സംതൃപ്തമായ ജീവിതത്തിന്റെ അടിത്തറ എന്നും പറയാം. എങ്കില്‍ തന്നെയും ഉപഭോക്തൃ സംസ്‌കാരം സര്‍വ മേഖലകളെയും ബാധിച്ചിട്ടുള്ള ഇക്കാലത്ത് മിതവ്യയം ഒരു ജീവിതശൈലിയായി രൂപപ്പെടുത്തല്‍ അത്ര എളുപ്പമല്ല. ഭരണകൂടങ്ങള്‍ പോളിസി തലത്തില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ടുവരുകയും ജനങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സ്ഥായിയായ മാറ്റങ്ങള്‍ സാധ്യമാവൂ.
മുസ്‌ലിം സാമ്പത്തിക വിദഗ്ധരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയുമൊക്കെ കൂട്ടായ പരിശ്രമം ഈ മേഖലയില്‍ അനിവാര്യമാണ്. നമ്മുടെ തലമുറയ്ക്ക് ഗുണമേന്മയുള്ള ജീവിതം തേടുമ്പോള്‍ തന്നെ അത് വരുംതലമുറകള്‍ക്ക് ജീവിതം ദുസ്സഹമാക്കില്ല എന്നുകൂടി നാം ഉറപ്പുവരുത്തേണ്ടതുണ്ട്.
അതുപോലെ തന്നെ പ്രധാനമാണ് ജൈവവൈവിധ്യത്തിനും പാരിസ്ഥിതിക സന്തുലനാവസ്ഥക്കും വിഘാതമാവുന്നില്ല നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ എന്ന് ഉറപ്പാക്കേണ്ടത്. ജനസംഖ്യാ വളര്‍ച്ച: ഭൂമിയില്‍ മനുഷ്യരാശിക്ക് നിലനില്‍പ് സാധ്യമാണോ എന്ന ചോദ്യത്തിന്റെ ഉത്തരം നമ്മുടെ നിലനില്‍പിന് ആവശ്യമായ വിഭവങ്ങളുടെ കണക്കെടുപ്പിലും അത് ഫലപ്രദമായി വിനിയോഗിക്കാനുള്ള നമ്മുടെ കഴിവിനെയും ആശ്രയിച്ചാണിരിക്കുന്നത്.
പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും നടത്തിയ പഠനങ്ങളും സൂചിപ്പിക്കുന്നത് വികസിത വ്യാവസായിക രാജ്യങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിനും വിഭവശോഷണത്തിനും മുഖ്യ കാരണക്കാര്‍ എന്നാണ്.
അതുകൊണ്ടുതന്നെ ജനസംഖ്യാ നിയന്ത്രണമല്ല, വിഭവങ്ങളുടെ നീതിപൂര്‍ണമായ വിതരണമാണ് ആത്യന്തികമായി നമുക്ക് ആവശ്യമെന്ന അഭിപ്രായം ശക്തിപ്പെടുന്നുണ്ട്. അതേസമയം ആരോഗ്യകരവും സന്തുലിതവുമായ ഒരു ഭാവിക്ക് ആവശ്യമായ ജനസംഖ്യയെക്കുറിച്ചും നാം ബോധവാന്മാരാകണം.
രാഷ്ട്രങ്ങള്‍ ജനന നിയന്ത്രണം അടിച്ചേല്‍പിക്കുന്നത് പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഫെര്‍ട്ടിലിറ്റി കണ്‍ട്രോളിനുള്ള ഉപാധികള്‍ സ്റ്റേറ്റ് പൂര്‍ണമായും തടഞ്ഞുവെക്കുന്നതും പൗരാവകാശലംഘനം തന്നെയാണ്. കുട്ടികളെ അനുഗ്രഹമായാണ് ഇസ്‌ലാം വിശേഷിപ്പിക്കുന്നത്.
അവരുടെ സംരക്ഷണവും മികച്ച ജീവിതസൗകര്യങ്ങളും രക്ഷിതാക്കളുടെ ബാധ്യതയാണ്. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങി മക്കള്‍ക്ക് സൗകര്യങ്ങളൊരുക്കാനും അവരുടെ നല്ല ഭാവിക്കായി വിഭവങ്ങള്‍ കരുതിവെക്കാനും നമുക്കാകണം.
വിവ. ഡോ. റാഫിദ് ചേനാടന്‍
(അവസാനിച്ചിട്ടില്ല)
