30 വര്‍ഷത്തെ അനുഭവം: കാലാവസ്ഥാ ഉച്ചകോടി എന്തുകൊണ്ട് പരാജയപ്പെടുന്നു?


ഒന്നാമത്തെ കാലാവസ്ഥാ ഉച്ചകോടിക്കു ശേഷം ഏതാണ്ട് ഒരു ട്രില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് എത്തിയിട്ടുണ്ടെന്നതിനാല്‍ ആഗോളതാപനം ത്വരിതഗതിയിലായി എന്നതില്‍ അത്ഭുതമില്ല.

ഴിഞ്ഞ 30 വര്‍ഷമായി ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിച്ചുവരുന്നു. പക്ഷേ പ്രസംഗങ്ങളും പ്രതിജ്ഞകളുമൊക്കെയുണ്ടെങ്കിലും അതുകൊണ്ടൊന്നും കാലാവസ്ഥാ വ്യതിയാനം നിര്‍ത്താനോ എന്തിന് പതുക്കെയാക്കാനെങ്കിലുമോ കഴിഞ്ഞിട്ടില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുന്നു എന്നതാണ് വാസ്തവം.

1995-ലെ ഒന്നാമത്തെ കാലാവസ്ഥാ ഉച്ചകോടിക്കു ശേഷം ഏതാണ്ട് ഒരു ട്രില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് എത്തിയിട്ടുണ്ടെന്നതിനാല്‍ തന്നെ ആഗോളതാപനം ത്വരിതഗതിയിലായിരിക്കുന്നു എന്നതില്‍ ഒരദ്ഭുതവുമില്ല. ബ്രസീലില്‍ നടക്കുന്ന ഇഛജ 30 തീര്‍ച്ചയായും കൂടുതല്‍ ആഹ്വാനങ്ങള്‍ നടത്തും. പക്ഷേ സമൂലമായ പരിഷ്‌കരണങ്ങള്‍ ഇല്ലാത്തപക്ഷം പ്രത്യേകിച്ച് ഫലമൊന്നുമില്ലെങ്കിലും മുറയ്ക്ക് ചടങ്ങുപോലെ ഓരോന്ന് ചെയ്യുന്ന ഒരു പരാജയപ്പെട്ട സ്ഥാപനമായി ഇത് മാറും.

ഈ യോഗങ്ങളുടെ പ്രധാന ഉദ്ദേശ്യം കാലാവസ്ഥാ വ്യവസ്ഥയില്‍ അപകടകരമായ മനുഷ്യനിര്‍മിത ഇടപെടല്‍ തടയുന്ന തലത്തില്‍ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതക സാന്ദ്രത സ്ഥിരപ്പെടുത്തുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുക എന്നതാണ്. (കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യു എന്‍ കണ്‍വെന്‍ഷന്റെ രണ്ടാമത്തെ ആര്‍ട്ടിക്കിള്‍ അനുസരിച്ച്).

രണ്ടു കാര്യത്തിലും അത് പരാജയപ്പെട്ടിരിക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത സ്ഥിരപ്പെടുത്തുന്നതിനു പകരം അത് 17 ശതമാനം വര്‍ധിച്ചിരിക്കുന്നു. (360 ppmല്‍ നിന്ന് 424 ppm ആയി). ഉഷ്ണതരംഗങ്ങള്‍, വെള്ളപ്പൊക്കം, വരള്‍ച്ച, കാട്ടുതീ എന്നിവയുടെ ആവൃത്തി വര്‍ധിച്ചുവരുന്നത് ഭൂമിയുടെ കാലാവസ്ഥയില്‍ ഒരു 'അപകടകരമായ ഇടപെടല്‍' ഇതിനകം സംഭവിച്ചിട്ടുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ്.

അര്‍ഥപൂര്‍ണമായ ഇടപെടല്‍ നടത്തുന്നതില്‍ പരാജയപ്പെടുക കാരണം മനുഷ്യന്റെ ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും വലിയ വില കൊടുക്കേണ്ടിവരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ 7,00,000 മനുഷ്യ ജീവനുകളാണ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ നഷ്ടമായത്. അതിരൂക്ഷമായ കാലാവസ്ഥ ആളുകളെ അവരുടെ വീടുകളില്‍ നിന്നും സമൂഹങ്ങളില്‍ നിന്നും പുറത്താക്കുന്നു.

2022ല്‍ കുറഞ്ഞത് 30 ദശലക്ഷം ആളുകള്‍ സ്വന്തം സ്ഥലം വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. മനുഷ്യര്‍ അവരുടെ ആരോഗ്യത്തിനും ഉപജീവനത്തിനും ആശ്രയിക്കുന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥയ്ക്ക് കാലാവസ്ഥാ വ്യതിയാനം ഇതിനകം തന്നെ കാര്യമായ നാശം വരുത്തിവെച്ചിട്ടുണ്ട്. മൂന്ന് ബില്യണിലധികം ആളുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതില്‍ നിലവിലുള്ള പദ്ധതികളുടെയും സമീപനങ്ങളുടെയും പരാജയം ഇനിയും ഇവിടെ ജീവിക്കേണ്ട ഇന്നത്തെ തലമുറയിലെ കുട്ടികളുടെ ആരോഗ്യത്തെയും സ്വാസ്ഥ്യത്തെയും കുറിച്ച് ശ്രദ്ധാലുക്കളായ ആളുകളിലെങ്കിലും നിസ്സഹായതയും നിരാശാബോധവും ഉളവാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്! കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാവുന്നതാണ്.

മനുഷ്യ വര്‍ഗത്തിന് ഇപ്പോഴും സമയവും കഴിവും ഭൂമിയെ ആരോഗ്യകരവും സുസ്ഥിരവുമായ അവസ്ഥയിലേക്ക് തിരികെയെത്തിക്കാനായി പ്രവര്‍ത്തിക്കാനുള്ള ശേഷിയുമുണ്ട്. 'ആഗോള പ്രതിസന്ധികളെ സാമൂഹിക അപര്യാപ്തതയായി പുനര്‍നിര്‍മിക്കല്‍' എന്ന ഞങ്ങളുടെ അടുത്തിടെ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍, സമകാലിക സമൂഹം നേരിടുന്ന നിരവധി പ്രതിസന്ധികളെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചുള്ള ഒരു ബദല്‍ വിവരണം ഞങ്ങള്‍ അവതരിപ്പിക്കുന്നു.

സാമൂഹിക-പാരിസ്ഥിതിക ദോഷങ്ങള്‍ ഒരു സമൂഹം ആഴത്തില്‍ പ്രവര്‍ത്തനരഹിതമായതിന്റെ തെളിവുകളും അനന്തര ഫലങ്ങളുമാണ്. കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യണമെങ്കില്‍, സമൂഹത്തിലെ അടിസ്ഥാനപരമായ ഘടനാപരവും വ്യവസ്ഥാപരവുമായ പോരായ്മകളെ അഥവാ 'രോഗാവസ്ഥകളെ' നമുക്ക് അഭിസംബോധന ചെയ്യേണ്ടിവരും. ഒന്നാമതായി, സമകാലിക സമൂഹം ഇത്രമേല്‍ തകരാറിലാകാന്‍ കാരണം എന്താണെന്ന് നാം കണ്ടെത്തി മനസ്സിലാക്കണം.

ഈ തകരാറിനുള്ള ഒരു വിശദീകരണം, ഇന്നത്തെ സമൂഹം ദോഷം വരുത്തുന്ന മൂല്യങ്ങളുടെയോ സംഘടനാ തത്വങ്ങളുടെയോ ഒരു വ്യവസ്ഥയില്‍ അധിഷ്ഠിതമാണ് എന്നതാണ്.

ഉദാഹരണങ്ങള്‍:

  1. നരവംശ കേന്ദ്രീകരണം
  2. വര്‍ഗപരമായ വിവേചനം (ഉദാ: തൊലിനിറം, ലിംഗഭേദം, വര്‍ഗം)
  3. മത്സരവും നിയന്ത്രണവും
  4. സാമ്പത്തിക മോഹങ്ങള്‍
  5. ലാഭവും സമ്പത്തും സ്വരുക്കൂട്ടല്‍
  6. നിരന്തരമായ സാമ്പത്തിക വളര്‍ച്ച.

ആഴത്തില്‍ വേരൂന്നിയ ഈ 'നിയമങ്ങള്‍' സമൂഹത്തിന്റെ ഘടനയെയും ഉള്ളടക്കത്തെയും നിയന്ത്രിക്കുന്നു എന്നു മാത്രമല്ല, അവ മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന സംവിധാനങ്ങളെ ശാശ്വതമാക്കുന്നു. നിലവിലെ സുസ്ഥിരതയില്ലായ്മയുടെ അവസ്ഥയില്‍ നിന്ന് മാറുന്നതിന്, സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും പരിണാമരീതിയെ രൂപപ്പെടുത്തുന്ന അടിസ്ഥാന മൂല്യങ്ങളില്‍ മാറ്റം ആവശ്യമാണ്.

അന്തസ്സ്, നീതി, പര്യാപ്തത, ബഹുസ്വരത എന്നിങ്ങനെ ആരോഗ്യകരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ മനുഷ്യ സമൂഹങ്ങളെ നിലനിര്‍ത്തുന്നതിന് ആവശ്യമായ മൂല്യങ്ങള്‍ നാം വീണ്ടും കണ്ടെത്തുകയും ഉള്‍ക്കൊള്ളുകയും വേണം. ഈ ആശയങ്ങള്‍ വെറുതെ പറഞ്ഞാല്‍ മാത്രം പോരാ.

കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യണമെങ്കില്‍, സമൂഹത്തിലെ അടിസ്ഥാനപരമായ രോഗാവസ്ഥകളെ അഭിസംബോധന ചെയ്യേണ്ടിവരും.

സുസ്ഥിരത കൈവരിക്കുന്നതിനായി ഈ ദോഷങ്ങളെല്ലാം വരുത്തുന്ന കാലാവസ്ഥാ ഉച്ചകോടി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സമൂലം പരിഷ്‌കരിക്കുകയും മാറ്റിപ്പണിയുകയും വേണം. ഈ തോതില്‍ സമൂഹത്തെ പരിവര്‍ത്തനം ചെയ്യുമ്പോള്‍ നിലവിലുള്ള ക്രമത്തില്‍ നിന്ന് പ്രയോജനം നേടുന്നവരില്‍ നിന്ന് വലിയ എതിര്‍പ്പ് നേരിടേണ്ടിവരും.

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ലാഭം നേടുന്ന വന്‍കിട കോര്‍പറേറ്റുകളും സര്‍ക്കാരുകളും ഏതൊരു അര്‍ഥവത്തായ മാറ്റത്തെയും ചെറുക്കുന്നതിന് അവരുടെ സമ്പത്തും ശക്തിയും സ്വാധീനവും വളരെ കാര്യക്ഷമമായി സമാഹരിക്കുന്നുണ്ട്. ഉദാഹരണമായി ഇഛജ 29ല്‍ ഫോസില്‍ ഇന്ധന ലോബികള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി നേരിടുന്ന രാജ്യങ്ങളെക്കാള്‍ വളരെ അധികമായിരുന്നു എന്നത് നിക്ഷിപ്ത താല്‍പര്യക്കാര്‍ ഈ പ്രക്രിയയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ സൂചനയാണ്.

കാലാവസ്ഥാ നടപടികള്‍ക്ക് മറ്റൊരു പ്രധാന തടസ്സമാണ് സ്വേച്ഛാധിപത്യത്തിന്റെ ഉയര്‍ച്ച. ഇന്ന് ലോക ജനസംഖ്യയുടെ 72 ശതമാനവും സ്വേച്ഛാധിപത്യത്തിനു കീഴിലാണ് ജീവിക്കുന്നത്. 2004ലെ ഇഛജ 10 സമയത്ത് ഇത് 50 ശതമാനത്തില്‍ താഴെയായിരുന്നു. എന്നിരുന്നാലും, സ്വേച്ഛാധിപത്യത്തെ സാമൂഹികമായ തകരാറിന്റെ ലക്ഷണമായി കാണണം, അതിന്റെ മൂലകാരണമായിട്ടല്ല. ആരോഗ്യകരമായ മൂല്യങ്ങളുടെ സ്ഥാപനവത്കരണത്തിലൂടെ അതിന്റെ കാരണങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ് സ്വേച്ഛാധിപത്യ പ്രവണതകളെ ചെറുക്കാനും പിന്തിരിപ്പിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗം.

മാറ്റത്തിനുള്ള മൂന്ന് അവശ്യ ഘടകങ്ങള്‍

പരിവര്‍ത്തനാത്മകമായ സാമൂഹിക മാറ്റം കൈവരിക്കുന്നതിന് മൂന്ന് ഘടകങ്ങള്‍ ആവശ്യമാണ്:

  • അധികാരം പുനര്‍വിതരണം ചെയ്യുന്നതിനുള്ള ഒരു രാഷ്ട്രീയ പ്രക്രിയ.
  • സാമൂഹിക സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനുമുള്ള ഒരു പ്രക്രിയ.
  • പൊതുജനാഭിപ്രായം അറിയിക്കുന്നതിനും പുതിയ പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഒരു വിജ്ഞാന ഉല്‍പാദന പ്രക്രിയ. മനുഷ്യ ചരിത്രത്തിലുടനീളം, പുരോഗമനപരവും പിന്തിരിപ്പനുമായ സമൂലമായ മാറ്റങ്ങള്‍ ഈ മൂന്ന് അവശ്യ ഘടകങ്ങള്‍ വിന്യസിച്ചുകൊണ്ട് നേടിയിട്ടുണ്ട്. അത്‌ലാന്റിക് അടിമക്കച്ചവടത്തിന്റെ സ്ഥാപനവും ഒടുവില്‍ നിര്‍ത്തലാക്കലും അവയുടെ പരിവര്‍ത്തന സാധ്യതയുടെ ചരിത്രപരമായ തെളിവ് നല്‍കുന്നു.

നമ്മുടെ ജീവിവര്‍ഗങ്ങളുടെ ദീര്‍ഘകാല നിലനില്‍പും ക്ഷേമവും ഉറപ്പാക്കാനുള്ള മാര്‍ഗം ദയയുള്ളതും നീതിയുക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ്. ഇപ്പോള്‍ തന്നെ സ്വയംവിനാശകരമായ പാതയില്‍ നിന്ന് മാറി പ്രവര്‍ത്തിക്കാന്‍ അടുത്ത തലമുറയോട് നമുക്ക് ഉത്തരവാദിത്തമുണ്ട്. ആപത്കരമായ ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ഒരു ഒറ്റമൂലിയോ ലളിതമായ സാങ്കേതിക പരിഹാരമോ ഇല്ല. അതില്‍ ഇവിടെ വിവരിച്ച സമൂലമായ പരിവര്‍ത്തനം കൊണ്ടുവരാനുള്ള ദീര്‍ഘകാല പോരാട്ടം ഉള്‍പ്പെടും.

ഐക്യരാഷ്ട്രസഭയും ഇഛജയും അടിയന്തരമായി സമൂലമായ പരിഷ്‌കരണമോ മാറ്റി സ്ഥാപിക്കലോ ആവശ്യമുള്ള രണ്ട് പ്രധാന സ്ഥാപനങ്ങളാണ്. ഇപ്പോള്‍ നടപടിയെടുക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍, ആഗോളതാപനം കൂടുതലായ, ലോകം അപകടകരമായി മാറിക്കഴിഞ്ഞ ഇഛജ 60 യില്‍ നിന്ന് നമ്മള്‍ ഒരുപക്ഷേ തിരിഞ്ഞുനോക്കിയേക്കാം. അവസരം ലഭിച്ചപ്പോള്‍ കൂടുതല്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതില്‍ അന്ന് നമ്മള്‍ ഖേദിച്ചേക്കാം.

വിവ. ഡോ. സൗമ്യ പി എന്‍