അധ്യാപക ശാക്തീകരണ പരിപാടികള്‍ ഏര്‍പ്പാടാകുമ്പോള്‍


രക്ഷാകര്‍തൃ മേളകളില്‍ നിന്ന് കലാമേളകള്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമായി വരുന്നത് ആശ്വാസകരമാണ്. കുട്ടികളുടെ ആത്മവിശ്വാസത്തിന്റെ അളവുകോലായി പലപ്പോഴും കലാമേളകള്‍ മാറാറുണ്ട്.

മഗ്ര ഗുണമേന്മ പരിപാടി നടപ്പിലാക്കിയതോടെ പാഠ്യപദ്ധതിയിലെ മാറ്റം കുട്ടികളില്‍ ചെറുതായെങ്കിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഒമ്പതാം തരത്തിലെ പാഠപുസ്തക സമീപനം ഇതിന് ഉദാഹരണമാണ്. അധ്യാപകരുടെ പരിശീലന പരിപാടികളില്‍ പുതിയ തലമുറയെ കൂടി ഉള്‍പ്പെടുത്തുന്ന പഠനബോധന തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അധ്യാപക ശാക്തീകരണ പരിപാടികളുടെ ഓണ്‍ലൈന്‍ മോഡ്യൂളുകള്‍ ഫലപ്രദമല്ല എന്ന കാര്യവും മനസ്സിലാക്കേണ്ടതുണ്ട്.

കേരളത്തിലെ കാലാവസ്ഥാ മാറ്റത്തിനനുസൃതമായി അവധിക്കാലത്തെ മാറ്റുന്നത് പ്രവര്‍ത്തി ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ സഹായകമാകും. ഏപ്രില്‍ മാസത്തിലെ കഠിനമായ ചൂടിനുശേഷം മെയ് മാസത്തിലെ ആശ്വാസ മഴ ജൂണിനു മുന്നേ സ്‌കൂളുകള്‍ തുറക്കുന്നതിന് വേണ്ടിയുള്ള ചിന്തകള്‍ക്ക് ഉപകരിക്കും. കാലാനുസൃതമായ ഒരു സമ്പ്രദായത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് ഏറെ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. മധ്യവേനലവധി കാലത്തെ കുടിവെള്ള പ്രശ്‌നം, ഉയര്‍ന്ന തരത്തിലുള്ള ചൂട് എന്നിവ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നതാണ്.

പാഠ്യപദ്ധതി തയ്യാറാക്കുമ്പോള്‍ ദേശീയ വിദ്യാഭ്യാസ നിയമപ്രകാരം ഓരോ തലത്തിലും കിട്ടേണ്ട പ്രവര്‍ത്തി ദിനങ്ങളെക്കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. സമയം കൂട്ടുക എന്നതിനേക്കാള്‍ ഫലപ്രദം ദിവസങ്ങള്‍ അതിനനുസൃതമായി കണ്ടെത്തുക എന്നതാണ്. വിവിധ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, ദേശീയ ദിനങ്ങള്‍ തുടങ്ങിയവയുടെ ഭാഗമായി നല്‍കുന്ന അവധികള്‍ ഇത്തരം കാര്യങ്ങളെ പഠിപ്പിക്കുന്നതിന് ഉപയോഗിക്കാം. പഠനാനുബന്ധ പ്രവര്‍ത്തനം മൂല്യാധിഷ്ഠിതമാകുകയും പഠനം അനുഭവമാകുകയും ചെയ്യാന്‍ ഇതുവഴി സാധിക്കും.

ലഹരിയുടെ ദോഷഫലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാഠഭാഗങ്ങള്‍ ക്ലാസ് മുറിയില്‍ കൊണ്ടുവരണം. ലഹരിയില്‍ നിന്ന് മോചിതരായവരുടെ അഭിമുഖങ്ങള്‍, വീഡിയോകള്‍, കുറിപ്പുകള്‍ എന്നിവ ക്യുആര്‍ കോഡ് വഴി സ്‌കാന്‍ ചെയ്ത് പാഠപുസ്തകത്തില്‍ നിന്ന് കുട്ടിക്ക് സ്വയം ബോധ്യമുണ്ടാകാനുള്ള അവസരം ഉണ്ടാവണം. സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ പോലെ ലഹരി നിര്‍മാര്‍ജന ഉത്തരവാദിത്തമുള്ള ഒരു അധ്യാപകന്‍ കൗമാരക്കാരെ രക്ഷപ്പെടുത്താന്‍ സഹായകമാകും.

വിവിധ സമിതികള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് സ്‌കൂളുകളില്‍ നിലവിലുണ്ട്. അധ്യയന വര്‍ഷാരംഭം തയ്യാറാക്കുന്ന സ്‌കൂള്‍ പ്രവര്‍ത്തന കലണ്ടറും അക്കാദമിക് മാസ്റ്റര്‍ പ്ലാനും ഒരു പരിധിവരെ പ്രവര്‍ത്തനങ്ങള്‍ കൂട്ടിമുട്ടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഘടകമാണ്. ഈ പ്രവര്‍ത്തന കലണ്ടറിന് പുറത്തുവരുന്ന പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത്.

ഇത് കൈമാറ്റം ചെയ്യുന്നതിന് സ്‌കൂളിന്റെ പ്രവര്‍ത്തന സമയം നഷ്ടപ്പെടുത്താത്ത രൂപത്തില്‍ വിവിധ ക്ലബ്ബുകളുടെ ചുമതലകള്‍ നടത്തപ്പെടാവുന്നതാണ്. അധ്യാപകര്‍ക്ക് നല്‍കുന്ന പല അധിക ചുമതലകളും സ്‌കൂള്‍ പ്രവര്‍ത്തനത്തെയും കുട്ടികള്‍ക്ക് കിട്ടേണ്ട പഠനാനുഭവങ്ങളെയും സാരമായി ബാധിക്കുന്നുണ്ടെന്നത് അവിതര്‍ക്കിതമായ കാര്യമാണ്.

കുട്ടികള്‍ തന്നെ നടത്തുന്ന ദിനാചരണങ്ങള്‍ പോലുള്ള പരിപാടികള്‍ സ്‌കൂളുകളില്‍ ഒരുപാട് നൈപുണ്യം വികസിപ്പിക്കുന്നുണ്ട്. നേതൃഗുണം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന തലത്തില്‍ നിന്നു ഇത്തരം പരിപാടികള്‍ കുട്ടികള്‍ തന്നെ ഏറ്റെടുത്ത് ചെയ്യുകയാണ് വേണ്ടത്. സൗകര്യ ദാതാവ് എന്ന നിലയിലേക്ക് ഇവിടെ അധ്യാപകര്‍ പരിവര്‍ത്തിപ്പിക്കപ്പെടേണ്ടതുണ്ട്. പ്രകടനപരതക്കപ്പുറമുള്ള ഗുണഫലം ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കുട്ടികള്‍ക്ക് ഉണ്ടാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ അനിവാര്യമാണ്.

ഭിന്നശേഷിക്കാരായ കുട്ടികളെ പോലും ഉള്‍ക്കൊള്ളിക്കുക വഴി ഇത്തരം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഏറെ ഫലപ്രദമാണ്. കേരളത്തിലെ ഒരു സ്‌കൂളില്‍ ഭിന്നശേഷിക്കാര്‍ നടത്തുന്ന എനര്‍ജി ക്ലബ്ബ് വഴി നിര്‍മ്മിച്ച ബള്‍ബുകള്‍ പൊതുവിപണിയില്‍ എത്തിക്കുന്നുണ്ട്.

അധ്യാപക പരിശീലനത്തിലെ ചില പരമ്പരാഗത സമ്പ്രദായങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതുണ്ട്. ആല്‍ഫ, സെഡ്, ജെന്‍സി തലമുറയെ കൈകാര്യം ചെയ്യുന്നതിന് പാവ്‌ലോവിന്റെ പട്ടിയും സ്‌കിന്നറുടെ പൂച്ചയും പോരാ എന്ന ബോധ്യം നമുക്ക് ഉണ്ടാകണം. പ്രക്രിയാബന്ധിതവും പ്രവര്‍ത്തനാധിഷ്ഠിതവുമായ ക്ലാസ്‌റൂം സൃഷ്ടിക്കാന്‍ പരിശീലനങ്ങള്‍ നിരന്തരം നല്‍കുന്നതാവണം പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങളുടെ അനുഭവത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പരിശീലനം.

ഇതിന് പ്രീ സര്‍വീസ് കാലഘട്ടത്തില്‍ അധ്യാപന പരിശീലനങ്ങള്‍ (ബിഎഡ്, ഡിഎല്‍എഡ്) മുതല്‍ തന്നെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണ്. പുതിയ തലമുറയുടെ മനഃശാസ്ത്രത്തെ പരിചയപ്പെടാനുള്ള അവസരവും ഇവര്‍ക്ക് നല്‍കണം.

രക്ഷാകര്‍തൃ മേളകളില്‍ നിന്ന് കലാമേളകള്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമായി വരുന്നത് ഏറെ ആശ്വാസമാണ്. കുട്ടികളുടെ ആത്മവിശ്വാസത്തിന്റെ അളവുകോലായി പലപ്പോഴും കലാമേളകള്‍ മാറാറുണ്ട്. പത്താം ക്ലാസ്സില്‍ നിരന്തര വിലയിരുത്തല്‍ ആദ്യമായി വന്ന സമയത്ത് പാട്ട് വശമില്ലാത്ത കുട്ടിയെ പോലും ലളിതഗാനം പഠിപ്പിച്ച സഹവൈജ്ഞാനിക മേഖലയ്ക്ക് മാര്‍ക്ക് നിശ്ചയിച്ചിരുന്ന ഒരു കാലത്തെ ഓര്‍ത്തുപോവുകയാണ്. കലാമേളകളിലെ പ്രതിഭകളെ പിന്നീട് കാണുന്നില്ല എന്നത് പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ല. മാര്‍ക്ക് അടിസ്ഥാനപ്പെടുത്തി കലാമേളയില്‍ പങ്കെടുത്തവര്‍ മാത്രമാണ് അപവാദമായി കാണുന്നുള്ളൂ.

തയ്യാറാക്കിയത്: ആയുശ ഹുദ എ വൈ


ഷാനവാസ് പറവന്നൂര്‍ പ്രിന്‍സിപ്പല്‍, എസ് എസ് എം ഒ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ തിരൂരങ്ങാടി