വെക്കേഷന്‍ സമയമാറ്റം കൂടുതല്‍ പ്രയാസം സൃഷ്ടിക്കാനേ സഹായിക്കൂ. ജൂണ്‍, ജൂലായ് മാസങ്ങളിലല്ല പലപ്പോഴും ആഗസ്റ്റ് മാസങ്ങളിലാണ് കേരളത്തില്‍ വെള്ളപ്പൊക്കവും അമിത മഴയും ഉണ്ടായത്.
സമഗ്ര വിദ്യാഭ്യാസ ഗുണമേന്മ പദ്ധതി പ്രഖ്യാപനങ്ങള്‍ എന്നതിലുപരി പ്രവര്‍ത്തനപഥത്തില്‍ പൂര്‍ണമായി വിജയിക്കണമെങ്കില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ആ രൂപത്തില്‍ പല സ്ഥലങ്ങളിലും ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതായി കാണുന്നില്ല. പലപ്പോഴും വകുപ്പിനെ ബോധ്യപ്പെടുത്താന്‍ റിപ്പോര്‍ട്ടുകളും മറ്റും നല്‍കുന്ന കാര്യത്തിലാണ് കൂടുതല്‍ സ്ഥലങ്ങളിലും താല്‍പര്യം കാണുന്നത്.
വെക്കേഷന്‍ സമയമാറ്റം കൂടുതല്‍ പ്രയാസം സൃഷ്ടിക്കാനേ സഹായിക്കൂ. ജൂണ്‍, ജൂലായ് മാസങ്ങളിലല്ല പലപ്പോഴും ആഗസ്റ്റ് മാസങ്ങളിലാണ് വെള്ളപ്പൊക്കവും അമിത മഴയും ഉണ്ടായത്. ഏപ്രില്‍ മാസം ക്ലാസ് നടത്തുന്നത് ഒട്ടും അനുയോജ്യമല്ല. ചൂട് മാത്രമല്ല ജലക്ഷാമവും മിക്ക സ്ഥലങ്ങളിലും ഉണ്ട്.
വെക്കേഷന്‍ സമയമാറ്റം ചര്‍ച്ചകള്‍ യഥാര്‍ഥ വിഷയങ്ങളില്‍ നിന്നു വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. അധ്യാപക നിയമന അംഗീകാരം മുതല്‍ യൂണിഫോം വിതരണം പോലും പൂര്‍ത്തിയായിട്ടില്ല. അവയില്‍ നിന്നുള്ള ഒളിച്ചോട്ടമാണിതൊക്കെ.
കോടതി ഉത്തരവിനെ തുടര്‍ന്നുള്ള സമയവര്‍ധനയെക്കാള്‍ നല്ലത് നേരത്തെ സ്‌കൂളുകള്‍ തന്നെ നടപ്പാക്കിയിരുന്ന മോണിംഗ് ക്ലാസുകളും ഈവനിംഗ് ക്ലാസുകളും ആണ്. 9 മണിക്ക് ആരംഭിച്ചിരുന്ന ക്ലാസ് ആണ് ഇപ്പോള്‍ 9.30ന് ആരംഭിക്കുന്നത്. അക്കാര്യങ്ങളില്‍ ബോധവല്‍ക്കരണം നടത്തി കൂടുതല്‍ പഠന പിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് അതിനനുസരിച്ച് ക്ലാസ് സമയം ദീര്‍ഘിപ്പിക്കുകയാണ് വേണ്ടത്. കായിക വിനോദങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ അധിക പ്രവര്‍ത്തനങ്ങള്‍ക്കും സമയം ലഭിക്കേണ്ടതുണ്ട്.
ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പരിപാടികള്‍ കൊണ്ടുമാത്രം രാസലഹരി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്ന് മോചനം കിട്ടില്ല. വകുപ്പുകളുടെ പരിപാടികളോടൊപ്പം തന്നെ കുട്ടികളിലേക്ക് ഇറങ്ങി ചെന്ന് ഇതിന്റെ പ്രയാസങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കണം. അതിന് നാട്ടുകൂട്ടങ്ങളെയും അയല്‍പക്ക ബന്ധങ്ങളെയും മത സാമൂഹിക സംഘടനകളെയും പ്രയോജനപ്പെടുത്താം.
സ്‌കൂളുകളില്‍ നടത്തപ്പെടുന്ന പരിപാടികളുടെ ബാഹുല്യം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ദിനാചരണങ്ങള്‍ അധികമാകുന്നത് പഠനസമയം നഷ്ടപ്പെടുത്തുന്നു. അതുമൂലം പ്രഹസനമാകുന്ന പതിവുമുണ്ട്. അധ്യാപക പരിശീലനങ്ങള്‍ പ്രത്യേകിച്ച് ഓണ്‍ലൈന്‍ രീതി പുതിയ പാഠപുസ്തകങ്ങളെ വിനിമയം ചെയ്യാന്‍ പര്യാപ്തമല്ല. അവ കൃത്യമായ ആസൂത്രണത്തോടെ വേണം നടപ്പിലാക്കാന്‍.
കലയും സംസ്‌കാരവും കായികാരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി ഒരു തലമുറയ്ക്ക് വഴികാട്ടി ആവാന്‍ അധ്യാപകര്‍ക്ക് കഴിയണം
മേളകളില്‍ ഉദയം ചെയ്യുന്ന പ്രതിഭകളെ പലപ്പോഴും പിന്നീട് രംഗത്ത് കാണാറില്ല. ഈ വിഷയത്തില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അധ്യാപകരുടെ സഹായത്തോടെ വിശദമായ പഠനം നടത്തണം. കഴിവ് തെളിയിച്ച പ്രതിഭകളുടെ മികവ് ഭാവിയിലും ഉപയോഗപ്പെടുത്തണം. തുടര്‍ പരിശീലനങ്ങളും അവസരങ്ങളും ലഭ്യമാക്കണം.
സമൂഹത്തെക്കാളേറെ കുട്ടികള്‍ ഇഷ്ടപ്പെടുന്നത് സ്‌കൂളിനെയും സഹപാഠികളെയും അധ്യാപകരെയും ആണ്. അതുകൊണ്ടുതന്നെ മധുരതരമായ സ്‌കൂള്‍ കാലഘട്ടത്തെ പരമാവധി കുട്ടികള്‍ക്ക് ആസ്വദിക്കാനും ഓര്‍മിക്കാനും അവസരം നല്‍കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ സാധിക്കണം. പഠനത്തോടൊപ്പം വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന രൂപത്തില്‍ വിവിധ അനുഭവങ്ങള്‍ സ്‌കൂള്‍ കാലഘട്ടങ്ങളില്‍ കിട്ടണം.
കലയും സംസ്‌കാരവും കായികാരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി ഒരു തലമുറയ്ക്ക് വഴികാട്ടി ആവാന്‍ അധ്യാപകര്‍ക്ക് കഴിയണം. ലഹരി വിമുക്തമായ സമൂഹം സൃഷ്ടിക്കാന്‍, സന്തോഷപ്രദമായ കുടുംബ ജീവിതം നയിക്കാന്‍, രക്ഷാകര്‍ത്താക്കളെ സ്‌നേഹിക്കാന്‍, സ്വന്തം സഹപാഠികളോട് ആര്‍ദ്രതയുള്ളവര്‍ ആവാന്‍, കലാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങളും അവസരങ്ങളും മാതൃകാപരമാവണം. അത്തരത്തില്‍ മെന്റര്‍മാരായി മാറട്ടെ അധ്യാപകര്‍.