പ്രഖ്യാപനത്തിനപ്പുറം സമഗ്ര ഗുണമേന്മാ പദ്ധതിയുടെ പ്രായോഗികതയും ഫലപ്രാപ്തിയും പരിശോധിക്കപ്പെടണം.
കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ പുതിയ പരിഷ്‌കരണമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച സമഗ്ര ഗുണമേന്മാ പദ്ധതി. സ്‌കൂളുകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്തുക, അക്കാദമിക നിലവാരം ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതി മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യങ്ങള്‍.
പ്രധാനമായും എട്ട് മേഖലകളില്‍ ഊന്നിയുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അധ്യാപക പരിശീലനം നവീകരിക്കുക, സാങ്കേതികവിദ്യാ സൗഹൃദ ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, മൂല്യനിര്‍ണയ രീതികള്‍ പരിഷ്‌കരിക്കുക, ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കുക, അക്കാദമിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുക, വിദ്യാഭ്യാസ രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളെ നവീകരിക്കുക, ഗുണമേന്മാ വിദ്യാഭ്യാസത്തിനായി സമൂഹത്തിലെ മറ്റു സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുക, ഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്നിവയാണ് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.
ഇതിന്റെ ഭാഗമായി 2024-25 അധ്യയന വര്‍ഷം മുതല്‍ എട്ടാം ക്ലാസ്സില്‍ സബ്ജക്റ്റ് മിനിമം നടപ്പിലാക്കുകയും ലഹരി വിരുദ്ധ കാമ്പയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്. പ്രഖ്യാപനത്തിനപ്പുറം പദ്ധതിയുടെ പ്രായോഗികതയും ഫലപ്രാപ്തിയും പരിശോധിക്കേണ്ടത് അനിവാര്യമാണ്.
സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഫലപ്രാപ്തി, വെക്കേഷന്‍ മാറ്റ ആലോചന, സമയ മാറ്റം, ലഹരി വിരുദ്ധ പദ്ധതികള്‍ തുടങ്ങിയവയെ കുറിച്ച് വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ അഭിപ്രായം പങ്കുവയ്ക്കുന്നു.
സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഫലപ്രാപ്തി, വെക്കേഷന്‍ മാറ്റ ആലോചന, സമയ മാറ്റം, ലഹരി വിരുദ്ധ പദ്ധതികള്‍, പൊതുബോധവത്കരണ പരിപാടികളുടെ ആധിക്യം, അധ്യാപക പരിശീലനം, ശാസ്ത്ര കലാ കായിക മേളകള്‍, അധ്യാപനം എന്നീ പോയിന്റുകളിലാണ് വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംവദിക്കുന്നത്.
ചര്‍ച്ചയില്‍ എസ് സി ഇ ആര്‍ ടി കേരള മുന്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. മനോജ് കെ വി, എസ് എസ് കെ കോഴിക്കോട് ഡി പി സി ഡോ. എ കെ അബ്ദുല്‍ഹകീം, കെ എസ് ടി യു പ്രസിഡന്റ് കെ എം അബ്ദുല്ല, എം ജി എം സംസ്ഥാന ജന. സെക്രട്ടറിയും അധ്യാപികയുമായ സി ടി ആയിശ, തിരൂരങ്ങാടി എസ് എസ് എം ഒ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ഷാനവാസ് പറവന്നൂര്‍ എന്നിവര്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു.