സമഗ്ര ഗുണമേന്മാ പദ്ധതി; ക്വാളിറ്റി ലേണിംഗിന് പ്രാധാന്യം ഉണ്ടാവട്ടെ


മനശ്ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, കരിക്കുലം വിദഗ്ധര്‍, അധ്യാപകര്‍ തുടങ്ങി വിവിധ മേഖലകളിലെ അനുഭവജ്ഞരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമായിരിക്കണം മാറ്റങ്ങള്‍ തീരുമാനിക്കുന്നത്.

മഗ്ര ഗുണമേന്മാ പദ്ധതി നടപ്പിലാക്കാന്‍ വൈകിയെങ്കിലും സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണ്. ആദ്യം എട്ട്, പിന്നെ ഒന്‍പത്, പത്ത് എന്ന രീതിയിലാരംഭിച്ച് പിന്നീട് ചെറിയ ക്ലാസ്സിലേക്ക് വരുമെന്ന് പറയുന്നു. ഒന്നാം ക്ലാസ്സില്‍ ഒരു വിദ്യാര്‍ത്ഥി ആര്‍ജിക്കേണ്ട ശേഷികള്‍ ലഭിച്ചോ എന്നത് ആ വര്‍ഷാവസാനം തന്നെ പരിശോധിക്കണം.

എല്‍ പി ഘട്ടത്തിലെ നിലവാരം ഉറപ്പുവരുത്തിയാലേ യു പി തലത്തില്‍ ഗുണമേന്മ ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ. ലോവര്‍ ക്ലാസുകള്‍ മുതലാണ് യഥാര്‍ഥത്തില്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങേണ്ടത്.

പഠനപ്രക്രിയയില്‍ ഏര്‍പ്പെടാന്‍ ഏറ്റവും നല്ല സമയം ഏതാണെന്ന് തിരഞ്ഞെടുക്കുന്നത് കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. നിലവിലെ സമ്മര്‍ വെക്കേഷന്‍ അതിനുദാഹരണമാണ്. മനശ്ശാസ്ത്ര വിദഗ്ധര്‍, ഡോക്ടര്‍മാര്‍, കരിക്കുലം വിദഗ്ധര്‍, അധ്യാപകര്‍ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമായിരിക്കണം ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

മഴക്കാലത്ത് ക്ലാസുകള്‍ നഷ്ടപ്പെടുന്നുവെങ്കില്‍ അതിന് മറ്റ് ഉപാധികള്‍ ആലോചിക്കാവുന്നതാണ്. ശനിയാഴ്ചകള്‍ ഉപയോഗപ്പെടുത്താം. നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ തന്നെ പുനക്രമീകരിക്കാവുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കാവുന്നതാണ്.

പഠനസമയം വര്‍ധിപ്പിക്കാന്‍ 15 മിനിറ്റ് കൂട്ടുന്നു എന്നതിലുപരിയായി ലഭ്യമായ സമയം എത്രത്തോളം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് കാര്യം. ക്വാളിറ്റി ലേണിംഗിന് പ്രാധാന്യം കൊടുക്കുക. അധ്യാപകര്‍ പഠിപ്പിക്കുക എന്നതിലുപരിയായി ഒരുപാട് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതായി വരുന്നു. ഇത് പഠിപ്പിക്കേണ്ട സമയം അപഹരിക്കുന്നതിന് കാരണമാകുന്നു.

മഴക്കാലത്ത് ക്ലാസുകള്‍ നഷ്ടപ്പെടുന്നുവെങ്കില്‍ അതിന് മറ്റ് ഉപാധികള്‍ ആലോചിക്കാവുന്നതാണ്. ശനിയാഴ്ചകള്‍ ഉപയോഗപ്പെടുത്താം

ആരോഗ്യം, പൊലീസ്, കൃഷി തുടങ്ങി വിവിധ വകുപ്പുകളുടെയും പൊതു ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വിദ്യാലയങ്ങളില്‍ ആത്യന്തികമായി നടക്കേണ്ടത് പഠനമാണ്. ക്ലാസ് റൂമിനപ്പുറം പഠനം നടക്കുന്നു എന്നുള്ളത് ശരിയാണ്.

കുട്ടികളുടെ പഠനസമയം അപഹരിക്കാത്ത രീതിയില്‍ അവരുടെ വികാസത്തിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടത്തേണ്ടതുണ്ട്. ശനിയാഴ്ചകളെയൊക്കെ ഇത്തരം പരിപാടികള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്.

അധ്യാപക പരിശീലനങ്ങള്‍ പലപ്പോഴും ഔട്ട്ഡേറ്റഡ് ആയി പോകുന്നുണ്ട്. ട്രെയിനിംഗുകളെ പ്രൊഫഷണലൈസ് ചെയ്യുക എന്നതാണ് ഇത് മറികടക്കാനുള്ള വഴി. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ അധ്യാപക പരിശീലനത്തിലും വേണം. IIT, IIM പോലുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുമായി കൊളാബ് ചെയ്തുള്ള പരിശീലനങ്ങള്‍, സൈക്കോളജിയെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും അടങ്ങുന്ന ഒരു പാനലുമായി ഉള്ള ചര്‍ച്ചകള്‍ മുതലായവ ഉള്‍പ്പെടുത്താം.

കലാകായിക മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളില്‍ പലരെയും പിന്നീട് ആ രംഗത്ത് കാണാറില്ല. ഈയൊരു അവസ്ഥ മാറാന്‍ ഇത്തരം വിദ്യാര്‍ഥികളുടെ ഒരു പൂള്‍ സൃഷ്ടിച്ച് തുടര്‍ പരിശീലനം നല്‍കി അവരുടെ കഴിവിനെ പരിപോഷിപ്പിക്കാവുന്നതാണ്.

മത്സരങ്ങളുടെ ഘടനയിലും മാറ്റങ്ങള്‍ അനിവാര്യമാണ്. കലാമേളകളിലും ശാസ്ത്രമേളകളിലും കുട്ടിയുടെ അറിവുകൂടെ പരിശോധിക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ ചോദിക്കുന്ന മാര്‍ഗങ്ങള്‍ അവലംബിക്കാം.

അധ്യാപകര്‍ ജൈവിക ബുദ്ധിജീവികള്‍ ആണ്. നിരന്തരം പുതുക്കപ്പെടുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി പ്രതിഫലിപ്പിക്കപ്പെടേണ്ടവരാണ് അധ്യാപകര്‍. സ്‌കൂള്‍ എന്നത് കുട്ടികള്‍ക്ക് സന്തോഷമുള്ള ഇടങ്ങളാക്കി മാറ്റുവാന്‍ അധ്യാപകര്‍ക്ക് കഴിയണം.

അധ്യാപകരില്‍ നിന്നാണ് മൂല്യങ്ങള്‍ വിദ്യാര്‍ഥികളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തുന്നത്. കുഞ്ഞുങ്ങളെ ജീവിതത്തെ പ്രസാദാത്മകമായി കാണാന്‍ പരിശീലിപ്പിക്കുന്ന രീതിയിലുള്ള ചിന്തകള്‍ അവരിലേക്ക് നല്‍കാന്‍ എല്ലാ അധ്യാപകര്‍ക്കുംസാധിക്കട്ടെ.

തയ്യാറാക്കിയത്: ആയിശ ഹുദ എ വൈ


ഡോ. മനോജ് കെ വി എസ് സി ഇ ആര്‍ ടി മുന്‍ റിസര്‍ച്ച് ഓഫീസറാണ് ലേഖകന്‍