മധുവിനെ മോഷണമാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നുകളഞ്ഞതിനെക്കാള്‍ ക്രൂരമായ കൊലയാണ് വാളയാറിലേത്.
സംസ്‌കൃത സമൂഹമെന്ന നിലയില്‍ തല കുനിച്ചു നില്‍ക്കേണ്ട അതിഗുരുതരമായ കുറ്റകൃത്യത്തിനാണ് പാലക്കാട് വാളയാര്‍ വീണ്ടും സാക്ഷിയായിരിക്കുന്നത്. എട്ടു വര്‍ഷം മുമ്പ് വാളയാര്‍ അട്ടപ്പളത്ത് രണ്ടു സഹോദരിമാരുടെ മരണം നടന്നതിനു തൊട്ടപ്പുറത്താണ് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടത്.
2018ല്‍ പാലക്കാട് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ മോഷണമാരോപിച്ച് ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ച് കൊന്നുകളഞ്ഞതിനെക്കാള്‍ ക്രൂരമായ കൊലപാതകമാണ് കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്. ചത്തിസ്ഗഢ് ബിലാസ്പൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട രാമനാരായണന്‍ ഭാഗേല്‍.
അമ്മയും സഹോദരങ്ങളും ഭാര്യയും രണ്ടു മക്കളുമുണ്ട് 31കാരന്. കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലി തേടി ഒരാഴ്ച മുമ്പാണ് രാമനാരായണന്‍ പാലക്കാട് എത്തുന്നത്. രാമനാരായണന്‍ മോഷ്ടാവല്ലെന്നും വഴിതെറ്റി അട്ടപ്പള്ളത്ത് എത്തിയതാകാമെന്നും സൗമ്യ പ്രകൃതക്കാരനാണെന്നും ബന്ധു ശശികാന്ത് ഭാഗേല്‍ പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്.
കള്ളനെന്നാരോപിച്ച് ഡിസംബര്‍ 17ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തുടങ്ങിയ മര്‍ദനം ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടു. മര്‍ദിക്കുന്ന സമയത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ ചുറ്റിലുമുണ്ടായിരുന്നു. തലയ്ക്കും കഴുത്തിനും വയറ്റിലും ചവിട്ടുന്നതിന്റെയും വടികൊണ്ട് അടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
മര്‍ദിച്ചവര്‍ തന്നെയാണ് വീഡിയോ പിടിച്ചതും പ്രചരിപ്പിച്ചതും. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍, അക്രമത്തില്‍ സ്ത്രീകളുള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. അഞ്ചു പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
അട്ടപ്പാടിയിലെ മധുവിനെ കൊലപ്പെടുത്തിയതിനെക്കാള്‍ ഭീകരമാണിതെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത സര്‍ജന്‍ വെളിപ്പെടുത്തുന്നു. മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണക്ക് പിന്നാലെ മൃഗീയമായ പീഡനങ്ങള്‍ നേരിട്ടാണ് രാംനാരായണന്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
പരിക്കില്ലാത്ത ഒരു സ്ഥലവും ശരീരത്തില്‍ ശേഷിച്ചിരുന്നില്ല. കേരളത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പൊലീസ് സര്‍ജന്‍ വിലയിരുത്തുന്നു.
വൈകിയെത്തുന്ന നീതി ഇരകളുടെ മാത്രം പ്രശ്നമല്ല. സാമൂഹിക സ്വൈരജീവിതത്തിന്റെ കൂടി വിഷയമാണ്
ദളിത് വിഭാഗത്തില്‍ പെട്ടയാളാണ് രാംനാരായണനും മധുവും എന്നത് യാദൃച്ഛികമാണോ. നീ ബംഗാളിയല്ലേ, ബംഗ്ലാദേശിയല്ലേ എന്നു ചോദിച്ചായിരുന്നു ആക്രമണം എന്നു ദൃശ്യങ്ങളില്‍ തെളിയുന്നു. കള്ളനല്ലേ എന്നതിനപ്പുറം ആ ചോദ്യത്തിന് ചില വംശീയ അടരുകളുണ്ട്.
അതു ചെന്നെത്തുന്നത് അതീവ രോഗാതുരമായ സാമൂഹ്യ ക്രിമിനല്‍ മനസ്സുകളിലേക്കും അപര വിദ്വേഷത്തിലേക്കുമാണ്. വിവാദങ്ങള്‍ക്കപ്പുറം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സമൂഹത്തെ മനുഷ്യത്വത്തിനായി നിലകൊള്ളാന്‍ പ്രേരിപ്പിക്കണം. സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള ദൃഢ പ്രതിജ്ഞയാണ് ഈ വിഷയത്തില്‍ നമുക്കു നടത്താവുന്ന ഏറ്റവും ശക്തമായ പ്രതികരണം.
സംഭവങ്ങളുടെ ആവര്‍ത്തനം, ഇനി ഇത്തരമൊരു അതിക്രമം ഉണ്ടാകാത്ത വിധം വിഷയത്തോടു പ്രതികരിക്കാന്‍ സമൂഹത്തെയും അധികൃതരെയും പേരിപ്പിക്കണം. വംശീയ വിദ്വേഷം, വിഭാഗീയ ചിന്ത, സാമൂഹിക ക്രിമിനല്‍ വത്കരണം, സോഷ്യല്‍ മീഡിയയിലെ വെറുപ്പു പ്രചാരണം എന്നിവ അതിരുവിടുന്നുണ്ട്.
മനുഷ്യരില്‍ സഹിഷ്ണുതയും മാനവിക മൂല്യങ്ങളും സാഹോദര്യവും തിരിച്ചുകൊണ്ടുവരാന്‍ വേണ്ട നടപടികള്‍ കൂടി എടുത്തില്ലെങ്കില്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കപ്പെടും. ഒച്ചു വേഗത്തില്‍ വൈകിയെത്തുന്ന നീതി ഇരകളുടെ മാത്രം പ്രശ്നമല്ല. സാമൂഹിക സൈ്വര ജീവിതത്തിന്റെ കൂടി വിഷയമാണ്.
വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം മനുഷ്യത്വത്തോടുള്ള ക്രൂരമായ ആക്രമണം എന്ന നിലയില്‍ കണ്ടാണ് പരിഹാര നടപടികള്‍ എടുക്കേണ്ടത്. അത് ഭരണകൂട സംവിധാനങ്ങളുടെ ധാര്‍മികതയുടെയും അനിവാര്യമായ ബാധ്യതയുടെയും കൂടി വിഷയമാണ്.
സൈ്വരജീവിതത്തിന്റെ നിലനില്പിന്റെ പ്രശ്നമാണ്. നിക്ഷിപ്ത താല്പര്യങ്ങള്‍ക്കായി, അഴിച്ചുവിട്ട അപര വിദ്വേഷത്തിന്റെ ദുര്‍ഭൂതം ഭയാനകമായ സാമൂഹിക വിപത്തായി മാറിയിരിക്കുന്നു. കുറ്റകൃത്യങ്ങള്‍ക്കെതിരെ വേഗത്തിലും നീതി ബോധത്തോടെയും കര്‍ശനമായും നടപടി ഉണ്ടാവണം.
