നീതിയുടെ പക്ഷം പിടിക്കാനുള്ള ആര്‍ജവം എവിടെ കിട്ടും?

എഡിറ്റർ

സാമൂഹിക വിശകലനത്തിന് ഉതകുന്ന ഏത് വിഷയത്തിലും നീതിയുടെയും അവകാശത്തിന്റെയും മെറിറ്റ് നോക്കി നിലപാട് എടുക്കുന്നതിന് പകരം സാമുദായിക പരിഗണനകളാണ് മുന്നില്‍വരുന്നത്.

കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ കാതലായ മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പ് യൂനിവേഴ്‌സിറ്റികളിലും നിറഞ്ഞോടുന്ന വ്യാജവാര്‍ത്തകളും അപര മതവിദ്വേഷവും ദൈനംദിന ജീവിതത്തിലേക്ക് കൂടി കടന്നിരിക്കുകയാണ്.

ഇതൊരു സുപ്രഭാതത്തിലുണ്ടായ മാറ്റമല്ല. ബോധപൂര്‍വമായ സോഷ്യല്‍ എഞ്ചിനീയറിംഗും വര്‍ഷങ്ങളായി തുടരുന്ന വര്‍ഗീയ ഉള്ളടക്കങ്ങളുടെ പ്രചാരണവുമാണ് ഈ മാറ്റത്തിന് ഹേതുവായിട്ടുള്ളത്. സാമൂഹിക വിശകലനത്തിന് ഉതകുന്ന ഏത് വിഷയത്തിലും നീതിയുടെയും അവകാശത്തിന്റെയും മെറിറ്റ് നോക്കി നിലപാട് സ്വീകരിക്കുന്നതിന് പകരം സാമുദായിക പരിഗണനകളാണ് മുന്‍കടക്കുന്നത്.

പള്ളുരുത്തിയിലെ ഹിജാബ് വിവാദം അതിന്റെ സമകാലിക നിദര്‍ശനമാണ്. ഒരു വിദ്യാര്‍ഥിനി തല മറച്ചുവരുമ്പോഴേക്ക് ഭയപ്പാടുണ്ടാക്കുന്ന വിധത്തില്‍ സ്‌കൂള്‍ അടച്ചിടുകയും വര്‍ഗീയ ആള്‍ക്കൂട്ടങ്ങളിലേക്ക് വിഷയത്തെ വലിച്ചിട്ടുകൊടുക്കുകയും ചെയ്യുന്നു. മാധ്യമങ്ങളാവട്ടെ, യാതൊരു മെറിറ്റും പരിശോധിക്കാതെ തീവ്രവാദത്തിന്റെ ചാപ്പയടിക്കുന്നു.

മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട ഏത് വിഷയവും ഒരേ പാറ്റേണിലാണ് വികസിച്ചുവരുന്നത്. പ്രസ്തുത വിഷയത്തില്‍ നീതിപൂര്‍വകമായ ഇടപെടല്‍ ആരു നടത്തിയാലും സംഭവത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചുവെന്നാണ് എതിരാളികള്‍ ആരോപിക്കുക. ഒരു സംഭവത്തില്‍ നീതിപൂര്‍വമായ ഇടപെടല്‍ നടത്താന്‍ പോലും ആരും തയ്യാറാകാത്ത വിധം സാമൂഹികാന്തരീക്ഷം പിന്നോട്ട് വലിക്കുകയാണ്.

അവകാശ നിഷേധവും അനീതിയും നടമാടുമ്പോള്‍ പിന്തുണയുമായി മുഖ്യധാര സംഘടനകള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ രംഗത്ത് വരാന്‍ സാധിക്കുന്നില്ല. ഈ വിഷയത്തില്‍ തന്നെ, കോണ്‍ഗ്രസ് എന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിക്ക് പോലും നീതിയുടെ പക്ഷത്ത് നില്‍ക്കാന്‍ സാധിക്കാതെ വരുന്നു.

ഒരു വിഭാഗീയത ഒഴിവാക്കാനെന്ന പേരില്‍ സമവായമുണ്ടാക്കാന്‍ ശ്രമിക്കുന്നത് അനീതിക്ക് കൂട്ടുചേര്‍ന്നുകൊണ്ടാണ്. ഇത് സ്വാഭാവികമായി സംഭവിച്ചതല്ല. ഓരോ വിഷയത്തിലും മെറിറ്റ് നോക്കാതെ സാമുദായിക സമവാക്യങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രതികരിക്കണം എന്ന ഉപബോധ മനസ്സിലാണ് കേരളത്തിലെ രാഷ്ട്രീയ സംഘടനകള്‍ ചുറ്റിക്കറങ്ങുന്നത്.

ഹലാല്‍, വഖ്ഫ്, കേരളസ്റ്റോറി പോലുള്ള വിവാദ സമയങ്ങളിലും കേരളം പ്രതികരിച്ച രീതി രാഷ്ട്രീയ സാക്ഷരത നേടിയവരെ നിരാശപ്പെടുത്തുന്ന വിധമാണ്. നൂറ്റാണ്ടുകളായി കേരളത്തില്‍ ജീവിക്കുന്ന ഒരു സമുദായത്തെക്കുറിച്ച് അങ്ങേയറ്റത്തെ അജ്ഞതയും മുന്‍വിധിയും വെച്ചുപുലര്‍ത്തുന്ന നിരവധി പ്രതികരണങ്ങളുണ്ടായി.

മുസ്‌ലിംകളെക്കുറിച്ചുള്ള അജ്ഞത ഒരു പ്രിവിലേജായി കണക്കാക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ കൂടി നമുക്കുണ്ട് എന്നത് ചേര്‍ത്തുവായിക്കേണ്ടതാണ്. മുസ്‌ലിംകളെ പറ്റിയുള്ള ഏത് വാര്‍ത്തയും സ്‌തോഭജനകമായി അവതരിപ്പിക്കുന്ന ശൈലിയാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. അതിലൂടെ ഇസ്‌ലാം ഭീതിക്കും മുസ്‌ലിം വിദ്വേഷത്തിനും ഇന്ധനം പകരുകയാണ് അവര്‍ ചെയ്യുന്നത്.

ഇസ്‌ലാംഭീതി പടര്‍ത്തുന്നതിനെതിരെ മുസ്‌ലിം സംഘടനകള്‍ കാലങ്ങളായി ശബ്ദിക്കുന്നുണ്ട്. എന്നാല്‍, ഒരു സമുദായത്തെക്കുറിച്ച് ഭീതി പടര്‍ത്തുക എന്നത് വംശീയതയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന എത്ര പേരുണ്ട്?

കൈയ്യടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്നവരെ മാറ്റിവെച്ചാല്‍ ആത്മാര്‍ഥമായി ഇടപെടുന്നവര്‍ ചുരുക്കം ആളുകള്‍ മാത്രമാണ്. എന്നാല്‍, ഇപ്പോഴും അങ്ങനെ ഇടപെടുന്ന മുസ്‌ലിം ഇതര വ്യക്തികളും ആക്ടിവിസ്റ്റുകളും രാഷ്ട്രീയ നേതാക്കളും ഉണ്ട് എന്നത് നാം കാണാതിരുന്നുകൂടാ. അതൊരു ശുഭസൂചന തന്നെയാണ്.

മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമുദായിക രാഷ്ട്രീയ വക്താക്കള്‍ക്കും കൃത്യമായി ഇടപെടാന്‍ സാധിക്കാത്ത വിധം രംഗം കലുഷിതമാവുകയാണ്.

എന്നാല്‍, മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമുദായിക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കും കൃത്യമായി ഇടപെടാന്‍ സാധിക്കാത്ത വിധം രംഗം കലുഷിതമാവുകയാണ്. ഇടപെട്ടാല്‍ കൂടുതല്‍ വഷളാകുമോ എന്ന് കരുതി മാറി നില്‍ക്കുകയും അതേസമയം, വിഭാഗീയ താല്പര്യത്തോടെ ഇടപെടുന്നവര്‍ സജീവമായി കളം പിടിക്കുകയും ചെയ്യുന്നു.

പിന്നീട്, പ്രശ്‌നം വഷളായി കഴിഞ്ഞാല്‍ നേരത്തെ പറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഇടപെടേണ്ടി വരികയും പ്രശ്‌നം അപരിഹാര്യമായി തുടരുകയോ നീതി അപ്രാപ്യമാവുകയോ ചെയ്യുന്നു. കേരളത്തില്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റില്‍ ഹിജാബ് അനുവദിക്കാത്ത വിഷയം ചര്‍ച്ചയായത് ഏതാണ്ട് മൂന്ന് വര്‍ഷം മുമ്പാണ്.

ശിരോവസ്ത്രമെന്നത് നിര്‍ബന്ധ മതാചാരമാണ് എന്ന മുസ്‌ലിം സമുദായത്തിന്റെ കണിശമായ നിലപാടും കര്‍ണാടകയിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുള്ള സുപ്രീംകോടതിയുടെ ഭിന്നവിധിയും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെ ഏറെ പോസിറ്റീവായി സ്വാധീനിച്ചിട്ടുണ്ട് എന്നും നാം തിരിച്ചറിയണം.

അതുകൊണ്ട് പ്രശ്‌നം വഷളാകുമോ എന്ന് ഭയപ്പെട്ട് മാറിനില്‍ക്കുകയല്ല, നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കാനുള്ള ചങ്കൂറ്റമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കേണ്ടത്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം