ഗസ്സയോട് ലോകത്തിന് മാനുഷികമായ ഉത്തരവാദിത്തമുണ്ട്

എഡിറ്റർ

രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനുള്ള ഏത് ശ്രമത്തോടും കൈകൊടുക്കണമെന്നതാണ് യുദ്ധത്തിന്റെ നൈതിക പാഠം. അതിന് ഹമാസ് സന്നദ്ധമായിരിക്കുന്നു.

റ്റൊരു ഇടവേളക്ക് ശേഷം ഗസ്സയില്‍ വീണ്ടും സമാധാനം പുലര്‍ന്നിരിക്കുന്നു. പതിറ്റാണ്ടുകളായി തുടരുന്ന അധിനിവേശവും മനുഷ്യത്വരഹിതമായ അതിക്രമവും പീഡനവും സഹിക്കവയ്യാതെ രണ്ടു വര്‍ഷം മുമ്പ് ഹമാസിന്റെ നേതൃത്വത്തില്‍ ഗസ്സ തിരിച്ചടിച്ചപ്പോള്‍ തുടങ്ങിയതാണ് ഇപ്പോഴത്തെ വംശഹത്യ പരമ്പര.

ഒരു അന്താരാഷ്ട്ര നിയമവും പാലിക്കാത്ത വിധം തെമ്മാടിത്ത നയങ്ങളാണ് ഇസ്രായേലിനെ മുന്നോട്ട് നയിക്കുന്നത്. ഒരാഴ്ച കൊണ്ട് ഹമാസിനെ ഭൂമുഖത്ത് നിന്ന് തൂത്തെറിയുമെന്ന് വീമ്പിളക്കിയാണ് നെതന്യാഹു ആക്രമണം ആരംഭിച്ചത്. എന്നാല്‍, സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും കൈമുതലായുള്ള ഫലസ്തീനികള്‍ എല്ലാ ആക്രമണങ്ങളെയും പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇടക്കാലത്ത്, ഖത്തറില്‍ വെച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചയിലൂടെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇസ്രായേല്‍ കരാര്‍ ലംഘനം തുടര്‍ന്നു.

ഇടക്കാലത്തുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് അന്നു തന്നെ ഒട്ടേറെ ആശങ്കകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. പെട്ടെന്ന് നിലവില്‍ വരാത്ത വെടിനിര്‍ത്തല്‍ കരാറുകള്‍ പലപ്പോഴും യുദ്ധക്കൊതിയന്മാര്‍ക്ക് ആയുധം ശേഖരിക്കാനുള്ള ഇന്റര്‍വെല്‍ ആയി മാറുകയാണ് ചെയ്യുക. ഒരു തെമ്മാടിത്ത രാഷ്ട്രത്തില്‍ നിന്നു സ്വാഭാവികമായി പ്രതീക്ഷിക്കേണ്ടത് തന്നെയാണ് പിന്നീട് സംഭവിച്ചത്.

ഹമാസ് കരാര്‍ ലംഘിച്ചു എന്ന് വ്യാജമായി ആരോപിച്ചുകൊണ്ട് ഇസ്രാഈല്‍ വംശഹത്യ ലക്ഷ്യമിട്ടുള്ള ആക്രമണം പുനരാരംഭിച്ചു. അന്ന് തുടങ്ങിയ മൃഗീയമായ വ്യോമാക്രമണവും മനുഷ്യത്വരഹിതമായ സൈനിക നീക്കങ്ങളും ഇപ്പോള്‍ താത്ക്കാലികമായി അവസാനിച്ചിരിക്കുന്നു.

യുദ്ധമാകട്ടെ, അധിനിവേശമാകട്ടെ ഏതവസ്ഥയിലും മാനുഷിക സഹായങ്ങള്‍ എത്തിക്കാനും അതിനെ തടയാതിരിക്കാനുമുള്ള ഉത്തരവാദിത്തവും സാമാന്യ മര്യാദയും എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. പക്ഷെ, ഗസ്സയിലേക്ക് മരുന്നോ ഭക്ഷണമോ എത്താതിരിക്കാന്‍ ഐ ഡി എഫിന്റെ ഭീകരന്മാര്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു.

പക്ഷെ, ലോകം മുഴുക്കെ ഇസ്രായേലിനെതിരെ തിരിയുന്ന ശുഭമുഹൂര്‍ത്തത്തിനാണ് ഈ കാടത്തം നിമിത്തമായത്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഫലസ്തീന്‍ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിച്ചതും ഈ കാലത്താണ്. ലോക പ്രശസ്ത സര്‍വകലാശാലകളിലും തെരുവുകളിലും വിദ്യാര്‍ഥികളും യുവാക്കളും ഇസ്രായേലിനെതിരെ രംഗത്തു വന്നു.

ഇപ്പോള്‍ നടപ്പിലായി കൊണ്ടിരിക്കുന്ന സമാധാന പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ പലരും മത്സരിക്കുന്നുണ്ട്. എന്നാല്‍, ഇസ്രായേലിനെ ചര്‍ച്ചാവേദിയിലേക്ക് കൊണ്ടുവരാനും കരാര്‍ ഒപ്പുവെക്കുന്നതിലേക്ക് എത്തിച്ചതും ഹമാസിന്റെ രാഷ്ട്രീയ വിജയമാണ്. അതിലെല്ലാം ഉപരി, ഈ സമാധാനപദ്ധതിയുടെ യഥാര്‍ഥ ക്രെഡിറ്റ് പോരാട്ട വീര്യം ചോരാത്ത ഗസ്സ നിവാസികള്‍ക്കാണ്.

അവരുടെ ചെറുത്തു നില്‍പ്പും ത്യാഗവുമാണ് ഇപ്പോഴത്തെ കരാറിലേക്ക് ഇസ്രായേലിനെ നിര്‍ബന്ധിച്ചത്. ട്രംപിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ സമാധാന പദ്ധതിയോട് വളരെ ഉത്തരവാദിത്തത്തോടെയാണ് ഹമാസ് പ്രതികരിച്ചത്. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനുള്ള ഏത് ശ്രമത്തോടും കൈകൊടുക്കണമെന്നതാണ് യുദ്ധത്തിന്റെ നൈതിക പാഠം.

ഗസ്സയുടെ ചെറുത്തുനില്‍പ്പും ത്യാഗവുമാണ് ഇപ്പോഴത്തെ കരാറിലേക്ക് ഇസ്രായേലിനെ നിര്‍ബന്ധിച്ചത്. ട്രംപിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ പദ്ധതിയോട് വളരെ ഉത്തരവാദിത്തത്തോടെയാണ് ഹമാസ് പ്രതികരിച്ചത്.

അതിന് ഹമാസ് സന്നദ്ധമായി എന്നതിനോടൊപ്പം തന്നെ, ഫലസ്തീനിനെ പശ്ചാത്യ നേതാക്കള്‍ ഭരിക്കുന്നതിനോട് കടുത്ത വിയോജിപ്പ് അറിയിക്കുകയും ചെയ്തു. ഹമാസ് ഒരു കക്ഷിയായി തുടരുമെന്നും ഫലസ്തീനികള്‍ക്ക് സ്വയം നിര്‍ണയാവകാശം ഉറപ്പുവരുത്തണമെന്നും അവര്‍ പ്രഖ്യാപിച്ചു.

ഈ സമാധാന പദ്ധതി ഒരു തുടക്കമാവണം. ഇസ്രായേലിന്റെ എല്ലാ കുടിയേറ്റങ്ങളും അവസാനിപ്പിച്ച് കൃത്യമായ അതിരുകളോട് കൂടി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം. ഗസ്സയെ പുനരുജ്ജീവിപ്പിക്കുക എന്നത് ഇപ്പോള്‍ ഗസ്സക്ക് പുറത്തുള്ള മുഴുവന്‍ മനുഷ്യ സ്‌നേഹികളുടെയും ഉത്തരവാദിത്തമാണ്.

എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേല്‍ ബോംബിട്ട് നശിപ്പിച്ചിട്ടുണ്ട്. സിവിലിയന്‍ ജീവിതം ഓരോ ദിനവും ദുസ്സഹമായി കൊണ്ടിരിക്കുകയാണ്. ഗസ്സ നിവാസികള്‍ ഈ കരാറിനെ ആഘോഷത്തോടെ സ്വീകരിക്കുമ്പോഴും അവര്‍ക്ക് അവരുടെ മണ്ണില്‍ മനുഷ്യാവകാശങ്ങളോടെ ജീവിക്കുവാന്‍ നമ്മുടെ സഹായം അനിവാര്യമാണ്. അത് പരിഷ്‌കൃത ലോകത്തിന്റെ ഉത്തരവാദിത്തമാണ്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം