വിജയവും പരാജയവും; നിലവിടരുത്, തെരഞ്ഞെടുപ്പ് ഉത്തരവാദിത്തമാണ്

എഡിറ്റർ

വിജയത്തില്‍ സന്തോഷമുണ്ടാവുക സ്വാഭാവികമാണ്, പക്ഷെ അതിരു കടക്കുന്നത് പക്വതയമില്ലായ്മയാണ്. വിജയം ഒരാളുടെ ശ്രേഷ്ഠതയുടെ അംഗീകാര പത്രമല്ല.

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബര്‍ 11ഓടെ പൂര്‍ത്തിയായി. 13ന് വോട്ടെണ്ണുകയും ചെയ്യും. ഒരു മാസത്തിനടുത്ത ദിവസങ്ങളില്‍ നടന്ന കൊടുമ്പിരി കൊണ്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പര്യവസാനത്തിലാണ് വോട്ടെടുപ്പും തുടര്‍ന്ന് വോട്ടെണ്ണലും നടക്കുക. അവകാശവാദങ്ങള്‍ക്കപ്പുറത്ത് ചിലര്‍ വിജയിക്കും ചിലര്‍ പരാജയപ്പെടും.

വിജയത്തില്‍ സന്തോഷമുണ്ടാവുക സ്വാഭാവികമാണ്, പക്ഷെ അതിരു കടക്കുന്നത് പക്വതയമില്ലായ്മയത്രെ. തിരഞ്ഞെടുപ്പ് വിജയം ഒരാളുടെ ശ്രേഷ്ഠതയുടെ അംഗീകാര പത്രമല്ല, മറിച്ച് അന്തസ്സോടെയും നീതിബോധത്തോടെയും വ്യത്യസ്തമായ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിനുള്ള താല്‍ക്കാലിക ഉത്തരവാദിത്തം ഏല്‍പിക്കലാണത്. ആ തിരിച്ചറിവിലൂടെയാണ് ഒരു വ്യക്തി യഥാര്‍ത്ഥ നേതൃത്വത്തിലേക്കുയരുക.

വിജയത്തില്‍ എങ്ങനെ പെരുമാറുന്നു എന്നത് അവരുടെ സ്വഭാവ വിശേഷത്തെയും നേതൃഗുണത്തെയും മാന്യതയെയും കുറിച്ച് വാചാലമാകുന്ന കാര്യങ്ങളത്രെ. നിലവിട്ട ആഘോഷത്തിനു പകരം വിനയത്തോടെയും പക്വതയോടെയും വിജയത്തോടു പ്രതികരിക്കുക. ജനങ്ങളോടു നന്ദിയുള്ളവരാവുക.

വിജയം കേവലം വിജയപീഠത്തില്‍ ഞെളിഞ്ഞിരിക്കാനുള്ള മാന്‍ഡേറ്റല്ല, മറിച്ച് പൊതുജന സേവനത്തിനുള്ള ചുമതലയാണ്. അതുകൊണ്ട് മതിമറന്ന് ആഹ്ലാദിക്കുന്നതില്‍ അര്‍ഥമില്ല. എതിരാളികളോട് ആദരവോടെ ഇടപെടാനാവണം. അപമാനിക്കുന്നതോ കൊച്ചാക്കുന്നതോ ആയ ഭാഷ പ്രയോഗിക്കുന്നത് അല്‍പത്തമായാണ് വിലയിരത്തപ്പെടുക.

വിജയികള്‍ എങ്ങനെ പെരുമാറുന്നു എന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെയും ജനാധിപത്യത്തിന്റെയും വ്യക്തിത്വത്തിന്റെയും അനുരണനമാണ്. ആഹ്ലാദപ്രകടനം എതിരാളികള്‍ക്ക് അപമാനമുണ്ടാക്കുന്നതോ പൊതുബോധത്തെ പരിഹസിക്കുന്നതോ ആവരുത്.

സാമൂഹിക ജീവിതത്തിന് വിജയവും ആഹ്ലാദപ്രകടനവും പരാജയവും അതിന്റെ അനുരണനങ്ങളും ഏതെങ്കിലും തരത്തില്‍ പോറലേല്പിക്കരുത്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാവരെയും പരിഗണിക്കാനും അഭിപ്രായവ്യത്യാസങ്ങള്‍ ബഹുമാനപൂര്‍വം അംഗീകരിക്കാനും സാധിക്കുമ്പോഴാണ് ഉത്തരവാദിത്തം മനോഹരമായി നിര്‍വഹിക്കാനാവുക. സ്ഥാനാര്‍ഥിയില്‍ നിന്ന് അംഗത്തിലേക്കുള്ള മാറ്റം ഭരണപരമായ ഉത്തരവാദിത്തമേല്‍ക്കല്‍ കൂടിയാണ്. വിശ്വാസികളെ സംബന്ധിച്ച് ജനങ്ങളേല്‍പിക്കുന്ന അമാനത്താണത്. മണ്ഡലത്തോടും ജനങ്ങളോടും അവര്‍ക്ക് കൃത്യമായ പ്രതിബദ്ധതയുണ്ട്.

അനുകൂലിച്ചവരോടും എതിര്‍ത്തവരോടും തുല്യ ഉത്തരവാദിത്തമുണ്ട്. പരാജയപ്പെട്ടവരുടെ വേദനയും നിരാശയും കളിയാക്കാനുള്ള ഉപാധിയാകുന്നത് അങ്ങേയറ്റം അശ്ലീലമാണ്. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിലും റീലുകളിലും പ്രതിപക്ഷ ബഹുമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാനാവണം.

ആഘോഷങ്ങളും പ്രതിഷേധങ്ങളും സാമൂഹിക ഐക്യത്തെ ബാധിക്കാത്ത വിധത്തിലും പൊതു ഇടങ്ങള്‍ മലിനമാകാത്ത വിധത്തിലും പൊതു മുതലുകള്‍ക്ക് കേടുവരാത്ത രൂപത്തിലുമാകട്ടെ. ഭരണത്തിലേറിയവരെ, കാര്യഗൗരവത്തോടെ വിമര്‍ശിച്ചും തിരുത്തിയും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാകാന്‍ സാധിക്കുന്നു എന്നതാണ് ജനാധിപത്യത്തിന്റെ ശേഷി.

വിജയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ 'ഞാന്‍' എന്നതിന് പകരം 'നമ്മള്‍' എന്നതിനാവട്ടെ ഊന്നല്‍. ജനങ്ങളുടെ വിജയമായി കാണാന്‍ മനസ്സ് പാകപ്പെടണം. ജനങ്ങളോടുള്ള വാഗ്ദാനങ്ങളും പ്രതിജ്ഞകളും ഓര്‍മയിലുണ്ടാവുകയും അവ നിറവേറ്റാനുള്ള പ്രവര്‍ത്തനപദ്ധതി മനസ്സില്‍ രൂപപ്പെടുത്തുകയും ചെയ്യുക.

തിരഞ്ഞെടുക്കപ്പെടുന്നവരുടെ സ്വകാര്യ-പൊതു ജീവിതം സുതാര്യവും മാതൃകാപരവും ആവുകയും ജനങ്ങളുടെ വിളിപ്പുറത്ത് ഉണ്ടാവുകയും വേണം. തെരഞ്ഞെടുപ്പ് വിജയത്തെ എത്ര മാന്യതയോടെയും മര്യാദയോടെയും കൈകാര്യം ചെയ്യുന്നുവോ, അത്രകണ്ട് ഓരോരുത്തരുടെയും വ്യക്തിത്വത്തെ അത് പ്രശോഭിതമാക്കും.

''നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. പരിഹാസപ്പേര് വിളിച്ച് പരസ്പരം അപമാനിക്കരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മികമായ പേര് വിളിക്കുന്നത് എത്ര ചീത്ത. പശ്ചാത്തപിക്കാത്ത പക്ഷം അവര്‍ തന്നെയാണ് അക്രമികള്‍'' എന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്ദിഗ്ധമായി ഓര്‍മിപ്പിക്കുന്നുണ്ട്.

13ന് വോട്ടെണ്ണി ഫലം പുറത്തുവന്ന ശേഷവും നമ്മള്‍ ഇവിടെയുണ്ടാകും. വിജയിച്ചവരും തെരഞ്ഞെടുക്കപ്പെടാത്തവരും പരസ്പരം ഇടപഴകി ജീവിക്കേണ്ടവരാണ്. സാമൂഹിക ജീവിതത്തിന് വിജയവും ആഹ്ലാദപ്രകടനവും പരാജയവും അതിന്റെ അനുരണനങ്ങളും ഏതെങ്കിലും തരത്തില്‍ പോറലേല്പിച്ചുകൂടാ.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം