എസ് ഐ ആര്‍; വെറുതെയിരിക്കാന്‍ സമയമായിട്ടില്ല

എഡിറ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതുകൊണ്ട് ലോക്‌സഭ, നിയമസഭാ വോട്ടര്‍പട്ടികയിലും പേരുണ്ടാകുമെന്ന് കരുതരുത്.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചിരിക്കുന്നു. ഈ നിര്‍ണായക സമയത്ത് തന്നെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം കൊണ്ടുവന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വോട്ടര്‍പട്ടിക വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കാത്തവര്‍ക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇത് കാരണമായിട്ടുണ്ട്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതുകൊണ്ട് ലോക്‌സഭ, നിയമസഭാ വോട്ടര്‍പട്ടികയിലും പേരുണ്ടാകുമെന്ന് കരുതുന്നത് തെറ്റാണ്. രണ്ടും വ്യത്യസ്ത പട്ടികയാണ്. അതുകൊണ്ട് തന്നെ, തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ് ഐ ആര്‍ പ്രക്രിയ മാറ്റിവെക്കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വകവെച്ചിരുന്നില്ല.

ഒടുവില്‍, കേരളത്തിലെ വിവിധ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിക്കുകയും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സമയം നീട്ടിനല്‍കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ ആര്‍ പ്രക്രിയയുടെ ആദ്യപടിയായ ഫോം പൂരിപ്പിച്ച് നല്‍കാനുള്ള അവസാന തിയ്യതി ഡിസംബര്‍ 18 വരെയാണ്.

ഡിസംബര്‍ 23നാണ് ആദ്യ കരട്പട്ടിക തയ്യാറാവുക. അന്ന് പുറത്തിറങ്ങുന്ന കരട് പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പാക്കലാണ് ആദ്യം ചെയ്യേണ്ടത്. ഫോം പൂരിപ്പിച്ച് നല്‍കിയിട്ടും കരട്പട്ടികയില്‍ പേര് വരാത്തവര്‍ അപ്പീല്‍ നല്‍കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.

നേരത്തെ അപ്പീല്‍ കാലാവധി തീരുന്നതിന് മുമ്പ് തന്നെ അന്തിമ പട്ടിക പുറത്തിറങ്ങുന്ന വിധത്തിലാണ് സമയക്രമീകരണം നടത്തിയിരുന്നത്. ഇത് തെറ്റായ നടപടിയാണെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ കമ്മീഷനെ അറിയിച്ചിരുന്നു. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം അന്തിമ പട്ടിക പുറത്തിറങ്ങുന്നത് ഫെബ്രുവരി 21-നാണ്.

കരട് വോട്ടര്‍ പട്ടികയില്‍ പേര് വരാത്തവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ മജിസ്‌ട്രേറ്റിനാണ് അപ്പീല്‍ നല്‍കേണ്ടത്. അതിലും തീരുമാനമാകാത്ത പക്ഷം സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ട്രല്‍ ഓഫീസറെയാണ് സമീപിക്കേണ്ടത്. അപ്പീല്‍ നടപടി സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ ഇനിയും പൊതുജനങ്ങള്‍ക്ക് ലഭ്യമാകേണ്ടതുണ്ട്.

അര്‍ഹരായ ഒരാളും വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നില്ല എന്ന് നാം ഓരോരുത്തരുംഉറപ്പാക്കണം.

കരട്പട്ടിക പുറത്തിറങ്ങിയ ശേഷം അത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഡിസംബര്‍ 23-ന് പുറത്തിറങ്ങുന്ന കരട് പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനും എന്തുകൊണ്ട് നിരസിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി അപാകതകള്‍ പരിഹരിക്കാനും നാം സ്വയം മുന്‍കൈ എടുക്കണം.

സമ്മതിദാനാവകാശം എന്നതിലുപരി പല തരത്തിലുള്ള നിയമക്കുരുക്കിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയുള്ള പ്രക്രിയയാണ് എസ് ഐ ആര്‍. പ്രത്യേകിച്ച്, കേന്ദ്രം ഭരിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് ജാഗ്രത പാലിക്കാന്‍ നാം തയ്യാറാകണം.

2025-ലെ പട്ടികയില്‍ പേരുള്ളവര്‍ക്കാണ് എന്യുമറേഷന്‍ ഫോം ലഭിച്ചിട്ടുണ്ടാവുക. അതുകൊണ്ട് തന്നെ പല കാരണങ്ങളാല്‍ നേരത്തെ പട്ടികയിലുണ്ടാവുകയും പിന്നീട് വെട്ടിമാറ്റപ്പെടുകയും ചെയ്തവര്‍ പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സമയബന്ധിതമായി അപേക്ഷ നല്‍കണം.

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഫോം വിതരണം ചെയ്ത സമയത്ത് ഫോം ലഭിക്കാതെ പോയ പലരുമുണ്ട്, പ്രത്യേകിച്ച് പ്രവാസികള്‍. അതിന്റെ കാരണം, അവര്‍ 2025-ലെ പട്ടികയില്‍ ഇല്ല എന്നതാണ്. അത്തരമാളുകള്‍ പുതുതായി പേര് ചേര്‍ക്കാന്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നല്‍കണം.

എസ് ഐ ആറിന്റെ ഭാഗമായ നടപടിക്രമങ്ങളില്‍ നാം സഹകരിക്കുന്നതോടൊപ്പം തന്നെ ഇതിനെതിരായ രാഷ്ട്രീയ പോരാട്ടത്തെ കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. സുപ്രീംകോടതിയില്‍ നടക്കുന്ന നിയമപോരാട്ടവും തെരുവുകളില്‍ നടക്കുന്ന രാഷ്ട്രീയ പോരാട്ടവും നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടിയാണ്.

വോട്ടര്‍ പട്ടിക പരിഷ്‌കരണമെന്ന പേരില്‍ നടക്കുന്ന ഈ പ്രക്രിയ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താനുള്ളതാണെന്ന് നാം വ്യാമോഹിക്കാന്‍ പാടില്ല. പരമാവധി ആളുകളെ പുറംതള്ളാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ബിഹാറില്‍ നടന്നത്.

പ്രസ്തുത അനുഭവം നമ്മുടെ മുമ്പിലുണ്ടാകുമ്പോള്‍ അലസമായി ഈ പ്രക്രിയയെ സമീപിക്കാന്‍ സാധിക്കില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തല്ലോ എന്ന് സമാധാനിച്ചിരിക്കുകയും അരുത്. അര്‍ഹരായ ഒരാളും പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നില്ല എന്ന് നാം ഓരോരുത്തരുംഉറപ്പാക്കണം.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം