ബിഹാറില്‍ കടുത്ത ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തുറന്ന എസ്.ഐ.ആറിനു പിന്നാലെയാണ് കേരളത്തിലും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് കമ്മിഷന്‍ നടപടി തുടങ്ങിയത്.
തെരഞ്ഞെടുപ്പു കമ്മിഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ് ഐ ആര്‍) ഏകകണ്ഠമായി പ്രമേയം പാസാക്കിയിരിക്കുന്നു കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം ഏകകണ്ഠമായി പിന്തുണച്ചു.
തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ എസ് ഐ ആര്‍ നടപ്പാക്കാനുള്ള കമ്മിഷന്റെ തിടുക്കപ്പെട്ട ശ്രമം നിഷ്‌കളങ്കമായി കാണാനാവില്ലെന്നും ഈ നടപടികള്‍ സുതാര്യമാകണമെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി വ്യക്തമാക്കി.
അശാസ്ത്രീയമായും യുക്തിരഹിതമായും ആണ് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് എന്നാണ് ആരോപണം. 1987നു ശേഷം ജനിച്ചവര്‍ അവരുടെ പിതാവിന്റെയോ മാതാവിന്റെയോ പൗരത്വരേഖ കൂടി സമര്‍പ്പിച്ചാലേ വോട്ടര്‍ ആകൂ എന്ന എസ് ഐ ആര്‍ നിബന്ധന പ്രായപൂര്‍ത്തി വോട്ടവകാശത്തെ ഹനിക്കുന്നതും സാര്‍വത്രിക വോട്ടവകാശത്തിന്റെ പരിപൂര്‍ണ ലംഘനവുമാണ്.
ബിഹാറില്‍ കടുത്ത ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ എസ് ഐ ആറിനു പിന്നാലെയാണ് കേരളത്തിലും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് കമ്മിഷന്‍ നടപടികള്‍ തുടങ്ങിയത്. എസ് ഐ ആര്‍ നടപ്പാക്കും മുമ്പ് വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിഷയത്തില്‍ ശക്തമായ എതിര്‍പ്പും ആശങ്കയും അറിയിച്ചിരുന്നു.
തുടര്‍ന്ന് കേരളത്തില്‍ വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണം നടപ്പാക്കുന്നത് നീട്ടണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ എസ് ഐ ആര്‍ നീട്ടണമെന്നാണ് സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്.
ബിഹാറില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനു ശേഷം പുറത്തിറക്കിയ അന്തിമ വോട്ടര്‍ പട്ടികയിലും ക്രമക്കേട് ഉണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. ഒരു വീട്ടില്‍ 247 വോട്ടര്‍മാരുണ്ടെന്നും ഒരേ ബൂത്തില്‍ മൂന്നു തവണ ഒരാളുടെ പേര് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നുമാണ് പരാതി. പരാതികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പാര്‍ട്ടി പ്രതിനിധികള്‍ കമ്മിഷനു സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബി ജെ പിക്കും സഖ്യകക്ഷികള്‍ക്കും രാഷ്ട്രീയ നേട്ടം നല്‍കുകയാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണമെന്ന പ്രക്രിയയുടെ യഥാര്‍ഥ ലക്ഷ്യമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുമ്പോള്‍, അത് കമ്മിഷന്റെയും തെരഞ്ഞെടുപ്പു നടപടികളുടെയും വിശ്വാസ്യതയുടെ നേര്‍ക്കുള്ള ഗുരുതരമായ ആക്ഷേപമാണ്. വ്യക്തത വരുത്തിയില്ലെങ്കില്‍ ഈ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പും ഫലവും സംശയത്തിന്റെ നിഴലിലാവും.
സുതാര്യമല്ലെന്നു സംശയമുയരുന്ന ഒരു നടപടിക്കെതിരായ കേരള നിയമസഭയുടെ പ്രമേയം സ്വാഗതാര്‍ഹമാണ്. സംവിധാനം കുറ്റമറ്റതും സുതാര്യവുമായില്ലെങ്കില്‍ ജന വിശ്വാസം തകരും.
ബിഹാര്‍ എസ് ഐ ആര്‍ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീംകോടതി പരിഗണനയിലിരിക്കേ, കേരളത്തിലും പരിഷ്‌കരണം നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണെന്ന ആശങ്ക ഉയര്‍ത്തുന്നു. തീവ്ര പുനഃപരിശോധനാ നീക്കം ദേശീയ പൗരത്വരജിസ്റ്റര്‍ വളഞ്ഞ വഴിയിലൂടെ നടപ്പാക്കലാണെന്ന സംശയവും ജനിപ്പിച്ചിട്ടുണ്ട്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാറില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഈ രീതി ദേശീയാടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നുവെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിയ വിഷയം.
തെരഞ്ഞെടുപ്പു പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നത് സ്വാഭാവിക നടപടിയായി കാണാനാവില്ല.
ഈ പശ്ചാത്തലത്തില്‍ എസ് ഐ ആറില്‍ ആശങ്ക പ്രകടിപ്പിച്ചും പുനഃപരിശോധനയില്‍ നിന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്തിരിയണമെണമെന്നും ആവശ്യപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയത്തിന് വലിയ പ്രാധാന്യമുണ്ട്.
തെരഞ്ഞെടുപ്പു കമ്മിഷന്‍ രാജ്യത്തിന്റെ പൊതുമുതലാണ്. അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ താല്പര്യത്തിനു കീഴടങ്ങിയാല്‍ അത് രാജ്യത്തിനു കളങ്കമാണ്. അതുകൊണ്ടു തന്നെ സുതാര്യമല്ലെന്നു സംശയമുയരുന്ന ഒരു നടപടിക്കെതിരായ കേരള നിയമസഭയുടെ പ്രമേയം സ്വാഗതാര്‍ഹമാണ്.
സംവിധാനം കുറ്റമറ്റതും സുതാര്യവുമായില്ലെങ്കില്‍ അതിലുള്ള ജനങ്ങളുടെ വിശ്വാസം തകരും. അതു രാഷ്ട്രത്തിനു കളങ്കമാകും.
