പറഞ്ഞുകേള്‍ക്കുന്ന പൊലീസ് മൂന്നാംമുറ അക്ഷരംപ്രതി നടപ്പിലാക്കുന്ന സംഭവങ്ങളാണ് കുന്നംകുളത്തു നടന്നത്. അതിന്റെ ഭാഗികമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
തൃശൂര്‍ ജില്ലയിലെ കുന്നംകുളം പൊലീസ് സ്‌റ്റേഷനിലുണ്ടായ കസ്റ്റഡി മര്‍ദനം ചര്‍ച്ചകളില്‍ കത്തി നില്‍ക്കുകയാണ്. 2023-ല്‍ നടന്ന പൊലീസ് മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ വിവരാവകാശ നിയമത്തിലൂടെ പുറത്തുവന്നതോടെയാണ് മര്‍ദനത്തിന്റെ ഭീകരത ബോധ്യമായത്. പൊലീസ് തന്റെ നാട്ടിലെ ചെറുപ്പക്കാരോട് അനാവശ്യമായി തട്ടിക്കയറിയപ്പോള്‍ അത് ചോദ്യം ചെയ്തതോടെയാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ, പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുന്നത്.
പറഞ്ഞുകേള്‍ക്കുന്ന പൊലീസ് മൂന്നാംമുറ അക്ഷരംപ്രതി നടപ്പിലാക്കുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത്. അതിന്റെ ഭാഗികമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സി സി ടി വി ഇല്ലാത്ത ഭാഗങ്ങളില്‍ വെച്ച് ഇതിലും ക്രൂരമായ പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നിട്ടുണ്ടാവുക.
ഒരു കുറ്റകൃത്യത്തിന്റെയും ഭാഗമാവാത്ത ഒരു പൊതുപ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും വിവസ്ത്രനാക്കി മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പൊലീസ് സേനക്ക് ആകമാനം അപമാനമാണ്. പൊലീസുകാരുടെ ഈഗോയെ ശല്യപ്പെടുത്തി എന്നത് മാത്രമാകും ഒരുപക്ഷെ ആ ചെറുപ്പക്കാരന്‍ ചെയ്ത തെറ്റ്. അധികാര ദുര്‍വിനിയോഗത്തിന്റെ പ്രകടമായ ഉദാഹരണമാണ് കുന്നംകുളം കസ്റ്റഡി മര്‍ദനം.
കേരളത്തില്‍ കസ്റ്റഡി പീഡനങ്ങളും കൊലപാതകങ്ങളും പുതിയ സംഭവങ്ങളല്ല. ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് മുതല്‍ താമിര്‍ ജിഫ്രിയുടെ കൊലപാതകം വരെ നാടിനെ നടുക്കിയ കസ്റ്റഡി മരണങ്ങള്‍ നടന്ന നാടാണ് കേരളം. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ലോക്‌സഭയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2024 വരെയുള്ള കാലയളവില്‍ കേരളത്തില്‍ 16 കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതില്‍ ചിലത് ആത്മഹത്യകളാകാം. പക്ഷെ, ഭൂരിഭാഗം കേസുകളിലും പൊലീസിന്റെ അതിനീചവും മനുഷ്യത്വരഹിതവുമായ പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. ഇരുമ്പു ദണ്ഡുകളും ചൂരലും ഉപയോഗിച്ചുള്ള മര്‍ദനം, പൈപ്പുകള്‍ കൊണ്ടുള്ള അടി, ഇരുമ്പ് ദണ്ഡ് തുണിയില്‍ പൊതിഞ്ഞ് അടിക്കല്‍ ഇങ്ങനെ പലവിധ മൂന്നാംമുറകളാണ് പൊലീസ് സ്‌റ്റേഷനിലെ ഇരുട്ട് മുറികളില്‍ നടക്കുന്നത്.
കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ പോലും ശാരീരികമായി പീഡിപ്പിക്കാന്‍ പൊലീസിന് വകുപ്പില്ല. എന്നിരിക്കെ, യാതൊരു കാരണവുമില്ലാതെ ഒരു പൊതുപ്രവര്‍ത്തകനെ മുഖത്തടിച്ചും ചൂരല് കൊണ്ടടിച്ചും മര്‍ദിക്കുക എന്നത് സാമാന്യ മനുഷ്യര്‍ ചെയ്യുന്ന രീതിയല്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിന് നിയമപരമായും ധാര്‍മികമായും ഉത്തരവാദിത്തമുണ്ട്.
ഇതേ സമയത്ത് തന്നെയാണ് പൊലീസ് സ്റ്റേഷനുകളില്‍ സി സി ടി വി കൃത്യമായി പ്രവര്‍ത്തിക്കാത്തതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളുടെ എല്ലാ ഭാഗത്തും സി സി ടി വി ഉണ്ടാവണമെന്ന് മാത്രമല്ല, അത് കൃത്യമായി പ്രവര്‍ത്തിക്കുകയും സ്റ്റോറേജ് സംവിധാനം ഉണ്ടായിരിക്കുകയും സാങ്കേതിക പ്രശ്‌നങ്ങള്‍ അപ്പപ്പപ്പോള്‍ പരിഹരിക്കുകയും ചെയ്യണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജനമൈത്രി, സയന്റിഫിക് പൊലീസിംഗ് എന്നൊക്കെ വീമ്പുപറയുമ്പോഴും നാഭിക്കു തൊഴിക്കുന്ന 'കുട്ടന്‍പിള്ള'മാരുടെ മനോഭാവമാണ് ഈ കാലത്തും പല ഓഫീസര്‍മാര്‍ക്കും.
പക്ഷെ, പല സംസ്ഥാനങ്ങളും ഇപ്പോഴും അത് പാലിക്കുന്നില്ല. കേരളത്തില്‍ തന്നെ പല സ്റ്റേഷനുകളിലും ഇരുട്ടുമുറികള്‍ ഇന്നുമുണ്ട്. ജനമൈത്രി, സയന്റിഫിക് പൊലീസിംഗ് എന്നൊക്കെ വീമ്പുപറയുമ്പോഴും മീശപിരിച്ച് നടക്കുന്ന കുട്ടന്‍പിള്ളമാരുടെ കാലത്തെ മനോഭാവത്തിലാണ് പല സ്റ്റേഷനുകളും ഓഫീസര്‍മാരും ഈ കാലത്തും പെരുമാറുന്നത്.
സാധാരണക്കാരുടെ പ്രശ്‌നങ്ങളുമായി പൊലീസ് സ്റ്റേഷനുകളിലെത്തുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. മുന്‍ എം എല്‍ എ, പി വി അന്‍വര്‍ ഇക്കാര്യം നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരോട് ചോദിച്ചാല്‍ അവര്‍ക്കും മറുത്തൊരു പക്ഷമുണ്ടാകുമെന്ന് കരുതുന്നില്ല.
പൊലീസ് സേനയില്‍ നിന്ന് സ്വയം വിരമിക്കലുകളുടെ അപേക്ഷ വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. കേരളത്തിന്റെ പൊലീസിംഗ് സംവിധാനത്തില്‍ അടിമുടി പരിഷ്‌കാരം അനിവാര്യമായിരിക്കുന്നു. 2023ല്‍ നടന്ന സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഏതായിരുന്നാലും ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ കണ്ടിരിക്കുമല്ലോ. എന്നിട്ടും അത് പുറത്ത് വരുന്നതുവരെ കാര്യമായ നടപടികളൊന്നുമില്ലാതെ മുന്നോട്ട് പോയി എന്നത് ഇപ്പോഴത്തെ സിസ്റ്റം എത്രമാത്രം പുഴുക്കുത്തുകള്‍ നിറഞ്ഞതാണ് എന്നതിലേക്കുള്ള ചൂണ്ടുപലകയാണ്.
കുന്നംകുളത്ത് മാത്രമല്ല, വിവിധ സ്റ്റേഷനുകളിലെ കസ്റ്റഡി മര്‍ദനത്തിലെ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും കേരളത്തിന്റെ ആഭ്യന്തര വകുപ്പിനെ അടിമുടി പരിഷ്‌കരിക്കാനും സര്‍ക്കാര്‍തയ്യാറാകണം. ക്രമസമാധാന പാലനം സുഗമമായി നടത്താനും സിസ്റ്റത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താനുമുള്ള അനിവാര്യ നടപടികളുടെ ഭാഗമാണത്.
