പദ്ധതിയില്‍ ഒപ്പിടാന്‍ ഫണ്ട് തടഞ്ഞുവെക്കുന്നതുള്‍പ്പെടെ വിവിധ തലത്തില്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് എതിര്‍പ്പുകള്‍ വെള്ളത്തിലൊഴുക്കി കേരളം നയം മാറ്റിയത്.
മൂന്നു വര്‍ഷമായി തുടര്‍ന്ന നയപരവും ആശയപരവും രാഷ്ട്രീയവുമായ എതിര്‍പ്പില്‍ അപ്രതീക്ഷിത യു ടേണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ എന്ന പി എം ശ്രീ പദ്ധതിയില്‍ കേരളം പങ്കാളിയായിരിക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ കെ വാസുകിയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ജോയിന്റ് സെക്രട്ടറി ധീരജ് സാഹുവുമാണ് കഴിഞ്ഞ ദിവസം ഒപ്പിട്ടത്.
തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവും നിലവാരവും മെച്ചപ്പെടുത്താനുദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ 2022 സെപ്തംബര്‍ 7ന് ആവിഷ്‌കരിച്ച പദ്ധതിയാണ് പി എം ശ്രീ. പദ്ധതിയില്‍ ചേര്‍ന്നാല്‍ ദേശീയ വിദ്യാഭ്യാസ നയം (എന്‍ ഇ പി) നടപ്പാക്കേണ്ടി വരും എന്നതായിരുന്നു കേരളം ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രധാന വിയോജിപ്പ്.
സ്‌കൂളിനു മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രത്തോടു കൂടിയുള്ള പി എം ശ്രീ സ്‌കൂള്‍ എന്ന ബോര്‍ഡ് വയ്ക്കേണ്ടിവരും എന്നതും എതിര്‍പ്പിനു കാരണമായി. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും പദ്ധതിയുടെ ഭാഗമായി.
ഒരു ബ്ലോക്ക് റിസോഴ്സ് സെന്ററിനു കീഴില്‍ പരമാവധി രണ്ട് സ്‌കൂളുകള്‍ക്കാണ് പദ്ധതി വഴി ഗുണം ലഭിക്കുക. ഈ സ്‌കൂളുകള്‍ക്ക് പ്രതിവര്‍ഷം 85 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിവിധ പദ്ധതികള്‍ക്കു ലഭിക്കാം. ഇതില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കേണ്ടത്.
പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂളുകള്‍ ആര്‍ജിക്കേണ്ട നിലവാരം വ്യക്തമാക്കി ദേശീയ വിദ്യാഭ്യാസ നയപ്രകാരം സ്‌കൂള്‍ ക്വാളിറ്റി അസസ്മെന്റ് ഫ്രെയിം വര്‍ക്ക് തയ്യാറാക്കിയിട്ടുണ്ട്. അഥവാ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളെ മാറ്റിയെടുക്കുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.
പദ്ധതിയില്‍ ഒപ്പിടാന്‍ ഫണ്ട് തടഞ്ഞുവെക്കുന്നതുള്‍പ്പെടെ വിവിധ തലത്തില്‍ കേന്ദ്രം സമ്മര്‍ദം നടത്തിവരുന്നതിനിടെയാണ് എതിര്‍പ്പുകള്‍ വെള്ളത്തിലൊഴുക്കി കേരളം നയം മാറ്റിയിരിക്കുന്നത്. സമഗ്രശിക്ഷ കേരളം (എസ് എസ് കെ) വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള വിഹിതമായി കേന്ദ്രത്തില്‍ നിന്ന് 1186.84 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ന്യായം പറയുന്നത്.
തലമുറകളെ അപ്പാടെ മാറ്റിമറിക്കാന്‍ ശേഷിയുള്ള വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങള്‍ സുതാര്യതയോടെയും അവധാനതയോടെയും അതീവ ജാഗ്രതയോടെയും വേണം. ഇവിടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ വലിയ ദുരൂഹതയും അവിശ്വാസവും സൃഷ്ടിക്കുന്നത്. ഭരണ കക്ഷി നേതൃത്വങ്ങളും മന്ത്രിസഭയും അറിയാതെ ധൃതിപിടിച്ച് പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടത് വിവാദമാകുന്നത് അതുകൊണ്ടു തന്നെ.
കഴിഞ്ഞ ദിവസം (2025 ഒക്ടോബര്‍ 24) കരാര്‍ ഒപ്പിടും വരെ കേരളം ഭരിക്കുന്ന ഇടതു മുന്നണിയും വിശേഷിച്ച് സിപിഎമ്മും പദ്ധതിയുടെ നിശിത വിമര്‍ശകരായിരുന്നു. രാജ്യത്തെ പ്രാദേശികവും സാംസ്‌കാരികവുമായ വൈവിധ്യം ഇല്ലാതാക്കുന്നതാണ് പദ്ധതി എന്ന് ആദ്യം വിമര്‍ശനം ഉയര്‍ത്തിയത് സി പിഎം ആയിരുന്നു.
പുതിയ പാഠ്യപദ്ധതിയിലൂടെ എന്‍ സി ഇ ആര്‍ ടി വര്‍ഗീയത കടത്തിവിടുന്നുവെന്നും രാജ്യത്തിന്റെ ശരിയായ ചരിത്രം വെട്ടിമാറ്റുന്നുവെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ ആക്ഷേപമുയര്‍ത്തിയിരുന്നു. ഗാന്ധി വധവും അതിനെ തുടര്‍ന്ന് ആര്‍ എസ് എസിനെ നിരോധിച്ചതും ആയിരം വര്‍ഷത്തെ മുഗള്‍ ഭരണചരിത്രവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളും കേന്ദ്ര പാഠ്യപദ്ധതിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത് ഇതിനുദാഹരണാണ്.
തടഞ്ഞുവെക്കപ്പെട്ട കോടികള്‍ കേരളത്തിന്റെ വാര്‍ഷിക പദ്ധതിയുമായും വാര്‍ഷിക കടമെടുപ്പുമായും താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരമാണെന്ന് ആര്‍ക്കാണ് ബോധ്യപ്പെടാത്തത്.
വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ നിന്ന് യൂനിയന്‍ ലിസ്റ്റിലേക്കു മാറ്റാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നാണ് തമിഴ്നാട് ഒപ്പിടാതിരിക്കാനുള്ള കാരണം പറഞ്ഞത്. പി എം ശ്രീയില്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് കേന്ദ്രം തടഞ്ഞുവെച്ച വിദ്യാഭ്യസ ഫണ്ട് നിയമനടപടികളിലൂടെ തിരിച്ചുപിടിച്ചിരിക്കുകയാണ് തമിഴ്നാട്. കുറെക്കൂടി കര്‍ശനമായ നിലപാടാണ് പശ്ചിമബംഗാള്‍ സ്വീകരിക്കുന്നത്. ഇവര്‍ക്കു മുന്നില്‍ നിന്ന് പ്രതിരോധം തീര്‍ത്തുകൊണ്ടിരുന്ന കേരള സംസ്ഥാനമാണ് പൊടുന്നനെ മലക്കം മറിഞ്ഞത്.
കേന്ദ്രം തടഞ്ഞുവെച്ച 1600 കോടിയോളം വരുന്ന വിദ്യാഭ്യാസ ഫണ്ടാണ് ഒപ്പിടാന്‍ കാരണമായി മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്. തടഞ്ഞുവെക്കപ്പെട്ട കോടികള്‍ കേരളത്തിന്റെ വാര്‍ഷിക പദ്ധതിയുമായും വാര്‍ഷിക കടമെടുപ്പുമായും താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരമാണെന്ന് ആര്‍ക്കും ബോധ്യപ്പെടും എന്നിരിക്കെ ന്യായങ്ങളൊക്കെ ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുന്നതിനു തുല്യമാണ്. 2024 മാര്‍ച്ചില്‍ തന്നെ പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍ കേരളം സന്നദ്ധത അറിയിച്ചിരുന്നുവെന്ന കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി സഞ്ജയ് കുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍ ദുരൂഹത ആളിക്കത്തിക്കുന്നതാണ്.
അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്നതിനു പകരം കേരളം കാല്‍ക്കല്‍ വീഴുകയാണോ? വിദ്യാഭ്യാസ- സാംസ്‌കാരിക രംഗത്ത് കേരളം കൈവരിച്ച പുരോഗതിയുടെയും നവോത്ഥാനത്തിന്റെയും അടിവേരില്‍ കത്തിവെച്ച് റിവേഴ്സ് ഗിയറില്‍ ഓടാനുള്ള ശ്രമങ്ങള്‍ ഇടതു സര്‍ക്കാര്‍ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്തത് അത്ഭുതപ്പെടുത്തുന്നു. അതു തിരുത്തേണ്ടത് അനിവാര്യമാണെന്നു മാത്രം ഓര്‍മിപ്പിക്കുന്നു.
