ഉമീദ് പോര്‍ട്ടല്‍ കുറ്റമറ്റതാക്കൂ; ആശങ്ക പരിഹരിക്കൂ

എഡിറ്റർ

യഥാര്‍ഥത്തില്‍, വഖഫ് ഭേദഗതിയല്ല; ഉമീദ് എന്ന പേരില്‍ പുതിയൊരു നിയമം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

2025 ഏപ്രിലിലാണ് വഖ്ഫ് ഭേദഗതി നിയമം പാസാക്കിയത്. 1995-ലെ വഖ്ഫ് ആക്ടിനെ മുച്ചൂടും അഴിച്ചുപണിയുന്ന സമഗ്ര പരിഷ്‌കാരമാണ് നിയമഭേദഗതി എന്ന പേരില്‍ പാസാക്കിയത്. യഥാര്‍ഥത്തില്‍, ഭേദഗതിയല്ല; ഉമീദ് എന്ന പേരില്‍ പുതിയൊരു നിയമം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

യുനൈറ്റഡ് വഖ്ഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്പ്‌മെന്റ് ആക്ട് (kUWMEED) എന്നാണ് പുതിയ നിയമത്തിന്റെ പേര്. എന്നാല്‍ ഇതില്‍ പറയുന്ന വിശേഷണങ്ങളൊന്നുമല്ല നിയമം പ്രായോഗിക തലത്തില്‍ ലക്ഷ്യമാക്കുന്നത് എന്ന് നിരവധി വിമര്‍ശനങ്ങള്‍ അന്നേ ഉയര്‍ന്നതാണ്.

ഇതുസംബന്ധിച്ച് ആദ്യഘട്ടത്തില്‍ തന്നെ സുപ്രീംകോടതിയില്‍ ഹരജികള്‍ എത്തുകയും ജനാധിപത്യവിരുദ്ധവും മതനിരപേക്ഷതയെ ഹനിക്കുന്നതുമായ ഹിംസാത്മക വ്യവസ്ഥകളെ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അന്തിമ വിധി വന്നിട്ടില്ല. ഇപ്പോഴും കേസുകള്‍ നടക്കുകയാണ്.

എന്നാല്‍, നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ ആറ് മാസത്തിനുള്ളില്‍ കേന്ദ്ര പോര്‍ട്ടലില്‍ എല്ലാ വഖ്ഫ് രേഖകളും അപ്‌ലോഡ് ചെയ്യണമെന്നതാണ് ഒരു വ്യവസ്ഥ. കേസ് നടക്കുന്നുണ്ടെങ്കിലും ഇത് നിയമമായി പ്രാബല്യമുള്ള വ്യവസ്ഥയാണ്.

തദടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉമീദ് പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളും പ്രായോഗിക വെല്ലുവിളികളും നിരവധിയാണ്. ലക്ഷക്കണക്കിന് വരുന്ന വഖ്ഫ് പ്രോപര്‍ട്ടികളുടെ രേഖകളും വിശദാംശങ്ങളും അപ്‌ലോഡ് ചെയ്യാനുള്ള അവസാന തിയതി ഡിസംബര്‍ അഞ്ചിനാണ്. അത് സൈറ്റില്‍ പ്രത്യേകമായി പറയുന്നുണ്ട്.

തീയതി നീട്ടുന്നത് സംബന്ധിച്ച് നിരവധി അപേക്ഷകളും ഹരജികളും സര്‍ക്കാറിന്റെയും കോടതിയുടെയും മുമ്പിലുണ്ട്. സമയപരിധി നീട്ടി നൽകാനാവില്ല എന്ന് വ്യക്തമാക്കിയ സുപ്രിം കോടതി വഖ്ഫ് ട്രിബ്യൂണലിനെ സമീപിക്കാൻ നിർദേശിച്ചിരിക്കുന്നു. എന്നിരുന്നാലും, ഡാറ്റ എന്‍ട്രിയുടെ കാര്യത്തില്‍ പോര്‍ട്ടലില്‍ തുടരുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ ഒരു വെല്ലുവിളി തന്നെയാണ്.

ഈ പോര്‍ട്ടല്‍ തയ്യാറാക്കുന്നതില്‍ യാതൊരുവിധ ചര്‍ച്ചകളോ വഖ്ഫ് വിദഗ്ധരുടെ നിര്‍ദേശങ്ങളോ സ്വീകരിച്ചിട്ടില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വഖ്ഫ് പരിപാലനം എങ്ങനെയാണ് എന്ന് മനസ്സിലാക്കിയ വിദഗ്ധരുടെ അസാന്നിധ്യം പോര്‍ട്ടലിന്റെ ചോദ്യങ്ങളില്‍ മുഴച്ചുനില്‍ക്കുന്നുണ്ട്.

ജന്മം, തീറാധാരം, പട്ടയം, ദാനാധാരം തുടങ്ങിയ പല മാര്‍ഗങ്ങളിലൂടെ വഖ്ഫായി മാറിയ ഭൂമിയും സ്ഥാവര വസ്തുക്കളും കേരളത്തിലുണ്ട്. എന്നാല്‍ അവയെല്ലാം വഖ്ഫ് ബൈ ഡെഡിക്കേഷനിലോ വഖ്ഫ് ബൈ യൂസറിലോ രേഖപ്പെടുത്തേണ്ട അവസ്ഥയാണ്. ഓരോന്നും അതത് ഭൂമിയുടെ തരം തിരിച്ച് രേഖപ്പെടുത്താനുള്ള ഓപ്ഷന്‍ നിലവിലില്ല.

വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോകാന്‍ ഇടയാക്കുന്ന ഒരു നിയമത്തിന് നല്‍കിയ പേരില്‍ എംപവര്‍മെന്റും എഫിഷ്യന്‍സിയുമെല്ലാം ഉണ്ട് എന്നതാണ് വിരോധാഭാസം.

ഈ സന്ദര്‍ഭത്തില്‍ ഭൂമി വഖ്ഫ് ചെയ്ത വ്യക്തിയുടെ വിവരങ്ങള്‍ ചേര്‍ക്കാതെ വഖ്ഫ് ബൈ ഡെഡിക്കേഷന്‍ എന്ന് രേഖപ്പെടുത്തുമ്പോള്‍ അത് നിയമ തര്‍ക്കത്തിലേക്ക് നയിച്ചേക്കാം. ഇക്കാര്യം മുസ്‌ലിം കൂട്ടായ്മകള്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.

ഇതിലേക്ക് വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ കേന്ദ്ര- സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ, കേരളത്തില്‍ ജന്മവും തീരാധാരവും ഉള്ള പല ഭൂമിയും വഖ്ഫ് ബൈ യൂസര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്ന സ്ഥിതിവിശേഷമുണ്ടായി.

ഇതുസംബന്ധിച്ച് ഭാവിയില്‍ നിയമപ്രശ്‌നങ്ങളുണ്ടാകുമോ എന്ന ആശങ്ക പല സംഘടനകളും ഉയര്‍ത്തുന്നുണ്ട്. വ്യക്തികള്‍ക്ക് പകരം സംഘങ്ങളും കൂട്ടായ്മകളും മുതവല്ലിയുടെ സ്ഥാനത്ത് നിന്ന് വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷെ, അത്തരം സംഘങ്ങളും ഏതെങ്കിലും വ്യക്തികളെ മുതവല്ലിയായി ചുമതലപ്പെടുത്തിയാലേ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കാനാവൂ എന്നതാണ് സ്ഥിതി. ഇങ്ങനെ ചെറുതും വലുതുമായ നിരവധി പോരായ്മകള്‍ നിലവിലെ സംവിധാനത്തിനുണ്ട്.

കേവലം വിവരങ്ങള്‍ കൈമാറുക എന്നതല്ല, നിയമപരമായ ബാധ്യത എന്ന നിലയിലാണ് ഈ ഡാറ്റഎന്‍ട്രിയെ കാണേണ്ടത്. കാരണം, അതില്‍ വീഴ്ച വരുത്തുന്നവര്‍ക്കുള്ള ശിക്ഷയെക്കുറിച്ച് 2025-ലെ ഭേദഗതി നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഇതേ ഗൗരവത്തോടെ പോര്‍ട്ടല്‍ സജ്ജീകരിക്കാനോ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോകാന്‍ ഇടയാക്കുന്ന ഒരു നിയമത്തിന് പേര് നല്‍കിയിരിക്കുന്നതില്‍ എംപെവര്‍മെന്റും എഫിഷ്യന്‍സിയുമെല്ലാം ഉണ്ട് എന്നതാണ്വിരോധാഭാസം.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം