ദോഹ ഭീകരാക്രമണം ലോകത്തിനെതിരായ ഇസ്രാഈല്‍ യുദ്ധപ്രഖ്യാപനം

എഡിറ്റർ

ഒരു പരമാധികാര രാഷ്ട്രത്തിനു നേരെയാണ് ഭീകരാക്രമണം നടന്നിരിക്കുന്നത്. മധ്യസ്ഥത വഹിക്കുന്ന ഒരു രാജ്യത്തിനു നേരെ ആക്രമണം നടത്തരുതെന്ന അന്താരാഷ്ട്ര നിയമം കൂടിയാണ് ഇസ്രാഈല്‍ ലംഘിച്ചത്.

പ്തംബര്‍ 9ന് ഉച്ച തിരിഞ്ഞ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ താമസിച്ച റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഇസ്രായേല്‍ ഡ്രോണുകള്‍ ഭീകരാക്രമണം നടത്തിയിരിക്കുന്നു. വെസ്റ്റ്‌ബേ ലഗൂണ്‍ ജില്ലയ്ക്ക് സമീപമുള്ള വാദി റൗദാന്‍ സ്ട്രീറ്റിലെ വുഖൂദ് പെട്രോള്‍ സ്‌റ്റേഷന് സമീപമുള്ള കെട്ടിട സമുച്ഛയത്തിലായിരുന്നു കനത്ത നാശനഷ്ടമുണ്ടാക്കിയ ഇസ്രാഈലി ബോംബാക്രമണം.

ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിന്റെ അഞ്ചു നേതാക്കളും ഒരു ഖത്തര്‍ സൈനികനുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രാഈലിന്റെ യുദ്ധവെറിയനായ പ്രസിഡന്റ് നെതന്യാഹു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 'കൃത്യമായ യുദ്ധോപകരണങ്ങള്‍' ഉപയോഗിച്ച് ഖത്തറിലെ ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ട് 'കൃത്യമായ ആക്രമണം' നടത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടത്.

2012 മുതല്‍ ഫലസ്തീന്‍ സംഘമായ ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയ്ക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട് ഖത്തര്‍. 2023 ഒക്ടോബര്‍ 7ലെ ആക്രമണത്തിനുശേഷം ഹമാസും ഇസ്രായേലും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ സാധ്യമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന രാഷ്ട്രമാണത്. യു എസ് നിര്‍ദേശത്തെ തുടര്‍ന്ന് ഗസ്സയില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കേയാണ് ആക്രമണം ഉണ്ടായത്.

ഒരു പരമാധികാര രാഷ്ട്രത്തിനു നേരെയാണ് ഏകപക്ഷീയമായ ഭീകരാക്രമണം നടന്നിരിക്കുന്നത്. മധ്യസ്ഥത വഹിക്കുന്ന ഒരു രാഷ്ട്രത്തിനു നേരെ ഒരു കാരണവശാലും ആക്രമണം നടത്തരുതെന്ന അന്താരാഷ്ട്ര നിയമം കൂടിയാണ് ഇസ്രാഈല്‍ ലംഘിച്ചിരുക്കുന്നത്. ഖത്തറിനെ കൂടാതെ അഞ്ചോളം അറബ് രാഷ്ട്രങ്ങളുടെ പരമാധികാരത്തിലേക്കു കടന്നുകയറി ആക്രമണം നടത്തുന്ന തെമ്മാടികള്‍ക്ക് ഏതു നിയമമാണ് ലംഘിച്ചുകൂടാത്തത്?

സമീപകാല നരഹത്യയില്‍ ഗസ്സയില്‍ 64,000ത്തിലധികം പേരെ കൊലപ്പെടുത്തുകയും ശേഷിക്കുന്ന മനുഷ്യര്‍ക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ പോലും നിഷേധിക്കുകയും ചെയ്യുന്ന കാപാലികത്വത്തിന്റെ അനുവാചകര്‍ക്ക് ക്രൂരതയുടെ ഭാഷയല്ലാതെന്താണ് വശമുള്ളത്?

ചര്‍ച്ചകള്‍ തടസ്സപ്പെടുത്താനും സമാധാനപരമായ സഹവര്‍ത്തിത്വത്തിലേക്കുള്ള ഏതു ശ്രമവും തടയാനുമുള്ള ഇസ്രായേലിന്റെ വൈകൃത സ്വഭാവമാണ് ഈ ആക്രമണവും പ്രതിഫലിപ്പിക്കുന്നത്.

രക്തഗന്ധം ആസ്വദിക്കുന്ന ടെല്‍അവീവിന്റെ വെറുമൊരു നീക്കമായിരുന്നോ ദോഹയിലേത്? വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന പ്രധാന അമേരിക്കന്‍ സഖ്യകക്ഷിയുടെ തലസ്ഥാനമാണത്. മേഖലയിലെ ഏറ്റവും വലിയ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സൈനിക താവളം അവിടെയാണ്. ഇത്തരമൊരു രാജ്യത്തിനു നേരെയാണ് ആക്രമണം നടത്തിയത്!

ഇറാനെ അക്രമിച്ചപ്പോള്‍ സംഭവിച്ച തന്ത്രപരമായ പിഴവ് പോലെ ഒരു ഖത്തര്‍ സൈനികന്‍ വധിക്കപ്പെട്ടത് സംഭവത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. നിയമപരമായി ഹമാസ് നേതാക്കള്‍ വേട്ടയാടപ്പെടേണ്ടവരോ നിയമവിരുദ്ധമായി വധിക്കപ്പെടേണ്ടവരോ അല്ലെന്നിരിക്കെയാണ് ശത്രുരാജ്യം പോലുമല്ലാത്ത ഖത്തര്‍ സൈനികനെ അവരുടെ മണ്ണില്‍ കടന്നുകയറി കൊലപ്പെടുത്തിയിരിക്കുന്നത്.

ചര്‍ച്ചകള്‍ തടസ്സപ്പെടുത്താനും സമാധാനപരമായ സഹവര്‍ത്തിത്വത്തിലേക്കുള്ള ഏതു ശ്രമവും എന്തു മാര്‍ഗം ഉപയോഗിച്ചും തടയാനുമുള്ള ഇസ്രായേലിന്റെ പാരമ്പര്യ സ്വഭാവമാണ് ഈ ആക്രമണവും പ്രതിഫലിപ്പിക്കുന്നത്.

ജിസിസി, അറബ് ലീഗ്, ഇറാന്‍, യുഎന്‍, നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍, പോപ്പ് തുടങ്ങി ലോകം മുഴുവന്‍ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഹമാസിനെ നശിപ്പിക്കുക എന്ന ഇസ്രായേലിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുമ്പോള്‍ തന്നെ ഡൊണാള്‍ഡ് ട്രംപും നേരിയ വിമര്‍ശനം നടത്തിയിരിക്കുന്നു.

ഖത്തറും ജിസിസി രാജ്യങ്ങളും എങ്ങനെ വിഷയത്തോടു പ്രതികരിക്കും എന്നത് വര്‍ഷങ്ങളായി വാഷിംഗ്ടണുമായുള്ള ബന്ധം പുനര്‍ നിര്‍വചിക്കാന്‍ പര്യാപ്തമാകും. പ്രത്യേകിച്ച് അമേരിക്ക ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയുകയോ അതിന് സൗകര്യമൊരുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍.

ആക്രമണത്തിന്റെ ഏറ്റവും മുഖ്യമായ അനന്തരഫലം ഇസ്രായേല്‍-യുഎസ് ബന്ധങ്ങളിലും മേഖലയിലെ രാഷ്ട്രങ്ങളുമായുള്ള യുഎസ് സൗഹൃദബന്ധങ്ങളിലും പ്രതിഫലിക്കും. പല തലത്തിലും ഇസ്രാഈലിനെ സഹായിക്കുന്ന യു എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങിയ ശക്തികള്‍ വരെ ദോഹ ആക്രമണത്തെ അപലപിച്ചു എന്നത് ശ്രദ്ധേയമാണ്.

ഇതെഴുതുമ്പോള്‍ ദോഹ വേദിയാകുന്ന അറബ് ലീഗ് ഉച്ചകോടി ഖത്തറിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചേക്കും. ഇസ്രാഈലിന്റെ കാടന്‍ ആക്രമണത്തെ അപലപിക്കുകയും അനന്തര ഫലങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിനപ്പുറം എന്തു സന്ദേശമാണ് അറബ് ലീഗ് നല്‍കുക എന്നതും യു എന്‍ ഉള്‍പ്പെടെ ലോകം എന്തു നിലപാടെടുക്കും എന്നതും കാത്തിരുന്നു കാണേണ്ടകാര്യമാണ്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം