ഇസ്രാഈല്‍ ഗസ്സയില്‍ നടത്തിക്കൊണ്ടിരിക്കുന്ന നികൃഷ്ടമായ കൂട്ടക്കൊലയെ യുദ്ധം എന്നു വിശേഷിപ്പിക്കുന്നത് തന്നെ അശ്ലീലമാണ്. ഇസ്രാഈല്‍ ഉപരോധത്തില്‍ ഞെരിപിരി കൊള്ളുന്ന മനുഷ്യരുടെ മേലുള്ള പൈശാചിക ആക്രമണമാണത്.
സ്വതന്ത്ര ഫലസ്തീന്‍ വിഷയവും ഗസ്സയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയും മുസ്ലിം- ജൂത പ്രശ്നമാണെന്നു വരുത്തി പക്ഷം പിടിക്കുന്ന നിഷ്‌കളങ്കരോ വംശവിദ്വേഷം തലയ്ക്കു പിടിച്ചവരോ നമുക്കു ചുറ്റുമുണ്ട്. 2023 ഒക്ടോബര്‍ 7ന്റെ ഹമാസ് ആക്രമണമാണ് മേഖലയിലെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നു കരുതുന്നവരുമുണ്ട്. ഈ രണ്ടു ധാരണകളും വംശീയ ആന്ധ്യം ബാധിച്ച നിലപാടുകളുടെയോ അറിവില്ലായ്മയുടെയോ ഉല്‍പന്നങ്ങളാണ്.
ഇസ്രായേല്‍ ഗസ്സയില്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രൂരമായ കൂട്ടക്കൊലയെ യുദ്ധം എന്നു വിശേഷിപ്പിക്കുന്നതു തന്നെ അശ്ലീലമാണ്. വര്‍ഷങ്ങളായി ഇസ്രായേല്‍ സൃഷ്ടിച്ച മാനുഷിക ഉപരോധത്തില്‍ പെട്ടു ഞെരിപിരി കൊള്ളുന്ന ഒരു പ്രദേശത്ത് കടന്നുകയറി നടത്തുന്ന പൈശാചിക ആക്രമണമാണത്.
ഒരു യുദ്ധനിയമവും പാലിക്കാത്ത, ക്ലസ്റ്റര്‍- രാസ ബോംബുകളും മറ്റുമുപയോഗിച്ച് പ്രദേശത്ത് ജൈവ സാന്നിധ്യം പോലും ദുഷ്‌കരമാക്കുന്ന, മണ്ണിന്റെ ജൈവഘടന തന്നെ മാറ്റിമറിക്കാവുന്ന രാക്ഷസീയ കടന്നുകയറ്റമാണ് ഇസ്രായേല്‍ നടത്തുന്നത്. ഭക്ഷണം, മരുന്ന്, കുടിവെള്ളം പോലുള്ള അവശ്യ വസ്തുക്കള്‍ പോലും നിഷേധിക്കപ്പെട്ട്, ആകാശത്തേക്കു നോക്കിയിരിക്കുന്ന നിസ്സഹായരായ മനുഷ്യരുടെ മേലാണ് ഇസ്രായേല്‍ ബോംബുകള്‍ തീ തുപ്പുന്നത്.
ഫലസ്തീനിലുള്ള മുസ്ലിംകളും ക്രിസ്ത്യാനികളും ജൂതരുമടങ്ങുന്ന മനുഷ്യര്‍ ആക്രമണങ്ങളുടെ ദയനീയ ഇരകളാണ്. യുദ്ധക്കുറ്റവാളിയെന്ന നിലയില്‍ പല രാജ്യങ്ങളിലും യാത്രാവിലക്കു നേരിടുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു, ഗസ്സയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഹമാസിനെ തീവ്രവാദികളെന്നു മുദ്ര കുത്തുന്നതില്‍ പരം ക്രൂരമായ തമാശ ഇന്നു വേറെയുണ്ടാവില്ല.
ഹമാസ് 'തീവ്രവാദികളെ' ഇല്ലാതാക്കാനാണ് യുദ്ധം എന്നാണ് നെതന്യാഹുവിന്റെ വാദം. എന്നാല്‍ 2023 ഒക്ടോബര്‍ ഏഴിനു ശേഷമുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 66,000ലേറെ പേരില്‍ 75 ശതമാനവും സിവിലിയന്മാരാണ്. അതില്‍ ഭൂരിഭാഗവും പിഞ്ചു കുട്ടികളും സ്ത്രീകളും വയോവൃദ്ധരുമാണ്. തീവ്രവാദ വിരുദ്ധ ആക്രമണങ്ങളില്‍ എങ്ങനെയാണ് ഇത്രയുമേറെ കുട്ടികളും സ്ത്രീകളും വൃദ്ധരും ആശുപത്രികളും സ്‌കൂളുകളും ഇരയാക്കപ്പെടുക?
 ഭക്ഷണവും മരുന്നുമില്ലാതെ പട്ടിണിക്കോലങ്ങളായ ഗസ്സയിലെ മനുഷ്യര്‍ക്കായി ലോകമെങ്ങും ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും വിലാപങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് മുസ്ലിം രാജ്യങ്ങളോ സമൂഹങ്ങളോ മാത്രമല്ല. ജര്‍മനിയിലും ബ്രിട്ടനിലും ഫ്രാന്‍സിലും ഇറ്റലിയിലും ജപ്പാനിലും പെറുവിലും റോമിലും, യു എസില്‍ പോലും അതിശക്തമായ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കാണ് ലോകം സാക്ഷിയാകുന്നത്.
യു എന്‍ പൊതുസഭയില്‍ നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ അമ്പതിലേറെ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ ബഹിഷ്‌കരിച്ചതിനും ക്രൂരനായ ഭരണാധികാരി എന്നു കൂകി വിളിച്ചതിനും ലോകം സാക്ഷിയാണ്.
പല യൂറോപ്യന്‍ രാജ്യങ്ങളും ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു. ഫലസ്തീന്‍ എന്ന സ്വതന്ത്ര രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗസ്സയിലെ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയായ ഹമാസ് എന്ന ഫലസ്തീന്‍ വിമോചന സംഘത്തെ ഐക്യരാഷ്ട്ര സഭയോ ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളോ ഭീകര സംഘടനയായി ലിസ്റ്റു ചെയ്തിട്ടില്ല.
ഗസ്സയിലേക്ക് ഭക്ഷണവും മരുന്നുമായി ഇപ്പോള്‍ മെഡിറ്ററേനിയന്‍ കടലിലൂടെ 'ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില' (കപ്പല്‍ കൂട്ടം) നീങ്ങിക്കൊണ്ടിരിക്കുന്നു. അസാമാന്യമായ ഈ മാനുഷിക ദൗത്യത്തിനു നേതൃത്വം നല്‍കുന്നത് സാമൂഹിക പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്, ബ്രസീലിയന്‍ കാലാവസ്ഥാപ്രവര്‍ത്തകന്‍ തിയാഗോ അവേല, നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍ മാണ്ട്ലാ മണ്ടേല, രാഷ്ട്രീയപ്രവര്‍ത്തക റിമാ ഹസന്‍ തുടങ്ങിയ ആക്ടിവിസ്റ്റുകളാണ്.
ഇസ്രായേല്‍ നിര്‍മിത ക്ഷാമത്തില്‍ പെട്ടു നീറുന്ന മനുഷ്യര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കാനുള്ള ഏറ്റവും വലിയ ഫ്ളോട്ടിലയില്‍ അമ്പതോളം ചെറു കപ്പലുകളിലായി 45ഓളം രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പേരാണുള്ളത്. സംഘത്തിന് അകമ്പടിയായി ഇറ്റലിയും സ്പെയിനും സൈനിക കപ്പലിനെ അയച്ചിരിക്കുന്നു. ലോകത്തെ ഒരു നിയമവും പാലിക്കാന്‍ ഒരുക്കമല്ലാത്ത ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷ ഒരുക്കാന്‍ സൈനിക കപ്പലുകള്‍ കൂടെ പോകുന്നതും ഇതാദ്യമാണ്.
ഇക്കഴിഞ്ഞ യുഎന്‍ പൊതുസഭയില്‍ നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ അമ്പതിലേറെ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ ബഹിഷ്‌കരിച്ചതിനും ക്രൂരനായ ഭരണാധികാരി എന്നു കൂകിവിളിച്ചതിനും ലോകം സാക്ഷിയാണ്. ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട ഭരണാധികാരിയായ നെതന്യാഹു മന്ത്രിസഭയെ മാനവികതയില്‍ വിശ്വസിക്കുന്ന ആരും പിന്തുണയ്ക്കുന്നില്ല. ഗസ്സയില്‍ നടക്കുന്നത് 'വംശഹത്യ' എന്നാണ് യുഎന്‍ അന്വേഷണ സംഘം വിശേഷിപ്പിച്ചത്.
ലോകത്ത് ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും വസ്തുതകള്‍ വളച്ചൊടിക്കുന്ന വിദ്വേഷരാഷ്ട്രീയത്തിന്റെ പ്രണേതാക്കള്‍ ഫലസ്തീന്‍ പ്രശ്നം മുസ്ലിം വിഷയമായും ഹമാസിനെ തീവ്രവാദ സംഘമായും മുദ്ര കുത്തി അപരവത്കരിക്കുന്നുണ്ട്. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെ തീവ്രവാദികളായി മുദ്ര കുത്തുന്നവര്‍ നികൃഷ്ടമായ വെറുപ്പല്ലാതെ മറ്റെന്താണ് പ്രസരിപ്പിക്കുന്നത്? മനുഷ്യത്വത്തോടു ചെയ്യുന്ന കൈയേറ്റമാണത്. ലോകം ഇന്നു നേരിടുന്ന ഏറ്റവും ഗുരുതരമായ മാനവിക പ്രതിസന്ധിയെ അപഹസിക്കുന്നവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല.
