അതിതീവ്രം; ഈ പ്രതിസന്ധിയും നമുക്കു മറികടക്കണം

എഡിറ്റർ

സുപ്രീംകോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങളോ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമോ മുഖവിലക്കെടുക്കാതെ റിവിഷന്‍ പ്രക്രിയയുമായി കമ്മീഷന്‍ മുന്നോട്ടു പോവുകയാണ്.

കേരളത്തിലും എസ് ഐ ആര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ബിഹാറില്‍ നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ വെല്ലുവിളികളും അതിനെത്തുടര്‍ന്നുള്ള നിയമവ്യവഹാരങ്ങളും നടന്നുകൊണ്ടിരിക്കെ തന്നെയാണ് ധൃതിപ്പെട്ടുകൊണ്ട് എസ് ഐ ആര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ തിടുക്കം വേണ്ടതില്ല എന്ന് നേരത്തെ തന്നെ പലരും ആവശ്യപ്പെട്ടതാണ്.

എന്നാല്‍, സുപ്രീംകോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങളോ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമോ മുഖവിലക്കെടുക്കാതെ റിവിഷന്‍ പ്രക്രിയയുമായി കമ്മീഷന്‍ മുന്നോട്ടു പോവുകയാണ്. അതിന്റെ ഭാഗമായി കേരളത്തിലെ വോട്ടര്‍ പട്ടിക മരവിപ്പിച്ചുകഴിഞ്ഞു. ഇനി രേഖകള്‍ സമര്‍പ്പിച്ച് വോട്ടവകാശവും പൗരത്വവും സ്ഥാപിച്ചെടുക്കേണ്ട ഭാരം സാധാരണ ജനങ്ങളുടേതാണ്.

വര്‍ഷങ്ങള്‍ നീണ്ട പ്രക്രിയയിലൂടെ പോലും 'ശുദ്ധീകരിച്ചെടുക്കാന്‍' കഴിയാത്ത ഭീമമായ ഈ ഡാറ്റാസെറ്റിനെ കേവലം മാസങ്ങള്‍ കൊണ്ട് ശുദ്ധീകരിക്കാനുള്ള കമ്മീഷന്റെ തിടുക്കമാണ് ഏറ്റവുമാദ്യം ചോദ്യം ചെയ്യപ്പെടേണ്ടത്. അതുകൊണ്ടാണ് കേരള നിയമസഭ ഐകകണ്‌ഠ്യേന ഇതിനെതിരെ പ്രമേയം പാസാക്കിയത്.

2002-നു ശേഷം നിയമാനുസൃതമായി പേര് ചേര്‍ക്കപ്പെട്ടവരും തദടിസ്ഥാനത്തില്‍ 1950-ലെ റെപ്രസന്റേഷന്‍ ആക്ട് പ്രകാരം നിയമനിര്‍മാണ സഭകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ പൗരത്വം തെളിയിക്കേണ്ട അവസ്ഥയിലേക്ക് വന്നു എന്നത് പരിഹാസ്യമാണ്. കേരളത്തെ സംബന്ധിച്ചേടത്തോളം 2002 എന്ന വര്‍ഷം തെരഞ്ഞെടുത്തത് വിവിധ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം.

കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങളും ഇപ്പോള്‍ പട്ടികക്ക് പുറത്തായിരിക്കും. അന്ന് വോട്ടവകാശം ലഭ്യമായിരിക്കെ തന്നെ പ്രവാസിയായതു മൂലമോ മറ്റു കാരണങ്ങളാലോ പട്ടികയില്‍ ഇടം പിടിക്കാതെ പോയവര്‍ക്കും അവരുടെ തലമുറകള്‍ക്കും ഇപ്പോള്‍ രേഖകള്‍ ശരിയാക്കിയെടുക്കുക എന്നത് വെല്ലുവിളിയാണ്. ഇങ്ങനെ പൗരത്വം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് സുപ്രീംകോടതിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രധാന ചര്‍ച്ച.

പൗരത്വം തെളിയിക്കേണ്ട ബാധ്യത പൗരന്മാരിലേക്കു തന്നെ നല്‍കിക്കൊണ്ട് അവരെ വഴിയാധാരമാക്കുന്ന ഈ പ്രവണത ശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ കക്ഷിഭേദമെന്യേ ഇക്കാര്യത്തില്‍ എതിരാണെങ്കിലും പ്രതിരോധം ഫലപ്രദമാകുന്നില്ല.

കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയമാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അതുകൊണ്ടു തന്നെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്താലും നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലേക്ക് വോട്ടവകാശം ലഭിക്കണമെന്നില്ല.

എസ് ഐ ആര്‍ പ്രക്രിയയിലൂടെ കടന്നുപോയവര്‍ക്ക് മാത്രമേ അതിനുള്ള അവകാശം ലഭിക്കൂ. ഈ തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയില്‍ ഇങ്ങനെയൊരു റിവിഷന്‍ പ്രക്രിയ സാധാരണക്കാരോട് കാണിക്കുന്ന ക്രൂരതയാണ്. ഇത് നിയമാനുസൃത അധികാരമാണോ ദുര്‍വിനിയോഗമാണോ എന്നത് സുപ്രീംകോടതിയില്‍ പരിശോധിക്കപ്പെടട്ടെ.

2002ലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കുകയും ഉള്ളവര്‍ പേര് നിലനിര്‍ത്താനുള്ള അപേക്ഷയും ഇല്ലാത്തവര്‍ അംഗീകൃത രേഖകളും സമര്‍പ്പിക്കണം.

ഈ ദുഷ്പ്രവണതക്കെതിരെ രാഷ്ട്രീയ വിമര്‍ശനങ്ങളും ജനകീയ ചെറുത്തുനില്‍പുകളും അനിവാര്യമാണ്. അതെല്ലാം നടത്തുമ്പോള്‍ തന്നെ മറ്റൊരു നിസ്സഹായത കൂടിയുണ്ട്. അത് ഈ പ്രോസസിന്റെ ഭാഗമായ രേഖകള്‍ ശരിയാക്കിവെക്കുക എന്നതാണ്. ജനകീയ പ്രതിരോധം പോലും ദുര്‍ബലമാകുന്ന ഈ സാഹചര്യത്തില്‍, നിയമം അനുശാസിക്കുന്ന രേഖകള്‍ കൃത്യമായി ഹാജരാക്കാന്‍ നാം ശ്രദ്ധ പുലര്‍ത്തണം.

ബിഹാറിലെ അനുഭവം നമ്മുടെ മുന്നിലുണ്ട്. 2002-ലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കുകയും ഉള്ളവര്‍ പേര് നിലനിര്‍ത്താനുള്ള എന്യൂമറേഷന്‍ അപേക്ഷയും ഇല്ലാത്തവര്‍ അംഗീകൃത രേഖകളും സമര്‍പ്പിക്കുകയും വേണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീട്ടില്‍ വരുമെന്നാണ് കമ്മീഷന്‍ അവകാശപ്പെടുന്നത്.

എങ്കിലും അതിന് കാത്തിരിക്കാതെ ഓരോ വാര്‍ഡിലെയും ബി എല്‍ ഒമാരെ തിരിച്ചറിഞ്ഞ് അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കണം. കേരളത്തില്‍ നടക്കാനിരിക്കുന്ന എസ് ഐ ആര്‍ പ്രക്രിയക്കെതിരെ രാഷ്ട്രീയ പ്രതിരോധം ഉയര്‍ത്തുന്നതോടൊപ്പം വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാനുള്ള നീക്കങ്ങള്‍ കൂടി സജീവമാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം