മൗലികാവകാശം നിഷേധിക്കപ്പെടുമ്പോള്‍ നമ്മള്‍ ആരുടെ പക്ഷത്താണ്?


സമീപകാലത്തായി കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന്, വിശേഷിച്ച് പുരോഹിത സഭകളില്‍ നിന്ന് മുസ്ലിം വിരുദ്ധത പ്രസരണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

കേരളത്തിലെ ക്രിസ്ത്യന്‍ സമുദായം മുസ്ലിം സമുദായത്തിന്റെ ശത്രുക്കളല്ല. പാരസ്പര്യത്തിന്റെയും പങ്കുവെക്കലിന്റെയും നിരവധി ഇടങ്ങള്‍ അവര്‍ക്കിടയിലുണ്ട്. എന്നാല്‍ സംസ്ഥാനത്തെ പ്രബലമായ രണ്ട് ന്യൂനപക്ഷ വിഭാഗങ്ങള്‍ പരസ്പരം ശത്രുക്കളായി വര്‍ത്തിക്കണമെന്നത് സംഘ്പരിവാറിന്റെ അജണ്ടയാണ്.

അഞ്ച് വര്‍ഷത്തിലേറെയായി കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് വിശേഷിച്ച് അതിന്റെ പുരോഹിത സഭകളില്‍ നിന്ന് മുസ്ലിം വിരുദ്ധത പ്രസരണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. സംഘ്പരിവാറിന്റെ കോടാലിക്കൈകള്‍ ആയി മാറിയ ഏതാനും പുരോഹിതന്മാരാണ് ആ പ്രവര്‍ത്തനങ്ങള്‍ക്ക് പിറകിലുള്ളത്.

ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനയായ 'കാസ'യാണ് വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ഏകോപനവും നേതൃത്വവും വഹിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ സമുദായം വര്‍ഗീയവത്കരിക്കപ്പെട്ടിട്ടില്ല. സംഘ്പരിവാറിന് വേണ്ടി ഏതാനും പിതാക്കന്‍മാരും, കാസയും അത്യധ്വാനം ചെയ്തിട്ടും കേരളത്തിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ സമുദായം ഇന്നും കോണ്‍ഗ്രസിന്റെ കൂടെ തന്നെയാണ്.

കേരള കോണ്‍ഗ്രസുകളുടെയും ഇടതുപക്ഷത്തിന്റെയും കൂടെയാണ് അവശേഷിക്കുന്ന ക്രിസ്ത്യാനികള്‍. ക്രിസ്ത്യന്‍ സമുദായത്തിലെ ചെറുന്യൂനപക്ഷം മാത്രമാണ് ബി ജെ പിയുടെ രാഷ്ട്രീയ അജണ്ടയില്‍ വീണുപോയിട്ടുള്ളത്.

എറണാകുളം ജില്ലയിലെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് വിലക്കിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് ആ സ്‌കൂളിലെ പഠനം അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്‌കൂളിലെ ഹിജാബ് വിലക്ക് കേരളത്തില്‍ ഇത് ആദ്യത്തെ സംഭവമല്ല.

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍

മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ സമാന സംഭവങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം വളരെ പരിതാപകരമായിരുന്ന കാലത്ത് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ നടത്തുന്ന എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാഭ്യാസ നിലവാരം മികച്ചതായിരുന്നു എന്ന കാരണത്താല്‍ എല്ലാ സമുദായത്തില്‍ പെട്ടവരും ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്‌കൂളുകളെ ആശ്രയിച്ചിരുന്നു.

വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ സമുദായത്തോളം പാരമ്പര്യവും സ്ഥാപനങ്ങളുടെ എണ്ണവും മറ്റൊരു സമുദായത്തിനും ഇല്ല എന്നത് വസ്തുതയാണ്. മികച്ച വിദ്യാഭ്യാസം ആഗ്രഹിച്ചവര്‍ സഭാപിതാക്കന്‍മാരുടെയും കന്യാസ്ത്രീകളുടെയും അടുത്ത് സീറ്റിനായി കാത്തുകെട്ടിക്കിടന്നിരുന്ന ഒരു ഭൂതകാലം ഉണ്ട്. അന്ന് മാനേജ്മെന്റിന്റെ എല്ലാതരം തീരുമാനവും അനുസരിച്ചായിരുന്നു എല്ലാവിഭാഗത്തില്‍ പെട്ടവരും സ്‌കൂളില്‍ പഠിച്ചിരുന്നത്.

കാലവും സാഹചര്യവും മാറിയിരിക്കുന്നു. കേരളത്തില്‍ അണ്‍ എയ്ഡഡ് കോളെജുകള്‍ വിദ്യാര്‍ഥികളെ കിട്ടാത്തതിനാല്‍ പൂട്ടിത്തുടങ്ങിയിരിക്കുന്നു. ഗുണനിലവാരം കുറഞ്ഞ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പലതും താഴിട്ടുകൊണ്ടിരിക്കുന്നു. നിലവാരമില്ലാത്ത, കുട്ടികളെ ആകര്‍ഷിക്കാത്ത എയ്ഡഡ് സ്‌കൂളുകള്‍ പോലും അണ്‍ എക്കണോമിക് ആയിരിക്കുന്നു.

സ്‌കൂളുകള്‍ എണ്ണം കൂടിയതും, രക്ഷിതാക്കള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ കൂടിയതും കാരണം സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാവുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം പിടിച്ചു നില്‍ക്കാനാവുന്ന സാഹചര്യം വന്നെത്തിയിരിക്കുന്നു.

കേരളത്തിലെ നിലവിലെ ജനസംഖ്യാപരമായ സാഹചര്യത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും അവരുടെ മതചിഹ്നങ്ങള്‍ ഉപേക്ഷിച്ച് മാത്രം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്നാല്‍ മതിയെന്ന് ക്രിസ്ത്യന്‍ സഭകള്‍ വാശി പിടിച്ചാല്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം സ്ഥാപനങ്ങള്‍ പലതും പൂട്ടേണ്ടി വരുമെന്ന കാര്യം സഭാനേതൃത്വത്തിന് തന്നെ അറിയാവുന്നതാണ്.

സ്വന്തം സ്ഥാപനങ്ങള്‍ പൂട്ടാന്‍ മാത്രം സഹായിക്കുന്ന 'മാനേജ്മെന്റ് നിയമങ്ങള്‍' ഒരു മാനേജ്മെന്റും നടപ്പാക്കില്ല എന്നത് സാമാന്യയുക്തിയാണ്. (തങ്ങളുടെ പിടിവാശിയെ മാനേജ്മെന്റ് നിയമങ്ങള്‍ എന്നാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹെഡ്ടീച്ചറായ കന്യാസ്ത്രീ വിശേഷിപ്പിച്ചത്). സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ (കെ ഇ ആര്‍) ആണ് സംസ്ഥാനത്തെ നിയമം. അതിനെ മറികടക്കുന്ന നിയമങ്ങള്‍ സൃഷ്ടിക്കാന്‍ മാനേജ്മെന്റിനോ പി ടി എക്കോ അധികാരമില്ല.

ക്രിസ്ത്യന്‍ സമുദായത്തിന്റെ സ്ഥാപനങ്ങള്‍ കനിഞ്ഞില്ലെങ്കില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിചരണം എന്നിവ മുസ്ലിം സമുദായത്തിന് ലഭ്യമല്ലാതിരുന്ന ഒരു കാലം കഴിഞ്ഞു പോയിട്ടുണ്ട്. വര്‍ത്തമാന കാലത്ത് മുസ്ലിം സമുദായത്തിന് ആവശ്യത്തിന് സി ബി എസ് ഇ സ്‌കൂളുകളുണ്ട്. ആവശ്യത്തിന് സ്വകാര്യ ആശുപത്രികളുണ്ട്.

ആയതിനാല്‍ സഭാപിതാക്കന്‍മാര്‍ കണ്ണുരുട്ടിയാല്‍ ഭാവി ഇല്ലാതാകുന്ന സാഹചര്യം സമുദായത്തിന് ഇല്ല. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും നിലവിലുള്ള മാനേജ്മെന്റുകള്‍ സാമ്പത്തികമായി ലാഭം ഇല്ലാത്തതിനാല്‍ വില്പനക്ക് വെച്ച സ്ഥാപനങ്ങള്‍ വിലകൊടുത്തു വാങ്ങാനുമുള്ള ശേഷി മുസ്ലിം സമുദായത്തിന് ഉണ്ട് എന്ന് സഭാ നേതൃത്വവും മുസ്ലിം സമുദായവും ഒരു പോലെ മനസ്സിലാക്കണം.

വിവിധ വിഭാഗത്തില്‍ പെട്ടവരെ ആകര്‍ഷിച്ച് കുട്ടികളുടെ എണ്ണം കൂട്ടി മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കി സ്ഥാപനത്തിന്റെ ഗുണമേന്മയോടു കൂടിയ അതിജീവനം ഉറപ്പ് വരുത്തേണ്ട സാഹചര്യത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസരംഗം. സഭാസ്‌കൂളുകള്‍ ഹിജാബ് വിലക്കിയാല്‍ മുസ്ലിം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിപ്പോകുന്ന സാഹചര്യം എറണാകുളം ജില്ലയില്‍ ഏതായാലും ഇല്ല.

എന്നാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പിനെ സെന്റ് റീത്താസ് മാനേജ്മെന്റ് വെല്ലുവിളിച്ചിരിക്കുന്നു. ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകള്‍ ഹിജാബിട്ടു വരുന്ന മുസ്ലിം പെണ്‍കുട്ടികളെ സ്‌കൂളില്‍ കയറ്റില്ലെന്ന് പറയുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിനോടുള്ള വെല്ലുവിളിയാണ്.

കുറിയിട്ടു വരുന്ന ഹിന്ദുവിനും കുരിശുമാലയണിഞ്ഞ ക്രിസ്ത്യാനിക്കും ഹിജാബണിയുന്ന മുസ്ലിമിനും അതിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ വെല്ലുവിളിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെയാണ്. അതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ. ഏതെങ്കിലും ഒരു വിഭാഗത്തെ സ്‌കൂളുകളില്‍ നിന്നു മാറ്റി നിര്‍ത്തുക എന്നതല്ല അവരുടെ ലക്ഷ്യം.

കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ അസ്വസ്ഥപ്പെടുത്തുക എന്നതു കൂടിയാണ്. അഥവാ നിലവില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ സംഭവിച്ചിരിക്കുന്നത് ഒരു ക്രമസമാധാന പ്രശ്നമാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും അക്കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. തെറ്റ് തിരുത്താന്‍ സ്‌കൂള്‍ തയ്യാറാകുന്നില്ലെങ്കില്‍ സ്‌കൂളിന്റെ എന്‍ ഒ സി റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം.

എറണാകുളം ജില്ലയില്‍ മുസ്ലിം-ക്രിസ്ത്യന്‍ ശത്രുത വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ സാമൂഹ്യപരമായ കാരണങ്ങളാല്‍ നടക്കുന്നുണ്ട്. മുസ്ലിം സമുദായത്തിന്റെ ദൃശ്യത വര്‍ധിക്കുന്നതാണ് അതിന്റെ പ്രധാന കാരണം. ജനസംഖ്യാ വര്‍ധനവിനെക്കാള്‍ വിദ്യാഭ്യാസ-വാണിജ്യ- തൊഴില്‍ മേഖലകളില്‍ മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യം നേരിയ തോതില്‍ വര്‍ധിച്ചതിനാല്‍ ആണ് ഈ ദൃശ്യത സാധ്യമായിട്ടുള്ളത്. അതിനോടുള്ള കടുത്ത അസഹിഷ്ണുതയാണ് ഇപ്പോള്‍ വെളിവാകുന്നത്.

എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വത്തോട് പറയാനുള്ളത്‌

കേരളം തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. വര്‍ഗീയധ്രുവീകരണത്തിനുള്ള പരീക്ഷണങ്ങള്‍ ഇനിയുമുണ്ടാകും. സംഘ്പരിവാറിനോട് സോഫ്റ്റ് കോര്‍ണര്‍ പ്രകടിപ്പിച്ചിരുന്ന പല മണ്ഡലങ്ങളും നഷ്ടമായത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണം. എറണാകുളത്ത് കാസയുടെ ബീ ടീമായി കോണ്‍ഗ്രസ് നേതൃത്വം ചുരുങ്ങരുത്.

സംഘ്പരിവാറിന് വേണ്ടിയാണ് കാസ അജണ്ടകള്‍ സെറ്റ് ചെയ്യുന്നത്. ആ അജണ്ടയോടൊപ്പം നിന്ന് ക്രിസ്ത്യന്‍ വര്‍ഗീയതയുടെ വോട്ട് വാങ്ങാമെന്ന് കോണ്‍ഗ്രസ് കരുതിയാല്‍ അത് നഷ്ടക്കളിയാകുമെന്ന് എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വം ഓര്‍ക്കുന്നതു നന്നാകും. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ തലയില്‍ ഷാള്‍ ചുറ്റിയതിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനിയുടെ വീട് എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു.

ഒരു മുസ്ലിം പെണ്‍കുട്ടിയുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളേണ്ടത്. എന്നാല്‍ ഹൈബി ഈഡന്‍ എം പി, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ സ്‌കൂളിന്റെ നിലപാട് അംഗീകരിക്കണമെന്നും പരാതി പിന്‍വലിക്കണമെന്നും പറയാനാണ് കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്.

സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ നിന്ന് ഹിജാബ് അഴിച്ചു മാറ്റണമെന്ന് പറയുന്നത് കുട്ടിയുടെ സ്വകാര്യതക്ക് നേരെയുള്ള കടന്നു കയറ്റമാണ്.

'സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ നിന്ന് ഹിജാബ് അഴിച്ചു മാറ്റണമെന്ന് പറയുന്നത് കുട്ടിയുടെ സ്വകാര്യതക്ക് നേരെയുള്ള കടന്നു കയറ്റമാണ്, അത് സെക്കുലര്‍ വിദ്യാഭ്യാസത്തില്‍ നിന്ന് പെണ്‍കുട്ടികളെ തടയുന്നതിലേക്ക് എത്തിച്ചേരുന്നു. അത് ഭരണഘടനയുടെ 19 (1എ), 21, 25(1) എന്നിവയുടെ വ്യക്തമായ ലംഘനമാണ്' എന്ന് പറഞ്ഞത് സൂപ്രീം കോടതിയാണ്.

രാജ്യത്തെ സുപ്രീം കോടതി കര്‍ണാടകയിലെ ഹിജാബ് കേസില്‍ പറഞ്ഞതാണ് മേല്‍ നിരീക്ഷണങ്ങള്‍. അത് എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ബാധകമല്ലെന്നാണെങ്കില്‍ അക്കാര്യത്തില്‍ നിലപാട് വിശദീകരിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ഭൂരിപക്ഷം വോട്ടും കോണ്‍ഗ്രസിനാണ് കാലങ്ങളായി ലഭിച്ചുകൊണ്ടിരുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമുദായശത്രുക്കളോടൊപ്പം ചേര്‍ന്ന സംഭവങ്ങള്‍ പല ഘട്ടത്തിലുമുണ്ടായിട്ടുണ്ട്. അതേ തുടര്‍ന്നാണ് പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളില്‍ നിന്ന് ഇടതുപക്ഷത്തേക്ക് വോട്ട് പോയത്. അങ്ങനെയാണ് പത്ത് വര്‍ഷമായി പുറത്തിരിക്കേണ്ടി വന്നത്. മുസ്ലിം സമുദായത്തിന്റെ ആത്മാഭിമാനത്തെ പരിഹസിക്കുമ്പോള്‍ അധികാരത്തിലേക്കുള്ള വഴികൂടി ഇല്ലാതെയാകുമെന്ന്‌ കെപിസിസി എറണാകുളത്തെ നേതാക്കളെ ബോധ്യപ്പെടുത്തണം. 'സ്വന്തം ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ആര്‍ക്കായാലും വേദനാജനകമാണ്.

സ്‌കൂള്‍ യുനിഫോമും ഡ്രസ്‌കോഡുമൊക്കെ തുണിയുടെ നിറത്തിലും ഡിസൈനിലുമൊക്കെയായി പരിമിതപ്പെടണം. അതിനപ്പുറം ആരുടെയെങ്കിലും തലയില്‍ ഒരു തട്ടം അധികമായി ഉണ്ടാവുന്നതില്‍ സ്ഥാപനാധികാരികള്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ അസ്വസ്ഥതപ്പെടേണ്ടതില്ല. കൗമാരത്തിലേക്ക് കാലെടുത്തു വെക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിക്ക് തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരികയും മനോവിഷമത്തോടെ പടിയിറങ്ങേണ്ടി വരികയും ചെയ്യുന്ന ഒരു അവസ്ഥ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഭൂഷണമല്ല.

ഓരോ വ്യക്തികളെയും അവരുടെ എല്ലാ തരം ഐഡന്റിറ്റികളും സഹിതം ഉള്‍ക്കൊള്ളാന്‍ സ്ഥാപനത്തിന് കഴിയേണ്ടതുണ്ട്. അതിന് വിഘാതമാവുന്ന തരത്തില്‍ ഏതെങ്കിലും നിയമാവലികള്‍ നിലവിലുണ്ടെങ്കില്‍ അത് സ്വന്തം നിലക്ക് തന്നെ ഭേദഗതിപ്പെടുത്താന്‍ സ്ഥാപനത്തിനാവണം. വൈവിധ്യങ്ങളെ ചേര്‍ത്തുപിടിക്കലാണ്, ആസ്വദിക്കലാണ്, ആഘോഷിക്കലാണ് ജനാധിപത്യത്തിന്റെ വഴി. അകറ്റിനിര്‍ത്തലോ അപരവത്കരണമോ അല്ല.''

കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം നടത്തിയ മേല്‍ പ്രതികരണമെങ്കിലും എറണാകുളത്തെ ഡി സി സി നേതൃത്വത്തിന് ബോധ്യപ്പെടണം. കാസക്കും, ക്രിസ്ത്യന്‍ വര്‍ഗീയതയ്ക്കും ഉള്ളതിനെക്കാള്‍ അനേകമിരട്ടി വോട്ട് മുസ്ലിം സമുദായത്തിന് ഉണ്ട്. ക്രിസ്ത്യന്‍ സമുദായത്തിന് മൊത്തമുള്ളതിന്റെ ഇരട്ടിയോളം വോട്ട് മുസ്ലിം സമുദായത്തില്‍ നിന്ന് പോള്‍ ചെയ്യുന്നുണ്ട് എന്നെങ്കിലും കോണ്‍ഗ്രസ് മനസ്സിലാക്കണം.

പള്ളുരുത്തിയില്‍ സംഭവിച്ചത് എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ഷാളിന്റെ പ്രശ്നമല്ല, കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ അന്തസ്സിനും സ്വത്വത്തിനും നേര്‍ക്കുണ്ടായ അക്രമമാണ്. അതിനെ അതിന്റേതായ രാഷ്ട്രീയ ഗൗരവത്തില്‍ സമുദായം കാണുകതന്നെചെയ്യും.