പ്രവൃത്തികള്‍ ഉണ്ടാക്കുന്ന മുറിവ് ഉണങ്ങുന്നതോടെ അതിന്റെ ആഘാതം തീരുന്നു. എന്നാല്‍ പ്രസ്താവനകളുടെ സൃഷ്ടിപരതയും പ്രഹരശേഷിയും കണക്കുകൂട്ടലിന് അപ്പുറത്താണ്.
സമീപകാലത്ത് ഉണ്ടായ ചില പ്രസ്താവനകളുടെ നടുക്കത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യരുടെ പ്രവൃത്തികള്‍ പലപ്പോഴും സന്ദര്‍ഭാനുസൃതമാണ്. എന്നാല്‍ പ്രസ്താവനകള്‍ അങ്ങനെയല്ല. പ്രസ്താവനകള്‍ക്ക് ഒരു പുതിയ ലോകത്തെയും പുതിയ മനുഷ്യനെയും സൃഷ്ടിക്കാന്‍ കഴിയും.
നിലനില്‍ക്കുന്ന ലോകത്തെ നശിപ്പിക്കാനും മനുഷ്യരെ ഇല്ലാതാക്കാനും സാധിക്കും. അതിന് ഏറ്റവും നല്ല ഉദാഹരണം, വര്‍ഷങ്ങള്‍ക്കു മുമ്പ് നാരായണ ഗുരു നടത്തിയ ഒരു പ്രസ്താവനയാണ്: 'വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാവുക.'
ഈ രണ്ട് വാചകങ്ങളിലൂടെ നൂറ്റാണ്ടുകളായി ജാതിയടിമത്ത ചങ്ങലകളില്‍ കഴിഞ്ഞിരുന്ന ഈഴവ സമൂഹത്തിന്റെയും കേരളത്തിലെ അധഃസ്ഥിത ജനതയുടെയും ആ ചങ്ങലകള്‍ പൊട്ടിത്തെറിക്കുന്ന വലിയൊരു മാറ്റമാണ് ഉണ്ടായത്. അത് ആധുനിക കേരളത്തെ സൃഷ്ടിച്ചു.
പ്രവൃത്തികള്‍ ചിലപ്പോള്‍ ഒരു മനുഷ്യന് മുറിവുണ്ടാക്കിയേക്കാം. പക്ഷേ, ആ മുറിവ് ഉണങ്ങുന്നതോടെ അതിന്റെ ആഘാതം തീരുന്നു. എന്നാല്‍ പ്രസ്താവനകളുടെ സൃഷ്ടിപരതയും പ്രഹരശേഷിയും നാം വിചാരിക്കുന്നതിനും അപ്പുറത്താണ്.
പ്രസ്താവനകള്‍ എങ്ങനെ ലോകത്തെ നശിപ്പിക്കുന്നു എന്നു നോക്കാം. 'വര്‍ണജാതി വ്യവസ്ഥ ഗുരുത്വാകര്‍ഷണം പോലെ ഒരു പ്രകൃതിനിയമമാണ്' എന്ന ഗാന്ധിയുടെ പ്രസ്താവന ഇന്ത്യയിലെ 90 ശതമാനം വരുന്ന ജനതയെ എന്നെന്നേക്കുമായി ജാതിയടിമത്തത്തിലേക്ക് തള്ളിവിടുന്ന ഒന്നായിരുന്നു.
ജാതി പ്രകൃതിനിയമമാണെന്ന പ്രസ്താവനയിലൂടെ അതിനെതിരായ സകല സമരങ്ങളെയും ചിന്തകളെയും അദ്ദേഹം റദ്ദാക്കുകയാണ് ചെയ്തത്. മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: 'ഇന്ത്യയിലെ അധഃസ്ഥിതര്‍ ഹരിജനങ്ങളാണ്.' ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് എന്നര്‍ഥം. അത് സ്‌നേഹത്തില്‍ നിന്നുണ്ടായ പ്രസ്താവനയാണെന്ന് അന്ന് പലരും തെറ്റിദ്ധരിച്ചു.
ഒരിക്കലുമല്ല, അവരെ ശിശുക്കളായി (eternal minors) കാണുന്നതിലൂടെ അവര്‍ക്ക് എപ്പോഴും സവര്‍ണരുടെ സംരക്ഷണവും വാത്സല്യവും ആവശ്യമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. ഇന്ത്യയിലെ അധഃസ്ഥിത മനുഷ്യരില്‍ നിന്ന് അവരുടെ യുവത്വം തട്ടിക്കളയുന്ന ഒരു കൊടും ക്രൂരകൃത്യമായിരുന്നു ആ പ്രസ്താവന.
ആധുനിക കേരളത്തിന്റെ ദൗത്യം
പ്രസ്താവനകള്‍ക്ക് ലോകത്തെ സൃഷ്ടിക്കാനും നശിപ്പിക്കാനും കഴിയുമെന്ന് മനസ്സിലാക്കി വേണം നമുക്ക് നടുക്കമുണ്ടാക്കിയ വെള്ളാപ്പള്ളി നടേശന്റെ മൂന്നു പ്രസ്താവനകളെപ്പറ്റി ആലോചിക്കേണ്ടത്. മുസ്‌ലിം വിദ്വേഷത്തിന്റെ മൂര്‍ധന്യത്തില്‍ നിന്നുകൊണ്ട് സമീപകാലത്ത് അദ്ദേഹം നടത്തിയ പ്രസ്താവനകളുടെ ചേതോവികാരം എന്താണ്?
ഇസ്‌ലാമോഫോബിയ എന്ന വികാരത്തിന് അദ്ദേഹം സ്വയം അടിപ്പെട്ടതാണോ അതോ അദ്ദേഹത്തിന്റെ സ്വാഭാവികമായ പരിണാമഗതിയാണോ? 35 വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഇത് പെട്ടെന്നുണ്ടായ മാറ്റമല്ലെന്ന് കാണാം. സവര്‍ണ പക്ഷപാതവും ബ്രാഹ്മണ്യ ദാസ്യവും നായര്‍ വിധേയത്വവും ഒക്കെ ചേര്‍ന്നുണ്ടായ ഒരു പൊട്ടിത്തെറിയാണിത്.
'മലപ്പുറത്ത് ഈഴവര്‍ക്ക് ജീവിക്കാന്‍ പറ്റില്ല', 'മലപ്പുറം പാകിസ്താനെപ്പോലെയാണ്' എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. ഒടുവിലായി 'നായാടി മുതല്‍ നസ്രാണി വരെ ഒന്നിക്കണം' എന്നും അദ്ദേഹം പറഞ്ഞു. പണ്ട് 'നായാടി മുതല്‍ നമ്പൂതിരി വരെ' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അന്ന് ശത്രുസ്ഥാനത്ത് ക്രിസ്ത്യാനികളും മുസ്‌ലിംകളുമായിരുന്നു. ഇന്ന് ക്രിസ്ത്യാനികളെ ശത്രുപട്ടികയില്‍ നിന്ന് മാറ്റിയിരിക്കുന്നു. പേര് പറയാതെത്തന്നെ തന്റെ ശത്രു ആരാണെന്ന് കൃത്യമായി സൂചിപ്പിക്കുകയാണ്. നാരായണ ഗുരുവും ഡോ. പല്‍പുവും ആശാനും ഒക്കെ ഉണ്ടാക്കിയ പ്രസ്ഥാനത്തിന്റെ അമരത്തിരുന്നുകൊണ്ടാണ് ഈ വിദ്വേഷം പ്രചരിപ്പിക്കുന്നത്.
ഇത് വെറുമൊരു പ്രസ്താവനയല്ല, എസ്എന്‍ഡിപി എന്ന മഹാ പ്രസ്ഥാനത്തിന്റെ പൈതൃകത്തെ പിന്നിലേക്ക് വലിച്ചിഴക്കുന്ന ഒന്നാണ്. ശ്രീനാരായണ പൈതൃകത്തെയും എസ്എന്‍ഡിപിയുടെ ചരിത്രത്തെയും ഇത്തരം അധമമായ ചിന്തകളില്‍ നിന്ന് മോചിപ്പിക്കേണ്ട ഉത്തരവാദിത്തം ഇന്ന് സകല അവര്‍ണ ജനവിഭാഗങ്ങള്‍ക്കുമുണ്ട്.
പാഠപുസ്തകങ്ങളില്‍ നാം കാണുന്ന 'കേരളീയ നവോത്ഥാനം' എന്ന വാക്കിന് പകരം 'കേരള അറിവൊളി പ്രസ്ഥാനം' എന്ന് വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വെള്ളാപ്പള്ളി നടേശനില്‍ നിന്ന് ഈ പാരമ്പര്യത്തെ മോചിപ്പിക്കുക എന്നതാണ് ആധുനിക കേരളം സ്വപ്‌നം കാണുന്ന പ്രധാന ദൗത്യം.
എന്തുകൊണ്ട് മുസ്‌ലിംവിദ്വേഷം?
എന്തുകൊണ്ടാണ് വെള്ളാപ്പള്ളി മുസ്‌ലിംകള്‍ക്കെതിരെ ഇത്രയധികം വിദ്വേഷം പ്രകടിപ്പിക്കുന്നത്? കേരള ചരിത്രത്തില്‍ മുസ്‌ലിംകള്‍ ഈഴവര്‍ക്കോ മറ്റ് അവര്‍ണര്‍ക്കോ എന്ത് ദ്രോഹമാണ് ചെയ്തത്? ചരിത്രത്തില്‍ എവിടെയെങ്കിലും ഒരു ഈഴവ-മുസ്‌ലിം ലഹള നടന്നതായി ചൂണ്ടിക്കാണിക്കാനാവുമോ? കേരള ചരിത്രത്തില്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ഇതു മറച്ചുവെച്ചാണ് അദ്ദേഹം മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത്.
ചിലര്‍ പറയുന്നത്, കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ പ്രീതിപ്പെടുത്താനാണ് അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് എന്നാണ്. എന്നാല്‍ അതിനേക്കാളുപരി, അദ്ദേഹത്തിനുള്ളിലുള്ള സവര്‍ണ വിധേയത്വമാണിത്.
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ അത് വൈദേശികമാണ് എന്നു പറഞ്ഞ് ആര്‍എസ്എസ് എതിര്‍ത്തു. 'മനുസ്മൃതി' അടിസ്ഥാനമാക്കിയ ഭരണഘടനയാണ് അവര്‍ ആഗ്രഹിച്ചത്.
ലക്ഷങ്ങള്‍ ചെലവാക്കി ബ്രാഹ്മണരെക്കൊണ്ട് സ്വന്തം വീട്ടില്‍ പൂജകള്‍ ചെയ്യിക്കുന്ന ഒരാള്‍, എസ്എന്‍ഡിപി ആര്‍ക്കെതിരെയാണോ സമരം ചെയ്തത് ആ ആളുകള്‍ക്കു മുന്നില്‍ ദാസ്യം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ശ്രീനാരായണീയര്‍ എന്ന് അവകാശപ്പെടുന്നവര്‍ ഈ മനുഷ്യനെ തുറന്നുകാട്ടേണ്ടതുണ്ട്.
നാരായണ ഗുരുവും മറ്റുള്ളവരും മുസ്‌ലിംകളോട് എങ്ങനെയാണ് ഇടപെട്ടിരുന്നത് എന്ന് നാം ഓര്‍ക്കണം. തന്റെ ശിഷ്യനായ ഖാദറിനോട് 'ഖാദര്‍ ഖാദറായിത്തന്നെ ഇരുന്നാല്‍ മതി' എന്നാണ് ഗുരു പറഞ്ഞത്. ദരിദ്രയായ ഒരു മുസ്‌ലിം വൃദ്ധ തനിക്ക് ഭക്ഷണം നല്‍കി പോറ്റിയ കഥ ഗുരു നന്ദിയോടെ സ്മരിച്ചിട്ടുണ്ട്.
1920കളില്‍ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെതിരെ സഹോദരന്‍ അയ്യപ്പന്‍ സമരം ചെയ്തപ്പോള്‍ നായര്‍ ഗുണ്ടകളുടെ മര്‍ദനത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചത് മണപ്പാടും സീതി സാഹിബും നേതൃത്വം നല്‍കിയിരുന്ന മുസ്‌ലിം ഐക്യസംഘമായിരുന്നു.
കൊല്ലത്തെ എസ്എന്‍ കോളജ് സ്ഥാപിക്കാന്‍ അയ്യായിരം രൂപ സംഭാവന നല്‍കിയത് തങ്ങള്‍കുഞ്ഞ് മുസ്‌ലിയാരായിരുന്നു. എസ്എന്‍ ട്രസ്റ്റില്‍ ഈഴവരല്ലാത്ത ആരെങ്കിലും അംഗമായിട്ടുണ്ടെങ്കില്‍ അത് തങ്ങള്‍കുഞ്ഞ് മുസ്‌ലിയാരാണ്. ഇത്തരം ഹൃദയബന്ധത്തിന്റെ ചരിത്രത്തെയാണ് വെള്ളാപ്പള്ളി തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
ഇനി സിപിഎമ്മിലെ എ കെ ബാലന്റെയും സജി ചെറിയാന്റെയും പ്രസ്താവനകളിലേക്ക് വരാം. അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പ് ഭരിക്കുമെന്നും മാറാടുകള്‍ ആവര്‍ത്തിക്കുമെന്നുമാണ് ബാലന്‍ പറയുന്നത്. മുസ്‌ലിംകള്‍ കൂട്ടക്കൊല നടത്തുന്നവരാണെന്ന ദുസ്സൂചനയാണിത്.
സജി ചെറിയാന്‍ പറയുന്നത്, മലപ്പുറത്ത് വിജയിച്ചവരുടെ പേര് കണ്ടാല്‍ അവര്‍ വര്‍ഗീയവാദികളാണെന്ന് അറിയാം എന്നാണ്. ഫാത്തിമയെന്നോ മുഹമ്മദെന്നോ പേരുള്ളതുകൊണ്ട് ഒരാള്‍ വര്‍ഗീയവാദിയാകുമോ? പേരിന്റെ പേരില്‍ മനുഷ്യരെ വിവേചിക്കുന്നത് ആര്‍എസ്എസ് നിലപാടാണ്.
ആര്‍എസ്എസ് ഇത് തുറന്നു പറയുന്നുണ്ടെങ്കില്‍, മതേതരത്വത്തിന്റെ മുഖംമൂടി അണിഞ്ഞാണ് സിപിഎം ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ ഇസ്‌ലാമോഫോബിയയുടെ കാര്യത്തില്‍ ആര്‍എസ്എസിനോട് മത്സരിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുന്നു.
ഇഎംഎസ് മരിക്കുന്നതുവരെ ആ പാര്‍ട്ടിയുടെ ഏക മസ്തിഷ്‌കം അദ്ദേഹമായിരുന്നു. മറ്റുള്ളവര്‍ കൈകാലുകള്‍ മാത്രമായിരുന്നു. ഇന്ന് ആ പാര്‍ട്ടി കൈകാലുകള്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കഴിഞ്ഞാല്‍ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവ് സിപിഎമ്മാണ്. ബംഗാളിലെ സിപിഎമ്മിന് സാധിക്കാതെപോയ കാര്യമാണിത്.
അവിടെ അവര്‍ ഗുണ്ടായിസത്തില്‍ മാത്രം ഒതുങ്ങിപ്പോയപ്പോള്‍, കേരളത്തിലെ സിപിഎം സര്‍ക്കാരിനു പോലും കടം കൊടുക്കാന്‍ ശേഷിയുള്ള ഒരു സമാന്തര സാമ്പത്തിക സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തി. ഈ സാമ്പത്തിക ശക്തിയെ സാധൂകരിക്കണമെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയ അധികാരം അനിവാര്യമാണ്.
അതുകൊണ്ടാണ് എങ്ങനെയെങ്കിലും 'തുടര്‍ഭരണം' എന്ന ലക്ഷ്യത്തിനായി ഇത്രയേറെ പരിശ്രമിക്കുന്നത്. ഇവരുടെ അതിജീവനത്തിന്റെ രഹസ്യം ഇത്തരം നീക്കങ്ങളിലാണെന്ന് നാം തിരിച്ചറിയണം.
ബ്രാഹ്മിണ്‍ ബോയ്‌സ്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നതിനു മുമ്പുതന്നെ അംബേദ്കര്‍ ഒരു കാര്യം നിരീക്ഷിച്ചിരുന്നു. ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം നടന്നപ്പോള്‍ ഇന്ത്യയിലെ അധഃസ്ഥിത പ്രസ്ഥാനങ്ങളായ കേരളത്തിലെ എസ്എന്‍ഡിപി, മഹാരാഷ്ട്രയിലെ സത്യശോധക് സമാജ്, അംബേദ്കറുടെ ഡിപ്രസ്ഡ് ക്ലാസ് ലീഗ്, ബംഗാളിലെ നാമശൂദ്ര പ്രസ്ഥാനം തുടങ്ങിയവ അതില്‍ ആകൃഷ്ടരായി.
അവര്‍ ലെനിനെ തങ്ങളുടെ ലോക നേതാവായി കണ്ടു. സഹോദരന്‍ അയ്യപ്പന്‍ 'ഈഴവ ഉദ്‌ബോധനം' എന്ന കവിതയിലൂടെ വിപ്ലവത്തെ അഭിവാദ്യം ചെയ്യുകയും, ഇംഗ്ലീഷിലെ 'കോമ്രേഡ്' എന്ന വാക്കിന് 'സഖാവ്' എന്ന് മലയാളത്തില്‍ പരിഭാഷ നല്‍കുകയും ചെയ്തു.
ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട 'സഖാവ്' എന്ന വാക്ക് സംഭാവന ചെയ്ത സഹോദരന്‍ അയ്യപ്പനാണ് പക്ഷേ എന്നും സിപിഎമ്മിന്റെ ഒന്നാം നമ്പര്‍ ശത്രു എന്നത് വിരോധാഭാസമാണ്. അന്ന് ന്യൂനപക്ഷമായ സവര്‍ണര്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടു: ഈ അധഃസ്ഥിത പ്രസ്ഥാനങ്ങള്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിലും ലെനിനിലും ആവേശം കൊള്ളുന്നത് ഇന്ത്യയില്‍ സവര്‍ണ മേധാവിത്വത്തിന്റെ അന്ത്യം കുറിക്കും.
ഗാന്ധിയുടെ അഹിംസാവാദം കൊണ്ട് ഈ മുന്നേറ്റത്തെ തടയാനാവില്ലെന്ന് മനസ്സിലാക്കിയ സവര്‍ണര്‍ ഇന്ത്യയിലെ കമ്യൂണിസത്തിന്റെ വിതരണ കുത്തക ഏറ്റെടുത്തു. പി സി ജോഷി, ഡാങ്കേ, ഇഎംഎസ് തുടങ്ങിയ ബ്രാഹ്മണര്‍ നേതൃത്വം ഏറ്റെടുത്തതോടെ, വിപ്ലവം ദലിതന്റെയും ഈഴവന്റെയും കൈകളില്‍ എത്താതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു.
അതുകൊണ്ടാണ് അംബേദ്കര്‍ ഇവരെ 'ബ്രാഹ്മിണ്‍ ബോയ്‌സ്' എന്നു വിശേഷിപ്പിച്ചത്. അങ്ങനെ മാര്‍ക്‌സിസത്തിന്റെ മൊത്തവിതരണം 'ബ്രാഹ്മിണ്‍ ബോയ്‌സ്' ഏറ്റെടുത്തതോടെ അവര്‍ണര്‍ക്ക് ആ വിപ്ലവ പാരമ്പര്യം നഷ്ടമായി.
ഒക്ടോബര്‍ വിപ്ലവത്തിനു ശേഷം ലെനിന്‍ ഒരു ഇന്റര്‍നാഷണല്‍ ഐക്കണ്‍ ആയി മാറി. അമേരിക്കയിലെയും ലാറ്റിനമേരിക്കയിലെയും അടിച്ചമര്‍ത്തപ്പെട്ട ജനത ലെനിനെ നേതാവായി വാഴിച്ചു. ലെനിന്റെ ഈ സ്വാധീനം നിര്‍വീര്യമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ടെത്തിയ 'കൗണ്ടര്‍ ഐക്കണ്‍' ആണ് ഗാന്ധി.
ഒരു മനുഷ്യന് 'ഞാന്‍' എന്ന് സ്വയം അഭിസംബോധന ചെയ്യാന്‍ പോലും അവകാശമില്ലാത്ത, 'അടിയന്‍' എന്നു വിളിക്കേണ്ടിവരുന്ന, തല മുട്ടുന്ന വീടുകള്‍ മാത്രം നിര്‍മിക്കാന്‍ അനുവാദമുണ്ടായിരുന്ന (കുമാരനാശാന്‍ സൂചിപ്പിച്ചപോലെ) ആ വ്യവസ്ഥിതിയെ 'പ്രകൃതിനിയമം' എന്നു വിളിച്ച് ഗാന്ധി ന്യായീകരിച്ചു.
ഇതാണ് ഗാന്ധിയിലെ ക്രൂരമായ വൈരുധ്യം. ഇതേ വൈരുധ്യം സിപിഎമ്മിലും കാണാം. തൊഴിലാളിവര്‍ഗ ഐക്യത്തെക്കുറിച്ച് അവര്‍ ഘോരഘോരം പ്രസംഗിക്കും. എന്നാല്‍, 1936ല്‍ ബോംബെയിലെ കാംഗാര്‍ യൂണിയന്‍ ഓഫീസില്‍, പ്രസിഡന്റായിരുന്ന താഴ്ന്ന ജാതിക്കാരന് വെള്ളം കുടിക്കാന്‍ മണ്‍കുടവും സവര്‍ണര്‍ക്ക് ചെമ്പുകുടവും എന്നതായിരുന്നു സ്ഥിതി. ഇവിടത്തെ തൊഴിലാളി വര്‍ഗത്തിനിടയില്‍ പോലും ജാതിവിഭജനം എത്രത്തോളം ശക്തമായിരുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
വര്‍ഗവഞ്ചകന്‍
ഇന്ത്യയിലെ ഏക യാഥാര്‍ഥ്യം ജാതിയാണ്. 10 ശതമാനത്തില്‍ താഴെ വരുന്ന സവര്‍ണരും 90 ശതമാനത്തോളം വരുന്ന അവര്‍ണരും തമ്മിലുള്ള സംഘര്‍ഷമാണ് ആധുനിക ഇന്ത്യയുടെ ചരിത്രം. ഇതിനെയാണ് 'ദേശീയ സ്വാതന്ത്ര്യ സമരം' എന്ന പേരില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമായി ചിത്രീകരിക്കുന്നത്.
ബ്രിട്ടീഷുകാര്‍ വന്നതുകൊണ്ട് മാത്രമാണ് സവര്‍ണരുടെ 'ജന്മാവകാശങ്ങള്‍' (അയിത്തം, അടിച്ചമര്‍ത്തല്‍) കുറ്റകൃത്യങ്ങളായി മാറിയത്. നാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും ബ്രിട്ടീഷ് ഭരണത്തിന്റെ നേട്ടങ്ങള്‍ പറഞ്ഞത് അതുകൊണ്ടാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സവര്‍ണരാജ് തിരിച്ചുവരുമെന്ന് അവര്‍ ഭയന്നു.
നമ്മുടെ നിയമവ്യവസ്ഥയിലും വിദ്യാഭ്യാസത്തിലും മെക്കാളെ പ്രഭു കൊണ്ടുവന്ന മാറ്റങ്ങളെ സവര്‍ണര്‍ വെറുക്കുന്നു. സംസ്‌കൃതത്തിനും പരമ്പരാഗത വിദ്യകള്‍ക്കും പകരം, ശാസ്ത്രവും ചരിത്രവും ഉള്‍ക്കൊള്ളുന്ന ആധുനിക വിദ്യാഭ്യാസം ഇന്ത്യക്കാര്‍ക്ക് നല്‍കണമെന്ന് മെക്കാളെ വാദിച്ചു. ഐപിസിയും സിആര്‍പിസിയും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. അത് ഇല്ലാതാക്കാനാണ് ഇന്ന് സംസ്‌കൃത പേരുകള്‍ നല്‍കി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത്.
കേരള ചരിത്രത്തില്‍ എവിടെയെങ്കിലും ഒരു ഈഴവ-മുസ്‌ലിം ലഹള നടന്നതായി ചൂണ്ടിക്കാണിക്കാനാവുമോ?
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ 'അത് വൈദേശികമാണ്' എന്നു പറഞ്ഞ് ആര്‍എസ്എസ് എതിര്‍ത്തിരുന്നു. 'മനുസ്മൃതി'യെ അടിസ്ഥാനമാക്കിയുള്ള ഭരണഘടനയാണ് അവര്‍ ആഗ്രഹിച്ചത്. എന്നാല്‍, ഭരണഘടനാ സമിതിയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്ന ബ്രാഹ്മണര്‍ പോലും മനുസ്മൃതിക്കു വേണ്ടി വാദിച്ചില്ല.
കാരണം, മനുസ്മൃതി ഭരണഘടനയാക്കിയാല്‍ ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ ഒരു പ്രാകൃത രാഷ്ട്രമായി കണ്ട് തള്ളിക്കളയുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ അംഗത്വം ലഭിക്കാന്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളുള്ള ആധുനിക ഭരണഘടന അനിവാര്യമായിരുന്നു.
ഇന്ത്യന്‍ സമൂഹത്തിന്റെ സംഘാടക തത്വം 'അസമത്വ'മാണ്. സെമിറ്റിക് മതങ്ങള്‍ തത്വത്തിലെങ്കിലും സമത്വം പറയുമ്പോള്‍, ഹിന്ദു മതം താത്വികമായിത്തന്നെ അസമത്വത്തെ ന്യായീകരിക്കുന്നു. നമ്മുടെ ഇന്ത്യയിലല്ലാതെ ലോകത്ത് ഒരു രാജ്യത്തും, പ്രയോഗത്തില്‍ അസമത്വങ്ങളും അടിച്ചമര്‍ത്തലും ഉണ്ടെങ്കില്‍ പോലും, 'ഞങ്ങളുടെ സമൂഹത്തിന്റെ സംഘാടക തത്വം എന്നു പറയുന്നത് പ്രിന്‍സിപ്പിള്‍ ഓഫ് ഇനീക്വാലിറ്റി ആണ്' എന്ന് മറ്റു രാജ്യങ്ങളോ മറ്റു മതങ്ങളോ പറയുന്നില്ല.
സമത്വം എന്ന ആശയം പ്രയോഗത്തില്‍ ലംഘിക്കപ്പെടുന്നുണ്ടാകാം. പക്ഷേ, പ്രയോഗത്തില്‍ അത് ലംഘിക്കപ്പെടുമ്പോള്‍ അതിനെ ചോദ്യം ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു സമത്വ തത്വം ഉണ്ടാവണം. ഇപ്പോള്‍ ഇന്ത്യയില്‍ നമുക്ക് പല മൗലികാവകാശ ലംഘനങ്ങള്‍ക്കെതിരെയും കോടതിയില്‍ പോകാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്?
ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്ന ഒരു തത്വം അംഗീകരിച്ചില്ലായിരുന്നുവെങ്കില്‍, നിങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞാല്‍ അത് മൗലികാവകാശ ലംഘനമാണെന്ന് പറഞ്ഞ് കോടതിയെ സമീപിക്കാന്‍ കഴിയില്ല. നിങ്ങള്‍ സ്‌കൂളില്‍ കയറാന്‍ പാടില്ല എന്നു പറഞ്ഞാല്‍ ഒരു കോടതിയെയും സമീപിക്കാനാവില്ല.
ഇത്രത്തോളം അസമത്വത്തെയും അസ്വാതന്ത്ര്യത്തെയും താത്വികമായി ന്യായീകരിക്കുന്ന ഒരു സാമൂഹിക സംവിധാനവും ലോക ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. ഹിറ്റ്‌ലര്‍ പോലും ആര്യന്മാര്‍ക്കിടയില്‍ വേര്‍തിരിവ് കാണിച്ചിരുന്നില്ല. അമേരിക്കയിലെ അടിമത്ത വ്യവസ്ഥയില്‍ പോലും കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ വെള്ളക്കാരുടെ കുഞ്ഞുങ്ങളെ മുലയൂട്ടിയിരുന്നു.
എന്നാല്‍, കഴിഞ്ഞ മൂവായിരം വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ഒരു ബ്രാഹ്മണ കുഞ്ഞിന് മുലയൂട്ടാന്‍ ഒരു പുലയ സ്ത്രീയെ അനുവദിച്ച ചരിത്രമില്ല. അത്രമേല്‍ മനുഷ്യത്വവിരുദ്ധമായ അകലം ഇവിടെ പാലിച്ചിരുന്നു. ഈ ചരിത്ര സാഹചര്യത്തില്‍ നിന്നുകൊണ്ട് വേണം വര്‍ത്തമാനകാലത്തെ നിരീക്ഷിക്കാന്‍.
ജാതിരഹിതമായ സമൂഹത്തിനായി പോരാടേണ്ടവര്‍ക്ക് ഒപ്പം നില്‍ക്കാതെ, ശത്രുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവര്‍ സ്വന്തം ജനതയെ വഞ്ചിക്കുകയാണ്. മാര്‍ക്‌സിസ്റ്റ് ഭാഷയില്‍ പറഞ്ഞാല്‍ 'വര്‍ഗവഞ്ചകന്‍.' കാന്‍ഷിറാം വിശേഷിപ്പിച്ചതുപോലെ, സ്വന്തം ജനതയുടെ വിമോചനത്തിന് തടസ്സം നില്‍ക്കുന്ന 'ചംചകള്‍' (വിറകുവെട്ടുകാരന്റെ കോടാലി) ആണിവര്‍.
കമ്യൂണിസ്റ്റ് മുഖംമൂടി അണിഞ്ഞ് ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നവരെയും സമുദായ വഞ്ചകരെയും തുറന്നുകാട്ടാനും ഒറ്റപ്പെടുത്താനുമുള്ള സമരമാണ് ഇനി നമുക്ക് ആവശ്യം.
(കൊടുങ്ങല്ലൂര്‍ ശ്രീനാരായണ ദര്‍ശനവേദി സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണം)
