ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കുമെന്നും സംസ്ഥാനത്തിനു മുഴുവന്‍ ഇത് ബാധകമാണെന്നും വ്യക്തമാക്കിയാണ് ധാരണാപത്രത്തിലെ നിബന്ധനകളുടെ തുടക്കം.
പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ എന്ന പി എം ശ്രീ പദ്ധതിയില്‍ പങ്കാളിത്തം വഹിക്കാമെന്ന ധാരണാപത്രത്തില്‍ കേരളം ഒപ്പിട്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ വാസുകിയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ജോയിന്റ് സെക്രട്ടറി ധീരജ് സാഹുവുമാണ് കഴിഞ്ഞ ദിവസം ഈ പദ്ധതിയില്‍ ഒപ്പുവെച്ച് കേരളവും ഔദ്യോഗികമായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാവുകയാണെന്ന്് പ്രഖ്യാപിച്ചത്.
അഥവാ സംഘപരിവാര്‍ ഫാഷിസത്തിന് ഭാവി കേരളത്തെ തീറെഴുതി നല്‍കാന്‍ ആധാരം കൈമാറിയിരിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ പ്രീതി മീന, സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ചിത്ര എസ് എന്നിവര്‍ സാക്ഷികളായി ഒപ്പുവെച്ചതോടെ ധാരണാപത്രം റദ്ദാക്കുന്നത് ഉള്‍പ്പെടെ പൂര്‍ണ അധികാരങ്ങള്‍ കേന്ദ്രത്തിന് പതിച്ചുനല്‍കിയിരിക്കുന്നു.
ഏതു മാറ്റത്തിനും കേന്ദ്ര അംഗീകാരം വേണമെന്നു മാത്രമല്ല ഫണ്ട് നല്‍കുന്നതും വിനിയോഗിക്കുന്നതുമെല്ലാം കേന്ദ്ര നിയമം അനുസരിച്ച് മാത്രം. 2022-ലാണ് പി എം ശ്രീ ആരംഭിച്ചത്. 2027-നുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 14500-ലധികം സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി വികസിപ്പിക്കുക എന്നതാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പറയുന്നുവെങ്കിലും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രായോഗികവത്കരണമാണ് മുഖ്യം.
ഓരോ ബ്ലോക്കിലും തെരഞ്ഞെടുത്ത രണ്ട് സ്‌കൂളുകള്‍ വികസിപ്പിച്ച് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി-എന്‍ഇപി) മികവ് പ്രദര്‍ശിപ്പിക്കുകയെന്നതാണ് പ്രധാന അജണ്ടയെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വിശദീകരിക്കുന്നു. ഒരു സ്‌കൂളിന് ശരാശരി 1.13 കോടി രൂപ മാത്രമാണ് ചെലവഴിക്കാനായി ലഭിക്കുക.
ഇതില്‍ തന്നെ അറുപത് ശതമാനം കേന്ദ്ര സര്‍ക്കാരും നാല്‍പത് ശതമാനം സംസ്ഥാന സര്‍ക്കാറുകളുമാണ് വഹിക്കേണ്ടത്. എന്നാലും തെരെഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂന്നി കേന്ദ്ര സിലബസ് അധ്യയനം നടത്തണമെന്നാണ് ചട്ടം. ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കുമെന്നും മുഴുവന്‍ സംസ്ഥാനത്തിനും ഇത് ബാധകമാണെന്നും വ്യക്തമാക്കിയാണ് ധാരണാപത്രത്തിലെ നിബന്ധനകളുടെ തുടക്കം.
ഒരു സ്‌കൂളിന് 'പിഎം ശ്രീ' എന്ന പേര് നല്‍കിയാല്‍ അത് പിന്നെ മാറ്റാനാകില്ല. വൈകാതെ പദ്ധതിയിലേക്ക് സ്‌കൂളുകളെ തെരഞ്ഞെടുക്കുന്ന നടപടികളിലേക്ക് പ്രവേശിക്കാനിരിക്കുകയാണ് കേരളം. ചലഞ്ച് മാതൃകയില്‍ മത്സരാധിഷ്ഠിതമായിട്ടാകും സ്‌കൂളുകള്‍ തെരഞ്ഞെടുക്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ വിദ്യാഭ്യാസ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സംവിധാനമായ യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യുക്കേഷന്‍ പ്ലസ് (യൂഡയസ് പ്ലസ്) ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ്.
 സ്‌കൂളിന് നല്ല നിലയിലുള്ള സ്വന്തം കെട്ടിടം, റാമ്പ് ഉള്‍പ്പെടെ തടസ്സരഹിതമായ പ്രവേശനം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍, കുടിവെള്ള സംവിധാനം, കൈകഴുകാനുള്ള സംവിധാനം, അധ്യാപകര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പ്രവര്‍ത്തനക്ഷമമായ വൈദ്യുതി സൗകര്യം, ലൈബ്രറി, ലൈബ്രറി കോര്‍ണര്‍, കായിക ഉപകരണങ്ങള്‍ എന്നിവയെല്ലാം പരിഗണനാ ഘടകങ്ങളാണ്.
ഓണ്‍ലൈന്‍ ചലഞ്ച് പോര്‍ട്ടലില്‍ സ്‌കൂളുകള്‍ സ്വന്തം നിലക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ പരിശോധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന് സ്‌കൂളുകളുടെ പട്ടിക ശിപാര്‍ശ ചെയ്യും. പിഎം ശ്രീ സ്‌കൂളുകളുടെ നിരീക്ഷണത്തിനായി ജിയോ ടാഗിങ്ങ് സംവിധാനമുണ്ടാവും. ഇതിനായി ഭാസ്‌കരാചാര്യ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ജിയോ ഇന്‍ഫോര്‍മാറ്റിക്‌സിന്റെ സേവനങ്ങളാണ് സ്വീകരിക്കുക.
ദേശീയ വിദ്യാഭ്യാസ നയപ്രകാരം സ്‌കൂളുകളുടെ ഘടനയിലും കേരളത്തിലേതില്‍ നിന്ന് മാറ്റമുണ്ട്. സംസ്ഥാനം അംഗീകരിച്ച വിദ്യാഭ്യാസ നയവുമായി ചേര്‍ന്നുപോവുന്ന തരത്തിലുള്ളതല്ല ഇത്. പ്രിസ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസു വരെയാണ് ആദ്യഘട്ടം. മൂന്നു മുതല്‍ അഞ്ചാം ക്ലാസ് വരെ രണ്ടാം ഘട്ടവും ആറു മുതല്‍ എട്ടുവരെ മൂന്നാംഘട്ടവുമാണ്.
ഒമ്പതു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് നാലാം ഘട്ടം. സംസ്ഥാന സിലബസിന് പകരം എന്‍സിആര്‍ടിയുടെ സിലബസ് അനുസരിച്ചാകും പഠനം നടത്തേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള പി എം ശ്രീ സ്‌കൂള്‍ എന്ന ബോര്‍ഡ് സ്‌കൂളില്‍ സ്ഥാപിക്കണം.
ആര്‍ എസ് എസ് അജണ്ട, തിരിഞ്ഞുനടന്ന കേരളം
ആര്‍ എസ് എസ് അജണ്ടയിലൂന്നിയതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് നേരത്തെ തന്നെ തെളിവുസഹിതം നിശിതമായ വിമര്‍ശനം പുറത്തുവന്നതാണ്. അശാസ്ത്രീയവും ബ്രാഹ്മണിക്കല്‍ ദേശീയതയിലൂന്നിയതുമായ പാഠ്യപദ്ധതി നടപ്പിലാക്കാനുള്ള കുത്സിത നീക്കങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. സ്വാതന്ത്ര്യസമരമുള്‍പ്പെടെ ദേശീയ ചരിത്രത്തില്‍ നിന്ന് മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ളവരെ വെട്ടിമാറ്റിയും സ്വാതന്ത്ര്യസമരത്തെ എതിര്‍ത്തവരും ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തിരുന്നുവരുമായവരെ തിരുകിക്കയറ്റിയുമെല്ലാം സംഘപരിവാര്‍ അജണ്ട സെറ്റ് ചെയ്യുന്ന ഇടമായി വിദ്യാഭ്യാസത്തെ മാറ്റാനുള്ള ശ്രമമാണിതെന്ന് ചരിത്രകാരന്മാരും വിദ്യാഭ്യാസ വിചക്ഷണന്മാരും ചൂണ്ടിക്കാണിച്ചിരുന്നു.
സംഘപരിവാര്‍ അജണ്ടക്കെതിരെയുള്ള പ്രതിരോധങ്ങള്‍ സംസ്ഥാന തലത്തില്‍ ഉണ്ടാവണമെന്ന ആഹ്വാനങ്ങളുമായി പലരും രംഗത്തുവരികയും ചില സംസ്ഥാനങ്ങളില്‍ പ്രായോഗിക നീക്കങ്ങളുണ്ടാവുകയും ചെയ്തു. ഈ നിലപാടിനൊപ്പം നിന്ന സി പി എം യു ടേണ്‍ അടിച്ചെന്നു മാത്രമല്ല ഏതോ ചില സ്ഥാപിത താത്പര്യത്തിന്റെ പേരില്‍ ഫണ്ടിന്റെ ന്യായം പറഞ്ഞ് സംഘപരിവാര്‍ നിലപാടിലേക്ക് എടുത്തെറിയപ്പെടുകയുമാണുണ്ടായത്. എന്നാല്‍ സമാനമായി ഫണ്ട് തടഞ്ഞുവെക്കപ്പെട്ട തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ച് നിയമപോരാട്ടത്തിലൂടെ ഫണ്ട് നേടിയെടുക്കുകയായിരുന്നു.
2152 കോടി രൂപയാണ് തമിഴ്‌നാടിന് സമഗ്ര ശിക്ഷാ അഭിയാന്‍ വക കേന്ദ്ര ഫണ്ടായി കിട്ടാനുണ്ടായിരുന്നത്. കേന്ദ്ര ഫണ്ട് തടഞ്ഞുവെക്കപ്പെട്ടതിനാല്‍ സ്വകാര്യ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള 25 ശതമാനം വിദ്യാര്‍ഥി പ്രവേശനം തമിഴ്‌നാട് നിര്‍ത്തിവെച്ചു. പ്രശ്‌നം മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി.
തുടര്‍ന്ന് രണ്ട് അധ്യയന വര്‍ഷങ്ങളിലായി ആര്‍ടിഇ ഘടകത്തില്‍ സമഗ്ര ശിക്ഷയ്ക്ക് തടഞ്ഞുവെച്ച 700 കോടിയിലേറെ രൂപ കേന്ദ്ര സര്‍ക്കാരിന് അനുവദിക്കേണ്ടി വന്നു. തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവരാണ് ദേശീയ വിദ്യാഭ്യാസ നയത്തോടുളള എതിര്‍പ്പു കാരണം പദ്ധതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോവുന്നത്. ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന നിലപാട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പല തവണ വ്യക്തമാക്കുകയുണ്ടായി.
സമഗ്ര ശിക്ഷയുടെ തുക കേസിലൂടെ നേടിയെടുക്കാമെന്ന് തമിഴ്‌നാട് തെളിയിച്ചതോടെ ഈ നിലയില്‍ നീക്കം നടത്താന്‍ കേരളം ശ്രമം തുടങ്ങിയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ജൂലൈ നാലാം വാരം സംസ്ഥാന സര്‍ക്കാറിന്റെ ഒരുദ്യോഗസ്ഥന്‍ ഡല്‍ഹിയിലെത്തി സീനിയര്‍ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഹരജി നല്‍കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി എ ജയതിലക് ഉദ്യോഗസ്ഥനോട് മടങ്ങിവരാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. ആരുടെ സമ്മര്‍ദമാണ് ഉണ്ടായതെന്ന ദുരൂഹത ബാക്കി നില്‍ക്കുകയാണ്. കേസിനു പോയ വഴിയില്‍ തിരിച്ചുവന്നതെന്തിന് എന്ന് സര്‍ക്കാര്‍ പൊതുസമൂഹത്തോട് മറുപടി പറയേണ്ടതുണ്ട്.
അപകടകരമായ ഡാറ്റാ പരമാധികാരക്കൈമാറ്റം
കാവിവത്കരണത്തിന്റെ വിനാശകരമായ അക്കാദമിക പരിഷ്‌കാരം മാത്രമല്ല എന്‍.ഇ.പി മുഖേന നിലവില്‍ വരുന്നത്. രാജ്യത്തെ വിദ്യാര്‍ഥികളുടെ സമഗ്രമായ വിവരശേഖരണം കൂടി അത് ലക്ഷ്യംവെക്കുന്നു. 'വണ്‍ നേഷന്‍, വണ്‍ സ്റ്റുഡന്റ് ഐഡി' എന്നറിയപ്പെടുന്ന തിരിച്ചറിയല്‍ രേഖയിലൂടെയാണ് ഇത് നടപ്പിലാക്കുക. Automated Permanent Academic Account Registry (APAAR ID) എന്നത് ഇതിന്റെ ഭാഗമാണ്. പി എം ശ്രീയിലൂടെ നടക്കാനിരിക്കുന്ന ഈ ഡാറ്റാ കേന്ദ്രീകരണ നീക്കത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഒരക്ഷരം മിണ്ടിയിട്ടില്ല.
ഇക്കാര്യത്തില്‍ കേരളം ഇതിനകം അപകടകരമായ പ്രവണത കാണിച്ചിട്ടുമുണ്ട്. ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റവും ഡാറ്റാ പരമാധികാരത്തിനു നേരെയുള്ള വെല്ലുവിളിയും കൂടി ഇതിലൂടെ വരുന്നുവെന്നത് ഏറെ ഗൗരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്. ഓരോ വിദ്യാര്‍ഥിക്കും അവരുടെ അക്കാദമിക് യാത്രയിലുടനീളം ഒപ്പം നിലനില്‍ക്കുന്ന തരത്തിലാണ് അവരുടെ ആധാറുമായി ബന്ധിപ്പിക്കുന്ന 12 അക്ക ഐഡി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മാര്‍ക്ക് ഷീറ്റുകള്‍, ഗ്രേഡ് ഷീറ്റുകള്‍, ഡിപ്ലോമകള്‍, ബിരുദങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, അവാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ വിവിധ അക്കാദമിക് നേട്ടങ്ങള്‍ ഡിജിലോക്കറില്‍ സംഭരിക്കും. ക്രഡന്‍ഷ്യലുകള്‍ ആക്സസ് ചെയ്യാനും പരിശോധിക്കാനും എളുപ്പമായിരിക്കും. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ് (ABC) പോലുള്ള വിവിധ വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലും സേവനങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ഇത് ഒരു ഡിജിറ്റല്‍ ഐഡന്റിറ്റിയായിരിക്കും.
എല്ലാ അക്കാദമിക് രേഖകളും എളുപ്പത്തില്‍ ലഭ്യവുമെന്ന് മാത്രമല്ല എളുപ്പത്തില്‍ പരിശോധിക്കാവുന്നതുമാണ്. ഇത് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇടയിലുള്ള തടസ്സമില്ലാത്ത കൈമാറ്റങ്ങള്‍ സുഗമമാക്കുകയും ചെയ്യും. ഖേദകരമെന്നു പറയട്ടെ വളരെ ഉപകാരപ്രദമായ ഈ ഐഡി നമ്മുടെ സംസ്ഥാനത്തിന്റെ സാങ്കേതിക സംവിധാനം വഴിയാണ് രൂപപ്പെടുത്തേണ്ടിയിരുന്നത്.
 പക്ഷെ കേന്ദ്രത്തിന്റെ യുഡയിസ് പ്ലസ് (Unified District Information System For Education Plus -UDISE+) പോര്‍ട്ടല്‍ വഴിയാണ് ഇത് സൃഷ്ടിക്കുന്നത്. ഇത് നമ്മുടെ ഡാറ്റാ പരമാധികാരത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. ദേശീയ വിദ്യാഭ്യാസ നയത്തോട് ശക്തമായ വിയോജിപ്പ് ഇപ്പോഴും വാചകമടിയില്‍ മാത്രം പരസ്യമായി രേഖപ്പെടുത്തുന്ന സംസ്ഥാനമായി കേരളത്തിലെ ഇടതുസര്‍ക്കാരും നേതാക്കളും മാറിയിരിക്കുന്നു. പ്രായോഗിക തലത്തില്‍ ഈ നിലപാട് വൈരുധ്യമാണ്. സ്‌കൂള്‍ തലത്തിലും ഉന്നത വിദ്യാഭ്യാസ തലത്തിലും നമ്മുടെ ഡാറ്റാ സംരക്ഷണം നമ്മുടെ കൈയ്യില്‍ നിന്ന് നഷ്ടമായിരിക്കുന്നു.
കൈറ്റ് (Kerala Infrastructure and Technology for Education KITE) വഴി സംസ്ഥാനത്തിന്റെ പരമാധികാരം ഉറപ്പിച്ച ഒരു പാരമ്പര്യമുണ്ടായിട്ടും 2023 ലെ ഓണം അവധിക്കാലത്ത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ സ്വകാര്യ വിവരങ്ങള്‍ രക്ഷിതാക്കളുടെ സമ്മതമില്ലാതെ സര്‍വ ശിക്ഷാ അഭയാന്‍ (എസ് എസ് എ) വഴി കേന്ദ്രത്തിന്റെ യുഡയിസ് പ്ലസ്, എപിഎഎആര്‍ പോര്‍ട്ടലുകളിലേക്ക് അപ്ലോഡ് ചെയ്യപ്പെട്ടുവെന്ന ദയനീയ യാഥാര്‍ഥ്യം കേരളത്തിലെ സാങ്കേതിക വിദ്ഗധര്‍ ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ മറുപടി പറഞ്ഞിട്ടില്ല.
മാത്രമല്ല ഉന്നത വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ് (എ ബി സി) പോലുള്ള സംവിധാനങ്ങള്‍ക്കായി എ പി എ എ ആര്‍ - ഐഡി കേരളം ഇതിനകം സ്വീകരിച്ചുകഴിഞ്ഞുവെന്നാണ് അറിയുന്നത്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ വക്താവ് റിച്ചാര്‍ഡ് സ്റ്റാള്‍മാനെ കൊണ്ടുവന്ന് ബദല്‍ ആലോചിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെപ്പോലുള്ളവരുടെ പിന്തുടര്‍ച്ചക്കാരാണ് ഈ നിലപാടിലെത്തിയതെന്ന ദുരന്തം കൂടി തിരിച്ചറിയണം.
മാത്രമല്ല ഈ ഡിജിറ്റല്‍ കടന്നു കയറ്റത്തെ തമിഴ്‌നാടും പശ്ചിമബംഗാളും എന്തിന് കര്‍ണ്ണാടക പോലും നേരിട്ടതെങ്ങനെയെന്ന് അറിയുന്നതും നല്ലതായിരിക്കും. ദേശീയ വിദ്യാഭ്യാസ നയം തോട്ടിലെറിഞ്ഞ തമിഴ്‌നാട് സംസ്ഥാന വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനൊപ്പം, കേന്ദ്രത്തിന്റെ എ പി എ എ ആര്‍ - ഐഡി എന്ന ആശയത്തെ ഘടനാപരമായിത്തന്നെയാണ് പ്രതിരോധിച്ചത്.
'മക്കള്‍ ഐഡി' (Makkal ID) എന്ന പേരില്‍ ഒരു സമാന്തര സംസ്ഥാന റെസിഡന്റ് ഡാറ്റാബേസ് നിര്‍മിച്ചു ഡാറ്റാ കേന്ദ്രീകരണത്തെ പ്രായോഗികമായി നേരിട്ടു. നയപരമായി തീരുമാനം കൈക്കൊണ്ട് ശക്തമായ പ്രായോഗിക രാഷ്ട്രീയം അവതരിപ്പിക്കുകയാണ് തമിഴ്‌നാട് ചെയ്തത്. പശ്ചിമ ബംഗാളും കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തെയും യുഡയിസ് പ്ലസ് പോര്‍ട്ടലിലേക്ക് ഡാറ്റ നല്‍കണമെന്ന ആവശ്യത്തെയും പ്രതിരോധിച്ചു. പരസ്യമായി നിരസിച്ച അവര്‍ തങ്ങള്‍ക്ക് 'ബാംഗ്ലാര്‍ ശിക്ഷാ' (Banglar Shiksha) എന്ന സ്വന്തം പോര്‍ട്ടലുണ്ടെന്ന് വ്യക്തമാക്കി.
പശ്ചിമബംഗാളിന്റെ ഡാറ്റാ പരമാധികാരം വിട്ടുനല്‍കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. കര്‍ണാടകയിലാകട്ടെ ബി ജെ പി സര്‍ക്കാറിന്റെ കാലത്താണ് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഈ നയം നടപ്പിലാക്കിയ ആദ്യ സംസ്ഥാനങ്ങളിലൊന്നായിരുന്നു കര്‍ണാടക. പക്ഷെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എ പി എ എ ആര്‍-ഐഡി രജിസ്‌ട്രേഷന്‍ തീരുമാനം തിരുത്തി.
എന്‍ഇപി പൂര്‍ണമായും റദ്ദാക്കാനും സംസ്ഥാന വിദ്യാഭ്യാസ നയം രൂപീകരിക്കാനും തീരുമാനിച്ചു. എ പി എ എ ആര്‍-ഐഡിയുടെ കാര്യത്തിലും ആശയക്കുഴപ്പം നിലവിലുണ്ടെങ്കിലും മാറ്റം പൂര്‍ണമായിട്ടില്ലെങ്കിലും നിലപാടെടുത്തിട്ടുണ്ട് എന്നത് ആശാവഹമായ നീക്കമാണ്.
പഴയ റിയാസും പുതിയ ശിവന്‍കുട്ടിയും
പിഎം ശ്രീ വിവാദമായിക്കൊണ്ടിരിക്കെ വിവിധ മാധ്യമങ്ങളില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് എതിര്‍ക്കപ്പെടണം... എന്ന ചോദ്യമുന്നയിച്ച് 2020 ജൂലൈ 30നാണ് റിയാസിന്റെ നെടുങ്കന്‍ സമൂഹമാധ്യമ ഇടപെടല്‍. വിദ്യാഭ്യാസ കച്ചവടത്തിനും വര്‍ഗീയവത്കരണത്തിനും കാരണമാകുന്നതോടൊപ്പം രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ഹനിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും 15 കാരണങ്ങള്‍ നിരത്തി റിയാസ് വ്യക്തമാക്കിയിരുന്നു.
നാനാത്വത്തില്‍ ഏകത്വം നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഓരോ പ്രദേശത്തേയും വൈവിധ്യം ഉള്‍ക്കൊള്ളാത്ത തരം വിദ്യാഭ്യാസമാണ് ഈ നയത്തിലെന്നും ഗവേഷണത്തിനായുള്ള നിയന്ത്രണ അഥോറിറ്റി ചില പ്രത്യേക വിഷയങ്ങളിലേക്കുള്ള ഗവേഷണ ഗ്രാന്റിലൂടെ കാവിവത്കരണത്തിന് പ്രേരണ നല്‍കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും എടുത്തുപറയുന്ന റിയാസ്, വിദ്യാഭ്യാസം ധനികരുടെ മാത്രം കുത്തകയാക്കി നയം മാറ്റുന്നുവെന്നും പാവപ്പെട്ടവര്‍ പഠിക്കാനെന്തുചെയ്യുമെന്നും ചോദിക്കുന്നുണ്ട്.
 ഈ ചോദ്യങ്ങളെല്ലാം ഒരൊറ്റ ധാരണാ പത്രത്തിലൂടെ റദ്ദാക്കപ്പെടുകയായിരുന്നു. ന്യായീകരണത്തിന്റെ പല തരം വേര്‍ഷനുകളുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തുവരുന്ന ഇടതു ബുദ്ധിജീവികളും മുന്‍ധനമന്ത്രി ഡോ.തോമസ് ഐസക് ഉള്‍പ്പെടെയുള്ളവരും പല തരം ന്യായീകരണങ്ങളുയര്‍ത്തി കുഴങ്ങുക തന്നെയാണ്.
സംസ്ഥാനത്തിന്റെ അവകാശമെന്ന നിലയില്‍ എന്ത് പഠിപ്പിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും മറ്റു നേതാക്കളും പറയുന്നുവെങ്കിലും ധാരണാപത്രം അതിനെതിരാണ്. മാത്രമല്ല കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടത്തിനും കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ഭരണകൂടത്തിനുമുള്ള അറബി, ഉറുദു ഭാഷകളോടുള്ള സമീപനം, ജെന്‍ഡര്‍ യൂണിഫോം ഉള്‍പ്പെടെ വിഷയങ്ങളിലെ നിലപാട് എല്ലാം ഒന്നായിരിക്കെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രായോഗികവത്കരണത്തിന് വഴികള്‍ എളുപ്പമാവുകയും ചെയ്യും. ബി ജെ പി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന ചേര്‍ത്ത് വായിക്കാവുന്നതാണ്.
''കുട്ടികള്‍ക്ക് സവര്‍ക്കറെയും ഹെഡ്‌ഗേവാറിനെയും കുറിച്ച് പഠിക്കേണ്ടി വരും. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്‌ഐആര്‍ നടപ്പിലാക്കും. സിഎഎയും പൗരത്വ രജിസ്റ്ററും ഇവിടെ നടപ്പാകും. അതാണ് യാഥാര്‍ഥ്യം.''- ഇത്രയും പറഞ്ഞ സുരേന്ദ്രന്‍ ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് പഠിപ്പിച്ചാല്‍ അപ്പോള്‍ കാണാമെന്ന വെല്ലുവിളിയുമുയര്‍ത്തി.
കെ സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണമാണെന്നും കേരള വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണെന്നും മന്ത്രി ശിവന്‍കുട്ടി രംഗത്തെത്തി. ഗാന്ധിയെ കൊന്നത് ഗോഡ്‌സെ എന്ന് തന്നെയാണ് കേരളം പഠിപ്പിക്കുന്നത് എന്നും വ്യക്തമാക്കുന്നുണ്ട്. പക്ഷെ ഈ ന്യായീകരണങ്ങള്‍ ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായ ദേശീയ വിദ്യാഭ്യാസ നയത്തിലൂന്നിയുളള കരിക്കുലം പിഎം ശ്രീ സ്‌കൂളില്‍ വരുന്നതോടെ ഇല്ലാതാവുമെന്ന യാഥാര്‍ഥ്യം വിദ്യാഭ്യാസമന്ത്രിക്ക് നിഷേധിക്കാനാവില്ല.
ഒപ്പിന്റെ ന്യായവും ഒളിച്ചുകളി രാഷ്ട്രീയവും
പാവപ്പെട്ട കുട്ടികള്‍ക്ക് അവകാശപ്പെട്ട കേന്ദ്രഫണ്ട് പോലും തടഞ്ഞുവെക്കപ്പെട്ട സന്ദര്‍ഭത്തിലുള്ള തന്ത്രപരമായ തീരുമാനമാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതെന്ന് 2025 ഒക്ടോബര്‍ 25-ന് വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി വിശദീകരിച്ചത്. സമഗ്ര ശിക്ഷാ കേരള പദ്ധതിയുടെ നാല്‍പ്പത് ലക്ഷത്തോളം വരുന്ന പാര്‍ശ്വവത്കൃത വിദ്യാര്‍ഥികളുടെ 1476 കോടി രൂപ തടഞ്ഞുവെച്ചതാണ് ഒപ്പുവെക്കാന്‍ കാരണമെന്നാണ് മന്ത്രിയുടെ ന്യായീകരണം.
ഡാറ്റാ പരമാധികാരമുള്‍പ്പെടെ കേന്ദ്രത്തിന് കൈമാറിയ മന്ത്രി ന്യായീകരണവുമായി രംഗത്തുവരുമ്പോള്‍ 2021-ല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ പുസ്തകം പാഠഭാഗമായി ഉള്‍പ്പെടുത്തിയത് ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഈ വൈചിത്ര്യം അവിടെ നില്‍ക്കട്ടെ, എങ്കിലും മതനിരപേക്ഷതക്ക് കോട്ടം തട്ടുന്ന ഒന്നും പിഎം ശ്രീയിലൂടെ ഉണ്ടാവില്ലെന്ന 'കുറുപ്പി'ന്റെ ഉറപ്പ് നല്‍കാന്‍ അദ്ദേഹത്തിന് തെല്ലും മടിയില്ല.
 ഫണ്ട് തടയപ്പെട്ടതാണ് എന്ന വിദ്യാഭ്യാസമന്ത്രിയുടെ വാദം മുഖവിലക്കെടുക്കുമ്പോള്‍ തന്നെ ചോദ്യങ്ങള്‍ പിന്നെയും ബാക്കിയാവുകയാണ്. ഒപ്പിട്ടത് പോലും ഒളിച്ചുകളിയിലൂടെയായത് എന്തുകൊണ്ട് എന്നത് കേരളീയരോട് മറുപടി പറയേണ്ട ചോദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്. 2024-ലും 2025 ഏപ്രിലിലും മന്ത്രിസഭയില്‍ പിഎം ശ്രീ വിഷയം ചര്‍ച്ചയില്‍ വന്നിരുന്നു. ആ രണ്ടു തവണയും നയപരമായ തീരുമാനങ്ങള്‍ക്കായി മാറ്റിവെച്ച വിഷയമാണിതെന്ന് ഘടകകക്ഷികള്‍ വ്യക്തമാക്കുകയും ചെയ്തു.
കാഴ്ചപ്പാടും നയനിലപാടും വേണമെന്ന വിഷയത്തില്‍ മന്ത്രിസഭ മാറ്റിവെച്ച ഒരു വിഷയം എങ്ങനെ ഒരു ആലോചനയുമില്ലാതെ ധാരണാപത്രത്തിലെത്തി? ഈ സംശയം തന്നെയാണ് വാര്‍ത്താസമ്മേളനം നടത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഐ മന്ത്രിമാരും ചോദിച്ചത്.
മന്ത്രിമാരോ ഇടതുമുന്നണി കണ്‍വീനറോ സി പി ഐ നേതാക്കളോ വിവരം അറിഞ്ഞില്ല. എന്തിന്, സിപിഎം ജനറല്‍സെക്രട്ടറി എംഎ ബേബി പോലും ഒന്നും അറിഞ്ഞില്ല.
കേരളം കാര്യമായി തന്നെ പണം മുടക്കി കേന്ദ്രസര്‍ക്കാരിന്റേയും മോഡിയുടേയും ബ്രാന്‍ഡിംഗിന് വിട്ടുകൊടുക്കണമോ എന്നും സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒത്താശ ചെയ്യണമോയെന്നും സിപിഐ മന്ത്രിമാര്‍ വിമര്‍ശനമുന്നയിച്ചു. ആര്‍ എസ് എസ് തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാടും നയവും ഇടതു സര്‍ക്കാര്‍ ബലികഴിക്കരുതെന്നായിരുന്നു സിപിഐ മുഖപത്രമായ ജനയുഗം എഡിറ്റോറിയല്‍ ലേഖനത്തില്‍ വ്യക്തമാക്കിയത്. സിപിഐ ജനറല്‍സെക്രട്ടറി ഡി രാജയും ആരുമറിയാതെ ഒപ്പിട്ടതിലുള്ള അതൃപ്തി പരസ്യമാക്കി.
2025 ഒക്ടോബര്‍ 10-നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ അടച്ചിട്ട മുറിയിലെ ദീര്‍ഘനേര കൂടിക്കാഴ്ച നടന്നത്. ഇതേ ഡല്‍ഹി സന്ദര്‍ശനത്തിന്റെ ഭാഗമായി പതിവിനു വിപരീതമായി ആഭ്യന്തരമന്ത്രി അമിത്ഷായുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി കേരളാ മുഖ്യമന്ത്രി മണിക്കൂറുകള്‍ ചെലഴിച്ചു. ഈ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് ധൃതിപിടിച്ച് പിഎം ശ്രീ ധാരണയിലെത്തിയതെന്ന സംശയം ബലപ്പെട്ടുവരികയാണ്. 2025 ഒക്ടോബര്‍ 16-നാണ് ധാരണാപത്രം തയ്യാറായത്. പക്ഷെ ഇക്കാര്യവും ഔദ്യോഗികമായി മറച്ചുവെച്ചു.
മന്ത്രിമാരോ ഇടതുമുന്നണി കണ്‍വീനറോ മറ്റുള്ളവരോ സി പി ഐ നേതാക്കളോ വിവരം അറിഞ്ഞില്ല. എന്തിന്, സിപിഎം ജനറല്‍സെക്രട്ടറി എംഎ ബേബി ഇക്കാര്യത്തില്‍ വെറും 'ബേബി' ആയിപ്പോയി. സിപിഐയുടെ ആശങ്ക പരിഹരിക്കുമെന്ന പ്രസ്താവനയുമായി വന്ന അദ്ദേഹം പിന്നീട് ഒപ്പിട്ടത് ന്യായീകരിക്കാന്‍ നടത്തിയ പെടാപാട് ആയിരുന്നു അതിദയനീയം. മന്ത്രിസഭാ യോഗത്തില്‍ മന്ത്രി കെ രാജന്‍ വിമര്‍ശനം ഉന്നയിച്ചപ്പോഴും വി ശിവന്‍കുട്ടി മൗനം പാലിച്ചു. ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരമാണെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പോലും ചര്‍ച്ചയില്ലാതെയായിരുന്നു ഒപ്പിടല്‍.
മാത്രമല്ല, ദേശീയ വിദ്യാഭ്യാസ നയം അതേരീതിയില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കണമെന്നതാണ് പിഎം ശ്രീ പദ്ധതി എന്നതിനാല്‍ നയപരമായ തീരുമാനം എടുക്കേണ്ടതുണ്ടെന്ന സംസ്ഥാന നിയമവകുപ്പിന്റെ ഉപദേശവും സര്‍ക്കാര്‍ തള്ളിക്കളഞ്ഞുവെന്ന ഗുരുതരമായ പ്രശ്‌നവും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചുരുക്കത്തില്‍ കേരളത്തിലെ ഭാവി തലമുറയെ അപകടകരമായ ചിന്തയിലേക്ക് വലിച്ചെറിയാന്‍ പാകത്തില്‍ വലിയ ഗര്‍ത്തം രൂപപ്പെടുത്തുന്ന പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം കൈമാറല്‍ ഏതോ ചില അഴുക്കു നിറഞ്ഞ പിന്നാമ്പുറ രഹസ്യങ്ങളിലേക്കാണ് വഴിതുറക്കുന്നത്. അത് തുറന്നുകാട്ടപ്പെടുക മാത്രമല്ല ഈ നീക്കം ജനാധിപത്യപരമായി തടയപ്പെടുകയും അതിനെതിരെ കൂടുതല്‍ ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യേണ്ടതുണ്ട്, കേരളീയ മതേതര സമൂഹം അതാവശ്യപ്പെടുന്നുണ്ട്.
