മുസ്‌ലിം സ്വത്വബോധത്തെ ദുര്‍ബലപ്പെടുത്തുന്ന ലിബറല്‍ സ്വാധീനങ്ങള്‍


മുസ്‌ലിം ലിബറല്‍ വാദം പല രൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സംഘടിത രൂപം ഇല്ലെങ്കിലും അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മുസ്‌ലിം പ്രൊഫഷനലുകള്‍, മുസ്‌ലിം ലിബറല്‍വാദത്തിന്റെ പ്രണേതാക്കളാണ്.

ഇസ്‌ലാമിക പ്രബോധനത്തോടും മുസ്‌ലിം സ്വത്വബോധത്തോടും എതിര്‍പ്പ്, സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച ഇസ്‌ലാമിക നിയമങ്ങളോടുള്ള വിയോജിപ്പ്, ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടുമുള്ള വിരക്തി മുതലായവ ലിബറല്‍ സ്വാധീനങ്ങളുടെ ഫലമായി ഇപ്പോള്‍ ചിലരില്‍ കാണാറുണ്ട്.

കേരളീയ പശ്ചാത്തലത്തില്‍ സര്‍വമത സത്യവാദവും, എക്‌സ് മുസ്‌ലിംകളുടെ പേരില്‍ കടുത്ത ഇസ്‌ലാം വിമര്‍ശനവും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമാണ്. ചില മുഖ്യധാരാ മുസ്‌ലിം സംഘടനകളുടെ പ്രവര്‍ത്തകരെ ഇതിന്റെ മുന്‍നിര പ്രചാരകരായി കാണുന്നു എന്നത് ഗൗരവകരമാണ്.

ആഗോളതലത്തില്‍ തന്നെ മുസ്‌ലിം ലിബറല്‍ വാദം പല രൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സംഘടിത രൂപം ഇല്ലെങ്കിലും അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മുസ്‌ലിം പ്രൊഫഷനലുകള്‍, മുസ്‌ലിം ലിബറല്‍വാദത്തിന്റെ പ്രണേതാക്കളായും പ്രയോക്താക്കളായും രംഗത്തുണ്ട്.

2007ല്‍ അമേരിക്കയിലെ കലിഫോര്‍ണിയയില്‍ സ്ഥാപിതമായ ഒരു സംഘടനയാണ് മുസ്‌ലിംസ് ഫോര്‍ പ്രോഗ്രസീവ് വാല്യൂസ് (MPV). മതം എന്നാല്‍ വ്യക്തിയും ദൈവവും തമ്മിലുള്ള ഒരേര്‍പ്പാടാണ്, മറ്റൊരാള്‍ അതിനെ ചോദ്യം ചെയ്യാനോ ജഡ്ജ് ചെയ്യാനോ പാടില്ല. വംശം, ദേശീയത, ലൈംഗികത, ലൈംഗിക വൈവിധ്യം എന്നിവയൊന്നും പരിഗണിക്കാതെ എല്ലാവരുടെയും സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുക എന്നതാണ് എം പി വിയുടെ മുഖ്യലക്ഷ്യം.

Is there room for lesbian, gay, transgender Muslims in Islam എന്ന പേരില്‍ ഒരു ലേഖനം അല്പം മുമ്പ് എം പി വിയുടെ വെബ് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജോര്‍ജിയയിലെ ഇമോറി യൂനിവേഴ്‌സിറ്റിയിലെ മിഡിലീസ്റ്റ് ആന്‍ഡ് സൗത്തേഷ്യ സ്റ്റഡീസ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സ്‌കോട്ട് സിറാജുല്‍ ഹഖ് ആണ് ഈ ലേഖനം എഴുതിയത്.

ഇതിനോടുള്ള പ്രതികരണമായി കാലിഫോര്‍ണിയയില്‍, നിന്നുള്ള ഒരു പതിനാറു വയസ്സുകാരി എഴുതിയത് ഇങ്ങനെയാണ്: 'കാലിഫോര്‍ണിയയിലെ ബേ ഏരിയയില്‍ നിന്നുള്ള 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് ഞാന്‍. ഒരു മാസമായി എനിക്ക് എന്റെ സ്വന്തം ലൈംഗികതയില്‍ ബുദ്ധിമുട്ട് തോന്നാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഒരു ബൈ സെക്ഷ്വല്‍ മുസ്‌ലിമാകുന്നത് ഹറാമാണെന്ന് ഞാന്‍ കരുതിയിരുന്നു.

എന്നെ ഇത്രയും കാലം പഠിപ്പിച്ച പാഠങ്ങള്‍ കൊണ്ട്, എനിക്ക് അനുഭവപ്പെട്ട വ്യത്യസ്തമായ സെക്ഷ്വല്‍ ഓറിയന്റേഷനെ ഞാന്‍ നിഷേധിച്ചു പോന്നു. അപ്പോഴാണ് ലെസ്ബിയന്‍, ഗേ, ട്രാന്‍സ്‌ജെന്‍ഡര്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമില്‍ ഇടമുണ്ടെന്ന ഈ ലേഖനം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അത് വായിച്ച്, മുസ്‌ലിമായി കൊണ്ടു തന്നെ ഈ ലോകത്ത് ഒരു ഇടമുണ്ടെന്നു തോന്നി.

വളരെക്കാലമായി എനിക്ക് സംഘര്‍ഷം അനുഭവപ്പെടുന്നുണ്ടായിരുന്നു. പക്ഷേ ലെസ്ബിയന്‍ സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഇസ്‌ലാമില്‍ പാപമല്ലെന്ന് എന്നെ ബോധ്യപ്പെടുത്തി തന്നതിന് നന്ദി'.

ഇതൊന്നും ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാവുന്നതല്ല. രണ്ടു മാസങ്ങള്‍ക്കു മുമ്പ് പരിചയത്തിലുള്ള ഒരു വനിതാ കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് ഈ ലേഖകനെ വിളിച്ചു. കോഴിക്കോട് നഗരത്തിലെ മുസ്‌ലിം മാനേജ്‌മെന്റിലുള്ള ഒരു കോളേജിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ അവരെ സമീപിക്കുന്നു. വിശദീകരണത്തില്‍ തങ്ങള്‍ ഒരു ഗേ ഗ്രൂപ്പില്‍ പെട്ട ചെറുപ്പക്കാര്‍ ആണെന്നും ആ അര്‍ത്ഥത്തില്‍ പരസ്പരം ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ടെന്നുമാണ് അവര്‍ പറയുന്നത്.

എന്നാല്‍ കുറച്ചുകാലമായി തങ്ങള്‍ക്ക് ഇതില്‍ നിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ട്. ഈ കാര്യത്തില്‍ കൗണ്‍സലറുടെ സഹായം തേടിയാണ് അവര്‍ വന്നത്. വന്ന കുട്ടികളാകട്ടെ ഭൂരിഭാഗവും മുസ്‌ലിംകളില്‍ പെട്ടവരുമാണ്. ഈ പ്രശ്‌നത്തിന്റെ ഇസ്‌ലാമികമായ വശം അന്വേഷിച്ചു കൊണ്ടാണ് അവര്‍ വിളിച്ചത്. ഇവ സൂചിപ്പിക്കുന്നത് നമ്മുടെ ക്യാമ്പസുകളിലും മറ്റും ഇതുപോലുള്ള ആശയങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നു എന്നു തന്നെയാണ്.

'റാന്‍ഡ്' കോര്‍പ്പറേഷനും സ്വതന്ത്ര ലൈംഗികതയും 1948ല്‍ അമേരിക്കയിലെ കലിഫോര്‍ണിയല്‍ സ്ഥാപിതമായ ഒരു റിസര്‍ച്ച് ഗ്രൂപ്പാണ് RAND. തുടക്കത്തില്‍ അമേരിക്കന്‍ വ്യോമസേനക്കായി സ്ഥാപിതമായെങ്കിലും പിന്നീട് വിവിധ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ആഗോളതലത്തില്‍ പ്രശസ്തമായ ഒരു തിങ്ക് ടാങ്ക് ആണ് 'റാന്‍ഡ്'.

2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ലോകത്താകമാനമുള്ള മുസ്‌ലിം ഗ്രൂപ്പുകളെ പഠിക്കാന്‍ മുന്നിട്ടിറങ്ങി. 2007ല്‍ Building Moderate Muslim Network എന്ന പേരില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഇത് മിതവാദി മുസ്‌ലിം നെറ്റ്‌വര്‍ക്കുകള്‍ നിര്‍മിക്കുന്നതിനുള്ള ബ്ലുപ്രിന്റ് എന്നറിയപ്പെടുന്നു. മുസ്‌ലിം ലോകത്ത് മിതവാദ ലിബറല്‍ ലിംഗ സമത്വ വാദ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുക, ലിബറല്‍ മുസ്‌ലിം പണ്ഡിതരെ മുന്നോട്ടു കൊണ്ടുവരിക, സ്ത്രീവാദ പ്രസ്ഥാനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരിക തുടങ്ങിയവയാണ് പ്രധാന ഉള്ളടക്കം.

'റാന്‍ഡ്' റിപ്പോര്‍ട്ട് നിരവധി പദ്ധതികളും നിര്‍ദ്ദേശിച്ചിരുന്നു. മോഡറേറ്റ് മുസ്‌ലിം ശൃംഖലകള്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നതിനും ഈ ശ്രമങ്ങളെ മൊത്തത്തിലുള്ള പരിപാടികളുമായി ബന്ധിപ്പിക്കുന്നതിനും അമേരിക്കന്‍ ഗവണ്‍മെന്റ് ശക്തമായ തീരുമാനമെടുക്കണം. ജനാധിപത്യ സംസ്‌കാരത്തെ പാലിക്കുന്ന പങ്കാളികളെ വളര്‍ത്തണം.

നന്മ നിറഞ്ഞ ഏതൊരു സാമൂഹികാവസ്ഥയ്ക്ക് പിന്നിലും, രാസത്വരകമായി മികച്ചൊരു ആശയമുണ്ടാകും. ഇസ്‌ലാം മനുഷ്യ സമൂഹത്തിന് മുമ്പില്‍ അത്തരമൊരു ആശയം മുന്നോട്ടു വെക്കുകയും പൂര്‍ണാര്‍ഥത്തില്‍ ഒരു സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

പ്രാരംഭ ശ്രമങ്ങള്‍ വിശ്വസനീയമായ ഒരു പങ്കാളിയുടെ ഗ്രൂപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവിടെ നിന്ന് വികസിക്കുകയും വേണം. യൂറോപ്പ്, തുര്‍ക്കി, തെക്കു കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ മുസ്‌ലിം സമൂഹങ്ങളില്‍ നിന്ന് ലിബറല്‍ ആശയങ്ങളുടെ ഒഴുക്ക് മിഡിലീസ്റ്റിലേക്ക് പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. റാഡിക്കല്‍ ഇസ്‌ലാം ന്യൂനപക്ഷമാണെങ്കിലും മുസ്‌ലിം സമൂഹങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ശൃംഖലകള്‍ ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ലിബറല്‍ മുസ്‌ലിംകള്‍ക്ക് സമാന ശൃംഖലകള്‍ ഇല്ല. ഇതേ തുടര്‍ന്ന് മുസ്‌ലിം ലിബറല്‍ ശൃംഖലകളും സ്ഥാപനങ്ങളും സൃഷ്ടിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കുകയും ഇതിനായി ഒരു റോഡ്മാപ്പ് വികസിപ്പിക്കുകയും സമാന ചിന്താഗതികള്‍ ഉള്ളവരുടെ ഡാറ്റാബേസ് സൃഷ്ടിക്കുകയും ചെയ്യണം.

പോസ്റ്റ് ഐഡിയോളജി

1960-ലാണ് ഡാനിയല്‍ ബെല്ലിന്റെ The end of ideology എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ലോകത്ത് ഇനി ആശയ ശാസ്ത്രങ്ങളുടെ കാലം അവസാനിച്ചുവെന്നും സാങ്കേതിക വിദ്യയും ഭരണകൂടങ്ങളുമാണ് മനുഷ്യന്റെ ഭാവി തീരുമാനിക്കുന്നതെന്നും കൃതി ഊന്നി പറയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം പോസ്റ്റ് ഐഡിയോളജിക്കല്‍ ഏജ് ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു.

ഡാനിയല്‍ ബെല്ലിന്റെ The end of ideology എന്ന ഗ്രന്ഥം

നന്മ നിറഞ്ഞ ഏതൊരു സാമൂഹിക അവസ്ഥയ്ക്ക് പിന്നിലും, അതിന് രാസത്വരകമായി ഒരു മികച്ച ആശയമുണ്ടാകും. ഇസ്‌ലാം മനുഷ്യ സമൂഹത്തിന് മുമ്പില്‍ അത്തരമൊരു ആശയത്തെ മുന്നോട്ടു വെക്കുകയും പൂര്‍ണാര്‍ത്ഥത്തില്‍ ഒരു സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

കാലക്രമത്തില്‍ മുസ്‌ലിംകള്‍ക്ക് സംഭവിച്ച, അപചയം സംബന്ധിച്ചും അത് ലോകത്തിന് വരുത്തിയ മഹാനഷ്ടത്തെ കുറിച്ചും മഹാനായ പണ്ഡിതന്‍ മൗലാന അബുല്‍ ഹസന്‍ അലി നദ്‌വി എഴുതിയിട്ടുണ്ട് (മുസ്‌ലിംകളുടെ പതനവും ലോകത്തിന്റെ നഷ്ടവും).

ഏറ്റവും ദുഷിച്ച ഒരു സാമൂഹികാവസ്ഥക്ക് പിന്നിലും ഒരു ആശയമുണ്ടാകും. പോസ്റ്റ് ഐഡിയോളജി അതിരുകളും അതിര്‍ത്തികളുമുള്ള ആശയങ്ങളെ നിരാകരിക്കുന്നു. അത് ഓരോ വ്യക്തിയുടെയും ഇച്ഛകള്‍ക്കും ചോദനകള്‍ക്കും അനുസരിച്ച് തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്ന ആശയമില്ലായ്മയാണ്.

മുതലാളിത്തവും സാമ്രാജ്യത്വവും പടച്ചുവിടുന്ന, മനുഷ്യന്റെ അനിവാര്യമായ ദുരന്ത വിധിക്ക് കാരണമാകുന്ന, ചീഞ്ഞളിഞ്ഞ ഇത്തരം ആശയങ്ങള്‍ക്ക് മതവിശ്വാസികള്‍ തലവെച്ചു കൊടുക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം. സമൂഹത്തിനു വേണ്ടി ക്രിയാത്മകമായി നിലകൊള്ളുന്ന ഒരു വിഭാഗമായി മാറാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കണം. വിനാശകരമായ എല്ലാ പ്രത്യയശാസ്ത്രങ്ങളോടും 'നോ' പറയാന്‍ നമുക്കാവണം.

ഇസ്‌ലാമിക വിശ്വാസത്തെ ലോക വീക്ഷണത്തിന്റെ അടിസ്ഥാനമാക്കി ഉറച്ച ബോധ്യത്തോടെ സ്വീകരിക്കുന്ന ഒരു മുസ്‌ലിം തന്റെ വ്യക്തിത്വത്തെയും താന്‍ ജീവിക്കുന്ന ചുറ്റുപാടിനെയും രൂപപ്പെടുത്തുന്നതില്‍ മതവിശ്വാസത്തിന്റെ പങ്ക് തിരിച്ചറിയുമ്പോള്‍ മാത്രമേ സാമ്രാജ്യത്വ കൊളോണിയല്‍ മതനിരാസ ഗൂഢ തന്ത്രങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയൂ.

ഖുര്‍ആനിന്റെ ചോദ്യം ഇവിടെ പ്രസക്തമാണ്: ''ആരാണ് യഥാര്‍ത്ഥ വഴികാട്ടി? മണ്ണില്‍ മുഖം കുത്തി ഇഴയുന്നവനോ, അതോ നേരായ പാതയില്‍ നിവര്‍ന്നു നടക്കുന്നവനോ?'' (വി.ഖു 67:22)