ഫലസ്തീനികള്‍ക്ക് സ്വയം നിര്‍ണയാവകാശമില്ലേ? ഹമാസിന്റെ പ്രതികരണം വ്യക്തമാക്കുന്നത്


ട്രംപിന്റെ ഗസ്സ പദ്ധതിയോടുള്ള ഹമാസിന്റെ ശ്രദ്ധാപൂര്‍വമായ പ്രതികരണം യുഎസ്-ഇസ്രായേല്‍ ചട്ടക്കൂടിലെ അടിസ്ഥാന വൈരുധ്യങ്ങളെ തുറന്നുകാട്ടുകയും ടെല്‍ അവീവില്‍ അഭൂതപൂര്‍വമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത ഒരു നീക്കമാണ്.

ഡൊണാള്‍ഡ് ട്രംപിന്റെ 20-പോയിന്റ് ഗസ്സ സമാധാന പദ്ധതിയോടുള്ള ഹമാസിന്റെ ശ്രദ്ധാപൂര്‍വമായ പ്രതികരണം യുഎസ്-ഇസ്രായേല്‍ ചട്ടക്കൂടിലെ അടിസ്ഥാന വൈരുധ്യങ്ങളെ തുറന്നുകാട്ടുകയും ടെല്‍ അവീവില്‍ അഭൂതപൂര്‍വമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത ഒരു നീക്കമാണ്. നിര്‍ദ്ദേശത്തിന്റെ പ്രധാന ഘടകങ്ങള്‍ അംഗീകരിച്ചുകൊണ്ട് മറ്റുള്ളവരെ തന്ത്രപരമായി കണ്ടീഷന്‍ ചെയ്യുന്നതിലൂടെ, ഹമാസ് അന്താരാഷ്ട്ര പിന്തുണ നേടാന്‍ ശ്രമിക്കുക മാത്രമല്ല, ഗസ്സയിലെ വംശഹത്യ നിര്‍ത്താന്‍ ഇസ്രായേലിനോട് പരസ്യമായി ആവശ്യപ്പെടാന്‍ ട്രംപിനെ നിര്‍ബന്ധിതനാക്കുകയും ചെയ്തു.

യു എസ് പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന എക്‌സ്‌ചേഞ്ച് ഫോര്‍മുല അനുസരിച്ച്, അനുകൂല സാഹചര്യമാണെങ്കില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് പ്രഖ്യാപിച്ചു. ഈ പദപ്രയോഗം തന്ത്രപരമാണ്. ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ ബന്ദി കൈമാറ്റത്തിനുള്ള സുരക്ഷാ ആശങ്കകള്‍ ഹമാസ് എടുത്ത് പറഞ്ഞു. അതേസമയം അത് ട്രംപിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുമാണ്.

'ഫലസ്തീന്‍ ദേശീയ സമവായത്തെ അടിസ്ഥാനമാക്കിയുള്ളതും അറബ്, ഇസ്ലാമിക പിന്തുണയെ ആശ്രയിക്കുന്നതുമായ ഫലസ്തീന്‍ സ്വതന്ത്രരുടെ (സാങ്കേതിക വിദഗ്ധരുടെ) ഒരു സംവിധാനത്തിലേക്ക്' ഗസ്സയുടെ ഭരണം മാറ്റുന്നതും ഹമാസ് അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. ട്രംപും ടോണി ബ്ലെയറും നയിക്കുന്ന 'സമാധാന ബോര്‍ഡിനെ'ക്കുറിച്ചുള്ള പരാമര്‍ശം ഹമാസ് മനഃപൂര്‍വ്വം ഒഴിവാക്കി. ഭാഷാപരമായ ഈ കൃത്യത, ഫലസ്തീന്‍ കാര്യങ്ങളില്‍ വിദേശ നിയന്ത്രണം നിരസിക്കുന്നതിനൊപ്പം, ഹമാസിനെ സഹകരണ മനോഭാവത്തോടെ കാണാനും ആവശ്യപ്പെടുന്നതാണ്.

ഏറ്റവും പ്രധാനമായി, 'ഗസ്സയുടെ ഭാവിയും ഫലസ്തീന്‍ ജനതയുടെ അന്തര്‍ലീനമായ അവകാശങ്ങളും' സംബന്ധിച്ച വിശാലമായ വിഷയങ്ങള്‍ 'സമഗ്രമായ ഒരു ഫലസ്തീന്‍ ദേശീയ ചട്ടക്കൂടിനുള്ളില്‍' ചര്‍ച്ച ചെയ്യണമെന്നും അവിടെ ഹമാസ് അതിന്റെ ഭാഗമാകുകയും ഉത്തരവാദിത്തത്തോടെ സംഭാവന നല്‍കുകയും ചെയ്യും' എന്നും ഹമാസ് പ്രസ്താവിച്ചു. ഒരു ഭീകര സംഘടന എന്ന നിലക്ക് കാണുന്നതിനെ ചോദ്യം ചെയ്തുകൊണ്ട്, ഫലസ്തീന്‍ വിമോചനതിന് പ്രതിജ്ഞാബദ്ധമായ ഒരു നിയമാനുസൃത രാഷ്ട്രീയ കക്ഷിയായി ഈ പ്രതികരണത്തെ സമര്‍ത്ഥമായി ഹമാസ് സ്ഥാപിച്ചിരിക്കുന്നു.

ഇസ്രായേലിന് മേലുള്ള സമ്മര്‍ദ്ദം

ഇസ്രായേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ പരസ്യമായി സമ്മര്‍ദ്ദം ചെലുത്താന്‍ ട്രംപിനെ നിര്‍ബന്ധിതനാക്കി എന്നതാണ് ഹമാസിന്റെ പ്രതികരണത്തിന്റെ ശ്രദ്ധേയമായ ഒരു നേട്ടം. അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം ട്രംപ് നെതന്യാഹുവിന്റെ സൈനിക നീക്കങ്ങളെ തടയാന്‍ ശ്രമിക്കുന്നത് ഇതാദ്യമായാണ്. ഹമാസിനെതിരെ 'എല്ലാ നരകങ്ങളും' എന്ന് ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് ഇസ്രായേലി സംയമനം ആവശ്യപ്പെടുന്നതിലേക്കുള്ള ട്രംപിന്റെ മാറ്റം ഹമാസിന്റെ സോപാധിക സ്വീകാര്യതയുടെ തന്ത്രപരമായ ഫലപ്രാപ്തി വെളിപ്പെടുത്തുന്നതാണ്.

അവശ്യ വ്യവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ട് ന്യായയുക്തമായി തോന്നുന്നതിലൂടെ, ഫലസ്തീന്‍ വിട്ടുവീഴ്ചയില്‍ നിന്ന് ഇസ്രായേലി പിടിവാശിയിലേക്ക് ആഖ്യാനം പുനഃസ്ഥാപിക്കുന്നതില്‍ ഹമാസ് വിജയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഹമാസിന്റെ 'പ്രതിബദ്ധതയെ' പ്രശംസിക്കുകയും 'എല്ലാ ബന്ദികളുടെ മോചനവും ഗസ്സയിലെ വെടിനിര്‍ത്തലും കൈവരിക്കാവുന്നതേയുള്ളൂ' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രസ്താവനയെ സ്വാഗതം ചെയ്യുകയും 'ഗസ്സയിലെ ദാരുണമായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികളെയും പ്രേരിപ്പിക്കുകയും ചെയ്തു' എന്ന് പ്രസ്താവിക്കുകയും ചെയ്തു.

ഹമാസിന്റെ പ്രതികരണം അന്താരാഷ്ട്ര സമൂഹം അവഗണിച്ചുകൊണ്ടിരിക്കുന്ന ഒരു നിര്‍ണായകമായ അപകടസാധ്യതയെ കൂടെ പറഞ്ഞുവെക്കുന്നുണ്ട്. ബന്ധികളെ വിട്ടയച്ച ശേഷവും ഇസ്രായേല്‍ അതിന്റെ വംശഹത്യാ പ്രവര്‍ത്തനം തുടരാവുന്നതിലെ സാധ്യത. ഷിക്കാഗോ സര്‍വകലാശാലയിലെ അന്താരാഷ്ട്രബന്ധ വിദഗ്ധന്‍ ജോണ്‍ മിയേഴ്‌സ്‌ഹൈമര്‍ ഗസ്സയില്‍ ഇസ്രായേലിന്റെ പ്രാഥമിക ലക്ഷ്യം ഹമാസിനെ പരാജയപ്പെടുത്തുകയല്ല, മറിച്ച് വംശീയ ഉന്‍മൂലനം നടപ്പിലാക്കുക എന്നതാണ് എന്ന് വ്യക്തമാക്കുന്നു.

വഞ്ചന തുടരുമോ?

'ഗ്രേറ്റര്‍ ഇസ്രായേല്‍' എന്ന് അവര്‍ കരുതുന്ന പ്രദേശത്ത് നിന്ന് ഫലസ്തീനികളെ നീക്കം ചെയ്യുകയാണ് ഇസ്രായേലിന്റെ ദീര്‍ഘകാല ലക്ഷ്യം എന്നാണ് മിയേഴ്‌സ്‌ഹൈമര്‍ നിരീക്ഷിക്കുന്നത്. 1948, 1967 വംശഹത്യ കാംപെയ്‌നുകളെ തുടര്‍ന്നുള്ള 'ഒരു വലിയ വംശീയ ഉന്‍മൂലനത്തിന്റെ മൂന്നാമത്തെ ശ്രമം' എന്നാണ് മിയേഴ്‌സ്‌ഹൈമര്‍ വിശേഷിപ്പിക്കുന്നത്. ഒക്ടോബര്‍ 7ന്റെ തൂഫാനുല്‍ അഖ്‌സ 'വംശീയശുദ്ധീകരണത്തിന് ഒരു മികച്ച അവസരമായി' ഇസ്രായേല്‍ എടുക്കുകയാണ് ചെയ്തത്. ഗസ്സയിലെ ഇടനാഴികളില്‍ സ്ഥിരമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതും ഫലസ്തീന്‍ വീടുകളുടെയും പൈതൃക സ്ഥലങ്ങളുടെയും ആസൂത്രിതമായ നാശം, താല്‍ക്കാലിക സുരക്ഷാ നടപടികള്‍ക്ക് പകരം ദീര്‍ഘകാല അധിനിവേശത്തിനുള്ള തയ്യാറെടുപ്പിനെയാണ് സൂചിപ്പിക്കുന്നത്.

ഗസ്സയെ 'ഫലപ്രദമായി വിഭജിക്കുന്ന' അഞ്ച് ഇടനാഴികള്‍ ഇസ്രായേല്‍ സൈന്യം സൃഷ്ടിച്ചിട്ടുണ്ട്. ഏകദേശം 278 ചതുരശ്ര കിലോമീറ്റര്‍ അല്ലെങ്കില്‍ ഗസ്സ മുനമ്പിന്റെ 75% വിസ്തൃതിയില്‍ ഇത് ഉള്‍ക്കൊള്ളുന്നു. അവിടെ 'ഫലസ്തീന്‍ വാസസ്ഥലവും സിവിലിയന്‍ പ്രവേശനവും നിരോധിച്ചിട്ടുണ്ട്.' നെത്‌സരീം ഇടനാഴി മാത്രം രണ്ടു മുതല്‍ നാലു കിലോമീറ്റര്‍ വീതിയില്‍ വികസിപ്പിച്ചിട്ടുണ്ട്. 'ജല പൈപ്പ്ലൈനുകളും ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളും' ഉള്‍പ്പെടെയുള്ള സ്ഥിരമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇസ്രായേല്‍ സൈന്യമാണ് നിയന്ത്രിക്കുന്നത്. ഈ പ്രദേശം ദീര്‍ഘകാല നിയന്ത്രണത്തിനായി ഒരു സൈനിക - ഭരണ മേഖലയായി മാറുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

സ്ഥിരമായ നിയന്ത്രണത്തിനായുള്ള ഇസ്രായേലിന്റെ ബ്ലൂപ്രിന്റ് വെളിപ്പെടുത്തുന്നതാണ് നെത്‌സരീം ഇടനാഴി. 2005-ല്‍ പൊളിച്ചുമാറ്റിയ ജൂത കുടിയേറ്റത്തിന്റെ പേരിലുള്ള ഈ ഇടനാഴി ഗസ്സയെ വിഭജിക്കുകയും സൈനിക താവളങ്ങള്‍, ആശയവിനിമയ ടവറുകള്‍, പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയാല്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബഫര്‍ സോണുകള്‍ സൃഷ്ടിക്കുന്നതിനായി ഇസ്രായേലി സൈനികര്‍ ഇടനാഴിക്ക് ചുറ്റുമുള്ള 600-ലധികം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്. അതേസമയം ഇസ്രായേലി ഉദ്യോഗസ്ഥരുടെ സാക്ഷ്യങ്ങള്‍ പ്രകാരം; 'ഓരോ ഫലസ്തീനിയെയും തീവ്രവാദിയാണെന്ന് ആരോപിച്ച് വെടിവെയ്ക്കാവുന്ന' ഒരു 'കൊല മേഖല' എന്നാണ് വിശേഷിപ്പിക്കുന്നത്.

അവശ്യ വ്യവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ട് ന്യായയുക്തമായി തോന്നുന്നതില്‍ വിട്ടുവീഴ്ച ചെയ്ത്, ഇസ്രായേലി പിടിവാശിയിലേക്ക് ആഖ്യാനം പുനഃസ്ഥാപിക്കുന്നതില്‍ ഹമാസ് വിജയിച്ചിരിക്കുന്ന

ചരിത്രത്തില്‍ ഉടനീളം വെടിനിര്‍ത്തലിന് ശേഷം, ഇസ്രായേല്‍ യുദ്ധ (വംശീയ ഉന്മുല) സമയത്ത് സ്ഥാപിച്ച എല്ലാ പുതിയ സൈനിക സ്ഥാപനങ്ങളും ഔട്ട്പോസ്റ്റുകളും നിയമവിധേയമാക്കുന്ന രീതി ചെയ്തിട്ടുണ്ട്. കിഴക്കന്‍ ജറുസലേമിനും മാലെ അദുമിമിനും ഇടയില്‍ 2025 ഓഗസ്റ്റില്‍ അംഗീകരിച്ച E1 സെറ്റില്‍മെന്റ് പദ്ധതി, യുദ്ധാനന്തര അധിനിവേശത്തിനുള്ള ഒരു മാതൃക നല്‍കുന്നു. വെസ്റ്റ് ബാങ്കിനെ വിച്ഛേദിക്കപ്പെട്ട എന്‍ക്ലേവുകളായി വിഭജിച്ച് ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള സാധ്യതകളെ ഈ പദ്ധതി ഫലപ്രദമായി കുഴിച്ചുമൂടും.

ഗസ്സ വംശഹത്യ കാലത്ത് ഇസ്രായേലി കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി യു എന്‍ റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തുന്നു. 2025 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 20,000-ത്തിലധികം ഭവന യൂണിറ്റുകള്‍ അധികാരികള്‍ തന്നെ സ്ഥാപിച്ചെടുത്തു. വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു നിവേദനത്തില്‍ പതിനഞ്ച് ഇസ്രായേലി മന്ത്രിമാര്‍ ഒപ്പുവച്ചു. എല്ലാ കുടിയേറ്റങ്ങളിലും 'ഇസ്രായേലി പരമാധികാരത്തെ' പിന്തുണയ്ക്കുന്ന ഒരു പ്രമേയം നെസെറ്റ് അംഗീകരിച്ചു.

ഫലസ്തീനികള്‍ക്ക് അധികാരം

സൈനിക ബലഹീനത ഉണ്ടായിരുന്നിട്ടും ഹമാസിന്റെ പ്രതികരണം ശ്രദ്ധേയമായ, തന്ത്രപരമായ ചിന്ത പ്രകടമാക്കുന്നു. ഇസ്രായേലിന്റെ വംശഹത്യ അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുമ്പോള്‍ തന്നെ ബന്ദികളെ മോചിപ്പിക്കുന്നത് അംഗീകരിക്കുന്നതിലൂടെ, തുടര്‍ച്ചയായ ഇസ്രായേലി ആക്രമണം സമാധാനത്തിന് തടസ്സമായി കണക്കാക്കപ്പെടുന്ന ഒരു സാഹചര്യം അവര്‍ സൃഷ്ടിച്ചു. ഫലസ്തീനിന് സ്വയം നിര്‍ണ്ണയത്തിനായുള്ള അവരുടെ പ്രധാന ആവശ്യം മുന്നോട്ടു വെക്കാനും അവര്‍ക്ക് സാധിച്ചു.

മാത്രമല്ല, ബാഹ്യ മേല്‍നോട്ടത്തിനുപകരം 'ഫലസ്തീന്‍ ദേശീയ സമവായം' എന്ന ഹമാസിന്റെ നിര്‍ബന്ധം അവരുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഫലസ്തീന്‍ സാന്നിധ്യം അവര്‍ ഉറപ്പ് വരുത്തി. ഹമാസിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്ത കൊണ്ട് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ചര്‍ച്ചകള്‍ക്ക് 'സൃഷ്ടിപരമായ സംഭാവനകള്‍' വാഗ്ദാനം ചെയ്തപ്പോള്‍, ഖത്തറും ഈജിപ്തും ഹമാസിന്റെ ഇടപെടല്‍ സന്നദ്ധതയെ സ്വാഗതം ചെയ്തത് അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ പിന്തുണ കുടി നേടാന്‍ ഹമാസിന് കഴിഞ്ഞു എന്ന് വേണം മനസ്സിലാക്കാന്‍.

ചുരുക്കത്തില്‍, ഫലസ്തീന്‍ പ്രതിരോധം ഇല്ലാതാക്കുന്നതിനൊപ്പം ഇസ്രായേലിന്റെ പ്രദേശിക നേട്ടങ്ങളെ നിയമവിധേയമാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ആണ് ട്രംപിന്റെ 'സമാധാന' പദ്ധതി എന്ന് ഹമാസിന്റെ പ്രതികരണത്തോടെ വെളിപ്പെടുന്നു. പ്രധാന വ്യവസ്ഥകള്‍ സോപാധികമായി അംഗീകരിക്കുന്നതിലൂടെ, ഹമാസ് ഇസ്രായേലി സൈനിക നടപടികളില്‍ അന്താരാഷ്ട്ര ശ്രദ്ധ ചെലുത്തുകയും ഇസ്രായേലി താല്പര്യങ്ങളോടുള്ള പദ്ധതിയുടെ അടിസ്ഥാന പക്ഷപാതം തുറന്നുകാട്ടുകയും ചെയ്തു.


ഡോ. ആഷിക്ക് ഷൗക്കത്ത് പി അരീക്കോട് സുല്ലമുസ്സലം അറബിക് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസര്‍ ആണ് ലേഖകന്‍.