മുനമ്പത്തേത് വഖഫ് ഭൂമിയോ ഇഷ്ടദാനമോ? രേഖകള്‍ മറുപടി പറയും


ഭൂമി കയ്യേറ്റക്കാരും കയ്യേറ്റക്കാര്‍ക്ക് വേണ്ടി വ്യാജ സത്യവാങ്മൂലം നല്‍കിയ കോളെജ് മാനേജിങ് കമ്മിറ്റിയും നടത്തുന്ന പ്രചാരണങ്ങള്‍ക്ക് രണ്ടുവര്‍ഷം മുമ്പ് വഖഫ് ബോര്‍ഡ് ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടുണ്ട്. ആ രേഖകള്‍ വസ്തുത എന്തെന്നു പറയുന്നുണ്ട്.

മുനമ്പം വഖഫ് ഭൂമി ഫാറൂഖ് കോളെജിന് ഇഷ്ടദാനം ലഭിച്ചതാണെന്ന് വ്യാജപ്രചരണം നടത്തുമ്പോള്‍ കോളെജ് മാനേജിങ് കമ്മിറ്റി മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് ഹൈക്കോടതി വിധികളെയും ഔദ്യോഗിക വിശദീകരണത്തെയുമാണ്. ഭൂമി കയ്യേറ്റക്കാരും കയ്യേറ്റക്കാര്‍ക്ക് വേണ്ടി വ്യാജ സത്യവാങ്മൂലം നല്‍കിയ കോളെജ് മാനേജിങ് കമ്മിറ്റിയും നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ക്ക് രണ്ടുവര്‍ഷം മുമ്പ് വഖഫ് ബോര്‍ഡ് ഔദ്യോഗികമായി വിശദീകരണം നല്‍കിയതാണ്. അതിങ്ങനെ വായിക്കാം:

1) ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ

2115/1950 നമ്പര്‍ ആധാരത്തിലെ വ്യവസ്ഥ പ്രകാരം എന്നെങ്കിലും കോളെജ് നടപ്പില്‍ ഇല്ലാതെ വരികയാണെങ്കില്‍ വാഖിഫിനോ, അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ക്കോ ടി ഭൂമി തിരിച്ചെടുക്കാനുള്ള അവകാശമുണ്ട്. അത്തരത്തിലുള്ള വ്യവസ്ഥകള്‍ വഖഫ് നിയമത്തിന് വിരുദ്ധമായതിനാല്‍ ടി ആധാരം വഖഫ് ആധാരമല്ലെന്നും അത് ദാനാധാരമാണ് എന്നുമുള്ള വാദം സംബന്ധിച്ച്:

മേല്‍ വിഷയത്തില്‍ ഫാറൂഖ് കോളെജ് മാനേജിങ് കമ്മിറ്റി വഖഫ് ഭൂമിയുടെ മുതവല്ലി മാത്രമാണ്. വഖഫ് ചെയ്യപ്പെട്ടതോടെ ഭൂമിയുടെ കൈകാര്യ കര്‍തൃത്വം മാത്രം വ്യക്തികളില്‍ നിലനില്‍ക്കുന്നതും ഉടമസ്ഥാവകാശം ദൈവത്തില്‍ നിക്ഷിപ്തവുമാണ്.

1950ല്‍ ഭൂമി വഖ്ഫ് ചെയ്യപ്പെടുമ്പോള്‍ നിലവിലുണ്ടായിരുന്ന വഖ്ഫ് നിയമങ്ങളില്‍ ഒരു വഖ്ഫ് സ്വത്തിന്റെ ഗുണഭോക്താക്കള്‍ എന്തെങ്കിലും കാലത്ത് നിലവിലില്ലാത്ത വരികയും വഖഫ് സ്വത്തുക്കള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അത്തരം സ്വത്തുക്കള്‍ എന്ത് ചെയ്യണമെന്ന് കാര്യത്തെ സംബന്ധിച്ച് വ്യക്തമായ നിയമ വ്യവസ്ഥകള്‍ നിലവിലുണ്ടായിരുന്നില്ല.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി ജുഡീഷ്യൽ കമ്മീഷനെ അറിയിച്ചത് സംബന്ധിച്ച് വന്ന വാർത്ത

അത്തരം സാഹചര്യത്തില്‍ വഖഫ് സ്വത്ത് എന്ത് ചെയ്യണമെന്ന് വഖഫ് പ്രമാണത്തില്‍ തന്നെ നിര്‍ദ്ദേശങ്ങള്‍ എഴുതിവെക്കുന്നത് തികച്ചും നിയമവിധേയമാണ്. നിലവിലും ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ വാഖഫിന് അധികാരമുള്ളതാണ്.

1954ല്‍ നിലവില്‍ വന്ന വഖഫ് നിയമത്തിലെ 15(2)(e) iii വകുപ്പിലും 1995ല്‍ നിലവില്‍ വന്ന വഖഫ് നിയമത്തിലെ 39ാം വകുപ്പിലും ഇത്തരത്തിലുള്ള അനിശ്ചിതത്വം മറികടക്കുന്നതിനുള്ള വ്യവസ്ഥകള്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2115/1950 നമ്പര്‍ ആധാരത്തിലെ വ്യവസ്ഥകള്‍ പ്രകാരം എന്നെങ്കിലും കോളെജ് നടപ്പില്‍ ഇല്ലാതെ വരികയും വഖ്ഫ് സ്വത്ത് ശേഷിക്കുകയുമാണെങ്കില്‍ വാഖിഫിനോ, അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ക്കോ ഭൂമി തിരിച്ചെടുക്കാവുന്നതാണ്. എന്നെങ്കിലും ഇത്തരത്തില്‍ ഭൂമി അവര്‍ തിരിച്ചെടുക്കുന്നുണ്ടെങ്കില്‍ അത് മുഖേനെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരിലേക്ക് വന്നു ചേരുന്നില്ല. മറിച്ച വഖഫ് ഭൂമിയുടെ മുതവല്ലി സ്ഥാനം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്.

മേല്‍ കാരണങ്ങളാല്‍ ആധാരത്തിലെ ടി വ്യവസ്ഥ വഖഫ് നിയമങ്ങള്‍ക്ക് വിരുദ്ധമല്ല.

2) ക്രയവിക്രയ സ്വാതന്ത്ര്യം

വഖഫ് നിയമപ്രകാരം വഖഫ് സ്വത്ത് വില്പന നടത്താന്‍ മുതവല്ലിക്കോ മറ്റ് വ്യക്തികള്‍ക്കോ വാഖിഫ് അവകാശങ്ങള്‍ നല്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ 2115/1950 നമ്പര്‍ ആധാര പ്രകാരം ഫാറൂഖ് കോളെജ് മാനേജിങ് കമ്മിറ്റിക്ക് ഭൂമിയില്‍ ക്രയവിക്രയ സ്വാതന്ത്ര്യങ്ങള്‍ നല്കിയിട്ടുണ്ട് എന്നത് സംബന്ധിച്ച്:

വഖ്ഫ് സ്വത്തുക്കള്‍ വഖഫിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വില്പന നടത്തുന്നത് പൂര്‍ണ്ണമായും നിരോധിച്ച കാര്യമാണ്. എന്നാല്‍ വഖഫിന്റെ താത്പര്യങ്ങള്‍ക്കു വേണ്ടി അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടിന്നതിന് ന്യായമായ കാരണങ്ങളാല്‍ മുതവല്ലിമാര്‍ വഖഫ് സ്വത്തുക്കള്‍ വില്പന നടത്തുന്നത് 2013ന് മുമ്പ് നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ അനുവദിച്ചിരുന്നു.

വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കത്ത്

1964 വരെ രാജ്യത്ത് നിലവിലുണ്ടായിരുന്ന വഖഫ് നിയമങ്ങളില്‍ വഖഫിന്റെ ഗുണഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി മുതവല്ലിമാര്‍ വഖഫ് സ്വത്തുക്കള്‍ വില്പന നടത്തുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകള്‍ നിലവിലില്ലായിരുന്നു. എന്നാല്‍ 1954ലെ വഖഫ് നിയമത്തില്‍ 1964ല്‍ കൊണ്ടു വന്ന ഭേദഗതിയിലൂടെ 15 (2)(i), 36A, 36B എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയുണ്ടായി.

ടി വകുപ്പുകള്‍ പ്രകാരവും പിന്നീട് 1995ല്‍ നിലവില്‍ വന്ന വഖഫ് നിയമത്തിലെ 32 (2) (j), 51 എന്നീ വകുപ്പുകള്‍ പ്രകാരവും സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ മുന്‍കൂര്‍ അനുമതിയോട് കൂടി വഖഫിന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി വഖഫ് സ്വത്തുക്കള്‍ വില്പന നടത്തുന്നത് നിയമവിധേയമാക്കുകയുണ്ടായി. അത്തരത്തില്‍ വില്പന നടത്തി ലഭിക്കുന്ന വരുമാനം വഖഫിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് വ്യവസ്ഥ ചെയ്യുകയുണ്ടായി.

1995ലെ നിയമത്തിന് 2013ല്‍ കൊണ്ട് വന്ന ഭേദഗതിക്ക് ശേഷം ടി നിയമത്തിലെ 51(1A), 1014A എന്നീ വകുപ്പുകള്‍ പ്രകാരം അത്തരം കൈമാറ്റങ്ങള്‍ക്ക് അനുമതി നല്കാന്‍ ബോര്‍ഡിനും അധികാരമില്ലാത്തതും വഖഫ് സ്വത്തുക്കളുടെ വില്പന, പണയം, ദാനം, കൈമാറ്റം എന്നിവ പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതുമാണ്. 2013ന് മുമ്പ് എഴുതപ്പെട്ട 2115/1950 നമ്പര്‍ വഖഫ് ആധാരത്തില്‍ മുതവല്ലിക്ക് വഖഫ് സ്വത്തില്‍ ക്രയവിക്രയ സ്വാതന്ത്ര്യങ്ങള്‍ നല്കിയിട്ടുള്ളത്. അന്നത്തെ നിയമങ്ങള്‍ പ്രകാരം നിയമവിധേയമായിരുന്നു.

വഖഫ് ഭൂമിയിലെ നിലവിലെ അനധികൃത കൈവശക്കാര്‍ പ്രസ്തുത ഭൂമി വില കൊടുത്ത് തീറെഴുതി വാങ്ങിയിട്ടുള്ളതാണ് എന്ന തരത്തില്‍ മുന്നോട്ട് വെക്കുന്ന വാദങ്ങള്‍ ശരിയാകാമെങ്കിലും നിയമപരമായി പ്രസക്തി ഇല്ലാത്തതാണ്.

എന്നാല്‍ അത്തരത്തില്‍ വഖഫ് സ്വത്ത് വില്പന, ദാനം, കൈമാറ്റം എന്നിവ ചെയ്യുന്നതിന് മുമ്പ് അത് വഖഫിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഉറപ്പ് വരുത്തേണ്ടിയിരുന്നതും 1964ന് ശേഷമുള്ള ഇടപാടുകള്‍ക്ക് ബോര്‍ഡില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടിയിരുന്നതും ആണ്. 1964നും 2013നും ഇടയില്‍ ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വഖഫ് സ്വത്തുക്കള്‍ ആരെങ്കിലും വില്പന നടത്തിയിട്ടുണ്ടെങ്കില്‍ അത്തരം വില്പനയും, 2013ന് ശേഷം നടന്നിട്ടുള്ള അത്തരത്തിലുള്ള എല്ലാ ഇടപാടുകളും അസാധുവാണ്.

3) സ്ഥിരപ്പെട്ട സമര്‍പ്പണം അല്ലെന്ന വാദം

2115/1950 നമ്പര്‍ ആധാരത്തിലെ ഭൂമി മുകളില്‍ പറഞ്ഞിട്ടുള്ള കാരണങ്ങളാല്‍ 'permanent Dedication' ചെയ്തിട്ടില്ല. ആയതിനാല്‍ ടി ഭൂമി വഖഫ് സ്വത്തായി മാറിയിട്ടില്ല എന്നത് സംബന്ധിച്ച്:

1950ല്‍ എഴുതപ്പെട്ട പ്രസ്തുത ആധാരത്തിലെ അത്തരം വ്യവസ്ഥകള്‍ അസാധുവാക്കി ഭൂമിയുടെ വഖഫ് സ്റ്റാറ്റസ് നിലനിര്‍ത്തുന്ന തരത്തില്‍ 1954ലെയും 1995ലെയും വഖഫ് നിയമങ്ങളില്‍ വ്യവസ്ഥകള്‍ കൊണ്ടു വന്നിട്ടുള്ളതാണ്. കൂടാതെ 1995ലെ വഖഫ് നിയം 40 (1) വകുപ്പ് പ്രകാരം ഇ പി 685/ 2008 നമ്പറായി ബോര്‍ഡ് നടത്തിയിട്ടുള്ള അന്വേഷണത്തില്‍ ടി ആധാരപ്രകാരമുള്ള ഭൂമി വഖഫ് ഭൂമിയാണെന്ന് കണ്ടെത്തിയിട്ടുള്ളതും ആയതിന്റെ അടിസ്ഥാനത്തില്‍ ഭൂമി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ആണ്.

വഖഫ് നിയമം 40 (2) വകുപ്പ് പ്രകാരം ബോര്‍ഡിന്റെ മേല്‍ പ്രകാരമുള്ള കണ്ടെത്തല്‍ വഖഫ് ട്രിബ്യൂണല്‍ തിരുത്തുകയോ റദ്ദ് ചെയ്യുകയോ ചെയ്യാത്തിടത്തോളം അന്തിമമായി തുടരുന്നതാണ്. ആയതിനാല്‍ 2115/1950 നമ്പര്‍ ആധാരപ്രകാരമുള്ള ഭൂമി വഖഫ് ഭൂമിയാണോ എന്ന കാര്യത്തില്‍ ബോര്‍ഡ് തീരുമാനം വന്നിട്ടുള്ളതിനാല്‍ മറിച്ചുള്ള വാദങ്ങള്‍ക്ക് നിലവില്‍ നിയമപരമായി പ്രസക്തിയില്ല.

4) പോക്കു വരവ് റദ്ദാക്കിയത്

ഫാറൂഖ് കോളെജ് മാനേജിങ് കമ്മിറ്റിയുടെ 19/12/1988 തിയതിയിലെ ബോര്‍ഡ് യോഗത്തില്‍ 2115/1950 നമ്പര്‍ ആധാര പ്രകാരമുള്ള ഭൂമി വില്പന നടത്താന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നതാണെന്നും ടി തീരുമാനപ്രകാരം ഭൂമി കൈവശം വെച്ചിരുന്ന ആളുകളില്‍ പലരും നേരിട്ടോ മുക്ത്യാര്‍ ഏജിന്റില്‍ നിന്നോ അവരവരുടെ കൈവശത്തിലിരിക്കുന്ന ഭൂമി വില കൊടുത്ത് തീറെഴുതി വാങ്ങിയിട്ടുള്ളതാണ് എന്നും മറ്റു ചിലര്‍ ഉടമസ്ഥരില്‍ നിന്നും വില കൊടുത്ത് വാങ്ങിയിട്ടുള്ളതാണ് എന്നും ഇത്തരത്തില്‍ തീറെഴുതി വാങ്ങി ഭൂമി കൈവശം വെച്ചിരിക്കുന്ന ആളുകള്‍ക്ക് നിയമപരമായി അത്തരം ഭൂമിയില്‍ ഉടമസ്ഥാവകാശം ഉണ്ട് എന്നും അത്തരത്തില്‍ ഭൂമിക്ക് തീറു ലഭിച്ചിട്ടുള്ള നിലവിലെ കൈവശക്കാര്‍ക്ക് റവന്യൂ വകുപ്പില്‍ നിന്നും പോക്കുവരവ് ചെയ്തു നല്കല്‍, കൈവശരേഖ ലഭ്യമാക്കല്‍, കരം അടവ് സ്വീകരിക്കല്‍, ആര്‍ ഓ ആര്‍ ലഭ്യമാക്കല്‍ എന്നിവ തടഞ്ഞതു നിയമവിരുദ്ധമാണ് എന്നും ഉള്ള വാദങ്ങള്‍ സംബന്ധിച്ച്:

1872ലെ ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ടിലെ 2(g) വകുപ്പ് പ്രകാരം അസാധുവായിട്ടുള്ള ഒരു കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കി കിട്ടാന്‍ കക്ഷികള്‍ക്ക് നിയമപ്രകാരം അവകാശമില്ലാത്തതാണ്. 1954ലെ വഖഫ് നിയമത്തിലെ 36A വകുപ്പിനും പിന്നീട് നിലവില്‍ വന്ന് വഖഫ് നിയമത്തിലെ 51ാം വകുപ്പിനും വിരുദ്ധമായി സംസ്ഥാന വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഏര്‍പ്പെട്ടിട്ടുള്ള കരാറുകള്‍ അസാധുവായതിനാല്‍ അത്തരത്തിലുള്ള അസാധുവായ കരാറുകള്‍ പ്രകാരം ലഭിച്ചെന്നു പറയപ്പെടുന്ന അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിന് നിയമസംവിധാനങ്ങളെ സമീപിക്കാന്‍ അത്തരം കരാറിലെ കക്ഷികള്‍ക്ക് അവകാശമില്ലാത്തതാണ്.

അത്തരത്തില്‍ വല്ല അപേക്ഷയും ലഭിച്ചാല്‍ അവ പരിഗണിക്കേണ്ട ബാധ്യത സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇല്ലാത്തതും ആണ്. ആയതിനാല്‍ മേല്‍ വിഷയകമായി വഖഫ് ഭൂമിയിലെ നിലവിലെ അനധികൃത കൈവശക്കാര്‍ പ്രസ്തുത ഭൂമി വില കൊടുത്ത് തീറെഴുതി വാങ്ങിയിട്ടുള്ളതാണ് എന്ന തരത്തില്‍ മുന്നോട്ട് വെക്കുന്ന വാദങ്ങള്‍ക്ക് നിയമപരമായി പ്രസക്തി ഇല്ലാത്തതാണ്

(വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ നമ്പര്‍ സി 10-4132/2022 കത്ത്).