മഹാരാഷ്ട്രയിലെ ഖുറേഷി സമുദായക്കാരായ ഇറച്ചിവെട്ടുകാര്‍ നിവൃത്തികേടു കൊണ്ട് എടുത്ത തീരുമാനം അവരുടെ ജീവനോപാധിയെ നേരിട്ട് ബാധിക്കുന്നതാണെങ്കിലും അവര്‍ നേരിടുന്ന ആക്രമണങ്ങള്‍ക്കെതിരെയുള്ള ആദ്യത്തെ സംഘടിതമായ പ്രതിഷേധമാണ്.
മഹാരാഷ്ട്രയിലെമ്പാടും ഒരു മാസത്തിലേറെയായി മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ഖുറേഷി സമുദായക്കാരായ ഇറച്ചിവെട്ടുകാര്‍ പ്രത്യേകമായൊരു പ്രതിഷേധം നയിക്കുകയാണ്. ഗോരക്ഷകര്‍ എന്ന് സ്വയം വിളിക്കുന്നവരില്‍ നിന്നുള്ള ആക്രമണങ്ങള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നേരിട്ടുവരുന്ന ഈ സമുദായാംഗങ്ങള്‍ അനിശ്ചിതകാലത്തേക്ക് എരുമകളുടെയോ മറ്റു മാടുകളുടെയോ മാംസത്തിന്റെ ഇടപാട് നടത്തില്ലെന്ന് തീരുമാനിച്ചിരിക്കുന്നു.
നിവൃത്തികേടു കൊണ്ട് എടുത്ത ഈ തീരുമാനം അവരുടെ ജീവനോപാധിയെ നേരിട്ട് ബാധിക്കുന്നതാണെങ്കിലും തങ്ങള്‍ നേരിടുന്ന ആക്രമണങ്ങള്‍ക്കെതിരായുള്ള അവരുടെ ആദ്യത്തെ സംഘടിതമായ വലിയ തോതിലുള്ള പ്രതിഷേധമായാണ് കാണപ്പെടുന്നത്. 1976ലെ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ടിന്റെ മാര്‍ച്ച് 2015ലെ ഭേദഗതി ഇവരുടെ അവസ്ഥ കൂടുതല്‍ ദയനീയമാക്കുകയായിരുന്നു.
ഭാരതീയ ജനതാ പാര്‍ട്ടി കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലെത്തിയ ശേഷം ഈ ഭേദഗതി അനുസരിച്ച് സംസ്ഥാനത്ത് മൂരി, കാള, പോത്ത്, പശു എന്നിവയൊക്കെ മാംസത്തിനായി അറുക്കുന്നതു നിരോധിക്കപ്പെട്ടു. ഈ നിയമ ഭേദഗതി വന്നു താമസിയാതെത്തന്നെ ഗോരക്ഷകരെന്ന് അവകാശപ്പെടുന്ന ഹിന്ദുത്വ ഗുണ്ടകളുടെ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചു.
നിരന്തരം ആക്രമിക്കപ്പെടുന്നു
നിസ്സഹായരും അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവരുമായ ഖുറേഷികള്‍ (ദലിത് മുസ്ലിംകള്‍) ഖുറേഷി ജമാഅത്തിന്റെ ബാനറില്‍ മഹാരാഷ്ട്രയില്‍ അങ്ങോളമിങ്ങോളം ജില്ലാതലത്തിലും താലൂക്ക് തലത്തിലും യോഗങ്ങള്‍ സംഘടിപ്പിച്ച് ഈ തൊഴില്‍ പൂര്‍ണമായി ഉപേക്ഷിക്കാന്‍ സമുദായാംഗങ്ങളെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചുവരികയാണ്.
'ഞങ്ങളുടെ അവസ്ഥ ശരിക്കും ഗുരുതരമാണ്. ഈ തീരുമാനം കൊണ്ട് ഞങ്ങള്‍ക്കിടയില്‍ മാത്രമല്ല, സംസ്ഥാനത്തെ കര്‍ഷക സമൂഹത്തിലും ഉണ്ടാകാന്‍ പോകുന്ന തിരിച്ചടി എന്തായിരിക്കുമെന്ന് ഭരണകൂടത്തിനു കാണിച്ചുകൊടുക്കാന്‍ ഈ നടപടി ആവശ്യമാണ്' എന്നാണ് നന്ദേഡിലെ ഖുറേഷി ജമാഅത്ത് തലവന്‍ അസീസ് ഖുറേഷി പറഞ്ഞത്.

ഒരു മാസം മുമ്പ് നാഗ്പൂരില്‍ തുടങ്ങിയ ബഹിഷ്‌കരണ പ്രചാരണം പതിയെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ദിവസേനയെന്നോണം ഓരോ ജില്ലയിലും ഇതുസംബന്ധിച്ച പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു. ബഹിഷ്‌കരണം നടപ്പാക്കുന്നതോടെ തങ്ങള്‍ അഭിമുഖീകരിച്ചേക്കാവുന്ന സാമ്പത്തികമായ തിരിച്ചടി നേരിടുന്നതിന് കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും സമുദായം ചര്‍ച്ച ചെയ്യുന്നുണ്ട്.
ഈ ആഴ്ച ആദ്യം നന്ദേഡില്‍ മാട് അറവില്‍ ഏര്‍പ്പെട്ടിരുന്ന ആളുകള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ഒന്നിച്ചുകൂടി. മിക്കവാറും എല്ലാവരും തന്നെ ഹിന്ദുത്വ ഗുണ്ടകളുടെ ശല്യപ്പെടുത്തലോ ഉപദ്രവങ്ങളോ ആക്രമണങ്ങളോ നേരിട്ടിട്ടുണ്ട് എന്ന് അസീസ് വ്യക്തമാക്കുന്നു.
എത്രയോ മുമ്പുതന്നെ ഗോമാംസം കൈകാര്യം ചെയ്യുന്നത് അറവുശാലക്കാര്‍ നിര്‍ത്തിയിട്ടും ഈ ആക്രമണങ്ങള്‍ തുടരുകയാണെന്ന് അസീസ് പറഞ്ഞു. ''പോത്തുകളെ അറുക്കുന്നതിനു നിരോധനമില്ല. പക്ഷേ, അതൊന്നും അക്രമികള്‍ക്ക് വിഷയമല്ല. അവര്‍ ആകെ കാണുന്നത് ഒരു മുസ്‌ലിം മാംസവ്യാപാരത്തില്‍ ഏര്‍പ്പെടുന്നതാണ്. അതു മതി അവര്‍ക്ക് ഞങ്ങളുടെ മേല്‍ ചാടിവീഴാന്‍.
സ്ഥലത്തെ പൊലീസിന്റെ അറിവോടെയാണ് ഈ അക്രമങ്ങളില്‍ പലതും നടക്കുന്നത്.'' കഴിഞ്ഞ വര്‍ഷം ക്രൂരമായി ആക്രമിക്കപ്പെട്ട ഒരാള്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടും പൊലീസ് തന്റെ പരാതി രേഖപ്പെടുത്താന്‍ വിസമ്മതിച്ചുവെന്നും അദ്ദേഹം പറയുന്നു.
നിയമവ്യവസ്ഥ
നിയമ ഭേദഗതി അനുസരിച്ച് എരുമയെ അറുക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. എരുമയെ അറുക്കുന്നതിനു മുമ്പായി അത് ഗര്‍ഭിണിയല്ലെന്നും കറവക്ക് അനുയോജ്യമല്ലെന്നുമുള്ള മൃഗ ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങണം. ഈ സാക്ഷ്യപത്രം നേടിയ ശേഷം മാത്രമേ എരുമകളെ അറവുശാലയിലേക്ക് അയക്കാനാവൂ.
നിലമുഴുന്നതിനും പാല്‍ കറക്കുന്നതിനുമായി എരുമകളെ വളര്‍ത്തുന്ന കര്‍ഷകര്‍ അവയ്ക്ക് പ്രായമാകുമ്പോള്‍ ഖുറേഷികളെയാണ് ആശ്രയിക്കുന്നത്. അങ്ങനെ മാത്രമാണ് അവര്‍ക്ക് എരുമക്കുട്ടികളെ വാങ്ങാനുള്ള പണം നേടാനാവുക. ഖുറേഷി സമൂഹം ഒന്നടങ്കം അറവ് ഉപേക്ഷിക്കുന്നതോടെ ബഹുജന്‍ സമുദായങ്ങളില്‍പെട്ടതും തുച്ഛമായ ഭൂമി കൈവശമുള്ളവരുമായ കര്‍ഷകരെ അത് ദോഷകരമായി ബാധിക്കും.
സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ ഭയാനകമായി ഉയര്‍ന്നുവരുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഈ വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ മാത്രം 767 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ രേഖകള്‍ കാണിക്കുന്നു.
താലൂക്കുകളിലെ അറവുശാലകള്‍ സര്‍ക്കാര്‍ ആസൂത്രിതമായി അടച്ചുപൂട്ടിയെന്നും മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സമുദായത്തിലെ പലരും വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, നന്ദേഡ് ജില്ലയില്‍ 10 വര്‍ഷത്തിലേറെയായി താലൂക്ക് തലത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ലെന്ന് അസീസ് പറയുന്നു.
ജില്ലാ ആസ്ഥാനത്ത് ഒരു വെറ്ററിനറി യൂണിറ്റ് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. സര്‍ട്ടിഫിക്കറ്റുകളോ അറവുശാലകളോ ലഭ്യമല്ലാത്തതിനാല്‍ നിരവധി കശാപ്പുകാര്‍ അവരുടെ വീടുകളില്‍ വെച്ച് കശാപ്പ് ചെയ്യുന്നതിലേക്ക് മാറിയിരിക്കുന്നു- ഒരു കശാപ്പുകാരന്‍ വ്യക്തമാക്കി.
പര്‍ഭാനിയില്‍ നിന്നുള്ള മറ്റൊരു കശാപ്പുകാരന്‍ ഇക്കാര്യം ആവര്‍ത്തിച്ചുകൊണ്ട്, നിയമപരമായ പ്രശ്‌നങ്ങള്‍ക്കൊപ്പം താമസസ്ഥലങ്ങളില്‍ കശാപ്പ് ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. മുനിസിപ്പല്‍ അധികാരികള്‍ക്ക് ഈ അവസ്ഥയെക്കുറിച്ച് അറിയാം. പക്ഷേ, വൃത്തിയാക്കുന്നതിനു ഞങ്ങളെ സഹായിക്കാനായി അവര്‍ ഒന്നും ചെയ്യുന്നില്ല. സ്വന്തം വീട്ടില്‍ കശാപ്പ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. മറാത്ത്‌വാഡ മേഖലയിലെ നിരവധി കശാപ്പുകാര്‍ക്കെതിരെ വന്‍തോതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജൂലൈ 14ന് (ഗ്രാമീണ) ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയര്‍ നിയമസഭാ കൗണ്‍സിലില്‍, 'സംസ്ഥാനത്ത് ബീഫ് കള്ളക്കടത്തിനെതിരെ ഒരു പുതിയ നിയമം കൊണ്ടുവരു'മെന്നും 'ഗോമാംസം കടത്തുന്നവരെ തുറന്നുകാട്ടുന്നതില്‍ നേതൃത്വം വഹിക്കുന്ന ഗോരക്ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കു'മെന്നും പ്രഖ്യാപിച്ചു.
സംഭാജി നഗറില്‍ മാത്രം ഒരു വലിയ സ്വകാര്യ കമ്പനിക്ക് പ്രതിദിനം 800ലധികം എരുമകളെ ഒരു എരുമയ്ക്ക് 40,000 രൂപയില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നുണ്ട്. ഒരു ജില്ലയിലെ പ്രതിമാസ വിറ്റുവരവ് 100 കോടി രൂപയിലെത്തും.
നിലവിലുള്ള ഗോവധ നിരോധനത്തിന് അനുബന്ധമായിരിക്കും ഈ നിയമം. 'ബീഫ് കള്ളക്കടത്തുകാര്‍'ക്കെതിരെ കര്‍ശനമായ 'മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം' (MCOCA) നടപ്പാക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
2025 മാര്‍ച്ചില്‍ ലോണാവാലയില്‍ രണ്ട് കണ്ടെയ്‌നറുകളിലായി 57,000 കിലോഗ്രാം മാംസം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ഈ പുതിയ നിയമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. മാംസം 'ബീഫ്' ആണെന്നും കയറ്റുമതിക്കായി ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിലേക്ക് (ജെഎന്‍പിടി) കൊണ്ടുപോകുന്നതിനിടെയാണ് ഇത് തടഞ്ഞതെന്നും പൊലീസ് അവകാശപ്പെട്ടു.
കേസ് അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്. ബീഫ് പിടിച്ചെടുക്കലിനെതിരെയുള്ള ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നടപടി, ഖുറേഷി സമൂഹം പതിവായി നേരിടുന്ന ഭീഷണികള്‍, പിടിച്ചുപറി, അക്രമം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആനുപാതികമല്ലാത്തതാണ്.
സംസ്ഥാനത്ത് നിയമവിരുദ്ധമായ കശാപ്പ് 'നിയന്ത്രണം' പാലിക്കുന്ന നിര്‍ണായക ജാഗ്രതാ ഗ്രൂപ്പുകളായി ഗോരക്ഷകരെ ആഘോഷിക്കുന്നു, പൊതുജന സമ്മര്‍ദം പൊലീസ് നടപടിക്ക് നിര്‍ബന്ധിതരാക്കുമ്പോള്‍ മാത്രമാണ് അവര്‍ ഉള്‍പ്പെടുന്ന അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
'മറാത്തി മുസല്‍മാന്‍' എന്ന പേജിന്റെ എഡിറ്ററും ആക്ടിവിസ്റ്റുമായ ലാത്തൂര്‍ സ്വദേശി ജാവേദ് അത്താര്‍ പറയുന്നത് ഖുറേഷി മുസ്‌ലിംകളെ വ്യവസ്ഥാപിതമായി കുറ്റവാളികളാക്കി മുദ്രകുത്തുകയാണെന്നാണ്. സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ സൂക്ഷ്മമായി വീക്ഷിച്ചു വിശകലനം ചെയ്യുന്ന അദ്ദേഹം ഒരു ക്രമം നിരീക്ഷിക്കുന്നു:
''സംസ്ഥാനങ്ങളില്‍ ഉടനീളമുള്ള ഗോരക്ഷക സംഘങ്ങള്‍ സുസംഘടിതരാണ്. മാടുകളുമായി ഒരു കൂട്ടര്‍ പുറപ്പെട്ടു എന്ന വിവരം ഉടനെത്തന്നെ അതിവിപുലമായ നെറ്റ്‌വര്‍ക്കിലൂടെ സംസ്ഥാനത്ത് ഉടനീളമുള്ള ഗോരക്ഷകരുടെ കണ്ണികള്‍ക്ക് ലഭിക്കുന്നു. പലപ്പോഴും അവര്‍ ഒരു പൊലീസ് സംഘത്തോടൊപ്പമാണ് എത്തുന്നത്.''
കന്നുകാലികളുടെ ഉടമകളല്ല, പ്രദേശത്തെ ട്രക്കുകളുടെ ഡ്രൈവര്‍മാരാണ് പലപ്പോഴും ആക്രമിക്കപ്പെടുന്നത്. ആക്രമണങ്ങളെ ഗോരക്ഷയുടെ പേരില്‍ ന്യായീകരിക്കുകയും ചെയ്യുന്നു. അടുത്തിടെ ലാത്തൂരില്‍ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ ഒരാള്‍ പിടിയിലായതായി അത്താര്‍ പറയുന്നു.
കന്നുകാലികളെ കശാപ്പിനായി കൊണ്ടുപോകുകയല്ല, മറിച്ച്, മാറ്റുക മാത്രമാണ് ചെയ്തത്. എന്നാല്‍ പ്രാദേശിക പൊലീസ് അവരെ തടഞ്ഞു. കന്നുകാലികളെ ഒരു പ്രാദേശിക ഗോരക്ഷാ സംഘടനയ്ക്ക് കൈമാറി. ദിവസങ്ങള്‍ക്കുള്ളില്‍ ഈ കന്നുകാലികളെ കശാപ്പിനായി മാര്‍ക്കറ്റില്‍ കണ്ടു- അദ്ദേഹം പറയുന്നു.
പ്രാദേശിക പ്രവര്‍ത്തകരുടെ സഹായത്തോടെ, ഗോരക്ഷകര്‍ എന്നു വിളിക്കപ്പെടുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തനിക്ക് പൊലീസിനെ നിര്‍ബന്ധിതമാക്കേണ്ടി വന്നുവെന്നും അത്താര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ അത്തരം കേസുകള്‍ വളരെ വളരെ കുറവാണ്.
ഛത്രപതി സംഭാജി നഗര്‍ ജില്ലയിലെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) പാര്‍ട്ടി പ്രവര്‍ത്തകനും അഭിഭാഷകനുമായ കൈസര്‍ പട്ടേല്‍ പറയുന്നത്, ഈ നടപടിയുടെ സാമ്പത്തിക ആഘാതം സംസ്ഥാനത്തിന്റെ സങ്കല്‍പത്തിനും അപ്പുറമാണ് എന്നാണ്. കശാപ്പുകാരെ മാത്രമല്ല, അതിനെ ആശ്രയിക്കുന്ന മുഴുവന്‍ സമ്പദ്‌വ്യവസ്ഥയെയും ഇത് ബാധിക്കും.
മഹാരാഷ്ട്രയില്‍ ഉടനീളമുള്ള ഖുറേഷി സംഘടനകളുമായി ബന്ധപ്പെട്ട ശേഷം, പ്രതിദിനം ചുരുങ്ങിയത് 5000 കന്നുകാലികളെ കശാപ്പ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കണക്കാക്കുന്നു. ഒരു മൃഗത്തെ ഏകദേശം 20,000 രൂപയ്ക്ക് വിറ്റാലും പ്രതിമാസം ഏകദേശം 300 കോടി രൂപയുടെ വില്‍പന നടക്കുന്നു. വലിയ തോതില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നു.
സംഭാജി നഗറില്‍ മാത്രം ഒരു വലിയ സ്വകാര്യ കമ്പനിക്ക് പ്രതിദിനം 800ലധികം എരുമകളെ ഒരു എരുമയ്ക്ക് 40,000 രൂപയില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നു. ഒരു ജില്ലയിലെ പ്രതിമാസ വിറ്റുവരവ് 100 കോടി രൂപയിലെത്തുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഖുറേഷികളെയും കര്‍ഷകരെയും കൂടാതെ ചരക്കുനീക്കം, കാറ്ററിങ്, ഹോട്ടല്‍ വ്യവസായം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും പട്ടേല്‍പറയുന്നു.
കടപ്പാട്: ദി വയര്‍
വിവ. ഡോ. സൗമ്യ പി എന്‍