ഓരോ കാലഘട്ടത്തിലും വിവിധ വിവര വിനിമയ മാര്‍ഗങ്ങള്‍ ശക്തിപ്പെട്ടു വന്നു. വിവരം കൈവശം വെച്ചവന്‍ ശക്തനായി, അവന്‍ ലോകത്തെ നിയന്ത്രിക്കുന്ന അവസ്ഥയെത്തി.
മനുഷ്യന്റെ ചരിത്രം വിവരങ്ങളുടെയും വിജ്ഞാനീയങ്ങളുടെയും യാത്രയാണ്. ആദിമകാലത്ത് തീയുടെ ചുറ്റും ഇരുന്ന് കഥകള്‍ പറഞ്ഞ ആ മനുഷ്യന്‍, പിന്നീട് കല്ലില്‍ കൊത്തിയും താളുകളില്‍ എഴുതിയും, വ്യത്യസ്ത മാധ്യമങ്ങളില്‍ വെളിച്ചപ്പെടുത്തിയും ലോകത്തെ അറിയാനും തിരിച്ചറിയാനും പഠിച്ചു. അങ്ങനെ ഓരോ കാലഘട്ടത്തിലും വിവര വിനിമയ മാര്‍ഗങ്ങള്‍ ശക്തിപ്പെട്ടു വന്നു. വിവരം കൈവശം വെച്ചവന്‍ ശക്തനായി, അവന്‍ ലോകത്തെ നിയന്ത്രിക്കുന്ന അവസ്ഥയെത്തി.
വിവര സമൃദ്ധിയുടെ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. വിവര സമൃദ്ധിയുടെ മാത്രമല്ല, വിവരാധിക്യത്തിന്റെ കൂടി ദുനിയാവാണ് സോഷ്യല്‍ മീഡിയ. 24 മണിക്കൂറും ബ്രേക്കില്ലാതെ ഓടുന്ന ബ്രേക്കിംഗ് ന്യൂസുകളുടെ ചര്‍ച്ചകളും കോലാഹലങ്ങളും. പ്രവാചകന്‍ രക്ഷ തേടിയ ഉപകാരപ്പെടാത്ത അറിവുകളുടെ കുത്തൊഴുക്കിലേക്കാണ് നാം എഴുന്നേറ്റ് വരുന്നത്. വിവരദാനത്തിന്റെ അതിവേഗ പാത കൂടിയാണ് സോഷ്യല്‍ മീഡിയ. വിവരങ്ങള്‍ പിറക്കുന്നതും പകരുന്നതും വളരുന്നതും മറയ്ക്കുന്നതും ലോകം ചുറ്റുന്നതുമെല്ലാം ഈ വഴിയില്‍ തന്നെ.
നബി(സ)യുടെ കാലത്ത് അടിയന്തിര വിവരങ്ങളറിയാന്‍ വേഗത കൂടിയ കുതിര ഓട്ടക്കാരെ (സാരിഉകളെയും സാഇകളെയും) നിയോഗിച്ചതായി കാണാം. അന്ന് ഒരു വിവരം കിട്ടാന്‍ ആഴ്ചകളും മാസങ്ങളും എടുത്തിരുന്നിടത്ത്, ഇന്ന് ഒരു ക്ലിക്കിനിടയില്‍ ലക്ഷക്കണക്കിന് സന്ദേശങ്ങളാണ് സ്‌ക്രീനില്‍ തെളിയുന്നത്. പക്ഷേ അവയില്‍ എത്രയാണ് സത്യം? എത്രയാണ് അസത്യം?
ഇതാണ് വിവര സമൃദ്ധിയുടെ പുതിയ കാലത്തെ വലിയ വെല്ലുവിളി എന്ന് പറയാം. സത്യവും അസത്യവും തമ്മിലുള്ള അതിര്‍ത്തികള്‍ തിരിച്ചറിയാനാവാത്ത വിധം ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വിവര സംസ്‌കാരം കൂടി വിവര സമൃദ്ധിയുടെ ഭാരമായി വളര്‍ന്നു കഴിഞ്ഞു. അഥവാ, ഒരു മൊബൈല്‍ ഫോണിന്റെ വിരല്‍ തൊട്ടാല്‍മാത്രം കോടിക്കണക്കിന് ആളുകളിലേക്ക് അതിവേഗം വ്യാജവാര്‍ത്തകള്‍ പടര്‍ന്നുപിടിക്കാവുന്ന ഒരു ഡിജിറ്റല്‍ പരിസരത്താണ് നാം ജീവിക്കുന്നത്.
മിസ് ഇന്‍ഫര്‍മേഷനും ഡിസ് ഇന്‍ഫര്‍മേഷനും
വ്യാജ വാര്‍ത്തകള്‍ പലപ്പോഴും ഉദ്ദേശ്യപൂര്‍വമല്ലാതെയാണ് പ്രചരിപ്പിക്കപ്പെടുന്നത് (Mis information). ഉദാഹരണത്തിന് വാട്‌സാപ്പില്‍ വരുന്ന ആരോഗ്യ നുറുങ്ങുകള്‍ പലതും പരിശോധിക്കാതെയാണ് നാം പങ്കുവെയ്ക്കുന്നത്. അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ബോധപൂര്‍വം തന്നെ പ്രചരിപ്പിക്കപ്പെടുന്നതും (Dis information) അംഗീകൃത പ്രതിഭാസമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഉപയോക്താവിനെ സംബന്ധിച്ച് രണ്ടും വ്യാജവാര്‍ത്തകള്‍ തന്നെ. സാമൂഹ്യദ്രോഹികള്‍ മാത്രമല്ല ഭരണകേന്ദ്രങ്ങള്‍, മതരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, സാമ്പത്തിക ശക്തികള്‍, മീഡിയകള്‍ തുടങ്ങി എല്ലാ രംഗത്തുമുള്ള വ്യക്തികളും സംഘങ്ങളും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മനുഷ്യബന്ധങ്ങളെ നേരിട്ട് ബാധിക്കുന്ന വന്‍ വെല്ലുവിളികളാണ് സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകള്‍. കാരണം, നോം ചോംസ്‌കിയുടെ വാചകം കടമെടുത്താല്‍ 'മനുഷ്യന്‍ വിവരങ്ങളുടെ ഉപഭോക്താക്കളല്ല, അവര്‍ വിവരങ്ങളുടെ ഉല്‍പന്നങ്ങളാണ്'. 2016-ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വ്യാജവാര്‍ത്തകളുടെ ഫലമായുണ്ടായ മനുഷ്യനിന്ദയും ധ്രുവീകരണവും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഉദാഹരങ്ങളാണ്.
 കോവിഡ് കാലത്ത് പ്രചരിപ്പിക്കപ്പെട്ട വ്യാജ ചികിത്സകളും വാക്‌സിന്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങളും നാം മറന്നിട്ടില്ല. വിവര സാങ്കേതിക വിദ്യകളുടെ നാഡീ കേന്ദ്രങ്ങളില്‍ പോലും സത്യത്തിന് സ്വതന്ത്രമായി നിലനില്‍ക്കുക എളുപ്പമല്ല എന്നതാണ് ഇത് നല്‍കുന്ന പാഠം. ഓരോരുത്തരും ഒരു ക്യാമറയും ഒരു പ്ലാറ്റ്ഫോമും കൈവശം വച്ചിരിക്കുന്ന ഈ കാലത്ത്, പങ്കിടലിന്റെ വേഗതയും വ്യഗ്രതയും ചിന്താശേഷിയെ തന്നെ പലപ്പോഴും മറികടക്കുകയാണ്.
ഇതിന്റെ ഫലമായി, സത്യവും അസത്യവും ഒപ്പത്തിനൊപ്പം സഞ്ചരിക്കുന്നു. എന്നാല്‍ പലപ്പോഴും കള്ളവാര്‍ത്തയാണ് ആദ്യം എത്തുന്നത്. ജോര്‍ജ് ഓര്‍വലിന്റെ പ്രസിദ്ധമായ 1984 എന്ന നോവല്‍ സൂചിപ്പിക്കുന്ന രീതിയില്‍, കള്ളങ്ങള്‍ ചരിത്രവും വര്‍ത്തമാനവുമായി കടന്നുവരുന്ന ഒരു ഒരു മാധ്യമ കാലഘട്ടത്തിലൂടെയാണ് ഇന്ന് നാം കടന്ന് പോവുന്നത്.
'സത്യം ചെരിപ്പ് അണിയുമ്പോഴേക്കും കള്ളം ലോകം ചുറ്റും' എന്ന മാര്‍ക്ക് ട്വെയ്നിന്റേതായി പറയപ്പെടുന്ന ഒരു തമാശ ഇന്ന് ഡിജിറ്റല്‍ ദുനിയാവില്‍ അക്ഷരംപ്രതി ശരിയാണ്. യുദ്ധമെന്നോ സമാധാനമെന്നോ വ്യത്യാസമില്ലാതെ കള്ളങ്ങള്‍ വൈറലായി കൊണ്ടിരിക്കുന്നു.
ഫലസ്തീനില്‍ പരിക്കേറ്റവരുടെ വീഡിയോകളൊന്നും യഥാര്‍ഥമല്ല, മറിച്ച് അവ ദുരന്താഭിനേതാക്കളുടെ നാടകങ്ങളും ഖബറടക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ വെറും പാവകളുമാണെന്നാണ് സയണിസ്റ്റുകളുടെ ഫലസ്തീന്‍ വിരുദ്ധ പാലീവുഡ് ദൃശ്യങ്ങള്‍ നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇവയില്‍ പലതും വ്യാജ നിര്‍മിതികളായിരുന്നു എന്ന് പിന്നീട് മാധ്യമലോകം തന്നെ വിളിച്ചു പറഞ്ഞു.
ആകര്‍ഷകമായ ദൃശ്യങ്ങള്‍, വൈറല്‍ ഹാഷ്ടാഗുകള്‍, ശക്തമായ ആല്‍ഗോരിതമിക് പിന്‍ബലം തുടങ്ങിയ ഡിജിറ്റല്‍ സൗകര്യങ്ങളാണ് ഇന്ന് വാര്‍ത്തകളെ സത്യവും അസത്യവുമായി വേര്‍തിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ക്ക് ഇന്ന് സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യങ്ങളുണ്ട്. വിവരനിയന്ത്രണത്തിലൂടെയാണ് ഡിജിറ്റല്‍ ഏജന്‍സികള്‍ ആളുകളെ സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും.
സ്വതന്ത്രമെന്നു കരുതുന്ന ജനാധിപത്യങ്ങള്‍ പോലും, മാധ്യമ വികൃതികളിലൂടെ ജനമനസ്സുകളെ അടിമപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ്. അതിനായി വ്യാജ അക്കൗണ്ടുകളും പ്രൊഫൈലുകളും ഉപയോഗിച്ച് അസത്യങ്ങളെ പെരുപ്പിച്ച് കാണിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തെ വ്യക്തിഹത്യകളും വ്യക്തി കീര്‍ത്തനങ്ങളും ഒരുദാഹരണം മാത്രം.
ഒരു പ്രത്യേക നിയമത്തിനെതിരെ ആയിരക്കണക്കിന് ആളുകള്‍ ഒരേസമയം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിക്കുന്നുവെന്ന് തോന്നിപ്പിക്കാന്‍ ഇന്ന് ഏജന്‍സികള്‍ തയ്യാറാണ്. ഇത് ഒരു കോര്‍പ്പറേറ്റ് സ്ഥാപനമോ രാഷ്ട്രീയ പാര്‍ട്ടിയോ പണം കൊടുത്ത് ചെയ്യിക്കുന്നതുമാകാം. ഇങ്ങനെ ചെയ്യുമ്പോള്‍, പ്രസ്തുത നിയമത്തെ പിന്തുണയ്ക്കുന്നവര്‍ പോലും തങ്ങളുടെ അഭിപ്രായം മാറ്റാന്‍ നിര്‍ബന്ധിതരാകുന്നു.
അല്‍ഗോരിതങ്ങളുടെ സഹായത്തോടെ ഉപയോക്താവിന്റെ മുന്‍ഗണനകള്‍ അനുസരിച്ചുള്ള നിശ്ചിത ഉള്ളടക്കങ്ങള്‍ മാത്രം നല്‍കുന്നതിലൂടെ, അവരുടെ നിലവിലെ വിശ്വാസങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു ഓണ്‍ലൈന്‍ അന്തരീക്ഷം സൃഷ്ടിക്കാനും കഴിയുന്നു. ഉദാഹരണമായി ഒരു സ്ഥാനാര്‍ഥിയെ ഇഷ്ടപ്പെടുന്ന വ്യക്തിക്ക്, ആ സ്ഥാനാര്‍ഥിയെ അനുകൂലിക്കുന്ന വാര്‍ത്തകളും പോസ്റ്റുകളും മാത്രം ലഭിക്കുന്നു. എതിര്‍ക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും മറച്ചുപിടിക്കുകയോ വികൃതമാക്കുകയോ ചെയ്യുന്നു. അപ്രകാരമാണ് ഒരു ചെറിയ വാര്‍ത്താ ശകലം ജനങ്ങളുടെ അഭിപ്രായത്തെ സ്വാധീനിക്കുകയും അനാവശ്യമായ ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്യുന്നത്.
 ഇങ്ങനെയുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ കൂടാതെ നിക്ഷിപ്ത താല്‍പര്യക്കാരുടെ വ്യാപാര താല്‍പര്യങ്ങളും വ്യാജ വാര്‍ത്താ വ്യാപനത്തിന് കാരണമാവുന്നുണ്ട്. നാം വാര്‍ത്തയ്ക്ക് പ്രത്യേകം പണം കൊടുക്കുന്നില്ല. പകരം ക്ലിക്കുകള്‍, ഷെയറുകള്‍, സ്‌ക്രോളുകള്‍, ലൈക്കുകള്‍, കമന്റുകള്‍ എല്ലാം സംഭാവന ചെയ്യുന്നു. ഇത്, സത്യമോ അസത്യമോ എന്ന വ്യത്യാസമില്ലാതെ വാര്‍ത്തകള്‍ക്ക് റീച്ചും ട്രെന്റും നല്‍കി പരസ്യവിപണിയെയും സ്വാധീനിക്കുന്നു.
ഒരു പത്രാധിപര്‍ തന്റെ റിപ്പോര്‍ട്ടറോട് ഒരിക്കല്‍ പറഞ്ഞത് ഒരു നല്ല കഥയ്ക്ക് സത്യം തടസ്സമാകരുത് എന്നാണെങ്കില്‍ ഇത് ഡിജിറ്റല്‍ ദുനിയാവിലെ ഒരു പൊതു മാനദണ്ഡമായി മാറിക്കഴിഞ്ഞു എന്ന് പറയാം. മാസിഡോണിയയിലെ വെലെസ് എന്ന ചെറു പട്ടണത്തിലെ ചില യുവാക്കള്‍ നൂറുകണക്കിന് വ്യാജ വാര്‍ത്താ സൈറ്റുകള്‍ ഉണ്ടാക്കി Pope Supports Trump പോലുള്ള വ്യാജ ട്രെന്‍ഡിംഗ് തലക്കെട്ടുകള്‍ പ്രചരിപ്പിച്ചു പണമുണ്ടാക്കിയ സംഭവം പ്രസദ്ധമാണ്.
സത്യമോ വ്യാജമോ എന്നു വേര്‍തിരിക്കാനാവാത്തവിധം ഒരേതരം അഭിപ്രായങ്ങളും വീക്ഷണങ്ങളും വ്യക്തിവിശേഷങ്ങളും മാത്രം മുഴങ്ങുന്ന ഒരു ഇക്കോ ചേംബര്‍ നമുക്കായി സൃഷ്ടിക്കപ്പെടുന്നു.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക അവരുടെ പ്രധാന ഉദ്ദേശ്യം ആയിരുന്നില്ല, ഗൂഗിള്‍ ആഡ്സന്‍സ് (Google Adense) പോലുള്ള പരസ്യ സേവനങ്ങളിലൂടെ ക്ലിക്കുകള്‍ വര്‍ധിപ്പിച്ച് പണമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. മനുഷ്യ ഇപെടലുകളെ ഡാറ്റയാക്കി മാറ്റി ടെക് കമ്പനികളും ഇതുപോലെ ലാഭം നേടുന്നു.
ഇതെല്ലാം വ്യക്തമാകുന്നത് വ്യാജവാര്‍ത്തകള്‍ എല്ലായ്‌പ്പോഴും ആകസ്മികമല്ല; പലപ്പോഴും വ്യവസ്ഥാപിതമായി സൃഷ്ടിക്കപ്പെട്ടവയാണ് എന്നാണ്. കാരണം മാധ്യമങ്ങള്‍ പൊതുവെ അവയെ നിയന്ത്രിക്കുന്ന വിവിധ നിയന്ത്രണ ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കാണ് സേവനം ചെയ്യുന്നത്.
വഞ്ചനയുടെ അല്‍ഗോരിതങ്ങള്‍
ഒരു പ്രശ്‌നം പരിഹരിക്കുന്നതിനായി കംപ്യൂട്ടറുകള്‍ക്ക് നല്‍കപ്പെടുന്ന നിര്‍ദേശങ്ങളുടെ കൂട്ടത്തെയാണ് നാം അല്‍ഗോരിതം എന്ന് പറയുന്നത്. ഒരു കംപ്യൂട്ടറില്‍ നാം നല്‍കുന്ന ഓരോ ലൈക്ക്, ഷെയര്‍, ക്ലിക്ക് എന്നിവയെല്ലാം ഡേറ്റയായി മാറുന്നു. ആ ഡേറ്റയാണ് നമുക്ക് എന്ത് കാണിക്കണം, എന്തു വിശ്വസിക്കണം, എന്തു ഭയപ്പെടണം എന്നിങ്ങനെ നിര്‍ണയിക്കുന്ന അദൃശ്യ എഞ്ചിനുകള്‍ക്ക് പോഷണം നല്‍കുന്നത്.
 അവ നേരത്തെ നല്‍കപ്പെട്ട നിര്‍ദേശങ്ങള്‍ അഥവാ അല്‍ഗോരിതങ്ങള്‍ അനുസരച്ച് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഒരു യുട്യൂബ് വീഡിയോ ആണെങ്കില്‍ നാം ഏതൊക്കെ, എത്ര സമയം കണ്ടു, ലൈക്ക് ചെയ്തു, ഷെയര്‍ ചെയ്തു, നമ്മുടെ തിരച്ചില്‍ കീവേഡ് എന്താണ് എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിച്ച് അല്‍ഗോരിതം നമുക്കായി ഒരു മോഡല്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
ഏറ്റവും അടുത്ത സുഹൃത്തിനെക്കാള്‍ നമ്മെ കുറിച്ച് അറിയാവുന്നത് ബന്ധപ്പെട്ട അല്‍ഗോരിതങ്ങള്‍ക്കാണെന്ന് പറയാം. അല്‍ഗോരിതം നമ്മള്‍ കാണുന്ന, കേള്‍ക്കുന്ന കാര്യങ്ങള്‍ നമുക്ക് ഇഷ്ടമുള്ളതാണെന്ന് തോന്നിപ്പിച്ച് സമാനമായ വിവരങ്ങള്‍, വീഡിയോകള്‍ മാത്രം കാണിക്കുന്നു. ചിലപ്പോള്‍ സമാന മനസ്‌കരായ മറ്റുള്ളവരുടെ ഇഷ്ടങ്ങളെയും അവര്‍ ഇഷ്ടപ്പെട്ട ഉല്‍പന്നങ്ങളെയും നമ്മെ കാണിക്കും.
അതുവഴി നമ്മുടെ അഭിപ്രായവും ലോകദര്‍ശനവും സ്വാധീനിക്കപ്പെടുന്നു. ഇവിടെ, സത്യമോ വ്യാജമോ എന്നു വേര്‍തിരിക്കാനാവാത്തവിധം ഒരേതരം അഭിപ്രായങ്ങളും വീക്ഷണങ്ങളും വ്യക്തിവിശേഷങ്ങളും മാത്രം മുഴങ്ങുന്ന ഒരു ഇക്കോ ചേംബര്‍ നമുക്കായി സൃഷ്ടിക്കപ്പെടുകയാണ്. ഈ മതില്‍ക്കെട്ട് ഭേദിക്കാതെ അതിനുള്ളില്‍ ആഴത്തില്‍ തുഴയാനുള്ള തംബ്‌നെയിലുകളും കഥകളുമടങ്ങിയ ചേരുവകള്‍ നമ്മെ അവിടെ പിടിച്ചിരുത്തും. അതിലധികവും പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയ ഉപകാരപ്പെടാത്ത അറിവുകളായിക്കും. അതില്‍ നിന്ന് പുറത്തു ടക്കാന്‍ നമുക്ക് വേണ്ടത്ര ക്ഷമയും മാധ്യമ സാക്ഷരതയും ആവശ്യമാണ്.
(അവസാനിച്ചിട്ടില്ല)
