പാവപ്പെട്ടവരെ സഹായിക്കുന്നതിനു പകരം സമ്പത്ത് കുന്നുകൂട്ടി വെക്കുന്നവരെ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നു. ദരിദ്രരുടെ ക്ഷേമത്തിനായി ചെലവഴിക്കാതെ നമുക്ക് പുണ്യം നേടാന്‍ കഴിയില്ല.
ഇസ്ലാമിലെ മൂന്നു പ്രാഥമിക പ്രാര്‍ഥനകള്‍ എല്ലാ മുസ്‌ലിംകളും നിര്‍വഹിക്കേണ്ടതുണ്ട്: തഹിയ്യത്ത് (വാചാ പ്രാര്‍ഥന), സ്വലാത്ത് (ശാരീരിക പ്രാര്‍ഥന), ത്വയ്യിബത്ത് (ആവശ്യങ്ങള്‍ക്കായുള്ള പ്രാര്‍ഥന) എന്നിവയാണവ. നമ്മള്‍ പലപ്പോഴും ത്വയ്യിബത്ത് ചെയ്യാന്‍ മറക്കുന്നുണ്ട്.
സാമൂഹിക-സാമ്പത്തിക വികസനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജവും ധാര്‍മിക മാര്‍ഗനിര്‍ദേശവും നല്‍കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ ത്വയ്യിബത്തിന്റെ ഭാഗമായി കരുതാം. ഇത്തരം ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞാല്‍ സാമൂഹിക- സാമ്പത്തിക വികസനത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയും. കാരണം ആത്മീയ പാഠങ്ങള്‍ പാവങ്ങളെ സഹായിക്കാന്‍ നമ്മോട് പറയുന്നുണ്ട്.
അല്‍മുന്‍കര്‍ അതായത് നിഷിദ്ധമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ശരീഅഃ നിയമങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ത്വയ്യിബത്ത് (നല്ലതും അനുവദനീയമായതുമായ കര്‍മങ്ങള്‍). ഏറ്റവും നല്ലതിലേക്ക് നയിക്കുന്നതും മോശമായത് വിരോധിക്കുന്നതുമാണത്.
ത്വയ്യിബതിന്റെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ച് പാവപ്പെട്ടവരെ സഹായിക്കുന്നതിനു പകരം സമ്പത്ത് കുന്നുകൂട്ടി വെക്കുന്നവരെ വിശുദ്ധ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നുണ്ട്. ദരിദ്രരുടെ ക്ഷേമത്തിനായി ചെലവഴിക്കാതെ നമുക്ക് പുണ്യം നേടാന്‍ കഴിയില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പറയുന്നു.
അങ്ങനെ ചെലവഴിക്കാതെ സമ്പത്ത് ശേഖരിക്കുന്നവര്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിക വിശ്വാസമനുസരിച്ച്, നമുക്ക് ലഭിക്കുന്ന ഏതൊരു അഭിവൃദ്ധിയും നമ്മുടെയും മറ്റുള്ളവരുടെയും പ്രാര്‍ഥനയും അല്ലാഹുവിന്റെ അനുഗ്രഹവും മൂലമാണ്.
സമ്പത്ത് ധനികര്‍ക്കിടയില്‍ ഒഴുകിനടക്കാന്‍ ഇടയാകരുതെന്നും പാവങ്ങളിലേക്കു കൂടി എത്തിച്ചേരണമെന്നും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കണമെന്നും ഇസ്‌ലാമില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ലോകമെമ്പാടുമുള്ള ഇസ്‌ലാമിക ബാങ്കുകളിലെ സമ്പത്തിന്റെ ഒരു ശതമാനം പോലും പാവപ്പെട്ടവരുടെ ചെറുകിട സംരംഭങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നില്ല എന്നു കാണാം.
യാചകരെ പ്രോത്സാഹിപ്പിക്കുന്നതിനെക്കാള്‍ മൈക്രോ ഫിനാന്‍സിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ സഹായിക്കുന്നതാണ് നല്ലതെന്ന് മനുഷ്യസ്‌നേഹികള്‍ തിരിച്ചറിയണം. ദരിദ്രരെ സഹായിക്കുന്നതിനു നബിയുടെ സുന്നത്ത് യഥാവിധി പിന്തുടരണം. യാചനയെ നിരുത്സാഹപ്പെടുത്തുകയും മൈക്രോ ഫിനാന്‍സിലൂടെ ഉപജീവനമാര്‍ഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമാകണം.
സുനനു ഇബ്‌നുമാജയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസ് (12:2198) മൈക്രോ ഫിനാന്‍സിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തി ദാരിദ്ര്യം ലഘൂകരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അഞ്ച് അടിസ്ഥാന പാഠങ്ങളാണ് ആ ഹദീസില്‍ ഉള്ളത്.
- വിനിയോഗിക്കപ്പെടാത്ത സ്വത്തുക്കള്‍ പ്രവര്‍ത്തന മൂലധനമായി, ചെറുകിട സംരംഭമാക്കി മാറ്റുക. 2. മൂല്യം കുറഞ്ഞ ആസ്തികള്‍ ലേലം ചെയ്തുകൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഉപയോഗിക്കുക. 3. പ്രവര്‍ത്തന മൂലധനത്തെ ഉപജീവന മാര്‍ഗവുമായി ബന്ധിപ്പിക്കണം.
 - മൈക്രോ ഫിനാന്‍സിനൊപ്പം വിപണിബന്ധവും നൈപുണി പിന്തുണയും ആവശ്യമാണ്. 5. ദരിദ്രരുടെ ഉപജീവന മാര്‍ഗത്തിലെ പുരോഗതി നാം നിരീക്ഷിക്കേണ്ടതുണ്ട്.
 
വേള്‍ഡ് അറ്റ്‌ലസ് ഫാക്റ്റ് ബുക്ക് 2014 അനുസരിച്ച്, ജനസംഖ്യയില്‍ 68% മുസ്‌ലിംകളുള്ള ഖത്തര്‍ സമ്പദ് വ്യവസ്ഥ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമാണ് രേഖപ്പെടുത്തുന്നത്. അവിടെ 14% കുടുംബങ്ങള്‍ ഡോളര്‍ കോടീശ്വരന്മാരാണ്. നേരെമറിച്ച്, ദാരിദ്ര്യത്തെക്കുറിച്ചുള്ള ഡാറ്റ വെളിപ്പെടുത്തുന്നത്, ഈ ലോകത്തിലെ ഓരോ രണ്ടാമത്തെ ദരിദ്രനും ഇസ്‌ലാമില്‍ (അതായത്, ദാരിദ്ര്യം എങ്ങനെ ലഘൂകരിക്കാമെന്നും സാമൂഹിക-സാമ്പത്തിക നീതി ഉറപ്പാക്കാമെന്നും പഠിപ്പിക്കുന്ന ഒരു മതത്തില്‍) വിശ്വസിക്കുന്നവരാണ് എന്നാണ്.
ഒരുപക്ഷേ ലോകം ഇസ്‌ലാമിനെ അനുസരിക്കുന്നവരേക്കാള്‍ കൂടുതല്‍ ഇസ്‌ലാമില്‍ വിശ്വസിക്കുന്നവരിലേക്കാണ് നീങ്ങുന്നത്. അല്ലെങ്കില്‍ മുസ്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഇത്രയും ഉയര്‍ന്ന സാമ്പത്തിക അസമത്വം നാം കാണുമായിരുന്നില്ല.
2014-15ലെ വേള്‍ഡ് ഇസ്‌ലാമിക് ബാങ്കിങ് മത്സരശേഷി റിപ്പോര്‍ട്ട് പ്രകാരം, 625 ബില്യണ്‍ യുഎസ് ഡോളറുള്ള QISMUT രാജ്യങ്ങള്‍ (ഖത്തര്‍, ഇന്തോനേഷ്യ, സുഊദി അറേബ്യ, മലേഷ്യ, യുഎഇ, തുര്‍ക്കി) 2013ല്‍ 778 ബില്യണ്‍ യുഎസ് ഡോളറിന്റെ മൂല്യമുള്ള ആഗോള പങ്കാളിത്ത ബാങ്കിങ് ആസ്തികളില്‍ 80%ഉം നിയന്ത്രിച്ചു.
247 ബില്യണ്‍ യു എസ് ഡോളറുള്ള സുഊദി അറേബ്യ ആഗോള പങ്കാളിത്ത ബാങ്കിങ് ആസ്തികളില്‍ 31.7% കൈവശം വയ്ക്കുകയും ദേശീയ ബാങ്കിംഗ് വിപണിയുടെ 48.9% കൈവശപ്പെടുത്തുകയും ചെയ്തു. 10 ബില്യണ്‍ യുഎസ് ഡോളറില്‍ കൂടുതല്‍ മൂലധനമുള്ള പങ്കാളിത്ത ബാങ്കുകളില്‍ ആദ്യത്തേതായ അല്‍റജ്ഹി ബാങ്കിന്റെ ആസ്ഥാനം സുഊദി അറേബ്യയാണ്.
ലോകമെമ്പാടുമുള്ള ഒരു ശതമാനം ദരിദ്രരായ മുസ്‌ലിംകളെ സഹായിക്കാനുള്ള സാമ്പത്തിക വിഭവങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് കഴിയേണ്ടതുണ്ട്. 2013 ജൂലൈയില്‍ ആഗോള ഇസ്‌ലാമിക് മൈക്രോഫിനാന്‍സിന്റെ ആസ്തി ഒരു ബില്യണ്‍ യുഎസ് ഡോളറായി കണക്കാക്കി.
ലോകമെമ്പാടുമുള്ള 650 ദശലക്ഷം ദരിദ്ര മുസ്‌ലിംകളില്‍ (പ്രതിദിനം രണ്ടു ഡോളറില്‍ താഴെ വരുമാനമുള്ളവര്‍) 1.3 ദശലക്ഷം മുസ്‌ലിംകള്‍ക്ക് മാത്രമേ ഈ തുക സഹായകമാവൂ. 649 ദശലക്ഷം മുസ്ലിംകളെ കൂടി ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റേണ്ടതുണ്ട്.
QISMUT രാജ്യങ്ങളില്‍ അധിക സാമ്പത്തിക സ്രോതസ്സുകളുള്ള നിക്ഷേപകര്‍ ഇതിനു തയ്യാറാകേണ്ടതുണ്ട്. നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിനൊപ്പം അനുഗ്രഹങ്ങള്‍ തേടുന്നതിന് ത്വയ്യിബത്ത് വാഗ്ദാനം ചെയ്യേണ്ടതല്ലേ?
 QISMUT രാജ്യങ്ങളിലെ സാമ്പത്തിക നേതൃത്വം വഹിക്കുന്നവര്‍ അവരുടെ മൊത്തം കരുതല്‍ ശേഖരത്തിന്റെയോ ആസ്തിയുടെയോ 5% മാത്രം ഉപയോഗിച്ച് ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് ബാങ്ക് സ്ഥാപിച്ചാല്‍ ഇത് വിജയകരമായി ചെയ്യാന്‍ കഴിയും.
പങ്കാളിത്ത മൈക്രോഫിനാന്‍സ് വിജയകരമായി നടപ്പാക്കുന്നതിനായി നാം ഇതുവരെ ഉപയോഗിക്കാത്ത വിപണികള്‍ ശ്രമിച്ചുനോക്കേണ്ടതുണ്ട്. ഏഷ്യാ പസഫിക് മേഖലയിലെ പ്രധാനപ്പെട്ട രാജ്യങ്ങള്‍ (ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് മുതലായവ) ആഗോള മുസ്‌ലിം ജനസംഖ്യയുടെ 61.7% പങ്കിടുമ്പോള്‍ മിഡില്‍ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത് 19.8% ആണ്.
നബി(സ)യും ഖലീഫമാരും ബൈത്തുല്‍മാലിനെ സ്ഥാപനപരമായ അടിസ്ഥാന സൗകര്യമായി ഉപയോഗിച്ച്, ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക ക്ഷേമത്തിനായി സാമ്പത്തിക വിഭവങ്ങള്‍ പരമാവധി വിനിയോഗിച്ചു. ഖിലാഫത്തിന്റെയോ ഇസ്‌ലാമിക രാഷ്ട്രത്തിന്റെയോ അഭാവത്തില്‍ ബൈത്തുല്‍മാല്‍ പോലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
ത്വയ്യിബത്തിനെ പ്രോത്സാഹിപ്പിക്കാതെ, സുസ്ഥിരമായ ഭരണം ഉറപ്പാക്കാന്‍ മുസ്‌ലിം രാജ്യങ്ങളില്‍ സാധ്യമല്ല. അനന്തരാവകാശം, സകാത്ത്, സദഖ, ഔഖാഫ്, ഉദ്ഹിയ്യത്ത്, ഫൈഅ് എന്നിവയെക്കുറിച്ചുള്ള ഇസ്‌ലാമിക നിയമങ്ങള്‍ എല്ലാം ത്വയ്യിബത്തിന്റെ ഭാഗമാണ്. ത്വയ്യിബത്തിനോട് അനുകൂലമായ മനോഭാവം പുലര്‍ത്താതിരുന്നാല്‍ ദരിദ്രരെ സഹായിക്കുന്നതിലേക്ക് സമ്പത്തുള്ള ആളുകളെ നയിക്കുന്നതില്‍ നാം പരാജയപ്പെടാന്‍ ഇടയുണ്ട്.
ഒരുപക്ഷേ ലോകം ഇസ്‌ലാമിനെ അനുസരിക്കുന്നവരേക്കാള്‍ കൂടുതല്‍ ഇസ്‌ലാമില്‍ വിശ്വസിക്കുന്നവരിലേക്കാണ് നീങ്ങുന്നത്. അല്ലെങ്കില്‍ മുസ്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ ഇത്രയും ഉയര്‍ന്ന സാമ്പത്തിക അസമത്വം കാണുമായിരുന്നില്ല.
ദാനധര്‍മങ്ങള്‍ ചെയ്യാതെ ധനം കുന്നുകൂട്ടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബി(സ)യും അനുയായികളും തങ്ങളുടെ അധിക സമ്പത്ത് മനുഷ്യരാശിയുടെ ക്ഷേമത്തിനായി ദാനം ചെയ്തിരുന്നു. മദീനയിലെ (ഇന്ന് പ്രവാചകന്റെ പള്ളി എന്നറിയപ്പെടുന്ന) പള്ളി പണിയാന്‍ ഭൂമി സുരക്ഷിതമാക്കുക എന്ന രൂപത്തിലാണ് മുഹമ്മദ് നബി ആദ്യത്തെ വഖ്ഫ് സൃഷ്ടിച്ചത്.
ഖൈബറിലെ ഒരു ഭൂമി സദഖ നല്‍കി ഉമര്‍(റ) ഒരു വഖ്ഫ് സ്ഥാപിച്ചു. അതായത് പ്രസ്തുത ഭൂമി വില്‍ക്കാനോ സമ്മാനമായി നല്‍കാനോ പാടില്ല. പിന്നീട് കൃഷിയിടത്തില്‍ നിന്നുള്ള പഴങ്ങള്‍ സമൂഹത്തിലെ ദരിദ്രര്‍ക്ക് വിതരണം ചെയ്തു. അടിമകളെ മോചിപ്പിക്കാനും വഴിയാത്രക്കാരെ സഹായിക്കാനും പണം ഉപയോഗിച്ചു.
ഇന്ന് മുസ്‌ലിം മനുഷ്യസ്‌നേഹികള്‍ ക്യാഷ് വഖ്ഫ് ഉപയോഗിച്ച് മൈക്രോഫിനാന്‍സിലൂടെ ഉപജീവനമാര്‍ഗം പ്രോത്സാഹിപ്പിച്ച് ദാരിദ്ര്യം ലഘൂകരിക്കാന്‍ സഹായിക്കേണ്ടതുണ്ട്. ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് അനുസൃതമായി മുസ്‌ലിംകള്‍ നന്മ ചെയ്തില്ലെങ്കില്‍, പലിശ, നിയമവിരുദ്ധ സമ്പാദ്യങ്ങള്‍ തുടങ്ങിയ പാപങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ദരിദ്രര്‍ക്ക് വിഭവങ്ങള്‍ ഒരുക്കിക്കൊടുക്കുന്നില്ലെങ്കില്‍, മുസ്‌ലിം സമുദായത്തെ ശാക്തീകരിക്കാന്‍ സാധ്യമല്ല.
മുന്‍ സമുദായങ്ങള്‍ക്ക് ലഭിച്ചതുപോലെ അവര്‍ക്കും ശിക്ഷ ലഭിച്ചേക്കാം. അതിനാല്‍, ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇസ്‌ലാമിക ധനകാര്യരീതിയെ മുസ്‌ലിംകള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ത്വയ്യിബത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട് മുസ്‌ലിംകള്‍ക്കിടയില്‍ സാമ്പത്തികമായി മെച്ചപ്പെട്ടവര്‍, പങ്കാളിത്ത മൈക്രോഫിനാന്‍സ് വഴി ദരിദ്രരുടെ ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുന്നതിലൂടെ ദാരിദ്ര്യം ലഘൂകരിക്കുന്നതിന് സാമ്പത്തിക സ്രോതസ്സായി, ക്യാഷ് വഖ്ഫ് ഫണ്ടുകള്‍ സ്ഥാപിക്കണം.
ഇസ്‌ലാമിക ദാനധര്‍മങ്ങള്‍ ത്വയ്യിബത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് നയിക്കപ്പെടുകയും പങ്കാളിത്ത സാമ്പത്തിക രീതി വികസിപ്പിക്കുന്നതിന് പ്രൊഫഷണല്‍ മാനേജ്‌മെന്റിനൊപ്പം സജ്ജമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. തന്റെ ബിസിനസ് ത്യജിക്കുകയും ക്ഷേമഭരണത്തിലൂടെ സമൂഹത്തിന്റെ വികസനത്തിനായി സമര്‍പ്പണം നടത്തുകയും ചെയ്ത അബൂബക്കര്‍ സിദ്ദീഖ്(റ)നെപ്പോലുള്ള മുന്‍ഗാമികളാണ് നമ്മുടെ മാതൃക.
ലോകമെമ്പാടും ഇസ്‌ലാമിന്റെ മികച്ച പ്രാതിനിധ്യം കാണാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ ത്വയ്യിബത്തിന്റെ ആത്മാവായ ത്യാഗം ശീലിക്കണം. സുഊദി ഉള്‍പ്പെടെയുള്ള QISMUT അംഗരാജ്യങ്ങള്‍ ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് വിപുലീകരിക്കുന്നതിന് നേതൃത്വം നല്‍കിയാല്‍, ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സംരംഭങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ആഗോള മുസ്ലിം നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
വിവ. ഡോ. സൗമ്യ പി എന്‍
റഫറന്‍സ്
(1) സഹീഹ് ബുഖാരി 1202, 2070, 2896
(2) ഖുര്‍ആന്‍ 2:177, 7:157, 3:92, 4:160,161, 9:34,35, 59:7, 104:1-7,
(3) ജാമിഉ തിര്‍മിതി 653
(4) സുനനു നസാഇ 2584
(5) ഇബ്‌നുമാജ 12:2198
