നാം സ്വപ്നം കാണുന്നതിനു മുമ്പേ നമ്മെക്കുറിച്ച് സ്വപ്നങ്ങളും പ്രതീക്ഷയും നെയ്യുന്നുണ്ട് കുടുംബം. പുതുതലമുറയ്ക്കായി ഇന്ന് ആസ്വദിച്ച് വെയിലേല്‍ക്കുകയും മഴ നനയുകയുമാണവര്‍.
സന്തോഷവും സുരക്ഷിതവുമായ ജീവിതത്തിനാണ് കുടുംബം എന്ന അണച്ചുപിടിക്കലിനെ കാരുണ്യവാന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ആരുമില്ലാത്ത ഏകന്‍ എന്ന അവസ്ഥയില്‍ നിന്ന് സൃഷ്ടിജാലങ്ങള്‍ മുക്തമാണ്. അവനു പിന്നില്‍ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഇണ, മക്കള്‍ അങ്ങനെ സുരക്ഷിതമായ ഒരു കൂടാരമായി കുടുംബത്തെ അവന്‍ സംവിധാനിച്ചിരിക്കുന്നു.
കുടുംബത്തിന്റെ തുടക്കം മാതാവിന്റെ ഗര്‍ഭാശയമാകുന്ന വീടിനകത്താണ്. അലിവും കരുതലുമായി നീണ്ടുനിന്ന മാസങ്ങള്‍ക്കു ശേഷം, പിന്നെയും വേര്‍പെടുത്താത്ത മുലയൂട്ടലിന്റെ സുന്ദര വര്‍ഷങ്ങള്‍. ആ കുടുംബവേരിനെ മറക്കാതിരിക്കാനായി പൊക്കിള്‍ക്കൊടിയെന്ന മായാത്ത മുദ്ര ഓരോ വ്യക്തിയിലും നിലനിര്‍ത്തി, അഗാധജ്ഞനായ സര്‍വശക്തന്‍.
രക്തബന്ധങ്ങള്‍ക്കു പുറമേ പലവിധ ബന്ധങ്ങളാല്‍ സമൃദ്ധമാണ് ജീവിതം. അയല്‍പക്കവും സൗഹൃദങ്ങളും സഹയാത്രികരും സഹപ്രവര്‍ത്തകരും സഹപാഠികളും, അങ്ങനെ ജീവിതത്തെ ആനന്ദകരവും എളുപ്പവുമാക്കുന്ന ഈ ബന്ധങ്ങള്‍ വിരസതയും വിഷാദവും അകറ്റി തോള്‍ ചേര്‍ന്നു നില്‍ക്കുന്നു. ആപത്ഘട്ടങ്ങളില്‍ കൂടെയിരിക്കുന്ന തണലാകുന്ന സുഹൃത്ത് മറ്റേതു ബന്ധത്തേക്കാളും വലുതായി തോന്നുന്ന സന്ദര്‍ഭങ്ങളുണ്ട്.
നമ്മെ നന്നായി അറിയുന്ന സുഹൃത്തുക്കളും നാം പറയാതെത്തന്നെ നമ്മെ അറിയുന്നവരായിരിക്കും. ജീവിതത്തില്‍ നാം നേടുന്നതില്‍ അപൂര്‍വ സമ്പാദ്യമാണ് ആത്മാര്‍ഥ സുഹൃത്തുക്കള്‍. അങ്ങനെ കരുതലായി മാറുന്ന സഹപ്രവര്‍ത്തകരും സഹയാത്രികരുമുണ്ട്. എന്നാല്‍ കുടുംബം നാം പിറന്നുവീണ ഇടമാണ്. നമ്മുടെ വരവ് കാത്തിരുന്ന ചില മനുഷ്യരുണ്ടിവിടെ.
ഒന്നിനും സാധിക്കാതിരുന്ന നമ്മെ എടുക്കാനും പാലൂട്ടാനും നമുക്കായി ഉറക്കമൊഴിക്കാനും മാതാപിതാക്കളും രക്തബന്ധങ്ങളും ചുറ്റുമുണ്ടായി. വര്‍ഷങ്ങളോളം ഒന്നിനുമാകാത്തവരാണ് നാം. വളരെ സാവധാനം മിണ്ടാനും നടക്കാനും പിന്നീട് ചിലത് മനസ്സിലാക്കാനും അല്‍പാല്‍പമായി സ്വയംപര്യാപ്തത കൈവരിച്ചുകൊണ്ട് പക്വതയാര്‍ന്ന മനുഷ്യനായി പരിണമിക്കുന്നു. നാം സ്വപ്നം കാണുന്നതിനു മുമ്പേ നമ്മെക്കുറിച്ച് സ്വപ്നങ്ങളും പ്രതീക്ഷയും നെയ്യുന്നു കുടുംബം.
നമ്മുടെ നന്മയ്ക്കായി അവര്‍ കരുക്കള്‍ നീക്കുന്നത്, വിവിധ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത് ഒന്നും നാം അറിഞ്ഞിട്ടേയില്ല. ഭാവിയില്‍ നമുക്ക് ഗുണം ചെയ്യുന്ന കാര്യങ്ങള്‍ക്കു വഴിയൊരുക്കി അതിനായി പണിയെടുക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നവരാണ് മാതാപിതാക്കള്‍. വരുംതലമുറയുടെ വളര്‍ച്ചക്കായി ഇന്ന് വെയിലേല്‍ക്കുന്നതും മഴ നനയുന്നതും ഉത്തരവാദിത്തമായി കണ്ട് ഒട്ടും പരാതിയില്ലാതെ ആസ്വദിച്ചു ചെയ്യുന്നവരാണവര്‍.
കുടുംബത്തിന്റെ ഊഷ്മളതയും കരുതലും ഓരോ മനുഷ്യനും ആദ്യമായി അനുഭവിക്കുന്നത് മാതാപിതാക്കളിലൂടെയാണ്. കൊടുക്കല്‍ വാങ്ങലുകള്‍, വിട്ടുവീഴ്ച, സ്നേഹം, കരുണ എല്ലാം വീട്ടില്‍ നിന്നുതന്നെ സഹോദരങ്ങള്‍ക്കിടയില്‍ വളര്‍ന്നു നാം പഠിപ്പിക്കപ്പെടുന്നുണ്ട്. സമൂഹത്തില്‍ നല്ലൊരു മനുഷ്യന്റെ പിറവി സംഭവിക്കുന്നത് നല്ല കുടുംബങ്ങളില്‍ നിന്നാണ്.
കുടുംബത്തില്‍ നിന്ന് നേടിയ ആത്മാഭിമാനവും ആത്മവിശ്വാസവും ഒരാളുടെ ജീവിതത്തെ, വ്യക്തിത്വത്തെ എത്രയും മനോഹരമാക്കുന്നു. ആശയുടെ ചിറകു മുളപ്പിച്ച് അവസരങ്ങളുടെ ആകാശത്ത് പറക്കാന്‍ വിട്ട് അതിന്റെ ഒരറ്റം പിടിച്ചുനില്‍ക്കുന്ന കുടുംബം. പരീക്ഷണങ്ങളുടെ ആഴങ്ങളില്‍ ശ്വാസംമുട്ടി മരിക്കാതിരിക്കാന്‍ അവസാനം വരെയും കൂട്ടിരിക്കാന്‍ ബാധ്യതയുള്ള അത്ഭുതമാണത്.
കുടുംബത്തില്‍ നിന്ന് മാറി നടന്നാലും വെട്ടിമുറിച്ചാലും ആ രക്തബന്ധത്തെ ഇല്ലാതാക്കാന്‍ കഴിയാത്ത നിസ്സഹായരല്ലേ നാം? വല്ലാത്തൊരു മാന്ത്രികതയുണ്ട് കുടുംബബന്ധത്തിന്. നിശ്ചിത കാലത്തേക്കുള്ള ബന്ധങ്ങള്‍ പണിയലല്ല അതില്‍. അതിലൊരു അംഗമായി തുടക്കം കുറിച്ചതു മുതല്‍ നാം അവരുടേതാണ്, അവര്‍ നമ്മുടേതാണ്.
നന്മ ചെയ്താലും തിന്മ ചെയ്താലും അംഗത്വം റദ്ദാക്കാന്‍ കഴിയാത്തൊരു സംഘടനയാണത്. തകരാന്‍ ഒരുമ്പെട്ടവനെ അതിനു സമ്മതിക്കാതെ വീണ്ടും വീണ്ടും അവസരമേകി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കളമൊരുക്കുന്ന ഇടമാണത്. കൈയില്‍ നിന്ന് കുതറിമാറുന്ന കുട്ടിയെ ശാസിച്ചും തലോടിയും കൂടെ നിര്‍ത്തുന്ന മാജിക്കാണ് കുടുംബം.
ജീവനില്‍ ആഴ്ന്നിറങ്ങിയ കുടുംബവേരിനെ മുറിച്ചുകളയുന്നത് അല്ലാഹുവിന്റെ കോപത്തിനിടയാക്കും. കുടുംബബന്ധം മുറിച്ചുകളയുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്നാണ് തിരുനബി പറഞ്ഞത്!
അതില്‍ വിഷമങ്ങളില്‍ തളര്‍ന്നു ചാരിക്കിടക്കാനാകുന്ന തോളുണ്ട്. ക്ഷീണത്താല്‍ വീണു മയങ്ങാനുള്ള മടിത്തട്ടുണ്ട്. സ്വപ്നങ്ങള്‍ നെയ്ത് പറന്നുയരാന്‍ ആകാശമായിത്തീരുന്ന മനസ്സുകളുമുണ്ട്. കുടുംബം ഇതെല്ലാമായിത്തീരുമ്പോഴാണ് നല്ല മനുഷ്യന്റെ പിറവിയുണ്ടാകുന്നത്. ചെലവഴിക്കുന്നത് പണമായാലും സ്നേഹമായാലും കണക്കില്ലാതെ നാം ഒഴുകുന്ന ഏകയിടം നമ്മുടെ കുടുംബമാണ്.
മനുഷ്യജീവിതത്തിലെ ഏറ്റവും നല്ല പാഠശാല. എത്ര വേഗത്തിലാണ് അതിലെ മൊട്ടുകള്‍ പൂക്കുകയും സൗരഭ്യം പൊഴിക്കുകയും കായ്ക്കുകയും ചെയ്യുന്നത്! നമ്മിലെ ഭയത്തെയും ദുഃഖത്തെയും നുള്ളിക്കളഞ്ഞ്, നമ്മിലെ കഴിവുകളെ പരിപോഷിപ്പിച്ച്, യാതൊരുവിധ ഫീസും കൈക്കൂലിയുമില്ലാതെ നമ്മെ നാമാക്കുന്ന ഇടങ്ങള്‍.
ഉപാധികളില്ലാത്ത സ്നേഹമാണ് കുടുംബത്തില്‍ ഒന്നിനു താഴെ ഒന്നായി ആരോഗ്യത്തോടെ തഴച്ചുവളരാന്‍ സാഹചര്യമൊരുക്കുന്നത്. കരുതലിന്റെ സ്പര്‍ശവും സ്നേഹത്താലുള്ള ചേര്‍ത്തുപിടിക്കലും പറയാതെ അറിയലുമില്ലെങ്കില്‍ കുടുംബം വീടിനകം വിരസതയും ശൂന്യതയുമാണ് പകരുക.
അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ ശക്തി പകരുന്ന പിതാവും, സ്നേഹത്തിന്റെ അലിവിന്റെ മരുന്നായി മാറുന്ന മാതാവും, വീഴാന്‍ സമ്മതിക്കാതെ താങ്ങായി നില്‍ക്കുന്ന സഹോദരങ്ങളും, ജീവിതവഴി സുന്ദരമാക്കുന്ന ഇണയും കണ്‍കുളിര്‍മയാകുന്ന മക്കളും കൊണ്ട് ധന്യവും സമ്പന്നവുമാണ് വീടകങ്ങള്‍. ഇത്രയും ഭംഗിയുള്ള ഒരു കുടുംബം പണിയാന്‍ അറിവും ക്ഷമയും ആവശ്യമാണ്.
അതിലെ ഓരോരുത്തര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടാന്‍ ഒരിക്കലും നഷ്ടപ്പെടാത്ത പരസ്പര വിശ്വാസവും ആഴത്തിലുള്ള മനസ്സിലാക്കലുകളും വേണം. ഒരിക്കലും നിറം മങ്ങിപ്പോകാത്ത വിധത്തില്‍ അതിന്റെ പകിട്ട് സൂക്ഷിക്കാനാകണം. കുടുംബം എന്നും കൂടെയുണ്ട് എന്നത് അതിലെ ഓരോ അംഗത്തിനും മുന്നില്‍ ഒരു അലങ്കാരവാക്കല്ല. പറയാതെ തന്നെ എന്നും കൂടെയുണ്ടാകുന്നത് കുടുംബമാണ്.
അതില്‍ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളുമുണ്ടാകാം. അതെല്ലാം പെട്ടെന്ന് പരിഹരിക്കുകയും ഒഴിവാക്കുകയും വേണം. ജീവനില്‍ ആഴ്ന്നിറങ്ങിയ കുടുംബവേരിനെ മുറിച്ചുകളയുന്നത് അല്ലാഹുവിന്റെ കോപത്തിനിടയാക്കും. കുടുംബബന്ധം മുറിച്ചുകളയുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നു തിരുനബി പറഞ്ഞത് എത്ര ഗൗരവത്തോടെയാണ്!
അത് വളരെ ലാഘവത്തോടെ മുറിച്ചുകളഞ്ഞു തിരിഞ്ഞു നടന്നാലും യഥാര്‍ഥത്തില്‍ നാം അവരില്‍ പെട്ടവര്‍ തന്നെയല്ലേ എന്ന് ആലോചിക്കുക. കോപമോ അഹങ്കാരമോ തരം താഴ്ന്ന പ്രവര്‍ത്തനങ്ങളിലേക്ക് നമ്മെ എത്തിക്കരുത്. ഈ ലോകത്ത് അല്ലാഹു നമുക്ക് അനുഗ്രഹിച്ചു നല്‍കിയ സ്നേഹക്കൂടാരമാണ് കുടുംബം. വിട്ടുവീഴ്ചയും ക്ഷമയും കൊണ്ട് അതെന്നും സുന്ദരമാക്കി കൊണ്ടുപോകാനാകും.
ആദര്‍ശങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടായാലും മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കാന്‍ സര്‍വശക്തന്‍ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നു. ആ സുരക്ഷിത വലയത്തില്‍ നിന്ന് പുറത്തുകടന്ന് ആരുമില്ലാത്തവനായി വിലപിക്കാനല്ല, എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി വിശാലമനസ്സുമായി മുന്നോട്ടുപോകാനുള്ള ശ്രമങ്ങളാണ് വിശ്വാസിയില്‍ നിന്നുണ്ടാകേണ്ടത്.
ഈ ദുന്‍യാവില്‍ സ്വസ്ഥമായി കഴിഞ്ഞുകൂടാന്‍ മനുഷ്യന് കുടുംബവും സുരക്ഷിത കേന്ദ്രവും ആവശ്യമാണ്. വിശാലമായ ഈ പ്രപഞ്ചത്തില്‍ ഒരു നിശ്ചിത സ്ഥലം, മാതാപിതാക്കള്‍, കുടുംബം എല്ലാം നമുക്കായി ദൈവം കണക്കാക്കി. സുരക്ഷിതത്വം അനുഭവപ്പെടാതെ സ്വസ്ഥമായ ഉറക്കം പോലും നമ്മെ തഴുകില്ല. പല തരം ഭയത്തില്‍ നിന്നും ആശങ്കയില്‍ നിന്നും കാവലാകാന്‍ സ്വന്തമെന്നും ബന്ധമെന്നും കരുതി ചേര്‍ത്തുപിടിക്കാന്‍ ചില കരങ്ങളില്ലെങ്കില്‍ നാം തളര്‍ന്നു പോകും.
ഓരോ പ്രായത്തിലും ഓരോ ഘട്ടത്തിലും കുടുംബമായി നമ്മോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന ചിലരുണ്ടാകും. അങ്ങനെ ചിലരില്ലെങ്കില്‍ അതിവേഗം വിഷാദം നമ്മില്‍ പിടിമുറുക്കും. അരക്ഷിതാവസ്ഥ നമ്മെ പൊതിയും. അതിനാല്‍ കുടുംബബന്ധം സുശക്തമാക്കി നിലനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. അത്തരക്കാര്‍ക്ക് നല്ല ആയുഷ്‌കാലം അല്ലാഹു പ്രദാനം ചെയ്യും.
നമ്മെ സ്നേഹിക്കാനും ചേര്‍ത്തുപിടിക്കാനും ചുറ്റും അനേകായിരങ്ങളുണ്ടാകുമ്പോഴും പ്രതിസന്ധികളിലും രോഗകാലത്തും വാര്‍ധക്യത്തിലും നമ്മുടെ വീടും കുടുംബവും കൂടെ വേണമെന്നാണ് എല്ലാവരും ആശിക്കുക. സന്തോഷകാലത്തും സന്താപകാലത്തും ഒരുപോലെ നമ്മുടെ കേന്ദ്രമാണത്. ഖുര്‍ആനിന്റെ നിര്‍ദേശങ്ങളില്‍ മാതാപിതാക്കള്‍, കുടുംബം, അടുത്ത ബന്ധുക്കള്‍ എന്നിവരോടൊക്കെയുള്ള നമ്മുടെ സ്വഭാവവും നീക്കവും എത്ര ശ്രദ്ധയോടെ ആയിരിക്കണമെന്നു കാണാം.
അതായത് കുടുംബമെന്ന പുണ്യത്തെ തള്ളിക്കളഞ്ഞുകൊണ്ടൊരു പുണ്യം നമുക്ക് നേടാനില്ല എന്നതാണത്. കുടുംബ ജീവിതത്തിലെ സുഖവും സുരക്ഷിതത്വവും ആവോളം ആസ്വദിക്കാന്‍ നമുക്കാകട്ടെ. സുരക്ഷിതത്വമേകുന്ന കുടുംബം പണിയാനുള്ള ശ്രമം നമ്മുടെ ഭാഗത്തു നിന്നുണ്ടാകട്ടെ.
